ാമേംമൃറ

കോഴിക്കോടിന്റെ നന്മയെ ഏറ്റുവാങ്ങുന്നു: എം ടി

Friday Feb 24, 2017
ംലയറലസെ


കോഴിക്കോട് > കോഴിക്കോട് നഗരം തന്ന നന്മയെ ഏറ്റുവാങ്ങുന്നു. അത് സമ്മാനിച്ച സൌഹൃദങ്ങളെയും. എം ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ കൂടിനിന്ന സഹൃദയ ലോകം കൈയടികളോടെ എറ്റുവാങ്ങിയപ്പോള്‍ അത് ചരിത്രനഗരിക്ക് അപൂര്‍വ നിമിഷങ്ങളായി. ദേശാഭിമാനി എം ടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ടാഗോള്‍ ഹാളില്‍ സംഘടിപ്പിച്ച 'എംടിക്ക് സ്നേഹാദരങ്ങളോടെ' സുഹൃദ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു എംടി.


കോഴിക്കോട് നഗരത്തിനോടുള്ള എന്റെ സ്നേഹം ചെറുതല്ല. ചെറുപ്പത്തില്‍ നഗരം കാണാനാണ് ആദ്യമായി കോഴിക്കോട്ട് എത്തിയത്. കാളവണ്ടിയില്‍നിന്ന് തെറിച്ച ചെളിപുരണ്ട വസ്ത്രവുമായാണ് പള്ളിപ്പുറത്തേക്ക് തീവണ്ടിയില്‍ മടങ്ങിയത്. പിന്നീട് ജോലിതേടിയാണ് എത്തിയത്. നഗരത്തിന്റെ എല്ലാ ആഘോഷങ്ങളിലും ഭാഗഭാക്കായി. ഇവിടെ വലിയ സൌഹൃദങ്ങളുണ്ട്. അവരുടെ നന്മയും സ്നേഹവും ഏറ്റുവാങ്ങിയിട്ടുണ്ട് . അവരില്‍ വലിയവരും ചെറിയവരുമുണ്ട്. എല്ലാവരും ഒരുപോലെ വേണ്ടപ്പെട്ടവരാണ്. അവരോട് കടപ്പെട്ടിരിക്കുന്നു-എം ടി പറഞ്ഞു.

കെ ജയകുമാര്‍
 നമുക്ക് സ്നേഹിക്കാനറിയാം എന്നതിന്റെ വിളംബരമാണ് ഈ ചടങ്ങ്. എം ടി വിസ്മയമാണ്. അതിന് അക്കാദമിക് ഉത്തരം നല്‍കാനാവില്ല. സാഹിത്യജീവിതത്തിലും വ്യക്തിജീവിതത്തിലം നാട്യമില്ലായ്മയാണ് അദ്ദേഹത്തിന്റെ വിശുദ്ധി.
എം എം ബഷീര്‍
രണ്ടാമൂഴം എഴുതാന്‍ 350ല്‍ ഏറെ കൃതികള്‍ എം ടി വായിച്ചിട്ടുണ്ട്. കലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറിയില്‍നിന്ന് ദിവസവും നാലും അഞ്ചും പുസ്തകങ്ങളുമായാണ് എന്റെ വരവ്. അത് മുഴുവന്‍ വായിച്ചിട്ടാണ് എം ടി രണ്ടാമൂഴം രചിച്ചത്.
യു എ ഖാദര്‍
എം ടി ജീവിക്കുന്ന കോഴിക്കോട്ട് ജീവിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. എങ്ങനെ ഒരെഴുത്തുകാരന്‍ ജീവിക്കണം എന്നതിന്റെ മാതൃകയാണ് എം ടി. എഴുത്തുകാര്‍ സ്വയം ചെറുതാവുന്ന കാലത്ത് അദ്ദേഹത്തെ മാതൃകയാക്കണം. കോഴിക്കോടന്‍ ജീവിതത്തില്‍ നിരവധി വേഷങ്ങളില്‍ എം ടിയെ കണ്ടിട്ടുണ്ട്. എന്റെ എഴുത്തിന്റെ സുപ്രധാനഘട്ടത്തില്‍ ഗുരുനാഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


ഹാഫിസ് മുഹമ്മദ്
ഈ ആഘോഷം കണ്ടാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ ഉപ്പ എന്‍ പി മുഹമ്മദ് ഉണ്ടാകും. കോഴിക്കോടിനെ പുല്‍കിയതിന്, ഞങ്ങള്‍ക്ക് അഭിമാനമുണ്ടാക്കിയതിന്, ഊര്‍ജം പകര്‍ന്നതിന്, എഴുത്തുകാരന്റെ ആത്മാഭിമാനം എന്താണെന്ന് പഠിപ്പിച്ചതിന് നന്ദി.


എ പ്രദീപ്കുമാര്‍ എംഎല്‍എ
കോഴിക്കോടിന്റെ പൊതു വിഷയങ്ങളില്‍ സമരമുഖത്ത് നിന്ന പടനായകനാണ് എം ടി. മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കുന്നതിന്റെ മുന്നില്‍ എംടിയുണ്ടായിരുന്നു. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ആ സാന്നിധ്യം നല്‍കുന്ന കരുത്ത് ചെറുതല്ല.


സി വി ബാലകൃഷ്ണന്‍
എഴുത്തുകാരെ ഇത്രമാത്രം പ്രചോദിപ്പിച്ച മറ്റൊരാള്‍ ഇല്ല. സ്വയം മഹത്വവല്‍ക്കരിക്കാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. തന്റെ ഗ്രാമത്തിന്റെ ഭാഷയും ബിംബങ്ങളുംകൊണ്ട് അദ്ദേഹം നമ്മെ അത്ഭുതപ്പെടുത്തി.


കെ പി രാമനുണ്ണി
മലയാളി ആയതില്‍ അഭിമാനം തോന്നുന്ന നിമിഷമാണിത്. സ്വന്തം വ്യക്തിത്വത്തിന്റെ മഹത്വത്തിനൊപ്പം എം ടി മറ്റുള്ളവരുടെ മഹത്വത്തെയും അംഗീകരിക്കുന്നു. തുഞ്ചന്‍ പറമ്പ് സരസ്വതീ ക്ഷേത്രമാക്കിയത് എംടിയാണ്.


സ്വയം ആള്‍ചമയാതെ എല്ലാത്തിന്റെയും ആഴം അന്വേഷിച്ച് അറിയുന്ന എഴുത്തുകാരനാണ് എംടിയെന്ന് പോള്‍ കല്ലാനോട് പറഞ്ഞു.


വിത്സണ്‍ സാമുവല്‍, കവി പി ടി നരേന്ദ്രമേനോന്‍, ഫ്രണ്ട്ലൈന്‍ ഡെപ്യൂട്ടി എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവരും സംസാരിച്ചു. വി ആര്‍ സുധീഷ് മോഡറേറ്ററായി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.