25 June Monday

യുപി തെരഞ്ഞെടുപ്പും എസ്‌പിയിലെ കുടുംബ പോരും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 3, 2017

ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ടി നേതാവ് മുലായംസിങ് യാദവിന്റെ കുടുംബത്തില്‍ നിന്നാരംഭിച്ച പോര് സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയപ്പോരായി മാറിയിരിക്കുന്നു. 25 വര്‍ഷംമുമ്പ് മുലായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമാജ്‌വാദി പാര്‍ടിയാണ് ഇന്ന് അധികാരമത്സരത്തിന്റെ പര്യായമായി മാറിയിരിക്കുന്നത്. മുലായംസിങ് യാദവും സഹോദരന്‍ ശിവ്പാല്‍സിങ്ങും വ്യവസായി അമര്‍സിങ്ങും ഒരുവശത്തും മുലായത്തിന്റെ മകനും മുഖ്യമന്ത്രിയുമായ അഖിലേഷ്സിങ് യാദവും മുലായത്തിന്റെ സഹോദരപുത്രന്‍ രംഗോപാല്‍ യാദവും എസ്പിയുടെ മുസ്ളിം മുഖമായ അസംഖാനും മറുവശത്തുമായാണ് സമാജ്വാദി പാര്‍ടിയുടെ നിയന്ത്രണത്തിനായുള്ള പോര് നടക്കുന്നത്. ഏറ്റവും അവസാനമായി അഖിലേഷ് പക്ഷം പുതുവര്‍ഷദിനത്തില്‍ ലഖ്നൌവില്‍ ദേശീയ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത് സമാജ്വാദി പാര്‍ടിക്കാരുടെ 'നേതാജി'യായ സ്ഥാപകനേതാവ് മുലായംസിങ്ങിനെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് മാര്‍ഗദര്‍ശക്ക് പദവിയിലേക്ക് മാറ്റി. അഖിലേഷ് ദേശീയ പ്രസിഡന്റായി അവരോധിക്കപ്പെട്ടു. അഖിലേഷില്‍നിന്ന് സംസ്ഥാന അധ്യക്ഷസ്ഥാനം ഒക്ടോബറില്‍ തട്ടിയെടുത്ത ശിവ്പാലിനെ ആ സ്ഥാനത്തുനിന്നു നീക്കി സ്ഥാപകനേതാക്കളിലൊരാളായ നരേഷ് ഉത്തം പട്ടേലിനെ നിയമിക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് നേതാവായ മുലായത്തെ കോര്‍പറേറ്റ് ബന്ധുവാക്കിയ ജനറല്‍ സെക്രട്ടറി അമര്‍സിങ്ങിനെ പാര്‍ടിയില്‍നിന്നു പുറത്താക്കി. ഈ ദേശീയ കണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ത്ത രാംഗോപാല്‍യാദവിനെ മുലായം മൂന്നു ദിവസത്തിനുള്ളില്‍ രണ്ടാം തവണയും പുറത്താക്കി.

എന്നാല്‍, ദേശീയ കണ്‍വന്‍ഷനിലെ എംഎല്‍എമാരുടെ പങ്കാളിത്തം മുലായംപക്ഷത്തിന്റെ കണ്ണുതുറപ്പിച്ചു. 224 എംഎല്‍എമാരില്‍ 200ഓളം പേരും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. മാത്രമല്ല, മുലായത്തിനൊപ്പം സമാജ്വാദി പാര്‍ടി രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയ രേവതി രമണ്‍സിങ്ങും കിരണ്‍മോയ് നന്ദയും മറ്റും ഈ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. നിയമസഭാ കക്ഷി മാത്രമല്ല സംഘടനയും അഖിലേഷ് പക്ഷത്താണെന്ന് ഇത് സൂചിപ്പിക്കുന്നു. അഖിലേഷിന് പാര്‍ടിക്കുള്ളില്‍ വര്‍ധിച്ചുവരുന്ന പിന്തുണ കണ്ടിട്ടാകണം അഞ്ചിനു വിളിച്ചുചേര്‍ക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച ദേശീയ കണ്‍വന്‍ഷന്‍ ഉപേക്ഷിക്കാന്‍ മുലായം തയ്യാറായത്. ഭരണകക്ഷിയിലെ തൊഴുത്തില്‍ കുത്തിനെ പ്രധാന രാഷ്ട്രീയ നേട്ടമാക്കാനായി കേന്ദ്ര ഭരണകക്ഷിയായ ബിജെപിയും മുന്‍സംസ്ഥാന ഭരണകക്ഷികളായ ബിഎസ്പിയും കോണ്‍ഗ്രസും പുറത്ത് കാത്തിരിക്കുകയുമാണ്.

സമാജ്വാദി പാര്‍ടിയിലെ അച്ഛനും മകനും തമ്മിലുള്ള പോര് രാജ്യത്തെ പ്രധാന പ്രാദേശിക കക്ഷികളിലെ രൂപമാറ്റത്തെയാണ് കാണിക്കുന്നത്. ലോഹ്യ സോഷ്യലിസത്തില്‍നിന്ന് ഊര്‍ജംമേറ്റുവാങ്ങിയ സമാജ്വാദി പാര്‍ടി മതനിരപേക്ഷതയ്ക്കുവേണ്ടി അടിയുറച്ച് നിലകൊണ്ടുവെന്നു മാത്രമല്ല രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെങ്ങും ശക്തിപ്പെട്ട വര്‍ഗീയശക്തികള്‍ക്കെതിരെ നിലകൊള്ളുകയും ചെയ്തിരുന്നു. പ്രാദേശിക ബൂര്‍ഷ്വാസികളുടെയും ഭൂവുടമകളുടെയും താല്‍പ്പര്യങ്ങളാണ് ഈ പാര്‍ടി പ്രതിനിധാനം ചെയ്തത്.

