16 December Sunday

ഐതിഹാസിക വിപ്ളവം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017


ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ഒരുവര്‍ഷം നീണ്ട നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഇന്ന് തിരശ്ശീല വീഴുകയാണ്. വിശാഖപട്ടണത്ത് ചേര്‍ന്ന സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴു മുതല്‍ ഇന്നുവരെ ആദ്യ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ ഉള്ളടക്കവും സന്ദേശവും ജനങ്ങളിലെത്തിക്കുക, അതോടൊപ്പം മാര്‍ക്സിസം- ലെനിനിസത്തിന്റെ കാലിക പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍, സോവിയറ്റ് യൂണിയന്‍ തന്നെ നിലവിലില്ലാത്ത സ്ഥിതിക്ക് എന്തുസന്ദേശമാണ് നല്‍കാനുള്ളതെന്ന ചോദ്യം പലകോണുകളില്‍നിന്ന് ഉയരുന്നുണ്ട്. മുതലാളിത്തത്തിന് ബദലില്ലെന്ന് വിശ്വസിക്കുന്നവരാണ് പ്രധാനമായും ഈ ചോദ്യം ഉയര്‍ത്തുന്നത്. എന്നാല്‍, ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവത്തിന്റെ എറ്റവും പ്രധാന സന്ദേശം മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനും ബദലുണ്ടെന്നതാണ്. ഏഴു പതിറ്റാണ്ട് നിലനിന്ന സോവിയറ്റ് യൂണിയന്‍ തന്നെയാണ് മുതലാളിത്തത്തിനുള്ള ബദല്‍. 

സാറിസ്റ്റ് ഏകാധിപത്യത്തെ തകര്‍ത്തെറിഞ്ഞ് സാമ്രാജ്യത്വ ചരടിലെ ഏറ്റവും ദുര്‍ബലമായ കണ്ണിയെ അറുത്തുമാറ്റിയാണ് ലെനിന്റെ നേതൃത്വത്തില്‍ ബോള്‍ഷെവിക്കുകള്‍ സോവിയറ്റ് യൂണിയനില്‍ അധികാരം നേടിയത്. പുഷ്കിന്‍ എന്ന റഷ്യന്‍ മഹാകവി അത് മുന്‍കൂട്ടി കണ്ടിരുന്നു. അതിനാലാണ് അദ്ദേഹം ഒക്ടോബര്‍ വന്നെത്തുമെന്ന് ഒരു നൂറ്റാണ്ട് മുമ്പുതന്നെ പറഞ്ഞുവച്ചത്.  ഇങ്ങകലെ ഇന്ത്യയില്‍ വിവേകാനന്ദനും  'നാലാം യുഗം ശൂദ്രരുടെ നേതൃത്വത്തിലാണ് ഉരുത്തിരിയുകയെന്നും' അത് ആദ്യം ചൈനയിലാണോ അതോ റഷ്യയിലാണോ എന്ന സംശയം മാത്രമേ ഉള്ളൂവെന്നും പറഞ്ഞത്. ലെനിനിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയന്‍ ലോകത്തിനു മുമ്പില്‍ ഒരു പുതിയ ഭരണമാതൃകയാണ് കാഴ്ചവച്ചത്. എല്ലാവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും നല്‍കാനും സോവിയറ്റ് സര്‍ക്കാര്‍ തയ്യാറായി. വിദ്യാഭ്യാസവും ആരോഗ്യസേവനവും സൌജന്യമാക്കി. എല്ലാകാര്യങ്ങളും കമ്പോളവും പണവും നിശ്ചയിക്കുന്ന മുതലാളിത്തരീതിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു ഈ സോവിയറ്റ് മാതൃക. പൊതു ഇടങ്ങള്‍ക്കും പൊതുമേഖലയ്ക്കും പ്രാധാന്യം ലഭിച്ചുവെന്നു മാത്രമല്ല സ്ത്രീകളുടെ സ്വാതന്ത്യ്രവും തുല്യവേതനവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ലോകത്തിനു തന്നെ മാതൃകയായി സോവിയറ്റ് യൂണിയന്‍. സാമ്പത്തികാസൂത്രണവും സോവിയറ്റ് സംഭാവന തന്നെ.

