21 April Saturday

കരിന്തിരി കത്തുന്ന കര്‍ഷകജീവിതം

വെബ് ഡെസ്‌ക്‌Updated: Saturday May 20, 2017


പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമെല്ലാം 'നല്ല ദിനങ്ങള്‍' ഉറപ്പുനല്‍കി, നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മുന്നുവര്‍ഷം തികയുകയാണ്. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കി കര്‍ഷകരെ ആത്മഹത്യയില്‍നിന്ന് മോചിപ്പിക്കുമെന്നും കൊട്ടിഘോഷിച്ചു. സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ടുപ്രകാരം ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനമെങ്കിലും അധികം ലഭിച്ചാലേ കര്‍ഷകര്‍ക്ക് പിടിച്ചുനില്‍ക്കാനാവുകയുള്ളൂ. കാര്‍ഷികമേഖലയില്‍ കൂടുതല്‍ നിക്ഷേപം, വര്‍ധിച്ച തൊഴിലവസരങ്ങള്‍, തൊഴിലുറപ്പുപദ്ധതിയില്‍ ഉയര്‍ന്ന വേതനം, എല്ലാ കൃഷിയിടങ്ങളിലും ജലസേചനസൌകര്യം, ഫലപ്രദമായ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍, കര്‍ഷകതാല്‍പ്പര്യം സംരക്ഷിക്കുന്ന ശാസ്ത്രീയമായ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ ഇതെല്ലാം വാഗ്ദാനം ചെയ്തു. ഇതിലെന്തൊക്കെ പ്രാവര്‍ത്തികമായെന്ന് പരിശോധിച്ചാല്‍ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് കാണാന്‍ കഴിയുക.

കര്‍ഷക ആത്മഹത്യ മുമ്പത്തേക്കാളും വര്‍ധിച്ചു. സംസ്ഥാന ഭരണംകൂടി ബിജെപി കൈയാളുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൃഷിക്കാര്‍ ജീവനൊടുക്കിയത്. 2015ല്‍ ഇവിടെ 4291 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ബിജെപിയുടെ മറ്റു രണ്ട് അഭിമാന സംസ്ഥാനങ്ങളായ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും സ്ഥിതി വ്യത്യസ്തമല്ല. രണ്ടിടത്തുമായി 6535 പേര്‍ മരണംവരിച്ചു. തമിഴ്നാട്ടില്‍ കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ജീവനൊടുക്കിയ കര്‍ഷകര്‍ ഇരുനൂറിലേറെയാണ്്. ഹരിതവിപ്ളവഗാഥകള്‍ പാടിയ പഞ്ചാബിലും ഹരിയാനയിലുംപോലും മണ്ണിന്റെ മക്കള്‍, ജീവിതം സ്വയം അവസാനിപ്പിക്കുന്നു. പോഷകാഹാരക്കുറവുമൂലമുള്ള മരണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഒരുലക്ഷത്തിലേറെ മരണം ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം കടുത്ത ജീവിത യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ ഒട്ടകപ്പക്ഷിയെപ്പോലെ മുഖംപൂഴ്ത്തുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍. വസ്തുതകള്‍ നിഷേധിച്ചും യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറാകാതെയും ഒരു ജനതയെ ആകെ ദുരന്തങ്ങളിലേക്ക് തള്ളിവിടുകയാണിവര്‍.

സ്വാമിനാഥന്‍ കമ്മിറ്റി ശുപാര്‍ശപ്രകാരമുള്ള ന്യായവില ഒരിക്കലും കര്‍ഷര്‍ക്ക് ലഭിച്ചില്ലെന്നുമാത്രമല്ല, ഇത്തരത്തില്‍ ന്യായവില പ്രഖ്യാപിക്കാനാകില്ലെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കാനും മോഡിസര്‍ക്കാര്‍ തയ്യാറായി. താങ്ങുവിലയ്ക്കുമുകളില്‍ ബോണസ് തുക നല്‍കി ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നത് വിലക്കി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവും നല്‍കി. ഇത് കമ്പോളവ്യതിയാനത്തിന് കാരണമാക്കുമെന്നായിരുന്നു ന്യായം. ഇതോടെ സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ആനുകൂല്യവും നിര്‍ത്തലാക്കി. കുറഞ്ഞ നിരക്കിലാണെങ്കിലും കൃത്യമായ വിളസംഭരണ സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് ആശ്വാസമായേനെ. അതുംകൂടി ഇല്ലാത്ത സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങള്‍ കിട്ടിയ വിലയ്ക്ക് വിറ്റഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി.

