25 June Monday

വോട്ടില്‍ നോട്ടമിട്ട് മോഡിയും ബിജെപിയും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 19, 2017


കേന്ദ്രഭരണകക്ഷിയായ ബിജെപിയുടെ രണ്ടുദിവസത്തെ ദേശീയ നിര്‍വാഹക സമിതി യോഗം ഞായറാഴ്ച ഭുവനേശ്വറില്‍ സമാപിച്ചു. ജനങ്ങളുടെ പ്രശ്നങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനവും വിലയിരുത്തുന്നതിനു പകരം അടുത്ത തെരഞ്ഞെടുപ്പിലും എങ്ങനെ വിജയം നേടാമെന്ന കാര്യമാണ് പ്രധാനമായും ചര്‍ച്ചചെയ്തത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ആരംഭിച്ച പ്രചണ്ഡമായ പ്രചാരണം പ്രധാനമന്ത്രി മോഡിയും ബിജെപിയും തുടരുകയാണ്. ഭരണത്തിലല്ല മറിച്ച് തെരഞ്ഞെടുപ്പുതന്ത്രങ്ങള്‍ മെനയുന്നതിലും പ്രചാരചണത്തിലുമാണ് ബിജെപിയുടെ ശ്രദ്ധ. 'മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേണന്‍സ്' എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന മോഡിക്ക് ഈ രണ്ടു ലക്ഷ്യവും മൂന്നുവര്‍ഷം ഭരണത്തിലിരുന്നിട്ടും നേടാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മുദ്രാവാക്യം പരിഷ്കരിക്കാന്‍ മോഡി നിര്‍ബന്ധിതമായി. 2022ല്‍ 'പുതിയ ഇന്ത്യ' കെട്ടിപ്പടുക്കാനായി പിടു ജിടു(പ്രോ പൂവര്‍, ഗുഡ് ഗവേണന്‍സ്) എന്ന പുതിയ മുദ്രാവാക്യമാണ് മോഡി ഇപ്പോള്‍ ഉയര്‍ത്തുന്നത്. മോഡി സര്‍ക്കാരിന്റെ മൂന്നുവര്‍ഷ ഭരണത്തെ പുകഴ്ത്തുന്ന പ്രമേയവും ദേശീയ നിര്‍വാഹകസമിതി യോഗം അംഗീകരിച്ചു. 'ഗരീബി ഹഡാവോ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ഇന്ദിര ഗാന്ധിക്ക് ലഭിച്ച പാവപ്പെട്ടവരുടെ മിത്രമെന്ന പ്രതിഛായ മോഡിക്കും ലഭിച്ചിരിക്കുകയാണെന്നാണ് ബിജെപി വക്താവിന്റെ അവകാശവാദം. എന്നാല്‍, ദിനമെന്നോണം ആവര്‍ത്തിക്കുന്ന കര്‍ഷകആത്മഹത്യയെക്കുറിച്ചോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചോ സാമ്പത്തികപ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ചോ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയെക്കുറിച്ചോ ബിജെപി നേതൃയോഗം ചര്‍ച്ചചെയ്തില്ല. പ്രധാനമന്ത്രിയും ഭൂരിപക്ഷം മന്ത്രിമാരും 13 മുഖ്യമന്ത്രിമാരും പങ്കെടുത്തിട്ടും ജനകീയവിഷയങ്ങള്‍ ചര്‍ച്ചയാകാത്തത് ബിജെപി എന്ന ബൂര്‍ഷ്വാരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചായവ് എങ്ങോട്ടാണെന്നു മനസ്സിലാക്കാന്‍ സഹായിക്കും. കോണ്‍ഗ്രസ് ചരിച്ച പാതയിലൂടെയാണ് ബിജെപിയും മുന്നേറുന്നതെന്ന് വ്യക്തം. പുതിയ ഭാരതമല്ല വര്‍ഗീയമുഖമുള്ള പുതിയ കോണ്‍ഗ്രസായി ബിജെപി മാറുകയാണെന്ന് ഭുവനേശ്വര്‍ നേതൃയോഗം തെളിയിക്കുന്നു. ബിജെപിയെന്നാല്‍ കോണ്‍ഗ്രസ്+പശുവാണെന്ന അരുണ്‍ ഷൂരിയുടെ നിരീക്ഷണം അര്‍ഥവത്താവുകയാണ്. 

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പു വിജയങ്ങളുടെ പശ്ചാത്തലത്തില്‍ ഇനി നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ,് കര്‍ണാടകം, ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയിക്കുന്നതിനായി തന്ത്രങ്ങള്‍ മെനയാനുള്ള ആഹ്വാനവും ഭുവനേശ്വറില്‍നിന്നുണ്ടായി. ഫെബ്രുവരിയില്‍ ഒഡിഷയില്‍ നടന്ന ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്താന്‍ കഴിഞ്ഞ ആവേശത്തിലാണ് ദേശീയ നിര്‍വാഹകസമിതി യോഗം ഭുവനേശ്വറില്‍ നടത്താന്‍ തീരുമാനിച്ചത്. കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ അധികാരം പിടിച്ചെടുക്കാനുള്ള ആഹ്വാനവും ഭുവനേശ്വറില്‍ ഉയരുകയുണ്ടായി. ഈ സംസ്ഥാനങ്ങളിലായി ഒരിക്കലും ബിജെപിക്ക് വിജയിക്കാന്‍ കഴിയാത്ത 120 സീറ്റ് പിടിക്കുകയും 'പഞ്ചായത്തുമുതല്‍ പാര്‍ലമെന്റുവരെ' അധികാരം പിടിക്കുകയും ചെയ്താല്‍മാത്രമേ ബിജെപിയുടെ സുവര്‍ണയുഗത്തിന് തുടക്കമാകൂ എന്നാണ് അമിത് ഷാ പറഞ്ഞത്. 'കോണ്‍ഗ്രസ് മുക്ത് ഭാരതം' മത്രമല്ല, 'ഇടതുമുക്തഭാരതവും' 'പ്രാദേശികകക്ഷിമുക്ത ഭാരതവും' ബിജെപിയുടെ അജന്‍ഡയാണെന്നര്‍ഥം. രാജ്യത്ത് ഏകകക്ഷിഭരണം മതിയെന്ന സംഘപരിവാര്‍ അജന്‍ഡതന്നെയാണ് മുന്നോട്ടുവയ്ക്കപ്പെടുന്നത്. രാജ്യത്ത് ഒരു മതം, ഒരു രാഷ്ട്രീയ കക്ഷി, ഒരു സംസ്കാരം എന്നതാണ് ആര്‍എസ്എസ് അജന്‍ഡ.