റഷ്യന്‍ വിപ്ളവവും വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെ പ്രകോപിപ്പിച്ചിരുന്നു. സോവിയറ്റ് യൂണിയനെ വിഴുങ്ങാനായി ഫാസിസം റഷ്യയിലേക്ക്് മാര്‍ച്ച് ചെയ്തെങ്കിലും ഐതിഹാസികമായ സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തില്‍ 2.7 കോടി പേരുടെ ജീവന്‍ കൊടുത്തും സോവിയറ്റ് യൂണിയന്‍ ആ മുന്നേറ്റത്തെ തടഞ്ഞു. നാസി-ഫാസിസ്റ്റ് പടയുടെ പരാജയമാണ് ലോകത്തെങ്ങും വിമോചന സ്വപ്നങ്ങളെ പൂവണിയിച്ചത്. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കരീബിയയിലും ഉള്ള രാഷ്ട്രങ്ങള്‍ ഒന്നൊനായി കൊളോണിയല്‍ നുകം വലിച്ചെറിഞ്ഞു. മാവോയും ഹോചിമിനും ഫിദല്‍ കാസ്ട്രോയും ചെ ഗുവേരയും ക്വാമ എന്‍ക്രൂമയും ജൂലിയസ് നെരേരയും നെഹ്റുവും മറ്റും റഷ്യന്‍ വിപ്ളവത്തിന്റെ സ്വാധീനത്തില്‍പെട്ട ലോക നേതാക്കളാണ്. അതുകൊണ്ടാണ് സാമ്രാജ്യത്വവും പള്ളിയും ചിക്കാഗോ ബോയ്സും കോര്‍പറേറ്റുകളും സോവിയറ്റ് യൂണിയനെ തകര്‍ക്കാന്‍ അണിയറയില്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. ഗോര്‍ബച്ചേവിനെയും ലെ വലേസയെയും ബോറിസ് യെല്‍ട്സിനെയും കൂട്ടുപിടിച്ച് അവര്‍ ലക്ഷ്യം കണ്ടു. 'റഷ്യയില്‍നിന്ന് കമ്യൂണിസത്തിന്റെ പ്ളേഗിനെ പുറത്താക്കിയതോടെ ഞങ്ങള്‍ വീണ്ടും സ്വതന്ത്രരായി' എന്ന് ഗോര്‍ബച്ചേവ് ആഹ്ളാദിച്ചു.  ഗ്ളാസ്നോസ്തി (തുറന്ന സമീപനം)ന്റെയും പെരിസ്ട്രോയിക(പരിഷ്കരണം)യുടെയും പേരില്‍ ഗോര്‍ബച്ചേവും യെട്സിനും കമ്യൂണിസ്റ്റ് 'പ്ളേഗി'നെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം മഹത്തായ സോവിയറ്റ് യൂണിയനെ (യുഎസ്എസ്ആര്‍) ഛിന്നഭിന്നമാക്കി. മഹത്തായ സോവിയറ്റ് യൂണിയന്‍ 15 രാഷ്ട്രങ്ങളായി. അവര്‍ കമ്യൂണിസത്തിന് ചരമക്കുറിപ്പ് എഴുതി. എന്നാല്‍, ഇന്ന് അതേ സോവിയറ്റ് യൂണിയനിലെ ജനങ്ങള്‍ 'കമ്യൂണിസ്റ്റ് പ്ളേഗാ'ണ് 'മുതലാളിത്ത പ്ളേഗി'നേക്കാള്‍ നല്ലതെന്ന അഭിപ്രായം ശക്തമായി മുന്നോട്ടുവയ്ക്കുന്നു. കമ്യൂണിസമെന്ന ആശയത്തിനല്ല മറിച്ച് അത് നടപ്പാക്കിയവര്‍ക്കാണ് തെറ്റുപറ്റിയതെന്ന നിഗമനത്തിന് അടിവരയിടുന്നു മുന്‍ സോവിയറ്റ് റിപ്പബ്ളിക്കുകളിലെ ജനങ്ങളുടെ പ്രതികരണങ്ങള്‍. 'നീതിപൂര്‍വകമല്ലാത്ത സാമ്പത്തികവ്യവസ്ഥയും സ്വതന്ത്രകമ്പോളത്തെ അടിസ്ഥാനമാക്കിയുള്ള പുത്തന്‍ മുതലാളിത്തവു'മാണ് ജനജീവിതം ദുസ്സഹമാക്കിയതെന്നാണ് നിരീക്ഷണം. ഒരുഭാഗത്ത് ദാരിദ്യ്രം സൃഷ്ടിക്കാതെ മറുഭാഗത്ത് സമ്പത്ത് കൂട്ടിവയ്ക്കാനാകില്ലെന്ന സോവിയറ്റ് കാലത്തെ പഴഞ്ചൊല്ല് ഇന്ന് റഷ്യയില്‍ എല്ലാവരുടെയും ചുണ്ടിലുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ഫാസിസ്റ്റ് പട സോവിയറ്റ് യൂണിയനിലേക്ക് മുന്നേറുമ്പോള്‍ ഗാന്ധിജി ചോദിച്ച ഒരു ചോദ്യമുണ്ട്- 'സോവിയറ്റ് യൂണിയനെ നശിപ്പിച്ചാല്‍ പാവങ്ങള്‍ക്ക് ഇനിയാരുണ്ട്'. റഷ്യയില്‍നിന്ന് ഇപ്പോള്‍ ഉയരുന്ന ചോദ്യവും അതു തന്നെയാണ്.

