Top
21
Sunday, January 2018
About UsE-Paper

ദേശീയസുരക്ഷയും വിവാദത്തില്‍

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

'ന ഖാവൂംഗ ന ഖാനേ ദൂംഗ' (സ്വയം അഴിമതി നടത്തില്ലെന്ന്മാത്രമല്ല ആരെയും അഴിമതി നടത്താന്‍ വിടുകയുമില്ല) എന്ന് വാഗ്ദാനംചെയ്താണ് നരേന്ദ്ര മോഡി പ്രധാനമന്ത്രിക്കസേരയിലെത്തിയത്. അധികാരമേറി മൂന്നാമത്തെ സ്വാതന്ത്യ്രദിനത്തില്‍പോലും അഴിമതിക്കറ പുരളാത്ത സര്‍ക്കാരാണ് തന്റേതെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ അഴിമതികള്‍ ഒന്നൊന്നായി പുറത്തുവരികയാണിപ്പോള്‍. ആദ്യം പുറത്തുവന്നത് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടേതാണെങ്കില്‍ ഏറ്റവും അവസാനമായി പുറത്തുവന്നത് ദേശീയസുരക്ഷാ ഉപദേശകനും പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളുമായ അജിത് ദോവലിന്റെ മകന്‍ ശൌര്യാ ദോവലിന്റേതാണ്. അതോടൊപ്പം അഴിമതി നടത്തിയ മറ്റു പാര്‍ടികളിലുള്ളവര്‍ സുരക്ഷിത അഭയകേന്ദ്രമായി കരുതുന്നതും ബിജെപിയെത്തന്നെ. ശാരദാ ചിട്ടിഫണ്ട് കേസില്‍പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയും ടെലികോം അഴിമതിക്കേസില്‍ ശക്ഷിക്കപ്പെട്ട സുഖ്റാമും മകന്‍ അനില്‍ ശര്‍മയും മറ്റും ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു.

ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ മകന്‍ നടത്തുന്ന ഫൌണ്ടേഷന് വിദേശ ആയുധക്കമ്പനികളില്‍നിന്ന് അനധികൃത സാമ്പത്തികസഹായം ലഭിച്ചെന്നാണ് 'ദി വയര്‍' എന്ന വെബ് പേര്‍ട്ടല്‍ പുറത്തുവിട്ട വാര്‍ത്ത. അജിത് ദോവലിന്റെ മകന്‍ ശൌര്യാ ദോവലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവും മുഖ്യനടത്തിപ്പുകാരായ ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സര്‍ക്കാരിതര സംഘടനയുടെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് വാര്‍ത്ത പുറത്തുവന്നിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, സുരേഷ്പ്രഭു,  ജയന്ത് സിന്‍ഹ, എം ജെ അക്ബര്‍ എന്നിവരും ഇന്ത്യാ ഫൌണ്ടേഷന്റെ ഡയറക്ടര്‍മാരാണ്. കോളമിസ്റ്റും ബിജെപി രാജ്യസഭാംഗവുമായിരുന്ന സ്വപന്‍ ദാസ് ഗുപ്ത, പ്രസാര്‍ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ എ സൂര്യപ്രകാശ്, നെഹ്റു മ്യൂസിയം ലൈബ്രറി ഡയറക്ടര്‍ ശക്തി സിന്‍ഹ എന്നിവരും ഡയറക്ടര്‍മാരാണ്.

സുരക്ഷാ ഉപദേഷ്ടാവിന്റെ മകന്‍ നടത്തിപ്പുകാരനും കേന്ദ്രമന്ത്രിമാരും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തലപ്പത്തുള്ളവരും ഡയറക്ടര്‍മാരുമാകുന്നതില്‍ ഗുരുതര ചട്ടലംഘനവും 'താല്‍പ്പര്യ സംഘര്‍ഷവും' നിലനില്‍ക്കുന്നുണ്ട്. വിദേശഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇന്ത്യാഫൌണ്ടേഷനെന്ന് ആഭ്യന്തരമന്ത്രാലയംതന്നെ സാക്ഷ്യപ്പെടുത്തുന്നു. വിദേശസംഭാവന നിയന്ത്രണ  നിയമം 2010ന്റെ പരിധിയില്‍വരുന്ന സ്ഥാപനമാണിതെന്നര്‍ഥം. ഈ നിയമത്തിന്റെ മൂന്നാംഖണ്ഡിക രാഷ്ട്രീയ പാര്‍ടി നേതാക്കളെയും ജനപ്രതിനിധികളെയും മാധ്യമപ്രവര്‍ത്തകരെയും വിദേശഫണ്ട് സ്വീകരിക്കുന്നതില്‍നിന്ന് വിലക്കിയിരിക്കുകയാണ്. എന്നാല്‍, വിദേശഫണ്ട് സ്വീകരിക്കുന്നെന്ന് പരസ്യപ്പെടുത്തിയ ഇന്ത്യാ ഫൌണ്ടേഷനില്‍ നാല് മന്ത്രിമാര്‍ ഡയറക്ടര്‍മാരായത് നിയമലംഘനമാണെന്നര്‍ഥം.  സ്വാഭാവികമായും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സിബിഐ തുടങ്ങിയ എജന്‍സികള്‍ തയ്യാറാകേണ്ടതാണ്.  പ്രധാനമന്ത്രി ഇവരെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കുകയുംവേണം. 

