Top
20
Saturday, January 2018
About UsE-Paper

ആശങ്കയും ഭയവും സമ്മാനിച്ച മൂന്നാണ്ട്

Friday May 26, 2017
വെബ് ഡെസ്‌ക്‌


നരേന്ദ്രമോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നിട്ട് ഇന്നേക്ക് മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്നു. പ്രതീക്ഷയെക്കാളേറെ ആശങ്കയോടെയും ഭയത്തോടെയുമാണ് രാജ്യത്തെ സാധാരണ ജനങ്ങള്‍ പ്രത്യേകിച്ചും ദളിതരും ന്യൂനപക്ഷങ്ങളും മോഡി ഭരണത്തെ കാണുന്നത്. ദിനമെന്നോണം ഈ വിഭാഗങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുകയാണ്. പശ്ചിമ ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ ദളിതര്‍ക്കെതിരായ ഠാക്കൂര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. മോഡി ഭരണകാലത്ത് ഉനയില്‍നിന്ന് ആരംഭിച്ച ദളിത് പീഡനം പതിന്മടങ്ങ് വര്‍ധിച്ചു. പ്രത്യേകിച്ചും യോഗി ആദിത്യനാഥ് എന്ന ഠാക്കൂര്‍ നേതാവ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍.  സ്വാതന്ത്യ്രത്തിനു ശേഷം കശ്മീര്‍ ഏറ്റവും അശാന്തമായതും പോയവര്‍ഷം തന്നെ.  പാകിസ്ഥാന്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കുന്നതിനു പകരം സ്ഥിതി കൂടുതല്‍ വഷളാക്കാന്‍ ഉപകരിക്കുന്ന പ്രകോപനപരമായ സമീപനങ്ങളാണ് സര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. മാവോയിസ്റ്റ് ആക്രമണങ്ങളും തുടരുന്നു. ആഭ്യന്തര സുരക്ഷ ഇത്രയേറേ അപകടാവസ്ഥയിലെത്തിയ മറ്റൊരു കാലഘട്ടവും രണ്ടു ദശാബ്ദത്തിനിടയില്‍ ഉണ്ടായിട്ടില്ല.

മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തുടങ്ങിയ ന്യൂനപക്ഷ ആക്രമണവും തുടരുകയാണ്. രാജസ്ഥാനിലെ അള്‍വാറിലുള്ള പെഹ്ലുഖാന്‍ എന്ന ക്ഷീരകര്‍ഷകനെ ഗോസംരക്ഷക വേഷമണിഞ്ഞ ക്രിമിനലുകള്‍ മര്‍ദിച്ചുകൊന്നിട്ട് ഇതുവരെയും കുറ്റവാളികളെ നീതിക്കുമുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.  എന്നാല്‍, പശുക്കളെ കടത്തിയെന്ന പേരില്‍ പെഹ്ലുഖാന്റെ മകനും കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്ത് പീഡനം തുടരുകയുമാണ്. യുപിയില്‍നിന്ന് തുടങ്ങി ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇറച്ചിക്കടകളുടെ അടപ്പിക്കലും റോമിയോവിരുദ്ധ സ്ക്വാഡുകളും ഗോസംരക്ഷണസേനയും എല്ലാം ലക്ഷ്യംവയ്ക്കുന്നത് ന്യൂനപക്ഷത്തെയും ദളിതരെയുമാണ്. ഏറ്റവും അവസാനമായി യുപിയില്‍ അഖിലേഷ് സിങ് യാദവ് സര്‍ക്കാര്‍ മുസ്ളിങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രത്യേക ക്വാട്ടയും എടുത്തുകളയുമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നു. വര്‍ഗീയ കലാപങ്ങളും വ്യാപകമാകുകയാണ്.

'സബ് കാ സാഥ് സബ്കാ വികാസ്' എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍വന്ന മോഡി ഇത് നടപ്പാക്കാന്‍ ഒരിക്കലും ആത്മാര്‍ഥത കാട്ടിയിരുന്നില്ല. രാജ്യത്ത് ഒരു ശതമാനത്തിന്റെ കൈവശമാണ് 56 ശതമാനം സമ്പത്തും കുമിഞ്ഞു കൂടിയിട്ടുള്ളത്. ബിജെപിക്ക് ലോക്സഭയിലുള്ള 282 എംപിമാരില്‍ ഒരു മുസ്ളിമോ ഒരു ക്രിസ്ത്യാനിയോ ഉണ്ടായിരുന്നില്ല. ജനാധിപത്യത്തിന്റെ സത്ത തന്നെ എല്ലാവര്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും ഭരണത്തില്‍ പങ്കാളിത്തമാണ്. എന്നാല്‍, ബിജെപി ഇക്കാര്യത്തില്‍ മുഖം തിരിഞ്ഞുനില്‍ക്കുകയാണ്. ഈ വര്‍ഷമാദ്യം നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും 20 ശതമാനം വരുന്ന മുസ്ളിം സമുദായത്തില്‍നിന്ന് ഒരംഗത്തെപ്പോലും നിയമസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറായില്ല.

