Top
20
Wednesday, September 2017
About UsE-Paper

സ്വാമി പ്രകാശാനന്ദയുടെ പേഴ്സണല്‍ അസിസ്റ്റന്റ് മരിച്ച നിലയില്‍

Tuesday Dec 8, 2020

വര്‍ക്കല > ശിവഗിരിമഠം സ്വാമി പ്രകാശാനന്ദയുടെ പേഴ്സണല്‍ അസിസ്റ്റന്റ് മുറിക്കുള്ളില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പാച്ചല്ലൂര്‍ വാഴമുട്ടം എഡി ഭവനില്‍ ശ്രീകുമാറാ (52)ണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെ ശിവഗിരി ഗസ്റ്റ് ഹൌസിലെ 10-ാം നമ്പര്‍ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടത്.

കഴിഞ്ഞ രണ്ടുമുതല്‍ സ്വാമി പ്രകാശാനന്ദയോടൊപ്പം തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരും ശിവഗിരിയില്‍ എത്തിയത്. സ്വാമിയുടെ മുറിയിലാണ് ശ്രീകുമാറും കിടക്കാറുള്ളത്. എന്നാല്‍, ചൊവ്വാഴ്ച സുഖമില്ലാത്തതിനാല്‍ ഗസ്റ്റ് ഹൌസിലെ പത്താംനമ്പര്‍ മുറിയില്‍ കിടന്നു. ബുധനാഴ്ച രാവിലെയോടെ മുറി വൃത്തിയാക്കാനെത്തിയവര്‍ മുട്ടിവിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ശ്രീകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

അവിവാഹിതനായ ശ്രീകുമാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി സ്വാമി പ്രകാശാനന്ദയുടെ പേഴ്സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. പരേതരായ ദാമോദരപ്പണിക്കരുടെയും സുലോചനയുടെയും മകനാണ്. സഹോദരങ്ങള്‍:  വിലാസിനി, ശോഭന, വിജയന്‍, പരേതയായ ശാന്തകുമാരി.