ാമേംമൃറ

മഹാസാഗരത്തിലലിഞ്ഞ് എം ടി

Friday Feb 24, 2017
സ്വന്തം ലേഖിക


 

കോഴിക്കോട് > ഹൃദയങ്ങളില്‍ മുറിവേറ്റ് പിടയുന്ന ഒരുപിടി കഥാപാത്രങ്ങള്‍ അക്ഷരങ്ങളില്‍ ചുട്ടെടുത്ത എഴുത്തുകാരന് അരങ്ങിന്റെ ആദരമായി 'മഹാസാഗരം'. പച്ച മനുഷ്യന്റെ ജീവിതങ്ങളെ തന്മയത്വത്തോടെ പകര്‍ന്നാടി എം ടി വാസുദേവന്‍ നായരുടെ കഥാപാത്രങ്ങളാണ് അരങ്ങില്‍ ജ്വാലയായത്. ദേശാഭിമാനി-എംടി സാംസ്കാരികോത്സവത്തിന്റെ ഭാഗമായാണ് വി ആര്‍ സുധീഷിന്റെ രചനയില്‍ പ്രശാന്ത് നാരായണന്‍ സംവിധാനംചെയ്ത മഹാസാഗരം അരങ്ങേറിയത്.
  തന്റെ തൂലികയില്‍ വാര്‍ത്തെടുത്ത സൃഷ്ടികള്‍ അരങ്ങില്‍ ജനിച്ചപ്പോള്‍ സാക്ഷാല്‍ എം ടി വാസുദേവന്‍ നായര്‍ തന്നെ വേദിയിലേക്ക് കടന്നുവന്നതിനും ടാഗോര്‍ ഹാള്‍ സാക്ഷിയായി. കാലത്തിനുമപ്പുറം സഞ്ചരിച്ച കഥാപാത്രങ്ങളാണ് വെളിച്ചം തൂകിയത്. മരണമില്ലാത്ത ഓര്‍മകള്‍പേറി നൈനിറ്റാളിന്റെ താഴ്വരയില്‍ വിമല കാത്തിരുന്നു. ഒരിക്കലും കാണാത്ത പിതാവ് തിരിച്ചുവരുമെന്ന് കരുതി ബുദ്ദു പ്രതീക്ഷയുടെ തോണിതുഴഞ്ഞു. സ്നേഹത്തിന്റെ ഒരായിരം കടല്‍ ദ്രൌപദിക്ക് സമ്മാനിച്ച് ഭീമസേനന്‍ സ്നേഹം കൊതിച്ചു. കുഷ്ഠത്തിനും കാവിക്കുമാണ് മാര്‍ക്കറ്റെന്ന് ഗോപുരനടയിലെ രോഗി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. താന്‍ സേവിച്ച ഭഗവതി ജീവിതദുരിതത്തിന് മുന്നില്‍ കണ്ണുതുറക്കാത്തതിനാല്‍ ഭഗവതിക്കുനേരെ വെളിച്ചപ്പാട് ഒരിക്കല്‍ക്കൂടി ആഞ്ഞുതുപ്പി. ഹൃദയം പൊള്ളുന്ന വേദനയായി ഭ്രാന്തന്‍ വേലായുധന്‍ വേദിയില്‍ വിതുമ്പി. കാലത്തിലെ സേതുവും നാലുകെട്ടിലെ അപ്പുണ്ണിയുമെല്ലാം ഒരിക്കല്‍ക്കൂടി കണ്‍മുന്നിലെത്തി. കഥാപാത്രങ്ങളെ സൃഷ്ടിച്ച എംടി നാടകത്തിലെ കഥാപാത്രമായതും മറ്റൊരു പ്രത്യേകത.
  എംടിയുടെ സാഹിത്യത്തിലെയും നാടകത്തിലെയും സിനിമയിലെയും ഒരുപിടി കഥാപാത്രങ്ങളാണ് പന്ത്രണ്ട് രംഗങ്ങളിലായി വേദിയിലെത്തിയത്. ഓരോ രംഗം കഴിയുമ്പോഴും കൈയടിയോടെയാണ് നിറഞ്ഞ സദസ്സ് വരവേറ്റത്. 'വളര്‍ത്തുമൃഗങ്ങള്‍' എന്ന ചിത്രത്തില്‍ എം ടി എഴുതിയ പാട്ടുകളും നാടകത്തിലുണ്ടായി.
മനു വിശ്വനാഥ് (താനൂര്‍), അമല ഗിരീശന്‍ (തിരുവനന്തപുരം), കെ കെ സായൂജ് (അത്തോളി),  ദിയ ഷജില്‍കുമാര്‍ (പാവങ്ങാട് വെങ്ങാലി), കെ റഫീഖ് (പേരാമ്പ്ര മരുതോങ്കര), ടി എം രമ (തലശേരി പാലയാട്), ടി കെ വാരിജാക്ഷന്‍ (തിരുവണ്ണൂര്‍), സുരേഷ് കെ നായര്‍ (കരിവെള്ളൂര്‍), കെ വി ആഷിത് (കല്യാശേരി) , ടി  എ ജൈനാഥ് (തോപ്പയില്‍), കെ പി വിനീത്കുമാര്‍ (മലപ്പുറം തവനൂര്‍), ജെ അബിന (പൊറ്റമ്മല്‍), ആതിര (ചേളാരി), എം ആര്‍ സാബു (കോട്ടയം), വി പി ശ്രീജിത്ത് (മലപ്പുറം വാഴയൂര്‍), എ പി പ്രമോദ് (ഷൊര്‍ണൂര്‍), പി നിതിന്‍ (തേഞ്ഞിപ്പലം),  അനില്‍കുമാര്‍ (എളേറ്റില്‍) എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്.
  നാടകത്തിന്റെ മുഖ്യ സംവിധാനസഹായി രതീഷ് രവീന്ദ്രനാണ്. ഉസ്മാനാണ് ചമയം. ദീപവിതാനം ഡോ. എസ് ജനാര്‍ദനന്‍. സഹായം രാജേഷ് ചന്ദ്രന്‍. 'മഹാസമുദ്രം' എന്ന സിനിമയുടെ സംവിധായകനാണ് ജനാര്‍ദനന്‍. സംഗീത സന്നിവേശം: ശിവദാസന്‍ പൊയില്‍ക്കാവ്. സാങ്കേതിക സഹായം: ആനന്ദ് ബാബുരാജ്. കല രംഗവിതാനസഹായം: നിതീഷ്. സ്റ്റേജ് മാനേജര്‍: റെനീഷ് പേരാമ്പ്ര.