Top
21
Wednesday, February 2018
About UsE-Paper

മലയാളികള്‍ക്ക് മനംനിറഞ്ഞ ഓണം

Monday Sep 4, 2017
വെബ് ഡെസ്‌ക്‌മലയാളികള്‍ക്ക് ഓണം സമൃദ്ധിയുടെ മാത്രമല്ല, ഒത്തൊരുമയുടെയും സമത്വഭാവനയുടെയും ആഘോഷംകൂടിയാണ്. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിക്കും ജാതി-മത ചിന്തകള്‍ക്ക് അതീതമായി ഒരുമിച്ച് നില്‍ക്കാനുള്ള കരുത്ത് നല്‍കുന്ന ആഘോഷങ്ങളില്‍ ഒന്നാണ് ഓണം. സമത്വഭാവനയുടെ ഈ സങ്കല്‍പ്പത്തിന് ക്ഷതമേല്‍പ്പിക്കാനും മഹാബലിയെന്ന മിത്തിനെത്തന്നെ വിസ്മരിക്കാനും ചില ശക്തികള്‍ ബോധപൂര്‍വം ശ്രമിക്കുന്ന വേളയിലാണ് നാം ഓണം ആഘോഷിക്കുന്നത്.

സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും താഴെതട്ടില്‍ കിടക്കുന്നവര്‍ക്കുപോലും ഓണം ആഘോഷിക്കാനുള്ള അവസരവും സാഹചര്യവും ഒരുക്കുന്നതില്‍ നിതാന്തജാഗ്രത പുലര്‍ത്തുന്ന ഒരു സര്‍ക്കാരാണ് സംസ്ഥാനത്ത് ഇപ്പോള്‍ അധികാരത്തിലുള്ളതെന്നത് കേരളീയര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നു.  കാടിന്റെ മക്കള്‍ക്കും ഇക്കുറി ഓണം സമൃദ്ധിയുടേതാണ്. 1,55,471 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 60 വയസ്സിനുമേല്‍ പ്രായമായ 51,476 പേര്‍ക്ക് ഓണക്കോടിയും സൌജന്യമായി വിതരണംചെയ്തു.  849 രൂപയുടേതാണ് ഒമ്പത് സാധനങ്ങള്‍ ഉള്ള ഒരു ഓണക്കിറ്റ്്്. കാസര്‍കോട് ജില്ലയില്‍ സാമൂഹ്യസുരക്ഷാമിഷന്‍ വഴി പെന്‍ഷന്‍ ലഭിക്കുന്ന 4675 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 1000 രൂപവീതം ധനസഹായവും അനുവദിച്ചു. പ്രവര്‍ത്തനരഹിതമായ ആലപ്പുഴ തുറമുഖത്തെ 299 തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് 5000 രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം നല്‍കി.

സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപയും 10 കിലോ അരിയും നല്‍കി.  39,320 തൊഴിലാളികള്‍ക്കാണ്് ഈ ആനുകൂല്യം. മാത്രമല്ല, കശുവണ്ടിത്തൊഴിലാളികള്‍ക്ക് 20 ശതമാനം ബോണസും രണ്ട് ശതമാനം എക്സ്ഗ്രേഷ്യയും നല്‍കി. കശുവണ്ടിമേഖലയിലെ ജീവനക്കാര്‍ക്ക് 102 ദിവസത്തെ ശമ്പളം ബോണസായി നല്‍കി. ഓണം-ബക്രീദ് എന്നിവയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഖാദിത്തൊഴിലാളികള്‍ക്ക് വരുമാനപൂരക (ഇന്‍കം സപ്പോര്‍ട്ട്) പദ്ധതിയില്‍, കുടിശ്ശിക ഉള്‍പ്പെടെ നാളിതുവരെയുള്ള ക്ളെയിമുകള്‍ മുഴുവന്‍ വിതരണംചെയ്തു. എല്ലാ ഖാദിത്തൊഴിലാളികള്‍ക്കും 1500 രൂപവീതം ഉത്സവബത്തയും അനുവദിച്ചു.

