ാമേംമൃറ

ഇന്ന് ഘോഷയാത്ര, പുരസ്കാരദാനം

Friday Feb 24, 2017
സ്വന്തം ലേഖകന്‍
പിണറായി വിജയന്‍ മമ്മൂട്ടി മധു, ശരത്കുമാര്‍,കോഴിക്കോട് > മലയാളത്തിന്റെ അഭിമാനമായ എംടിക്ക് നാട് അര്‍പ്പിക്കുന്ന ആദരത്തിന്റെ പൊലിമ വിളിച്ചോതി വെള്ളിയാഴ്ച നഗരത്തില്‍ വര്‍ണശബളമായ ഘോഷയാത്ര നടക്കും. എം ടി വാസുദേവന്‍ നായരുടെ കഥാപാത്രങ്ങള്‍ നിശ്ചല ദൃശ്യങ്ങളായെത്തും. ദേശാഭിമാനി- എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക ഘോഷയാത്രയില്‍ രണ്ടാമൂഴത്തിലെ ഭീമസേനനും നിര്‍മാല്യത്തിലെ വെളിച്ചപ്പാടും വടക്കന്‍ വീരഗാഥയിലെ ചന്തുവും കാഴ്ചക്കാര്‍ക്ക് കൌതുകം പകരും. എം ടി സാഹിത്യത്തിലെയും സിനിമയിലെയും കഥാസന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിയാണ് നിശ്ചലദൃശ്യം. വായനശാലകള്‍, സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ 11 നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കും. വൈകിട്ട് നാലിന്് സ്വപ്നനഗരിയില്‍നിന്നും പ്രയാണം തുടങ്ങും. മികച്ച നിശ്ചലദൃശ്യങ്ങള്‍ക്ക് ദേശാഭിമാനി പുരസ്കാരം നല്‍കും. നിശ്ചലദൃശ്യങ്ങള്‍ മാവൂര്‍റോഡ് വഴി നഗരം ചുറ്റി മാനാഞ്ചിറ സിഎസ്ഐ പരിസരത്ത് എത്തുമ്പോള്‍ സാംസ്കാരിക ഘോഷയാത്രയായി മാറും. ജില്ലയിലെ കലാകാരന്മാരും സാഹിത്യകാരന്മാരും ഇതില്‍ കണ്ണിചേരും. തൊഴിലാളികളും സര്‍വീസ് സംഘടനാ പ്രവര്‍ത്തകരും ദേശാഭിമാനി കുടുംബാംഗങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. മുത്തുക്കുട, ശിങ്കാരിമേളം, തിറ, തെയ്യം, കാളകളി, ദഫ് മുട്ട്, കോല്‍ക്കളി എന്നിവ മിഴിവേകും. മലയാള അക്ഷരങ്ങള്‍ കോര്‍ത്തിണക്കിയ പ്ളക്കാര്‍ഡുമേന്തി 56 കുട്ടികള്‍ അണിനിരക്കുന്ന അക്ഷര ദീപവും ഉണ്ടാകും.  സിഎച്ച് മേല്‍പ്പാലം വഴി ഘോഷയാത്ര കടപ്പുറത്ത് സംഗമിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. നടന്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. മന്ത്രി ടി പി രാമകൃഷ്ണന്‍, നടന്‍മാരായ മധു, ശരത്കുമാര്‍, മുകേഷ് എംഎല്‍എ, മാമുക്കോയ, സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍ കെപിഎസി ലളിത, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ ലാല്‍ജോസ്, എഴുത്തുകാരന്‍ സി രാധാകൃഷ്ണന്‍, സംവിധായകന്‍ എം എ റഹ്മാന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. സംവിധായകന്‍ രഞ്ജിത്ത് അവതാരകനാകും.