ലോക കേരളസഭ രാജ്യത്തിന് മാതൃക

Tuesday Feb 20, 2018
സ്വന്തം ലേഖകന്‍

തൃശൂര്‍ > സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ ജനാധിപത്യ സംരംഭമാണ് ലോക കേരളസഭയെന്ന് പ്ലാനിങ്‌ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തി രാജ്യത്ത് ആദ്യം സംഘടിപ്പിച്ച ഏക ജനാധിപത്യ വേദിയാണ് ലോക കേരളസഭ. ബിജെപി സര്‍ക്കാര്‍ പ്രവാസികളെ തീര്‍ത്തും അവഗണിക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നിരവധി ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ലോക കേരളസഭയ്ക്ക് തുടര്‍ച്ചയുണ്ടാകണം. പ്രവാസിക്ഷേമം ഉള്‍പ്പെടെയുള്ള സാമൂഹ്യപദ്ധതികള്‍ അടങ്ങിയ പ്ലാനിങ് കമീഷന്‍ ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ടു. കേരളം മാത്രമാണ് ഇപ്പോഴും പഞ്ചവത്സര പദ്ധതികള്‍ നടപ്പാക്കുന്ന സംസ്ഥാനം. പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷയുള്ള സര്‍ക്കാരും പാര്‍ടിയുമാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസിസംഘം ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷനായി.

വിദേശത്ത് ജീവിക്കുന്നവര്‍ക്ക്  നിയമപ്രശ്‌നങ്ങളോ കേസുകളോ ഉണ്ടായാല്‍ ഇന്ത്യന്‍ എംബസി നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ വിമാന യാത്രാ നിരക്ക്‌വര്‍ധന ബിജെപിയും തുടരുകയാണ്. വിജയ്മല്യയും നീരവ് മോദിയും ആയിരക്കണക്കിന് കോടികള്‍ കടമെടുത്ത് രാജ്യംവിട്ട നാട്ടില്‍ പ്രവാസികള്‍ക്ക് ലഭിക്കേണ്ട നോര്‍ക്കയുടെ തുച്ഛമായ ലോണ്‍പോലും ബാങ്കുകള്‍ നിഷേധിക്കുകയാെണന്നും അദ്ദേഹം പറഞ്ഞു. 

സ്‌‌ത്രീകളും പ്രായമായവരുമടക്കം നൂറുകണക്കിന് പ്രവാസികളാണ് പരിപാടിയില്‍ പങ്കെടുത്തത്. 
സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍, പി കെ ബിജു എംപി, സിഐടിയു സംസ്ഥാന സെക്രട്ടറി എം എം വര്‍ഗീസ്, കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി എ സി ആനന്ദന്‍, അഷറഫ് ഹാജി എന്നിവര്‍ സംസാരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആര്‍ ബിന്ദു, സരള വിക്രമന്‍ എന്നിവര്‍ പങ്കെടുത്തു. എന്‍ എ ജോണ്‍ സ്വാഗതവും എം കെ ശശിധരന്‍ നന്ദിയും പറഞ്ഞു.
 

ചരിത്രം
ഒരുക്കം‍‌