പൂട്ടിക്കിടക്കുന്ന വ്യവസായസ്ഥാപനങ്ങളിലെയും തോട്ടങ്ങളിലെയും തൊഴിലാളികള്‍ക്ക് എക്സ്ഗ്രേഷ്യയായി ഓണത്തിന് 2000 രൂപവീതം നല്‍കാന്‍ 11 കോടി രൂപ അനുവദിച്ചു. പൂട്ടിക്കിടക്കുന്ന സ്വകാര്യ- പൊതുമേഖലാസ്ഥാപനങ്ങള്‍, തോട്ടങ്ങള്‍, കയര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് എക്സ്ഗ്രേഷ്യ തുക 2000 രൂപയായി വര്‍ധിപ്പിച്ചു. 13,703 തൊഴിലാളികള്‍ക്കാണ് ഈ ആനുകൂല്യം. ഇതിനായി 2.75 കോടി രൂപയാണ് അനുവദിച്ചത്. സര്‍ക്കാര്‍ജീവനക്കാരുടെയും അധ്യാപകരുടെയും ആഗസ്തിലെ ശമ്പളവും ബോണസും മുന്‍കൂററായി നല്‍കി. പുറമെ ഉത്സവബത്തയും. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്ത അനുവദിച്ചു. സ്ഥിരം ജീവനക്കാര്‍ക്ക് പുറമെയുള്ള വിവിധ വിഭാഗങ്ങള്‍ക്ക് 1000 മുതല്‍ 1210 രൂപവരെ ഉത്സവബത്ത നല്‍കി. 100 തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ ഒന്നരലക്ഷത്തോളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കി. 

മെയ് മുതല്‍ ആഗസ്ത് വരെയുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണവും നടത്തി. ധനവകുപ്പ് 1952.92 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. 2016 ജൂണ്‍മുതല്‍ 2017 ഏപ്രില്‍വരെയുള്ള പെന്‍ഷന്‍ നേരത്തെ വിതരണംചെയ്തെങ്കിലും വിവിധ കാരണങ്ങളാല്‍ കുറെപേര്‍ക്ക് ലഭിച്ചിരുന്നില്ല. ഇവര്‍ക്ക് കുടിശ്ശികയും വിതരണംചെയ്തു. 129.97 കോടി രൂപയാണ് ഇതിന് അനുവദിച്ചത്. പല കാരണങ്ങളാല്‍ പെന്‍ഷന്‍ അനുവദിക്കപ്പെടാതെപോയവര്‍ക്ക് പെന്‍ഷന്‍ വിതരണത്തിനായി 594.43 കോടി രൂപ അനുവദിച്ചു. സര്‍ക്കാര്‍സഹായത്തോടെ പെന്‍ഷന്‍ നല്‍കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 2014 മുതല്‍ വിവിധ തരത്തിലുള്ള പെന്‍ഷന്‍ കുടിശ്ശിക നല്‍കുന്നതിന് 425.28 കോടി രൂപയും അനുവദിച്ചു. എല്ലാ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളും 1100 രൂപയാക്കി ഉയര്‍ത്തി.

ഓണക്കാലത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താനായി പൊതുവിപണിയില്‍ സജീവമായി ഇടപെടാനും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ തയ്യാറായി. സപ്ളൈകോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവ സംസ്ഥാനത്തെമ്പാടും ഓണംവിപണികള്‍ തുറന്നു. പൊതുവിപണിയിലേതിനേക്കാള്‍ 60 ശതമാനംവരെ സബ്സിഡിയിലാണ് അരിയും പഞ്ചസാരയും വെളിച്ചെണ്ണയും മറ്റും നല്‍കുന്നത്.   സബ്സിഡി നിരക്കില്‍ 15 ഉല്‍പ്പന്നങ്ങളാണ് സപ്ളൈകോ വിപണിയില്‍ നല്‍കിയത്. ഹോര്‍ട്ടികോര്‍പിന്റെ നേതൃത്വത്തിലാണ് പഴം, പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ നല്‍കിയത്. അതും പൊതുവിപണിയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍. 35 ഇനം പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളാണ് വിപണനംചെയ്തത്. ജിഎസ്ടി കാലത്തും  വിലക്കുറവിന്റെ ഓണവും ബക്രീദും ഒരുക്കാനുള്ള ഒരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഇക്കുറി ഓണം ആഘോഷിക്കാന്‍ മലയാളികള്‍ക്ക് കാണം വില്‍ക്കേണ്ടിവന്നിട്ടില്ലെന്ന് ഉറപ്പ്
 

Related News

കൂടുതൽ വാർത്തകൾ »