22 June Friday

മദ്യലഹരിയിലെ തർക്കത്തിനിടെ യുവാവ് വെട്ടേറ്റു മരിച്ചു

Thursday Mar 8, 2018

ആര്യനാട് > മദ്യലഹരിയിലെ തർക്കത്തിനൊടുവിൽ യുവാവ് വെട്ടേറ്റു മരിച്ചു. പള്ളിവേട്ട അംബികാഭവനിൽ എസ് ജയകൃഷ്ണനാ (35)ണ് മരിച്ചത്. പരിക്കേറ്റ പള്ളിവേട്ട നടുവിള തടത്തരികത്തുവീട്ടിൽ അജി സോമനെ (36) തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
   
ചൊവ്വാഴ്ച രാത്രി 11.30ന് തിരുമല ലക്ഷ്മിഭവനിൽ സുരേഷിന്റെ പഴയ കച്ചേരിനടയിലെ ടുവീലർ വർക്ഷോപ്പിലാണ് സംഭവം. ഇവിടെയിരുന്നായിരുന്നു മദ്യപാനം.  ഇടയ്ക്ക്   ജയകൃഷ്ണനും അജിയും വർക്ഷോപ്പ് ഉടമ സുരേഷുമായി വഴക്കിട്ട് ഇവിടെനിന്ന് പിൻവാങ്ങി.
 
പതിനൊന്നോടെ മടങ്ങിയെത്തി ഇവരോടൊപ്പം വീണ്ടും മദ്യപിച്ചു. ഇതിനിടെ വഴക്കും കൈയാങ്കളിയുമായി. ഇതിനിടയിൽ സുരേഷ് ചുറ്റിക കൊണ്ട് അജിയുടെ തലയ്ക്കടിച്ചു. അജി ബോധരഹിതനായി നിലത്തുവീണു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ജയകൃഷ്ണന് വെട്ടേറ്റു. പരിസരവാസികൾ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുമ്പോൾ ജയകൃഷ്ണൻ മരിച്ചനിലയിലും അജി ചോരവാർന്ന് ബോധമറ്റ്   കിടക്കുകയുമായിരുന്നു. പൊലീസാണ് അജിയെ ആശുപത്രിയിലാക്കിയത്. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച സുരേഷിനെ പൊലീസ് പിടികൂടി. ആക്രമണത്തിന് ഉപയോഗിച്ച വാളും പൊലീസ് കണ്ടെടുത്തു. സുരേഷും ജയകൃഷ്ണനും തമ്മിൽ മുമ്പു പലതവണ വാക്കേറ്റമുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
 
ഇവർ മൂന്നുപേരെക്കൂടാതെ മറ്റൊരാൾകൂടി സംഘത്തിലുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. പരേതയായ ആതിരയാണ് ജയകൃഷ്ണന്റെ ഭാര്യ. മകൻ ജയദേവ്.

Top