ാമേംമൃറ

രചനകള്‍ മതേതരം: അശോകന്‍ ചരുവില്‍

Friday Feb 24, 2017
ംലയറലസെ
ഇരുട്ടിന്റെ ആത്മാവുകള്‍' സെമിനാറില്‍ അശോകന്‍ ചരുവില്‍ സംസാരിക്കുന്നു. ടി പി രാജീവന്‍, ഇ പി രാജഗോപാല്‍, ഖദീജ മുംതാംസ്, ഷാഹിന റഫീഖ്, ഋഷി എന്നിവര്‍ സമീപം


കോഴിക്കോട് > മതേതരത്വവും മനുഷ്യബന്ധങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതാണ് എം ടിയുടെ രചനാ സവിശേഷതയെന്ന് കഥാകൃത്ത് അശോകന്‍ ചരുവില്‍ പറഞ്ഞു. മതത്തെ നിഷേധിച്ച് മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കഥാപാത്രങ്ങളെയാണ് എം ടിയുടെ കൃതികളില്‍ കാണാനാവുക. ദേശാഭിമാനി-എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ടാഗോര്‍ ഹാളില്‍ 'ഇരുട്ടിന്റെ ആത്മാവുകള്‍, പ്രാന്തവല്‍കൃത ജീവിതങ്ങള്‍ എം ടി സാഹിത്യത്തില്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അസുരവിത്തി'ലെ നബീസ ജനിക്കുന്നത് ഗോവിന്ദന്‍ കുട്ടിയുടെ വീട്ടിലാണ്. നോവലിലെ കാളപൂട്ട് മത്സരത്തെ തുടര്‍ന്നുണ്ടാവുന്ന വര്‍ഗീയ സംഘര്‍ഷവും വര്‍ത്തമാന അവസ്ഥയുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. മലയാളിയുടെ സാമൂഹ്യബോധവും സംസ്കാരവും നിര്‍ണയിക്കുന്നതില്‍ എം ടി യെപ്പോലുള്ള എഴുത്തുകാര്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. ഇടശേരി, ചെറുകാട്, ഉറൂബ് തുടങ്ങിവരെപ്പോലെ എം ടിയും മതത്തിനപ്പുറത്തെ മനുഷ്യസ്നേഹത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ കഥാകാരനാണെന്ന് അദ്ദേഹത്തിന്റെ കൃതികള്‍ വായിക്കുന്ന ആര്‍ക്കും മനസ്സിലാവും- അശോകന്‍ ചരുവില്‍ പറഞ്ഞു.
പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതമാണ് എം ടി കൃതികളിലൂടെ വായനക്കാര്‍ അടുത്തറിയുന്നതെന്ന് മോഡറേറ്ററായി സംസാരിച്ച സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് പറഞ്ഞു. ദുര്‍ബലന്റെ മേല്‍ ബലവാന്റെ കൈയേറ്റമാണ് എം ടിയുടെ സൃഷ്ടികളില്‍ കാണാനാവുക. സാമൂഹികമായും സാമ്പത്തികമായും പ്രായത്തിലും ദുര്‍ബലനായവന്റെ  മേല്‍ അവനേക്കാള്‍ കരുത്തുള്ളവന്റെ കടന്നുകയറ്റവും അവന്റെ ദുര്‍ബലമായ പ്രതിരോധവും മിക്ക കൃതികളിലും കാണാമെന്നും അവര്‍ പറഞ്ഞു.
1963ല്‍ ഫ്രഞ്ച് തത്വചിന്തകനായ മിഷല്‍ ഫൂക്കോ ഭ്രാന്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ച് പറയുന്നതിന് മുമ്പ് എം ടി 1957ല്‍ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്റെ മാനസികാവസ്ഥ ചര്‍ച്ച ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണെന്ന് എഴുത്തുകാരന്‍ ടി പി രാജീവന്‍ പറഞ്ഞു. ഭ്രാന്തുള്ളവനെ മൃഗമാക്കി ചങ്ങലക്കിടുന്ന സമൂഹത്തെ എം ടി പരിഹസിക്കുകയാണ്. സമൂഹത്തില്‍ ഭ്രാന്തര്‍ കുറഞ്ഞാല്‍ സര്‍ഗാത്മകത കുറയുകയാണ് എന്നാണ് അര്‍ഥമെന്നും രാജീവന്‍ പറഞ്ഞു.
എം ടിയുടെ ഏറെയൊന്നും ചര്‍ച്ചചെയ്യപ്പെടാത്ത കഥയായ  'ഒടിയന്‍' അടിച്ചമര്‍ത്തപ്പെടുന്നവന്റെ ചെറുത്തുനില്‍പ്പാണെന്ന് നിരൂപകന്‍ ഇ പി രാജഗോപാലന്‍ പറഞ്ഞു. കുടുംബവ്യവസ്ഥയ്ക്ക് കോട്ടംതട്ടാത്ത രീതിയിലുള്ള രചനകള്‍ ആഘോഷിക്കപ്പെട്ടപ്പോള്‍ ഇത്തരം സൃഷ്ടികള്‍ അവഗണിക്കപ്പെടുകയായിരുന്നുവെന്നും രാജഗോപാലന്‍ പറഞ്ഞു.
ഷാഹിന റഫീഖ് ആമുഖഭാഷണവും ഋഷി ക്രോഡീകരണവും നടത്തി.