25 June Monday

ആര്‍എസ്എസിന്റെ ഹാലിളക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jan 5, 2017


കേന്ദ്രഭരണത്തിന്റെ അഹന്ത സംഘപരിവാറിനെ ഉന്മാദാവസ്ഥയിലാണെത്തിച്ചത്. അധികാരംകൊണ്ട് എന്തും നേടാമെന്നും എന്തിനുമുള്ള ലൈസന്‍സാണതെന്നും കരുതിയ ആര്‍എസ്എസാണ് കഴിഞ്ഞ കുറെമാസങ്ങളായി കേരളത്തില്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുന്നത്. നോട്ട് പിന്‍വലിക്കല്‍ വലിയൊരു ദുരന്തമായി മാറിയപ്പോള്‍, നരേന്ദ്ര മോഡിക്കും ബിജെപിക്കുമെതിരെ  ജനരോഷം  തിളച്ചുപൊന്തിയപ്പോള്‍ ആ അഹന്തയും ഉന്മാദവുമാണ് കെട്ടുപോയത്. കുതിച്ചുചാട്ടം പ്രതീക്ഷിച്ച സംഘപരിവാര്‍ കിതച്ചുനില്‍ക്കുകയാണ്.

പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഭരണാധികാരികളും സംഘനേതൃത്വവും ജനങ്ങളാല്‍ വിചാരണചെയ്യപ്പെടുകയാണ്. അവകാശവാദങ്ങളൊന്നും അവശേഷിക്കുന്നില്ല. വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. ബാങ്കുകള്‍ക്കുമുന്നില്‍ അനന്തമായി ക്യൂനില്‍ക്കുന്നവരും എടിഎമ്മില്‍നിന്ന് കാശുകിട്ടാതെ നൈരാശ്യത്തിലായവരും കച്ചവടംപോയ ചെറുകിട വ്യാപാരികളും തൊഴിലില്ലാതെ പട്ടിണിയിലേക്ക് വീഴേണ്ടിവരുന്നവരും നരേന്ദ്ര മോഡിക്കെതിരെ മറയില്ലാതെ പ്രതികരിക്കുന്നു. മനുഷ്യനിര്‍മിതമായ കൊടിയ ദുരന്തമാണിതെന്നും അതിനുകാരണക്കാരന്‍ മോഡിയാണെന്നും തിരിച്ചറിഞ്ഞുള്ള പ്രതികരണങ്ങള്‍ കേരളത്തിലെ ബിജെപിയുടെ എല്ലാ സ്വപ്നങ്ങളും ചാമ്പലാക്കുന്നതാണ്. അപ്രതീക്ഷിതമായ ആ തിരിച്ചടി മറികടക്കാനുള്ള ഭ്രാന്തമായ നീക്കമാണ് സംഘശക്തികളില്‍നിന്നുണ്ടാകുന്നത്. അതിന്റെ ഭാഗമാണ് കാസര്‍കോട് ജില്ലയില്‍ പൊലീസിനുനേരെ നടത്തിയ അതിക്രമവും സമാധാന ജനജീവിതം അലങ്കോലപ്പെടുത്താന്‍ ആസൂത്രണംചെയ്ത നാടകങ്ങളും ഹര്‍ത്താലും  ഹര്‍ത്താലിന്റെമറവില്‍  നടത്തിയ വ്യാപക അക്രമവും.  ആശുപത്രിയിലേക്കുള്ള വാഹനം തടഞ്ഞതിനെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പ്ളാത്തടത്തെ മാളോലവീട്ടില്‍  ജോണിന് ജീവന്‍ നഷ്ടമായി. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കും  കാസര്‍കോട് നഗരത്തിലെയും മധൂരിലെയും സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസുകളും തകര്‍ത്തു.

നോട്ട് ദുരന്തം നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിലൂടെയാണ് രാജ്യത്തെ ഗ്രസിച്ചത്. ചെറുവത്തൂരില്‍ സംഘപരിവാറിന്റെ രണ്ട് നേതാക്കളുടെ പ്രകോപനവും ധിക്കാരപൂര്‍വമായ ഇടപെടലുമാണ് അശാന്തി സൃഷ്ടിച്ചത്. എന്താണ് ബിജെപിയുടെ നിലപാടെന്ന് ജോണിനെ മരണത്തിലേക്കുനയിച്ച സംഭവം വ്യക്തമാക്കുന്നു. ഹൃദ്രോഗബാധിതനായ ജോണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്ന കാര്‍ നാലിടത്താണ് തടഞ്ഞത്. ജോണ്‍ ഗുരുതരാവസ്ഥയിലാണെന്ന് കേണുപറഞ്ഞിട്ടും ചോദ്യംചെയ്യലിനും പരിശോധനയ്ക്കുംശേഷമേ ഓരോ സ്ഥലത്തുനിന്നും കടത്തിവിട്ടുള്ളൂ. ആശുപത്രിയിലെത്തുംമുമ്പ് ജീവന്‍ നഷ്ടപ്പെട്ടു.

