മതഭ്രാന്തന്മാരെ കേരളം മൂലയ്‌‌‌ക്കിരുത്തും: കുരീപ്പുഴ

Tuesday Feb 20, 2018
സ്വന്തം ലേഖകന്‍

തൃശൂര്‍ > മതാതീത സ്‌‌നേഹത്തെ എതിര്‍ക്കുന്ന മതഭ്രാന്തന്മാരെ കേരളം മൂലയ്‌‌ക്കിരുത്തുമെന്ന്  കുരീപ്പുഴ ശ്രീകുമാര്‍. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ നടന്ന കവിയരങ്ങില്‍ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് ആക്രമണത്തിനിരയായ കുരീപ്പുഴയ്ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയായി കവിയരങ്ങ്.  

മതാതീതമായി മനുഷ്യനെ സ്നേഹിക്കണമെന്നും പൊതു ഇടങ്ങള്‍ വരുംതലമുറയ്ക്ക് കൂടിയുള്ളതാണ് എന്നുമാണ് താന്‍ പ്രസംഗിച്ചത്. അത് ഭയക്കുന്നവരാണ് തന്നെ ആക്രമിച്ചത്. ഇവരെ ഭയന്നാല്‍ നാളെ മതത്തിന്റെ പേരില്‍ മനുഷ്യര്‍ വേര്‍തിരിക്കപ്പെടുകയും, മിശ്രവിവാഹം അപ്രത്യക്ഷമാകുകയും ചെയ്യും. ഗുരുദേവനും, അയ്യങ്കാളിയും, കുമാരനാശാനും, എ കെ ജിയും ഉള്‍െപ്പടെയുള്ള മതാതീതരായ മഹാന്‍മാര്‍  സൃഷ്ടിച്ച കേരളത്തില്‍ താന്‍ ഇനിയും മതാതീതനായിരിക്കും. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്നവരെ കേരളം ഒറ്റക്കെട്ടായി തുരത്തും.

കമ്യൂണിസ്റ്റ് പാര്‍ടിയും സാഹിത്യവും തമ്മില്‍ ഇഴപിരിക്കാനാകാത്ത ബന്ധമുണ്ട്.  വര്‍ഗീയവാദികളെ കേരളമാകെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. 'ഉപ്പ' എന്ന കവിതയും അദ്ദേഹം അവതരിപ്പിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിയംഗം ബാബു എം പാലിശേരി കവിയരങ്ങ് ഉദ്‌‌ഘാടനം ചെയ്തു. 

ജില്ലാസെക്രട്ടറി കെ രാധാകൃഷ്‌‌‌ണന്‍ കുരീപ്പുഴയെ മാലയണിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബി ഡി ദേവസി എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം കെ സുദര്‍ശന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. മുരുകന്‍ കാട്ടാക്കട നെല്ലിക്ക എന്ന കവിത ആലപിച്ച് സദസ്സിന്റെ കൈയടിനേടി. കെ ആര്‍ ടോണി, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രാവുണ്ണി തുടങ്ങി ഒട്ടേറെപേര്‍ കവിതകള്‍ അവതരിപ്പിച്ചു.

 

ചരിത്രം
ഒരുക്കം‍‌