Top
16
Tuesday, January 2018
About UsE-Paper

വരാനിരിക്കുന്നത് പ്രക്ഷോഭത്തിന്റെ നാളുകള്‍

Monday Nov 13, 2017
വെബ് ഡെസ്‌ക്‌


നവ ലിബറല്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ലോകമെങ്ങും തൊഴിലാളികളും കര്‍ഷകരും പ്രക്ഷോഭത്തിന്റെ പാതയിലാണിന്ന്. അമേരിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്പിലും മറ്റും ദിനമെന്നോണം ചെറുതും വലുതുമായ പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെടുന്നത്. അടുത്തയിടെ ബ്രസീലിലും അര്‍ജന്റീനയിലും മെക്സിക്കോയിലും ഫ്രാന്‍സിലും വന്‍ തൊഴിലാളിപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. മുതലാളിത്ത ആഗോളവല്‍ക്കരണ നയങ്ങളുടെ ഭാഗമായി തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന തൊഴില്‍നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയും ചെലവുചുരുക്കല്‍ നയത്തിന്റെ ഭാഗമായി ക്ഷേമപെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും കൂലിയില്‍ കുറവുവരുത്തുകയും ചെയ്യുന്നതിനെതിരെയാണ് ഈ പ്രക്ഷോഭങ്ങളെല്ലാം ഉയര്‍ന്നുവന്നിട്ടുള്ളത്. ആഗോളമായി ഉയരുന്ന ഈ തൊഴിലാളി- കര്‍ഷക പ്രതിഷേധത്തിന്റെ ഏറ്റവും ശക്തവും സംഘടിതവുമായ രൂപമാണ് കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഡല്‍ഹിയില്‍ കണ്ടത്.

രാജ്യതലസ്ഥാനം ഇന്നുവരെ കണ്ട വന്‍ പ്രക്ഷോഭങ്ങളിലൊന്നാണ് നവംബര്‍ ഒമ്പതുമുതല്‍ 11 വരെ പാര്‍ലമെന്റ് സ്ട്രീറ്റില്‍ നടന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളും ജീവനക്കാരുമാണ് ഈ മഹാധര്‍ണയില്‍ പങ്കെടുത്തത്. കേരളംമുതല്‍ കശ്മീര്‍വരെയും അസംമുതല്‍ കച്ച്വരെയുമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ് പാര്‍ലമെന്റിലേക്ക് ചെങ്കൊടിയുമേന്തി മാര്‍ച്ച് ചെയ്തത്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ് തുടങ്ങി പത്ത് ട്രേഡ് യൂണിയനുകളും ഫെഡറേഷനുകളുമാണ് ഈ സംയുക്തപ്രക്ഷോഭത്തില്‍ പങ്കാളികളായത്. കോടികണക്കിനു വരുന്ന തൊഴിലാളികളെ പ്രതിനിധാനംചെയ്യുന്ന സംഘടനകളാണിത്. മുതലാളിത്ത ആഗോളവല്‍ക്കരണം തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുകയാണെന്ന യാഥാര്‍ഥ്യത്തില്‍നിന്നാണ് വിപുലമായ ഈ ട്രേഡ് യൂണിയന്‍ ഐക്യം ഉണ്ടായിട്ടുള്ളത്. നരസിംഹറാവു- മന്‍മോഹന്‍സിങ് കൂട്ടുകെട്ട് 25 വര്‍ഷംമുമ്പ് നവ ഉദാരവല്‍ക്കരണ നയങ്ങള്‍ രാജ്യത്ത് നടപ്പാക്കിയപ്പോള്‍ മുതല്‍തന്നെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ഈ നയത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചിരുന്നു. 25 വര്‍ഷത്തിനിടയില്‍ 17 പണിമുടക്കുകള്‍ നടന്നു. ആദ്യമൊക്കെ ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍മാത്രമാണ് പ്രക്ഷോഭത്തിന് തയ്യാറായതെങ്കിലും കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഐഎന്‍ടിയുസിപോലുള്ള തൊഴിലാളിസംഘടനകളും പ്രക്ഷോഭപാതയില്‍ അണിനിരന്നു. നവ ലിബറല്‍ നയങ്ങള്‍ തൊഴിലാളിസംഘടനകളുടെയല്ല മറിച്ച് തൊഴിലാളികളുടെ നിലനില്‍പ്പിനുപോലും ഭീഷണി ഉയര്‍ത്തുകയാണെന്ന തിരിച്ചറിവാണ് ഇതിന് കാരണം. 2013 ഡിസംബറില്‍ പ്രധാന ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ച് ട്രേഡ് യൂണിയന്‍ ഐക്യത്തിന്റെ കരുത്ത് വിളിച്ചറിയിച്ചു. 2015ല്‍ നടത്തിയ പണിമുടക്കില്‍ ഒന്നരക്കോടി തൊഴിലാളികളെ അണിനിരത്താനായെങ്കില്‍, 2016ലെ പണിമുടക്കില്‍ 1.8 കോടിപ്പേരെ അണിനിരത്താനായി. കമ്യൂണിസം മരിച്ചുവെന്നും തൊഴിലാളിസമരങ്ങള്‍ പഴങ്കഥമാത്രമാണെന്നും പ്രചരിപ്പിച്ച വലതുപക്ഷത്തിന്റെ ഉറക്കം കെടുത്തുന്ന മുന്നേറ്റങ്ങളാണ് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയത്. ഈ മുന്നേറ്റപാതയിലെ ഏറ്റവും അവസാനത്തേതാണ് മൂന്നുദിവസമായി നാലുലക്ഷത്തോളംപേര്‍ അണിചേര്‍ന്ന മഹാധര്‍ണ.