സിപിഐ എമ്മിന് ശക്തമായ ജനസ്വാധീനമുള്ള പ്രദേശങ്ങള്‍ കേന്ദീകരിച്ച് അക്രമം നടത്തുക ആര്‍എസ്എസ് ഒരു നയമായി സ്വീകരിച്ചിരിക്കുന്നു. പിണറായിയിലും പയ്യന്നൂരിലും ചിറ്റാരിപ്പറമ്പിലും ചെറുവത്തൂരിലും നടത്തിയ അക്രമങ്ങളും കൊലപാതകങ്ങളും അതാണ് തെളിയിക്കുന്നത്. ജനങ്ങളില്‍ ഭീതിയും അശാന്തിയും സൃഷ്ടിച്ച് നുഴഞ്ഞുകയറാനുള്ള പദ്ധതിയാണരങ്ങേറുന്നത്. ഇത്തരം അക്രമങ്ങളിലൂടെയും ആരും മടിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിലൂടെയും സൃഷ്ടിക്കപ്പെടുന്ന വാര്‍ത്ത, നോട്ടുദുരന്തത്തിന്റെ ഫലമായുണ്ടായ ജനരോഷത്തെ വഴിതിരിച്ചുവിടാന്‍ പര്യാപ്തമാകും എന്ന ധാരണയാണ് സംഘകാര്യകര്‍ത്താക്കളെ നയിക്കുന്നത്. എ കെ ജി സെന്ററിലേക്ക് കടന്നുകയറി അവിടെ ബിജെപിയുടെ പരിപാടി നടത്തുമെന്നുംമറ്റും ഒരു നേതാവ് പരസ്യമായി  പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ സാധാരണ നിലയില്‍ മനോവിഭ്രാന്തി എന്നാണ് വിളിക്കുക. ഇവിടെ അത്തരം വിഭ്രാന്തിപോലും ആസൂത്രിതമാണെന്നും പ്രകോപനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണെന്നുമാണ് മനസ്സിലാക്കേണ്ടത്.

നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ആയുധപരിശീലനവും നടത്തുന്നുണ്ട് ആര്‍എസ്എസ്. ക്രിസ്മസ് അവധിക്കാലത്ത് സംസ്ഥാനത്തെ മുപ്പതുകേന്ദ്രങ്ങളില്‍ അത്തരം ക്യാമ്പുകള്‍ നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശിബിരം എന്ന പേരില്‍  ആയുധപരിശീലനം നടത്തിയത്  തെളിവുസഹിതം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. കേരളത്തെ കലാപഭൂമിയാക്കാന്‍ആര്‍എസ്എസ്  തയ്യാറെടുക്കുന്നു എന്നാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്. ആസൂത്രിതമായി പ്രകോപനംസൃഷ്ടിച്ച് ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുകയും അതിന് മറയിടാന്‍ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും പൊലീസിനെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും നിയമപാലനം തടസ്സപ്പെടുത്തുകയുംചെയ്യുകയാണ്. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഫലമാണ് ഈ അക്രമങ്ങള്‍. ഇത് തിരിച്ചറിഞ്ഞ് ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. പൊലീസ് കര്‍ക്കശമായ നിലപാട് സ്വീകരിക്കണം. ആയുധപരിശീലനവും  നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും ഒരു കാരണവശാലും അനുവദിച്ചുകൂടാ. ആര്‍എസ്എസിന്റെ പ്രകോപനങ്ങളില്‍ കുടുങ്ങാതിരിക്കാനും ജനങ്ങള്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ജാഗ്രതയുണ്ടാകണം. ഉത്തരേന്ത്യന്‍ മാതൃകയില്‍ ഗുണ്ടാരാജിലൂടെയും പ്രമുഖ വ്യക്തിത്വങ്ങളെപോലും ഹീനമായി ആക്രമിക്കുന്നതിലൂടെയും കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്താമെന്ന് ആര്‍എസ്എസ് കരുതരുത്. നിങ്ങളുടെ വര്‍ഗീയതയും ഭീകരമുഖവും ദുര്‍നയങ്ങളും അതിന്റെ ഫലമായ ദുരിതവും കൂടുതല്‍ തിരിച്ചറിയാനേ ഈ വെപ്രാളം കാരണമാകൂ. ആ തിരിച്ചറിവുമായി ജനങ്ങള്‍ നല്‍കുന്ന ശിക്ഷ ഏറ്റുവാങ്ങാനാണ് നിങ്ങള്‍ കാത്തിരിക്കേണ്ടത്

പ്രധാന വാർത്തകൾ
Top