രണസ്മരണകളിരമ്പുന്ന കുമ്പിടി സമരം

Tuesday Feb 20, 2018
സി ആര്‍ പുരുഷോത്തമന്‍

മാള > സിപിഐ എം സമ്മേളനത്തിന് നാടൊരുങ്ങുമ്പോള്‍ ജന്മി നാടുവാഴി വ്യവസ്ഥക്കെതിരായി നടന്ന കുമ്പിടി സമരത്തിന്റെ പോരാട്ടഗാഥകളും ഇരമ്പുന്നു.   കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നടത്തിയ കുമ്പിടി സമരത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളും സഹനങ്ങളും പുതുതലമുറയ്ക്ക് രാഷ്ട്രീയ പാഠങ്ങളാണ്.
  
ആറരപ്പതിറ്റാണ്ട് മുമ്പാണ് കുമ്പിടി സമരം. കേരളപ്പിറവിക്ക് മുമ്പ് തിരു കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അന്ന് മാള പഞ്ചായത്ത്. ജന്മികളുടെയും നാടുവാഴികളുടെയും ക്രൂരമായ നടപടികളാല്‍ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും വീര്‍പ്പുമുട്ടിയിരുന്നു. അന്ന് മാളയിലെ എടയാറ്റൂര്‍, മേലത്തൂര്‍, പാലിശേരി എന്നിവിടങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും വേരോടാന്‍ ആരംഭിച്ചിരുന്നു. പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള പിഎസ്പി ആയിരുന്നു ഭരണത്തില്‍. ഭൂസ്വാമിമാര്‍ക്കും ജന്മിമാര്‍ക്കും കൊല്ലുംകൊലയും നടത്താന്‍ ഒരുതടസ്സവുമില്ലായിരുന്നു. കുമ്പിടിയില്‍ കണ്ണമ്പിള്ളി കോരുത് എന്ന ജന്മിയുടെ 200 പറയ്ക്ക് നിലം മറ്റ് കൃഷിക്കാര്‍ സൌജന്യമായി ഉഴുതുകൊടുക്കണമെന്നും ഇടങ്ങഴി നെല്ലില്‍ കൂടുതല്‍ കര്‍ഷകത്തൊഴിലാളികള്‍ കൂലി ചോദിക്കാന്‍ പാടില്ലെന്നും പറഞ്ഞു. ഇത് ലംഘിച്ച നിരവധി പാവങ്ങള്‍ കൊല്ലപ്പെട്ടു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇയാള്‍ തനിക്ക് താല്‍പ്പര്യമില്ലാത്തവരെ വോട്ട് ചെയ്യാനും അനുവദിച്ചില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം പ്രവര്‍ത്തനമാരംഭിക്കുന്നത്.

1953 നവംബര്‍ നാലിന് കുമ്പിടിയില്‍ കര്‍ഷക സമ്മേളനം ചേര്‍ന്നു. കണ്ണമ്പിള്ളിയുടെ ഗുണ്ടകള്‍ ഇതുതടഞ്ഞു. നവം. 15ന് ഗുണ്ടകളെ എതിര്‍ത്ത് വീണ്ടും സമ്മേളനം ചേര്‍ന്നു. പിന്നീട് ഈ ഗുണ്ടകള്‍ ജനങ്ങളുടെ വീടുകളില്‍ക്കയറി മോഷണവും അക്രമവും തുടങ്ങി. അന്വേഷണത്തിന് വരുന്ന പൊലീസും കണ്ണമ്പിള്ളിയുടെ അതിഥികളായിമാറുകയാണുണ്ടായത്.  ഈ സമയത്താണ് ഒ കെ വേലായുധന്‍ എന്ന കൃഷിക്കാരന്‍ 12 വര്‍ഷമായി പാട്ടത്തിന് കൃഷിചെയ്ത 16 പറയ്ക്ക് നിലം കൊടുങ്ങല്ലൂരിലെ രജിസ്ട്രാര്‍ ഗോപാലകൃഷ്ണക്കുറുപ്പ് ഒഴിപ്പിച്ചെടുക്കാനുള്ള ശ്രമം നടന്നത്. 1123, 1125  വര്‍ഷങ്ങളിലെ വെള്ളപ്പൊക്കവും വേനലും മൂലം കൃഷിനശിച്ച വേലായുധന്് പാട്ടം മുഴുവന്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. മുടങ്ങിയ പാട്ടം തിരിച്ചടച്ചിട്ടും ഒഴിപ്പിക്കാനുള്ള ശ്രമം നടന്നു. പാര്‍ടിയുടെ പിന്തുണയില്‍ വേലായുധന്‍ വീണ്ടും കൃഷിയിറക്കി. എന്നാല്‍ പൊലീസ് എല്ലാവരേയും അറസ്റ്റുചെയ്തു. പാര്‍ടിയുടെയും കര്‍ഷക സംഘത്തിന്റെയും നേതാക്കളായ പരമേശ്വരന്‍, എ കെ അയ്യപ്പന്‍, കെ കെ വിശ്വംഭരന്‍, സി വി ഭാസ്കരന്‍, വി പി അറുമുഖന്‍ എന്നിവരെ ചോദ്യംചെയ്തു. പിന്നീട് ആയുധധാരികളായെത്തിയ പൊലീസ് വിശ്വംഭരനേയും അമ്മ ലക്ഷ്മിയേയും അറസ്റ്റ്ചെയ്തു.

വേലായുധന്റെ ജ്യേഷ്ഠഭാര്യ 55 വയസ്സുള്ള ചിരുതയേയും അവരുടെ മകള്‍ പൂര്‍ണഗര്‍ഭിണിയായ കുഞ്ഞിക്കുറുമ്പിയേയും അവരുടെ അനുജത്തി ദേവകി, ജ്യേഷ്ഠന്റ മകള്‍ 18വയസ്സുള്ള കല്യാണി എന്നിവരേയും അറസ്റ്റുചെയ്തു. എല്ലാവര്‍ക്കും മര്‍ദനമേറ്റു. വേലായുധനേയും  വിശ്വംഭരനേയും ക്ഷയരോഗിയായ പത്മനാഭനേയും ക്രൂരമായി മര്‍ദിച്ചു. 50 വയസ്സായ ചിരുതയേയും 55 വയസ്സായ ലക്ഷ്മിയേയും വള്ളിക്കുട്ടി എന്ന സ്ത്രീയേയും  പൊലീസ് വെറുതെ വിട്ടില്ല.  തിരു-കൊച്ചി കര്‍ഷക സംഘം പ്രസിഡന്റ് സി ജി സദാശിവന്‍ എംഎല്‍എ കുമ്പിടിയിലെത്തി. അന്വേഷണവും പൊലീസുകാര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ടു.

ആറരപ്പതിറ്റാണ്ട് പിന്നിടുമ്പോള്‍ കുമ്പിടി സമരത്തില്‍ പങ്കെടുത്തവരും മര്‍ദനമേറ്റവരും ജീവിച്ചിരിപ്പില്ല. കര്‍ഷകന്റെ കണ്ണീരുകണ്ട 1957ലേയും 67ലേയും ഇ എം എസ് സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ഇ എം എസ് നേതൃത്വം നല്‍കിയ പാര്‍ടിയുടെ സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുമ്പോള്‍ ആറരപ്പതിറ്റാണ്ട് മുമ്പ് ആഞ്ഞടിച്ച കര്‍ഷക പ്രക്ഷോഭങ്ങളുടെ സ്മരണകള്‍ പുതുതലമുറയ്ക്ക്  ആവേശം നല്‍കുന്നു.    

ചരിത്രം
ഒരുക്കം‍‌