സ്വാതന്ത്യ്രത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനുമെതിരെയുള്ള ആക്രമണങ്ങള്‍ ഇന്നും സാമ്രാജ്യത്വം തീവ്രമായി തന്നെ തുടരുകയാണ്. നവ ഉദാരവല്‍ക്കരണത്തിന്റെ മറവില്‍ മുതലാളിത്തം ജനങ്ങളെ കൊള്ളയടിക്കുകയാണിന്ന്. സ്വാഭാവികമായും നീതിപൂര്‍വകമല്ലാത്ത സാമൂഹ്യക്രമത്തിനും വര്‍ഗ ചൂഷണത്തിനുമെതിരെയുള്ള സമരത്തില്‍ അണിചേര്‍ന്നിരിക്കുന്ന എല്ലാവര്‍ക്കും ഇന്നും ആവേശം പകരുന്നതാണ് ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ളവം. 

ഇന്ത്യയിലാകട്ടെ ഇന്ന് വലതുപക്ഷ ഹിന്ദുത്വശക്തികളാണ് അധികാരത്തിലുള്ളത്.  അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കെതിരെയുള്ള ചൂഷണം പതിന്മടങ്ങ് വര്‍ധിപ്പിച്ച മോഡി ഭരണകൂടം ന്യൂനപക്ഷത്തെ നിര്‍ബാധം വേട്ടയാടുകയാണ്. സമഗ്രാധിപത്യ പ്രവണതകള്‍ കാട്ടുന്ന മോഡി സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്യ്രത്തെ ചവുട്ടിമെതിക്കുകയും ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയുമാണ്. മതനിരപേക്ഷ, ജനാധിപത്യ, പുരോഗമന മൂല്യങ്ങള്‍ക്കെതിരെ ശക്തമായ കടന്നാക്രമണമാണ് ഇവര്‍ നടത്തുന്നത്. വര്‍ഗചൂഷണത്തിനും സാമ്രാജ്യാധിപത്യത്തിനും സാമൂഹ്യ അടിച്ചമര്‍ത്തലിനുമെതിരെയുള്ള പോരാട്ടം തുടരുമെന്ന് ഒക്ടോബര്‍ വിപ്ളവത്തിന്റെ ഈ നൂറാം വര്‍ഷത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.  മാര്‍ക്സിസം- ലെനിനിസം ആയുധമാക്കി സാമൂഹ്യമാറ്റവും സോഷ്യലിസവും യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടിയുള്ള ശക്തമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനായി ഒരുമിച്ച് മുന്നേറാം

പ്രധാന വാർത്തകൾ
Top