മിനിമം വേതനം 18000 രൂപയാക്കുക, സാമൂഹ്യസുരക്ഷാ നടപടികള്‍ തുടര്‍ന്നും ലഭ്യമാക്കുക, കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തൊഴില്‍നിയമങ്ങളില്‍ മാറ്റം വരുത്താതിരിക്കുക, സ്വകാര്യവല്‍ക്കരണ നയം ഉപേക്ഷിക്കുക, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങി പന്ത്രണ്ടോളം ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് മഹാധര്‍ണ നടന്നത്. സര്‍ക്കാരിന്റെ ഭീഷണിയെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ചാണ് തൊഴിലാളികള്‍ ഈ മഹാപ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. മോഡിസര്‍ക്കാര്‍ തുടരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരെയാണ് പ്രധാനമായും തൊഴിലാളിരോഷം ഉയര്‍ന്നത്. റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിരോധമേഖലയുടെ സ്വകാര്യവല്‍ക്കരണം, ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍പോലും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍, തൊഴിലുറപ്പുപദ്ധതിക്കും സേവനമേഖലയ്ക്കും ബജറ്റുവിഹിതം വെട്ടിക്കുറയ്ക്കല്‍ തുടങ്ങി മോഡിസര്‍ക്കാര്‍ കൈക്കൊണ്ടുവരുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരെയാണ് പ്രക്ഷോഭക്കൊടുങ്കാറ്റ് ഉയര്‍ന്നിട്ടുള്ളത്. തൊഴിലാളികള്‍ ഉയര്‍ത്തിയ ആവശ്യങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് മോഡിസര്‍ക്കാരിന്റേത്. തൊഴിലാളിസംഘടനകളുടെ ഐക്യം തകര്‍ക്കാന്‍പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ശ്രമമുണ്ടായെങ്കിലും ആ കെണിയില്‍ വീഴാന്‍ ട്രേഡ് യൂണിയനുകള്‍ തയ്യാറായില്ല. ബിഎംഎസ് മാത്രമാണ് സമരത്തില്‍ അണിചേരാതെ മാറിനിന്നത്. അവര്‍ക്കുപോലും മഹാധര്‍ണയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളെ തള്ളിപ്പറയാന്‍ കഴിഞ്ഞില്ല. മഹാധര്‍ണയുടെ വന്‍ വിജയം കൂടുതല്‍ ശക്തമായ പോരാട്ടങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന് കരുത്തുനല്‍കും. ജനുവരിയില്‍ ജയില്‍നിറയ്ക്കല്‍ സമരത്തിനും സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്തു. തൊഴിലാളിവിരുദ്ധ നയങ്ങള്‍ തുടര്‍ന്നാല്‍ അടുത്തവര്‍ഷം പൊതുപണിമുടക്ക് നടത്തുമെന്നും അവര്‍ പ്രഖ്യാപിച്ചു. വരാനിരിക്കുന്നത് പ്രക്ഷോഭത്തിന്റെ നാളുകളാണെന്നര്‍ഥം