എം ടി അവാര്‍ഡ്

അസഹിഷ്ണുതക്കെതിരെ പ്രതികരിക്കണം: മുഖ്യമന്ത്രി

Saturday Feb 25, 2017
ംലയറലസെ
എം ടി വാസുദേവന്‍നായര്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍. എ പ്രദീപ്കുമാര്‍ എംഎല്‍എ, സി രാധാകൃഷ്ണന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ദേശാഭിമാനി ജനറല്‍ മാേ

കോഴിക്കോട് > സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിക്കാന്‍ എഴുത്തുകാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശാഭിമാനി പ്ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം കോഴിക്കോട് ബീച്ചില്‍ നടന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവന്‍നായര്‍ക്ക് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരില്‍ നിരവധി പേരെയാണ് സംഘപരിവാര്‍ വധിച്ചത്. കല്‍ബുര്‍ഗിയും ധാബോല്‍ക്കറും ഗോവിന്ദ് പന്‍സാരെയുമൊക്കെ അതിന്റെ ഇരകളാണ്. മത സൌഹാര്‍ദത്തിനും മത നിരപേക്ഷതയ്ക്കും പേരുകേട്ട കേരളത്തില്‍ പോലും എം ടിയെ മ്ളേഛമായി അധിക്ഷേപിക്കാന്‍ സംഘപരിവാര്‍ തയ്യാറായി. നാടിന്റെ സ്പന്ദനം ഉള്‍ക്കൊള്ളുന്ന ഒരാള്‍ എന്ന നിലയില്‍ നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ചതിനായിരുന്നു സംഘപരിവാര്‍ ആക്രമണം. ഇതിനെ നാം ഗൌരവമായി കാണണം. ഇത്തരം ശക്തികളെ ഒറ്റപ്പെടുത്തുക എന്നത് സമൂഹം ദൌത്യമായി ഏറ്റെടുക്കണം.
അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ കൊലപ്പെടുത്തുന്നത് ഫാസിസ്റ്റ് മനോഭാവമാണ്. ജനാധിപത്യ സമൂഹത്തിന് ഇത് അംഗീകരിക്കാനാവില്ല. ഇത്തരം ദുഷ്ചെയ്തികളെ തുറന്നുകാട്ടാന്‍ എഴുത്തുകാര്‍ സന്നദ്ധമാകണം.
എം ടിക്ക് പുരസ്കാരം നല്‍കുന്നതിലൂടെ ദേശാഭിമാനി കൂടുതല്‍ അംഗീകരിക്കപ്പെടുകയാണ്. ഏതെങ്കിലും പാര്‍ടിയുടെ ആളായല്ല എം ടി നിലകൊള്ളുന്നത്. അടിച്ചമര്‍ത്തപ്പെടുന്നവരുടെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എഴുത്തുകാരനാണ്്. ആ സമരസപ്പെടലാണ് ദേശാഭിമാനിയും എം ടിയും തമ്മിലുള്ള ബന്ധം. ആ അര്‍ഥത്തില്‍ അര്‍ഹമായ കരങ്ങളിലാണ് പുരസ്കാരം എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.