ജനാധിപത്യ രീതികളെയെല്ലാം കാറ്റില്‍ പറത്തിയുള്ള ഭരണമാണ് മോഡിയുടേത്. പല തീരുമാനങ്ങളിലും സേച്ഛാധിപത്യത്തിന്റെ ചുവയുണ്ടുതാനും. അത്തരത്തിലുള്ള ഒന്നായിരുന്നു കഴിഞ്ഞ നവംബര്‍ എട്ടിന് 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം. ഒരു മുന്നറിയിപ്പുമില്ലാതെ രാജ്യത്തെ 90 ശതമാനം നോട്ടുകളാണ് പിന്‍വലിച്ചത്. മാര്‍ച്ച് 31 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജനങ്ങള്‍ക്ക് സാവകാശമുണ്ടാകുമെന്നു പറഞ്ഞ മോഡി പിന്നീടത് ഡിസംബര്‍ 31 ആയി ചുരുക്കുകയുണ്ടായി.

ജനാധിപത്യ മര്യാദകളെല്ലാം ലംഘിച്ചാണ് നിയമസഭയില്‍ ന്യൂനപക്ഷമായിട്ടും മണിപ്പുരിലും ഗോവയിലും ബിജെപി സര്‍ക്കാരുകള്‍ രൂപീകരിച്ചത്. ജനഹിതത്തെ ചവിട്ടിയരച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു ഇത.് മാത്രമല്ല കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന അരുണാചല്‍പ്രദേശിലെ എംഎല്‍എമാരെയും മറ്റും പരസ്യമായി വിലയ്ക്കെടുത്ത് ബിജെപി ഭരണം നേടാനും തയ്യാറായി.  ക്ഷേമപദ്ധതികള്‍ക്ക് ഉള്‍പ്പെടെ ആധാര്‍ നിര്‍ബന്ധമാക്കുന്നതിലും മോഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ സ്വഭാവം മറനീക്കി പുറത്തുവരികയാണ്. അതോടൊപ്പം പാര്‍ലമെന്ററി ജനാധിപത്യത്തെ തകര്‍ക്കാനുള്ള കരുനീക്കങ്ങളും മോഡി സര്‍ക്കാര്‍ നടത്തുകയുണ്ടായി.  രാജ്യസഭയില്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷമില്ലാത്തതുകൊണ്ടു തന്നെ ഉപരിസഭയെ നിയമവിരുദ്ധമായി മറികടക്കാനുള്ള നീക്കവും ബിജെപി ആരംഭിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമം ധനബില്ലായി അവതരിപ്പിച്ച് രാജ്യസഭയെ മറികടന്നത് ഈ നീക്കത്തിന്റെ ഭാഗമാണ്.

വിദ്യാഭ്യാസ രംഗത്ത് മോഡിഭക്തരെ തിരുകിക്കയറ്റുന്ന പ്രക്രിയക്ക് ആക്കം കൂട്ടിയതിനൊപ്പം വിദ്യാര്‍ഥി പ്രതിഷേധങ്ങളെയും മറ്റും അടിച്ചമര്‍ത്താനും നീക്കമുണ്ടായി. ജെഎന്‍യു പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് വെട്ടിക്കുറച്ച് ഗവേഷണപ്രവര്‍ത്തനങ്ങളെയും മറ്റും തടയാനുള്ള നീക്കവും മോഡി സര്‍ക്കാരില്‍നിന്നുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും വാണിജ്യവല്‍ക്കരണത്തിനും ആക്കംകൂട്ടി സര്‍വകലാശാലകള്‍ക്ക് റാങ്കിങ് സമ്പ്രദായത്തിനും തുടക്കമിട്ടു. 

അഞ്ചുവര്‍ഷത്തിനകം ഒരു കോടി തൊഴില്‍ എന്ന മോഡിയുടെ പ്രഖ്യാപനം ജലരേഖയായി. കഴിഞ്ഞ വര്‍ഷം 2.3 ലക്ഷം പേര്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കാനായത് എന്നാണ് കണക്ക്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ചെലവും 50 ശതമാനവും ചേര്‍ത്തുള്ള താങ്ങുവില പ്രഖ്യാപിക്കുമെന്ന വാഗ്ദാനവും അധികാരത്തില്‍ വന്നതോടെ മോഡി മറന്നു. വാഗ്ദാനലംഘനങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്.  വിദേശനയരംഗത്തും മോഡിസര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം തീര്‍ത്തും വഷളാണിന്ന്. ചൈനയുടെ ഒരുമേഖല ഒരു പാത പദ്ധതി ഉച്ചകോടിയില്‍നിന്ന് ഇന്ത്യ പൂര്‍ണമായും വിട്ടുനിന്നത് ഈ ഒറ്റപ്പെടല്‍ വര്‍ധിപ്പിച്ചു
 

Related News

കൂടുതൽ വാർത്തകൾ »