Top
25
Sunday, February 2018
About UsE-Paper

മുറിവൈദ്യന്റെ ജല്‍പ്പനമോ

Monday Jan 2, 2017
വെബ് ഡെസ്‌ക്‌

രാജ്യത്തിന്റെ ക്രയശേഷി മുഴുവനുമാണ് കഴിഞ്ഞ നവംബര്‍ എട്ടിന് ഒരു പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പിടിച്ചുപറിച്ച് ഇല്ലാതാക്കിയത്. കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ യുദ്ധമെന്നാണ് ആ നടപടിക്ക് നല്‍കിയ വിശേഷണം. മനുഷ്യനിര്‍മിതമായ മഹാദുരന്തമാണ് അന്നുമുതലിന്നുവരെ ഇന്ത്യന്‍ജനത നേരിടുന്നത്. ഓരോ ദുരിതത്തിലും പ്രയാസത്തിലും ജനങ്ങളെ ആശസിപ്പിക്കാന്‍ മോഡിയും കൂട്ടരും കണ്ടെത്തിയ വാക്ക് രാജ്യസ്നേഹം എന്നതാണ്. വിവേക രഹിതമായും മുന്‍കരുതലില്ലാതെയും രാഷ്ട്രീയനേട്ടം കൊതിച്ചും നടപ്പാക്കിയ നോട്ട്പിന്‍വലിക്കലിനെ രാജ്യസ്നേഹത്തിന്റെ പേരില്‍ ന്യായീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും തകര്‍ന്നത്, കള്ളപ്പണം തിരിച്ചുപിടിക്കും എന്ന അവകാശവാദം ദയനീയമായി പരാജയപ്പെട്ടപ്പോഴാണ്. നവംബര്‍ എട്ടിനും തുടര്‍ന്നും പറഞ്ഞ ഒരു ന്യായവും മോഡിയുടെ കൈയില്‍ അവശേഷിക്കുന്നില്ല. എന്നിട്ടും ജനങ്ങളുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് കാപട്യത്തിന് പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താന്‍ പ്രധാനമന്ത്രി മടിക്കുന്നുമില്ല. അമ്പതു ദിവസം കാത്തിരിക്കൂ എന്ന് ജനങ്ങളോട് പറഞ്ഞ മോഡി, എന്നിട്ടും ശരിയായിട്ടില്ലെങ്കില്‍ ജനങ്ങള്‍ നല്‍കുന്ന ഏതു ശിക്ഷയും ഏറ്റുവാങ്ങാമെന്ന് വീമ്പുപറഞ്ഞ മോഡി, ആ കാലാവധി പിന്നിട്ടപ്പോള്‍ ജനങ്ങള്‍ക്കുമുന്നില്‍ പരിഹാസ്യനാകുന്ന ദൃശ്യമാണ് കഴിഞ്ഞദിവസം അരങ്ങേറിയത്.
നോട്ട്പ്രതിസന്ധി പരിഹരിച്ച് തനിക്ക് ജനങ്ങള്‍ നല്‍കുന്ന ശിക്ഷാവിധി ഒഴിവാക്കാന്‍  അത്ഭുതപദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന പ്രതീതിയിലാണ്, കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനായി രാജ്യം കാതോര്‍ത്തത്.  അത്തരത്തില്‍ ഒരു പ്രഖ്യാപനവുമുണ്ടായില്ല എന്നുമാത്രമല്ല, ആ പ്രസംഗത്തിലും ജനങ്ങളെ വിഡ്ഢികളാക്കാനാണ് ശ്രമമുണ്ടായത്. ഗര്‍ഭിണികള്‍ക്ക് 6000 രൂപവീതം ബാങ്ക് അക്കൌണ്ടിലൂടെ നല്‍കുമെന്നാണ് മോഡിയുടെ ഒരു പ്രഖ്യാപനം. 2013ല്‍ പുറത്തിറക്കിയ ഭക്ഷ്യസുരക്ഷാ നയത്തില്‍ വ്യക്തമായും വിശദമായും പറയുന്ന ആനുകൂല്യമാണ് തന്റേതെന്ന നാട്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അവതരിപ്പിച്ചത് എന്ന്, പ്രസംഗം  പൂര്‍ത്തിയായ ഉടനെ സാമൂഹ്യമാധ്യമങ്ങളിലൂടെ സാധാരണ ജനങ്ങള്‍ തന്നെ തെളിയിച്ചു. അതിനര്‍ഥം, എത്ര  തെറ്റായ കാര്യങ്ങള്‍ പറയാനും മടിയില്ലാത്ത വ്യക്തിയാണ് രാജ്യത്തിന്റെ ഭരണാധികാരം കൈയാളുന്നത് എന്നാണ്.