1991ല്‍ ഉദാരവല്‍ക്കരണം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ അതിന്റെ പതാകവാഹകരായി സമാജ്വാദി പാര്‍ടിയും മാറി. പാര്‍ടിയുടെ നേതൃത്വം പ്രധാന നേതാവിന്റെ കുടുംബത്തിന്റെ കൈകളിലേക്ക് മാറി. കുടുംബ താല്‍പ്പര്യത്തിന് പ്രാമുഖ്യം ലഭിക്കുമ്പോള്‍ കുടുംബത്തിലെ തര്‍ക്കങ്ങള്‍ അവര്‍ക്ക് നിയന്ത്രണമുള്ള രാഷ്ട്രീയ പാര്‍ടിയിലും പ്രതിഫലിക്കും. സമാജ്വാദി പാര്‍ടിയുടെ കാര്യമെടുത്താല്‍ മുലായംസിങ്ങിന്റെ കുടുംബത്തില്‍നിന്ന് ഒരു ഡസനോളം അംഗങ്ങളാണ് പാര്‍ടി നേതൃത്വത്തിലുള്ളത്. ചിലര്‍ പാര്‍ടി ഭാരവാഹികളാണെങ്കില്‍ മറ്റു ചിലര്‍ മന്ത്രിമാരും എംപിമാരും എംഎല്‍എമാരുമാണ്.
സമാജ്വാദി പാര്‍ടിയിലെ നിലവിലുള്ള തര്‍ക്കത്തില്‍ കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം പോരടിക്കുകയാണ്. അധികാരത്തിന്റെ പങ്കുപറ്റുന്നതു സംബന്ധിച്ചും മുലായത്തിന്റെ പദവി ഇനി ആര്‍ക്കാണെന്നതുമാണ് തര്‍ക്ക വിഷയം. ഈ പോരില്‍ അഖിലേഷ് പക്ഷം വിജയിക്കുന്നതാണ് ദൃശ്യമാകുന്നത്. 2012ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതല്‍ പ്രധാന നേതാവായി മാറാനുള്ള ചരടുവലികള്‍ അഖിലേഷ് നടത്തിയിരുന്നു. പ്രാദേശിക മാടമ്പിമാരെയും അവരുടെ കൈയൂക്കിനെയും യഥേഷ്ടം ഉപയോഗിച്ചാണ് സമാജ്വാദി പാര്‍ടി വളര്‍ന്നതെന്ന ഒരു പൊതുധാരണ നിലവിലുണ്ട്. ഈ പ്രതിച്ഛായ താന്‍ ആഗ്രഹിക്കുന്നില്ലെന്ന ശക്തമായ സന്ദേശം നല്‍കാനുള്ള ഒരവസരവും അഖിലേഷ് പാഴാക്കിയിരുന്നില്ല.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മാഫിയ നേതാവും കൊലപാതകക്കേസുകളില്‍ ഉള്‍പ്പെടെ പ്രതിയുമായ മുക്താര്‍ അന്‍സാരിയുടെ ക്വാമി ഏകതാ പ്രസ്ഥാനത്തെ എസ്പിയില്‍ ലയിപ്പിക്കുന്നതിനെതിരെ അഖിലേഷ് നിലകൊണ്ടു. മറ്റൊരു മാഫിയ നേതാവ് അതിഖ് അഹമ്മദിന് സ്ഥാനാര്‍ഥിത്വം നല്‍കിയതിനെയും അഖിലേഷ് വിമര്‍ശിച്ചു. അതോടൊപ്പം തന്നെ  അമര്‍സിങ്ങിനെതിരെ നിലപാട് സ്വീകരിച്ച് ഉപജാപകര്‍ക്കെതിരാണ് താനെന്ന പ്രതിച്ഛായയും അഖിലേഷ് സൃഷ്ടിച്ചു.

ഇതുവഴി പുതിയ തലമുറയ്ക്ക് സ്വീകാര്യനായ നേതാവായി മാറുകയായിരുന്നു അഖിലേഷിന്റെ ലക്ഷ്യം. മാത്രമല്ല, ഭരണത്തില്‍ അമ്മാവനായ ശിവ്പാലിന്റെയും മുലായത്തിന്റെയും  അമിതമായ ഇടപെടലും അഖിലേഷ് ഇഷ്ടപ്പെട്ടിരുന്നില്ല. സ്വതന്ത്രമായി ഭരണം നടത്താന്‍ അനുവദിക്കാത്തവര്‍ക്കെതിരെയാണ് തന്റെ പോര് എന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും അഖിലേഷ് ശ്രമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് ഒരു ഘടകമായി മാറുന്നതിനെയാണ് ബിജെപിയും ബിഎസ്പിയും ഭയക്കുന്നത്. എസ്പിയിലെ തര്‍ക്കം തുടര്‍ന്നാല്‍ അത് മുസ്ളിം വോട്ടുകള്‍ ലഭിക്കാന്‍ സഹായിക്കുമെന്ന് മായാവതി കണക്കുകൂട്ടുന്നു. യാദവരല്ലാത്ത ഒബിസി വോട്ടുകള്‍ നേടാനാണ് ബിജെപിയുടെ നീക്കം. അഖിലേഷുമായി കൈകോര്‍ക്കാന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ്. എസ്പിയിലെ പോര് തെരഞ്ഞെടുപ്പുരംഗം സങ്കീര്‍ണമാക്കിയിരിക്കുകയാണ്

പ്രധാന വാർത്തകൾ
Top