Top
20
Wednesday, September 2017
About UsE-Paper

വീട്ടുമുറ്റത്ത് പരിക്കേറ്റ നിലയില്‍കണ്ട യുവാവ് മരിച്ചു: കൊലപാതകമെന്ന് സംശയം

Tuesday Dec 8, 2020

ആറ്റിങ്ങല്‍ > രാത്രിയില്‍ വീട്ടുമുറ്റത്ത് തലയ്ക്ക് പരിക്കേറ്റ നിലയില്‍കണ്ട യുവാവ് മരിച്ചു. ആറ്റിങ്ങല്‍ പൂവമ്പാറ കൊച്ചുവീട്ടില്‍ കാര്‍ത്തികേയന്റെയും ചന്ദ്രികയുടെയും മകന്‍ മനു കാര്‍ത്തികേയ (33)നാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് മനുവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ന

വൈകിട്ട് പുറത്തുപോയ മനു രാത്രി ഒമ്പതേമുക്കാലോടെയാണ് വീട്ടിലെത്തിയത്. ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തുന്ന ശബ്ദത്തിനു പിന്നാലെ നിലവിളികേട്ട് വീട്ടുകാര്‍ പുറത്തിറങ്ങുമ്പോള്‍ മനു ചോരയില്‍ കുളിച്ചനിലയില്‍ മുറ്റത്ത് കിടക്കുന്നതാണ് കണ്ടത്. ബൈക്ക് മറിഞ്ഞ നിലയിലായിരുന്നു. ഉടന്‍തന്നെ ചാത്തമ്പറയിലുള്ള സ്വകാര്യാശുപത്രിയിലും അവിടെനിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

തലയുടെ പിന്‍വശത്താണ് മുറിവേറ്റിട്ടുളളത്. ആഴത്തിലുള്ളതും തുറന്ന നിലയിലുള്ളതുമാണ് മുറിവ്. പൊലീസ് നായയും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. മനുവിന്റെ ബൈക്കിനു സമീപത്തുനിന്ന് ഓടിയ നായ പൂവമ്പാറ കുളിക്കടവിനു സമീപംവരെ പോയി. ബൈക്കിന്റെ ഏതെങ്കിലും ഭാഗം തുളഞ്ഞ് കയറിയതാകാനുള്ള സാധ്യതയില്ലെന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. ആയുധംകൊണ്ടുള്ള മുറിവാകാനാണ് സാധ്യതയെന്ന് പൊലീസ് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷമേ കൃത്യമായ വിവരം ലഭിക്കൂവെന്ന് സിഐ ജി സുനില്‍കുമാര്‍ പറഞ്ഞു. കൊലപാതകമെന്ന നിലയില്‍ത്തന്നെയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സാഹചര്യത്തെളിവുകളും ശാസ്ത്രീയത്തെളിവുകളും ശേഖരിച്ചുകൊണ്ടായിരിക്കും അന്വേഷണം നടത്തുകയെന്നും പൊലീസ് അറിയിച്ചു.

തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച പകല്‍ മൂന്നരയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ദുബായില്‍ ജോലിചെയ്തിരുന്ന മനു അവധിക്ക് നാട്ടില്‍ വന്നതാണ്. ഭാര്യ: രശ്മി. സഹോദരങ്ങള്‍: ബിജു (ഗള്‍ഫ്), ബിനു.