നോട്ട്ദുരിതവും തൊഴില്‍രാഹിത്യവും കച്ചവടക്കാരുടെ ദുര്‍ഗതിയും നാമമാത്ര ക്ഷേമപെന്‍ഷന്‍കാര്‍പോലും എടിഎമ്മിനും ബാങ്കിനുംമുന്നില്‍ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്ന ചടങ്ങും പുതുവര്‍ഷത്തിലും തുടരുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഉറപ്പായത്.  ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തേണ്ട ബജറ്റ് പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലൂടെ അവതരിപ്പിച്ചുവെന്നല്ലാതെ നാട് നേരിടുന്ന അതിരൂക്ഷ ധനപ്രതിസന്ധി സംബന്ധിച്ച് ഒന്നും പ്രധാനമന്ത്രിയുടെ നാവില്‍നിന്നുതിര്‍ന്നില്ല.  50 ദിവസത്തിനകം എന്താണ് ശരിയാക്കിയതെന്ന് പറയാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നില്ല. അതേക്കുറിച്ച് പ്രതിപക്ഷവും സാധാരണ ജനങ്ങളും  ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയില്ല.

ഏതു കള്ളപ്പണമാണില്ലാതായത്? എത്ര കോടിയാണ് 'ഗംഗയിലൂടെ ഒഴുകി' നടന്നത്? എവിടെയണ് കള്ളനോട്ട് നശിപ്പിച്ചത്? പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ഒഴുകിയെത്തുന്ന പണം ഏതുവഴിക്കാണ് തടയപ്പെട്ടത്? നവംബര്‍ എട്ടിന് നോട്ട് പിന്‍വലിച്ച് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ഏതുകാര്യമാണ് യാഥാര്‍ഥ്യമായത്? ഇതൊക്കെ പാര്‍ലമെന്റില്‍ പറയാന്‍ ത്രാണിയില്ലാത്തതുകൊണ്ടാണ്, ജനാധിപത്യവ്യവസ്ഥയെ വെല്ലുവിളിച്ച് മോഡി പാര്‍ലമെന്റില്‍നിന്ന് ഒളിച്ചോടിയത്. ഇപ്പോള്‍, ദൂരദര്‍ശനിലെ തത്സമയ സംപ്രഷണമാകുമ്പോള്‍ പാര്‍ലമെന്റംഗങ്ങളുടെ തടസ്സപ്പെടുത്തലോ ജനങ്ങളുടെ ചോദ്യങ്ങളോ നേരിടേണ്ടതില്ല. എന്നിട്ടും എന്തുകൊണ്ട് തന്റെ സര്‍ക്കാര്‍ ചെയ്ത 'നല്ല' കാര്യത്തിന്റെ വിശദാംശം പ്രധാനമന്ത്രിക്ക്് വിശദീകരിക്കാനാകുന്നില്ല? പിന്‍വലിച്ച നോട്ടിന്റെ രൂപത്തിലുള്ള കള്ളപ്പണം നാമമാത്രമാണെന്നും നോട്ട് പിന്‍വലിക്കല്‍കൊണ്ട് ഇതിന് പരിഹാരമാകില്ലെന്നും പ്രമുഖ സാമ്പത്തിക വിദഗ്ധരും പ്രതിപക്ഷം ഒന്നാകെയും  പറഞ്ഞതല്ലേ? അങ്ങനെ വസ്തുനിഷ്ഠവിമര്‍ശമുയര്‍ത്തിയവരെ രാജ്യദ്രോഹ മുദ്രകുത്തി ആക്രമിക്കാനല്ലേ മോഡിയും സംഘപരിവാറും തയ്യാറായത്. അങ്ങനെ ചെയ്തവരാണ് രാജ്യസ്നേഹപ്രചോദിതരായി തങ്ങള്‍ ചെയ്തുകൂട്ടിയ നേട്ടങ്ങളും വിശദീകരിക്കേണ്ടത്. 