മറ്റൊരു കാതലായ വിഷയംകൂടി ഇതിലടങ്ങിയിട്ടുണ്ട്. അത് ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ്. ഇന്ത്യാഫൌണ്ടേഷന്‍ സമീപകാലത്ത് സംഘടിപ്പിച്ച സമ്മേളനങ്ങളുടെ മുഖ്യ സ്പോണ്‍സര്‍മാര്‍ അമേരിക്കന്‍ പ്രതിരോധ, വ്യോമയാന വ്യവസായ കമ്പനിയായ ബോയിങ്ങും ഇസ്രയേല്‍ സുരക്ഷാകമ്പനിയായ മാഗല്‍ സെക്യൂരിറ്റി സിസ്റ്റംസുമാണ്. യുപിഎ ഭരണകാലത്ത്  ബോയിങ്ങില്‍നിന്ന് 111 വിമാനം വാങ്ങാനുള്ള 70,000 കോടിയുടെ പ്രതിരോധ കരാര്‍ സംബന്ധിച്ച് സിബിഐ അന്വേഷണം പുരോഗമിക്കുമ്പോഴാണ് ഈ സ്പോണ്‍സര്‍ഷിപ് സ്വീകരിച്ചിട്ടുള്ളത്. 

സ്വാഭാവികമായും ഇത് അന്വേഷണത്തെ സ്വാധീനിക്കും. എന്നാലിതിനേക്കാളും പ്രധാനകാര്യം വികസിത യൂറോപ്യന്‍ രാജ്യങ്ങളുമായി സാമ്പത്തിക ഇടപാട് നടത്തുന്ന ജെമിനി ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ പാര്‍ട്ണര്‍കൂടിയാണ് ശൌര്യാ ദോവല്‍ എന്ന കാര്യമാണ്. സൌദി രാജകുടുംബാംഗമായ മിഷാല്‍ ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൌദിന്റെ ടോര്‍ച്ച് ഇന്‍വെസ്റ്റ്മെന്റും ശൌര്യാ ദോവലിന്റെ സിയൂസ് കാപ്പിറ്റലും ലയിപ്പിച്ചാണ് ജെമിനിക്ക് തുടക്കമിട്ടത്.  ജൂലൈയില്‍ ഖത്തര്‍ പുറത്തുവിട്ട വിവരമനുസരിച്ച് സൌദി അറേബ്യയും യുഎഇയുമാണ് യമനില്‍ അല്‍ ഖായ്ദ, ഇസ്ളാമിക സ്റ്റേറ്റ് എന്നീ ഭീകരവാദപ്രസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നാണ്. സൌദി ഇന്റലിജന്‍സ് മേധാവി ഖാലീദ് ബിന്‍ അലി അല്‍ ഹുമൈദ് വഴി നല്‍കിയ ഫണ്ട് ഉപയോഗിച്ചാണ് ഐഎസ് മേധാവി ആയുധങ്ങള്‍ വാങ്ങിയതത്രെ. ഐഎസിനും അല്‍ ഖായ്ദയ്ക്കും ഫണ്ട് നല്‍കുന്ന സൌദി അറേബ്യതന്നെയാണ് ശൌര്യാ ദോവലിന്റെ ഫൌണ്ടേഷനും ഫണ്ട് നല്‍കുന്നത്.

ഇവിടെ അടിയറവയ്ക്കപ്പെടുന്നത് രാജ്യത്തിന്റെ സുരക്ഷിതത്വംതന്നെയാണ്. രാജ്യസ്നേഹത്തെക്കുറിച്ച് സിനിമാതിയറ്ററുകളില്‍പോലും പൌരന്മാരെ ഓര്‍മിപ്പിക്കുന്നവരാണ് ഇത് ചെയ്യുന്നത്. ടീസ്ത സെതല്‍വാദിന്റെയും ഇന്ദിര ജയ്സിങ്ങിന്റെയും എന്‍ജിഒകള്‍ക്ക് വിദേശഫണ്ട് നിഷേധിച്ച മോഡി ആദ്യം അത് നിഷേധിക്കേണ്ടത് ഇന്ത്യ ഫൌണ്ടേഷനാണ്. കാരണം ഈ ഫൌണ്ടേഷന്‍ സ്വീകരിച്ച വിദേശഫണ്ട് സുതാര്യമല്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ലഭിച്ച വിദേശഫണ്ടിനെക്കുറിച്ചുള്ള കൃത്യമായ കണക്ക് ഇവര്‍ സമര്‍പ്പിച്ചിട്ടില്ല *