എന്നാല്‍, മലപ്പുറം ഉപതെരഞ്ഞെടുപ്പു ഫലം ബിജെപിയുടെ ഈ അജന്‍ഡയ്ക്ക് ഏറ്റ തിരിച്ചടിയാണ്. ഉത്തരേന്ത്യയിലെ ബിജെപി മുന്നേറ്റത്തിന്റെ ആരവം ഉയരുമ്പോഴും മലപ്പുറത്ത് അവര്‍ക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ഇത് ഒരു സൂചനയാണ്. ബിജെപിക്ക് സുവര്‍ണയുഗം അകലെയാണെന്ന സൂചന.

ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങളിലെ ജനങ്ങളെ സ്വപക്ഷത്ത് നിര്‍ത്താനുള്ള കരുനീക്കങ്ങള്‍ക്കാണ് ബിജെപി നേതൃയോഗത്തില്‍ പ്രാധാന്യം ലഭിച്ചത്. മറ്റ് പിന്നോക്ക വര്‍ഗ കമീഷന് ഭരണഘടനാപദവി നല്‍കുന്നതിനുള്ള ബില്‍ പാസാക്കുമെന്ന പ്രമേയം ഈ ലക്ഷ്യംവച്ചുള്ളതാണ്. രാജ്യസഭാ സെലക്ട് കമ്മിറ്റിക്ക് വിട്ട ഈ ബില്ലിലെ പല വ്യവസ്ഥകളും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവരുമെന്നതിനാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ പിന്നോക്കവിഭാഗ വിരുദ്ധ സമീപനമായി ചിത്രീകരിച്ച് പ്രചാരണം നടത്താനുള്ള നീക്കത്തിലാണ് ബിജെപി. വി പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയപ്പോള്‍ അതിനെതിരെ സവര്‍ണരെ കലാപം നടത്താന്‍ പ്രേരിപ്പിച്ച ബിജെപിയാണ് ഇപ്പോള്‍ പുതിയ കാര്‍ഡുമായി രംഗത്തിറങ്ങിയിട്ടുള്ളത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പു വിജയത്തിന്റെ പശ്ചാത്തലത്തിലാണിത്. മുലായംസിങ് യാദവിന്റെ സമാജ്വാദി പാര്‍ടിയുടെ തകര്‍ച്ച മുതലെടുത്ത് ആ വിഭാഗം വോട്ടുകള്‍ അനുകൂലമാക്കി 2019ലെ തെരഞ്ഞെടുപ്പിലും വിജയം ഉറപ്പിക്കാനാണ് ഒബിസി കമീഷന് ഭരണഘടനാപദവി നല്‍കുന്നത്. ഇതോടൊപ്പം മുസ്ളിങ്ങളിലെ പിന്നോക്കവിഭാഗത്തെ കൂടെനിര്‍ത്താനുള്ള നീക്കവും ഇതിനു പിന്നിലുണ്ട്.

പസമന്ത മുസ്ളിങ്ങളെക്കുറിച്ചുള്ള പരാമര്‍ശം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. മുത്തലാഖിനെതിരെയുള്ള മോഡിയുടെ പരാമര്‍ശവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. മുസ്ളിംവനിതകളുടെ വോട്ടില്‍ കണ്ണുനട്ടുകൊണ്ടുള്ള പരാമര്‍ശം മാത്രമല്ല ഇത് പൊതുസിവില്‍കോഡ് കൊണ്ടുവരാനുള്ള വഴി ഒരുക്കാന്‍കൂടിയുള്ള നീക്കത്തിന്റെ ഭാഗമാണ്. പൊതു സിവില്‍കോഡ് കൊണ്ടുവരണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യം ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാജ്യത്തെ ജനസംഖ്യയുടെ 52 ശതമാനവും ഒബിസി വിഭാഗമാണെന്നതിനാലാണ് ബിജെപിയുടെ ഈ നീക്കം. പുതിയ സാമൂഹ്യവിഭാഗങ്ങളെ കൂടെനിര്‍ത്തി 2019ലും വിജയം ആവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിച്ചുകഴിഞ്ഞുവെന്നര്‍ഥം. സംവരണവിരുദ്ധരുടെ ഈ പിന്നോക്ക പ്രേമം വോട്ടുബാങ്ക് രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല. ഇത് തുറന്നുകാട്ടപ്പെടേണ്ടതാണ്

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top