1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങളെ കടുത്ത ദുരിതത്തില്‍ തള്ളിയെന്ന് പുതുവത്സര പ്രസംഗത്തില്‍ സമ്മതിച്ചത് പുതിയ കാര്യമാണ്.  കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ജനങ്ങള്‍ സഹിക്കേണ്ട ത്യാഗമാണിതെന്നാണ്  വാദം. ആ വാദം പ്രാഥമികപരിഗണനപോലുമര്‍ഹിക്കുന്നില്ല. അണുരഹിതമായ ഉപകരണങ്ങള്‍കൊണ്ട് വൈദഗ്ധ്യത്തോടെ ചെയ്യേണ്ട ശസ്ത്രക്രിയ കോടാലികൊണ്ട് ചെയ്ത് രോഗിയെ മരണത്തിലേക്ക് തള്ളിവിടുന്ന മുറിവൈദ്യന്റെ ന്യായമാണത്. അസത്യങ്ങളും അബദ്ധങ്ങളും ശബ്ദാനുകരണ കലാകാരന്റെ വൈഭവത്തോടെ അവതരിപ്പിക്കുന്നത് രാജ്യത്തിന്റെ ഭരണാധികാരിക്ക് യോജിച്ച രീതിയുമല്ല. യഥാര്‍ഥ കണക്കുകള്‍ ജനങ്ങള്‍ക്കുമുന്നില്‍ വെളിപ്പെടുത്തണം. 50 ദിവസംകൊണ്ട് എത്ര രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു, ഇതോടെ കള്ളപ്പണത്തിന്റെ സാന്നിധ്യം ഇല്ലാതായോ എന്ന് പറയാന്‍ സര്‍ക്കാരിന് കഴിയണം. അതല്ലാതെ പഴയ നോട്ടുകള്‍ കൈവശംവച്ചാല്‍ പിടിച്ച് ജയിലിലിടും എന്ന് ഓര്‍ഡിനന്‍സിറക്കി ജനങ്ങളെ  ഭീഷണിപ്പെടുത്തുന്നത് കൈയൂക്കുകൊണ്ട് കാര്യംനേടാന്‍ ശ്രമിക്കുന്നവരുടെ ശൈലിയാണ്. പൊതുബജറ്റിന് ഒരുമാസം മാത്രമാണ് ബാക്കിയുള്ളത്.  ഈ സാഹചര്യത്തില്‍ പലിശയിളവും മറ്റും പ്രധാനമന്ത്രി ടിവിയിലൂടെ പ്രഖ്യാപിക്കുന്നത് രാജ്യത്തിന്റെ പാര്‍ലമെന്ററി സംവിധാനത്തോടും ജനാധിപത്യമൂല്യങ്ങളോടുമുള്ള അവഹേളനവുമാണ്.  പരിഹാസ്യമായ പൊടിക്കൈകള്‍ കാണിക്കുമ്പോള്‍ പ്രധാനമന്ത്രി സ്വയം ഇകഴ്ത്തപ്പെടുക മാത്രമല്ല, രാജ്യത്തിന്റെ ഔന്നത്യവും അന്തസ്സും ഇടിച്ചുതാഴ്ത്തുകയുമാണ്.  തെറ്റായ തീരുമാനത്തിന്റെ യഥാര്‍ഥ ചിത്രം ഒളിപ്പിച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍  ദുരിതം അനുഭവിക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതുകൂടിയാണെന്ന് മോഡിയും സംഘപരിവാറും തിരിച്ചറിഞ്ഞില്ലെന്നു വരാം. ജനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ശിക്ഷയുടെ കാഠിന്യം കുറയാന്‍  ആ വിവേകമില്ലായ്മ മരുന്നല്ല.

Related News

കൂടുതൽ വാർത്തകൾ »