പല വിളകള്‍ക്കും നിശ്ചയിച്ച താങ്ങുവില ഉല്‍പ്പാദനച്ചെലവിനേക്കാള്‍ താഴെയാണ്. ആ വിലതന്നെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ സംഭരണസംവിധാനം ഇല്ലതാനും. താങ്ങുവിലയ്ക്കുപുറമെ വിത്തുകള്‍, സാങ്കേതികസഹായം, കടത്തുകൂലി എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന രീതിയാണ് പിന്നോക്കരാജ്യങ്ങളില്‍പ്പോലും ഉള്ളത്.  ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഇതൊന്നും സ്വപ്നംകാണാന്‍പോലും സാധിക്കില്ല. പല വിളകളുടെയും ഇറക്കുമതിച്ചുങ്കം പൂര്‍ണമായും നീക്കിയതോടെ വിദേശ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തില്‍ കുന്നുകൂടുകയാണ്. 25 ശതമാനം ചുങ്കമുണ്ടായിരുന്ന ഗോതമ്പ് ഇറക്കുമതിക്ക് ഇപ്പോള്‍ നിയന്ത്രണം ഒന്നുമില്ല. ക്വിന്റലിന് 1625 രൂപയാണ് താങ്ങുവില. എന്നാല്‍, കമ്പോളവിലയാകട്ടെ 1430 രൂപയും. 200 രൂപ കുടുതല്‍ കൊടുത്ത് ഗോതമ്പ് സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കില്ലെന്ന് വ്യക്തമാണല്ലോ? അമേരിക്ക, ഓസ്ട്രേലിയ, ഫ്രാന്‍സ്, റഷ്യ, ഉക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങളിലെ വമ്പന്‍ ഗോതമ്പുവിളയുടെ പശ്ചാത്തലത്തിലാണ് ഇറക്കുമതിച്ചുങ്കം നീക്കിയത്. ഇന്ത്യയില്‍ ഗോതമ്പുപൊടിയും മറ്റ് അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നവര്‍ക്ക് ലാഭം കൊയ്യാന്‍ ഇത് സുവര്‍ണാവസരമായി. കാര്‍ഗില്‍, ഐടിസി, അദാനി- വില്‍മര്‍, റിലയന്‍സ് തുടങ്ങിയ വന്‍തോക്കുകള്‍ക്കുതന്നെയാണ് ഗോതമ്പ് ഉല്‍പ്പന്ന മാര്‍ക്കറ്റിലും ആധിപത്യം. ഇവരുടെ ആവശ്യപ്രകാരംതന്നെയാണ് ഇറക്കുമതിച്ചുങ്കം നിര്‍ത്തലാക്കിയതും. അടുത്തകാലത്തെ ഏറ്റവും ഉയര്‍ന്ന ഗോതമ്പ് ഇറക്കുമതിയാണ് നടക്കുന്നത്. 50 ലക്ഷം ടണ്ണിനുമുകളിലായിരിക്കും ഈ വര്‍ഷത്തെ ഇറക്കുമതി. അടുത്ത വിളവെടുപ്പിലും ഇന്ത്യയിലെ ഗോതമ്പുകര്‍ഷകന് ഒരു പ്രതീക്ഷയും വച്ചുപുലര്‍ത്താനാകാത്ത വിലത്തകര്‍ച്ചയാണ് നിലവിലുള്ളത്.

ഇന്ത്യയുടെ സമ്പന്നമായ ഭക്ഷ്യധാന്യമേഖലയെ തകര്‍ക്കുന്ന നടപടിയാണ് തുടക്കംമുതല്‍ മോഡിസര്‍ക്കാര്‍ സ്വീകരിച്ചുവന്നിട്ടുള്ളത്. ഭക്ഷ്യസംഭരണരംഗത്തുനിന്ന് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയെ പിന്‍വലിച്ചത് വികേന്ദ്രീകരണത്തിന്റെ പേര് പറഞ്ഞായിരുന്നു. കാര്‍ഷിക അനുബന്ധ വ്യവസായത്തില്‍ വിദേശകമ്പനികള്‍ക്ക് യഥേഷ്ടം അനുമതി നല്‍കിയതും ഭക്ഷ്യധാന്യ ഇറക്കുമതി നിയന്ത്രണരഹിതമാക്കിയതും ഒരേലക്ഷ്യത്തോടെയായിരുന്നു. എഫ്സിഐയുടെ നേതൃത്വത്തില്‍ ശക്തമായ ഭക്ഷ്യസംഭരണ- വിതരണ സംവിധാനം നിലനിന്നിരുന്ന ഇന്ത്യയില്‍ കാര്‍ഷിക അനുബന്ധ വ്യവസായങ്ങളുടെ കമ്പോളസാധ്യത പരിമിതമായിരുന്നു. ഈ സംവിധാനം തകര്‍ത്തതോടെ കര്‍ഷകര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ബഹുരാഷ്ട്രകമ്പനികള്‍ക്ക് നേരിട്ടുവില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. കാര്‍ഷികമേഖലയുടെയും ചെറുകിടവ്യാപാര മേഖലയുടെയും ഒരുമിച്ചുള്ള തകര്‍ച്ചയാണ് ഇതിന്റെ ഫലം. കോണ്‍ഗ്രസ്- യുപിഎ സര്‍ക്കാരുകളുടെ കാലത്ത് ശക്തിപ്പെട്ട കര്‍ഷക- തൊഴിലാളിവിരുദ്ധ നടപടികള്‍ മോഡിഭരണത്തില്‍ പൂര്‍ണതയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ കാര്‍ഷികപാരമ്പര്യത്തെ വിസ്മൃതിയിലേക്ക് നയിക്കുന്ന നീക്കങ്ങള്‍ക്കെതിരെ അതിശക്തമായ ചെറുത്തുനില്‍പ്പ് രാജ്യത്തെമ്പാടും ശക്തിപ്പെട്ടുവരുന്നുണ്ട്. സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന ദേശീയപ്രക്ഷോഭത്തില്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നും കാര്‍ഷികപ്രതിസന്ധിതന്നെ

പ്രധാന വാർത്തകൾ
Top