ഹരിതസൗഹാര്‍ദം: പ്രതിനിധികള്‍ക്ക് മുളയില്‍ തീര്‍ത്ത ബാഡ്‌‌‌ജ്

Tuesday Feb 20, 2018
എ എസ് ജിബിന

തൃശൂര്‍ > സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സാംസ്‌കാരിക നഗരിയിലെത്തുന്ന പ്രതിനിധികളെ കാത്തിരിക്കുന്നത് മുളയില്‍ തീര്‍ത്ത മനോഹരമായ ബാഡ്ജുകള്‍. 12 സെന്റീമീറ്റര്‍ നീളവും എട്ട് സെന്റീമീറ്റര്‍ വീതിയുമുള്ള ബാഡ്ജിലൂടെ ഹരിതസൗഹാര്‍ദം അരക്കിട്ടുറപ്പിക്കുകയാണ് സംഘാടകര്‍. ദാഹജലത്തിനായ് മണ്‍കൂജയും എഴുതാനായി വിത്തുപേനയുമാണ് ഒരുക്കിയത്. ഇതിനുപിന്നാലെയാണ് മുളയില്‍ തീര്‍ത്ത ബാഡ്‌‌ജുകളെത്തുന്നത്.

ആലപ്പുഴയില്‍ നിന്നെത്തിച്ച ആനമുള കഷ്‌‌ണങ്ങളാക്കി രാകിയെടുത്താണ് ബാഡ്ജ് നിര്‍മാണം. ഇപ്രകാരം നിര്‍മിച്ച മുള രൂപത്തിലേക്ക് സമ്മേളന ലോഗോ, സമ്മേളന തീയതി, പ്രതിനിധിയുടെ ഫോട്ടോ, പേര് എന്നിവയടങ്ങിയ സുതാര്യ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ബാഡ്ജ് തയ്യാറാക്കുന്നത്. കഴുത്തിലിടാന്‍ ചുവന്ന ചരടുമുണ്ട്.

സിംപിള്‍ മീഡിയയാണ് ഹരിതസൗഹാര്‍ദ ബാഡ്‌‌ജുകള്‍ നിര്‍മിക്കുന്നത്. തൈവമക്കള്‍ നാടന്‍പാട്ട് സംഘം കോഓര്‍ഡിനേറ്റര്‍ സി ബി ബൈജുവിന്റെ നേതൃത്വത്തില്‍ മൂന്നാഴ്ചയായി നിര്‍മാണം പുരോഗമിക്കുകയാണ്. ബൈജുവിനെക്കൂടാതെ ഏഴുപേര്‍ കൂടി സംഘത്തിലുണ്ട്്. ചൊവ്വാഴ്ചയോടെ നിര്‍മാണം പൂര്‍ത്തിയാകും.

കണിമംഗലം ഗ്രാമീണ വായനശാലയും ഫോക്‌ലോര്‍ അക്കാദമിയും ഹരിതം സാംസ്‌കാരിക വേദിയും തൈവമക്കള്‍ നാടന്‍പാട്ട് സംഘവും തൃശൂര്‍ നാട്ടുകലാകാര കൂട്ടവും ചേര്‍ന്ന് നാട്ടുപച്ച നാട്ടുത്സവം സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും എത്തിയിരുന്നു. അന്ന് ബൈജു നിര്‍മിച്ച ബാഡ്ജുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നാണ് സമ്മേളനത്തിന് ഹരിത സൗഹാര്‍ദ ബാഡ്ജുകള്‍ തയ്യാറാക്കാന്‍ സിംപിള്‍ മീഡിയയ്ക്ക് അവസരം ലഭിച്ചത്.

 

ചരിത്രം
ഒരുക്കം‍‌