Top
19
Monday, February 2018
About UsE-Paper

വരുത്തിവച്ച മഹാദുരന്തം

Wednesday Nov 8, 2017
വെബ് ഡെസ്‌ക്‌

സ്വതന്ത്രഇന്ത്യയില്‍ മനുഷ്യനിര്‍മിതമായ വലിയ ദുരന്തങ്ങളേതെന്ന അന്വേഷണം വര്‍ഗീയകലാപങ്ങളിലാണെത്തിനില്‍ക്കുക. രാഷ്ട്രപിതാവിന്റെ നെഞ്ചിലേക്ക് നിറയൊഴിച്ച വര്‍ഗീയത അനേകശതം മനുഷ്യരെ കൊന്നുതള്ളിയിട്ടുണ്ട്. മതസ്പര്‍ധ സൃഷ്ടിച്ചും വളര്‍ത്തിയും രാഷ്ട്രീയ ദുര്‍മോഹങ്ങള്‍ ശമിപ്പിക്കാനുള്ള ആസൂത്രണത്തിന്റെ ഉല്‍പ്പന്നമാണ് വര്‍ഗീയകലാപങ്ങളെങ്കില്‍, സമാനതകളുള്ള  കുറുക്കുവഴിയായിരുന്നു ഒരു വര്‍ഷംമുമ്പ് ഇതേ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച നോട്ടുനിരോധനം. രാജ്യത്താകെ പ്രചാരത്തിലുണ്ടായ  18 ലക്ഷം കോടി രൂപയുടെ നോട്ടുകളില്‍  86 ശതമാനം വരുന്ന 15.44 ലക്ഷം കോടി രൂപയുടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും  നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് അര്‍ധരാത്രി റദ്ദാക്കുമ്പോള്‍ മോഡി അവകാശപ്പെട്ടത് താന്‍ കള്ളപ്പണത്തിനെതിരെ  യുദ്ധം നയിക്കുന്നു എന്നാണ്.

കള്ളനോട്ട് ഇല്ലാതാക്കും; കള്ളപ്പണം പിടിച്ചെടുക്കും എന്നായിരുന്നു  പ്രഖ്യാപനം. കള്ളനോട്ടും കള്ളപ്പണവും  ഭീകര പ്രവര്‍ത്തനത്തിന്റെ ഇന്ധനമായി ഉയര്‍ത്തിക്കാട്ടി, അവയെ തകര്‍ക്കുന്നതിലൂടെ രാഷ്ട്രത്തെ സംരക്ഷിക്കുന്ന മഹദ്കൃത്യമാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന  പ്രചണ്ഡമായ പ്രചാരണത്തിനാണ് നോട്ടുനിരോധനത്തിലൂടെ ബിജെപിയും അതിനെ നയിക്കുന്ന സംഘശക്തികളും തുടക്കമിട്ടത്. ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, മോഡിയുടെ അത്തരം ഒരവകാശവാദവും ഫലപ്രാപ്തിയിലെത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.  

നിരോധിച്ച നോട്ടുകളില്‍ 99 ശതമാനവും റിസര്‍വ് ബാങ്കിലേക്ക് തിരിച്ചെത്തി. ഇനിയും എണ്ണിത്തീര്‍ക്കാനുള്ളതിന്റെ കണക്കെടുക്കുമ്പോള്‍ കള്ളനോട്ട്പോലും വെളുപ്പിക്കാനുള്ള സാഹചര്യമാണ് നോട്ടുനിരോധനത്തിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന അമ്പരപ്പിക്കുന്ന ചിത്രമാണ് തെളിയുന്നത്്.  അസാധുവായ നോട്ടുകള്‍ തിരിച്ചെത്തുമ്പോള്‍ ഉണ്ടാകുന്ന നാലോ അഞ്ചോ ലക്ഷം കോടിയുടെ കുറവിലായിരുന്നു  മോഡി പ്രതീക്ഷയര്‍പ്പിച്ചത്. നോട്ടു നിരോധനത്തിന് അനുകൂലമായി സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാര്‍ അതാണ് പറഞ്ഞത്. അര്‍ധരാത്രി നിരോധനം പ്രഖ്യാപിച്ച് നാളും നിമിഷവും പരിധി നിശ്ചയിച്ച്  ജനങ്ങളില്‍നിന്ന് തിരിച്ചുപിടിച്ച നോട്ടുകള്‍ ഇതുവരെ എണ്ണിത്തിട്ടപ്പെടുത്താന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞിട്ടില്ല. ആ ഒരൊറ്റ അനുഭവത്തിലുണ്ട് പ്രായോഗികത തൊട്ടുതീണ്ടാത്ത തീരുമാനത്തിന്റെ പാപ്പരത്തം. കറന്‍സി ദൌര്‍ലഭ്യവും നിരോധിത നോട്ട് മാറാനുള്ള തിരക്കുംമൂലം ആഴ്ചകളോളം രാജ്യം സ്തംഭനാവസ്ഥയിലായി. അത്യാവശ്യത്തിന് നോട്ട് കിട്ടാനായി എടിഎമ്മുകളില്‍ ക്യൂനിന്ന് മരിച്ചവരുടെ എണ്ണം നൂറിലേറെയാണ്.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെടുത്ത് അമ്മാനമാടുകയായിരുന്നു മോഡി സര്‍ക്കാര്‍. തകര്‍ച്ചയുടെയും തിരിച്ചടിയുടെയും ഗതികേടിലാണ് ഇന്ന് രാജ്യം. സാമ്പത്തികവളര്‍ച്ച 5.7 ശതമാനമായി താഴ്ന്നു.  ബാങ്കുകള്‍ നല്‍കുന്ന വായ്പ 12.1 ശതമാനമായി വളര്‍ന്നത് 5.4 ശതമാനത്തിലേക്കുതാഴ്ന്നു.  നോട്ട് നിരോധിച്ച് ആദ്യ നാലുമാസത്തിനുള്ളില്‍മാത്രം 15 ലക്ഷംപേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. ചെറുകിട അസംഘടിതമേഖല തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു.  കള്ളപ്പണക്കാര്‍ക്കെതിരെയല്ല, സാധാരണ ജനങ്ങളുടെ ജീവിതത്തിലാണ് മോഡി സര്‍ജിക്കല്‍ ആക്രമണം നടത്തിയത്.

ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനം  തികഞ്ഞ ലാഘവത്തോടെയാണ് സ്വീകരിച്ചത്. ആര്‍ബിഐ ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ പറഞ്ഞിട്ടുണ്ട്, തന്നോടുപോലും 2016 സെപ്തംബര്‍ അഞ്ചിനുമുമ്പ് ഇക്കാര്യത്തില്‍ ഒരഭിപ്രായവുമാരാഞ്ഞിരുന്നില്ല എന്ന്. കള്ളപ്പണം സംബന്ധിച്ച  കള്ളക്കണക്കുകളാണവതരിപ്പിച്ചത്. മൊത്തം ജിഡിപിയുടെ 23 ശതമാനമാണ് കള്ളപ്പണമെന്നാണ് തിട്ടപ്പെടുത്തിയിട്ടുള്ളത്.  ഏതാണ്ട് 28 ലക്ഷം കോടിവരും അത്. ആ  തുകയാകെ  കറന്‍സി നോട്ടുകളായി സൂക്ഷിച്ചിട്ടുണ്ട് എന്ന പ്രതീതിയാണ് മോഡി സൃഷ്ടിച്ചിരുന്നത്്. റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിലുമാണ് കള്ളപ്പണത്തിന്റെ ഏറിയ പങ്കും എന്നതാണ് സത്യം. കറന്‍സി നോട്ടുകള്‍ വെറും ആറുശതമാനമേ വരൂ എന്നാണ് സാമ്പത്തികശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു പറഞ്ഞിട്ടുള്ളത്. അതിനര്‍ഥം, യഥാര്‍ഥ കള്ളപ്പണക്കാരെ ഇനിയും തൊട്ടിട്ടില്ല എന്നാണ്.

നോട്ടുനിരോധന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കേരള ധനമന്ത്രി പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ നൂറുശതമാനം ശരിയാകുകയാണ്് "നോട്ട് നിരോധിച്ചേ തീരൂ എന്നുണ്ടെങ്കില്‍ ഒരര്‍ധരാത്രിയിലെ മിന്നല്‍ ആക്രമണത്തോടെ ചെയ്യേണ്ട കാര്യമില്ല. മൂന്നോ നാലോ മാസത്തെ സാവകാശം ജനങ്ങള്‍ക്കു നല്‍കിയാല്‍ മതി. അവര്‍ തങ്ങളുടെ നോട്ടുകളെല്ലാം മാറി പുതിയ നോട്ടുകളാക്കട്ടെ. അങ്ങനെ ചെയ്താലും  എല്ലാ നോട്ടുകളും ബാങ്കില്‍ എത്തുമല്ലോ. സമയമെടുത്ത് മോഡിക്ക് ഓരോ അക്കൌണ്ടും പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കാമല്ലോ. എന്തിനീ നാട്ടിലെ പാവങ്ങളെ ഈ പങ്കപ്പാടിലേക്ക് തള്ളിവിട്ടു?'' എന്നായിരുന്നു ഡോ. തോമസ്  ഐസക്കിന്റെ വാക്കുകള്‍. അതുതന്നെയാണ് ഇന്നും ഉയരുന്ന ചോദ്യം. 

ഈ സംശയത്തിന് അറുതിവരുത്താനുള്ള ഉത്തരവാദിത്തം നരേന്ദ്ര മോഡിക്കുണ്ട്. ജനം അധ്വാനിച്ച് ആര്‍ജിക്കുന്ന സമ്പത്തിനുമേല്‍  ചൂതാട്ടം നടത്താനും അതിന്റെ ഫലമായി ദുരിതത്തിലേക്കും മരണത്തിലേക്കുപോലും  ജനതയെ തള്ളിവിടാനും  ഒരു ഭരണാധികാരിക്കും അവകാശമില്ല. നോട്ടുനിരോധനത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ രാജ്യത്താകെ ഉയരുന്ന ജനകീയപ്രതിഷേധങ്ങളും കര്‍ഷകസമരങ്ങളും പ്രകടമാകുന്ന വളര്‍ച്ചാഇടിവും സാമ്പത്തികത്തകര്‍ച്ചയും മോഡിയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയുമാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. തെറ്റായ പ്രതീതികള്‍ സൃഷ്ടിച്ച് നേട്ടംകൊയ്യാനുള്ള നികൃഷ്ട രാഷ്ട്രീയതന്ത്രത്തിന്റെ പരാജയം സമ്മതിച്ച് ഇന്ത്യന്‍ ജനതയോട് മാപ്പുപറയുകയാണ് ഈ കരിദിനത്തില്‍ മോഡിക്ക് ചെയ്യാനുള്ള മിതമായ പരിഹാരകര്‍മം.