ആദരമായി സാംസ്കാരിക ഘോഷയാത്ര

Saturday Feb 25, 2017
സ്വന്തം ലേഖകന്‍
ഘോഷയാത്രയില്‍ ദേശാഭിമാനിയും എം ടി കഥാപാത്രങ്ങളും

കോഴിക്കോട് > സാഹിത്യലോകത്ത് വാക്കുകളുടെ വിസ്മയം തീര്‍ത്ത പ്രിയ കഥാകാരന് ആദരമായി സാംസ്കാരിക ഘോഷയാത്ര. ചെണ്ടമേളവും നിശ്ചലദൃശ്യങ്ങളും പൊലിമയേകിയ ആഘോഷ വരവിനെ നഗരഹൃദയം നെഞ്ചേറ്റി. അക്ഷരങ്ങള്‍കൊണ്ട് ജനഹൃദയം കവര്‍ന്ന എം ടിക്ക് ആദരമര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകള്‍ ഘോഷയാത്രയില്‍ അണിനിരന്നു. വര്‍ണക്കുടകളും തെയ്യവും ചെണ്ടയും കോല്‍ക്കളിയും ഉത്സവമേളം തീര്‍ത്താണ് അവാര്‍ഡ്ദാന വേദിയായ കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്.
എം ടിയുടെ കഥാപാത്രങ്ങള്‍ ആവിഷ്കരിച്ച നിശ്ചലദൃശ്യങ്ങള്‍ സ്വപ്നനഗരിയില്‍നിന്ന് മാവൂര്‍റോഡ് വഴി നഗരംചുറ്റി മാനാഞ്ചിറ സിഎസ്ഐ ഹാളിനടുത്ത് സംഗമിച്ച് മഹാഘോഷയാത്രയായാണ് കടപ്പുറത്ത് എത്തിയത്.  ജനപ്രതിനിധികളും സാംസ്കാരിക നായകരും പൊതുപ്രവര്‍ത്തകരും നയിച്ച ജാഥയില്‍ വര്‍ണക്കുടകളേന്തി സ്ത്രീകളും കുട്ടികളും അണിനിരന്നു.
മലയാള അക്ഷരങ്ങള്‍ എഴുതിയ പ്ളക്കാഡുകളുയര്‍ത്തി അക്ഷരപ്പറവകളായാണ് കുട്ടികള്‍ അണിനിരന്നത്. വിവിധ നിറങ്ങളില്‍ ഉയര്‍ന്ന അക്ഷരമാലകള്‍ കാഴ്ചയ്ക്ക് വര്‍ണപ്പൊലിമയായി. എംടിയുടെ സിനിമകളിലെ വിവിധ രംഗങ്ങളുടെ ചിത്രങ്ങളും കൈകളില്‍ ഉയര്‍ന്നു. ഇവക്കിടയിലായി ഭീമനും കുട്ട്യേടത്തിയും ചന്തുവും വെളിച്ചപ്പാടുമെല്ലാം കാഴ്ചയുടെ അപൂര്‍വ വിരുന്നൊരുക്കി.
ഘോഷയാത്ര കാണാന്‍ റോഡിനിരുവശവും മനുഷ്യമതിലുയര്‍ന്നു. എംഎല്‍എമാരായ പുരുഷന്‍ കടലുണ്ടി, വി കെ സി മമ്മദ്കോയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, എന്‍ പി ഹാഫിസ് മുഹമ്മദ്, കെ പി കുഞ്ഞമ്മദ്കുട്ടി, എം ഭാസ്കരന്‍, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു.