വയോജനങ്ങള്‍ യുവതലമുറയിലേയ്‌‌ക്ക് അറിവ് പകരണം: മന്ത്രി ശൈലജ

Tuesday Feb 20, 2018
സ്വന്തം ലേഖിക

തൃശൂര്‍ > ആര്‍ജിച്ച അറിവുകള്‍ പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കാന്‍ വയോജനങ്ങള്‍ തയ്യാറാവണമെന്ന് മന്ത്രി കെ കെ ശൈലജ. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വയോജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ചരിത്രമറിയാത്ത പുതിയ തലമുറയ്ക്ക് വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ കാര്യക്ഷമമായി പരിഹരിക്കാന്‍ സാധിക്കില്ല. ഇവര്‍ക്ക് സാമൂഹിക രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ട ചുമതല വയോജനങ്ങള്‍ക്കാണ്. കഴിഞ്ഞകാല ചരിത്രവും നവോത്ഥാന ആശയങ്ങളും ശാസ്ത്രചിന്തയും പരസ്പരസ്‌നേഹവും ഇവരില്‍ നിറയ്ക്കാന്‍ വയോജനങ്ങള്‍ക്കാവണമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ സായംപ്രഭ പദ്ധതിയുടെ ഭാഗമായി ഓരോ ജില്ലയിലും ഓരോ വൃദ്ധസദനം ആധുനികവല്‍ക്കരിക്കും. സംസ്ഥാനത്തൊട്ടാകെ പുതുതായി 70 പകല്‍വീട് നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. തലശേരിയിലും എറണാകുളത്തും ആധുനീകരിച്ച പകല്‍വീടുകള്‍ ഉടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. പ്രായമായവരെ സംരക്ഷിക്കാന്‍ 44 വയോമിത്രം യൂണിറ്റ് ഇടതുമുന്നണി അധികാരമേറ്റ ശേഷം നിര്‍മിച്ചു. 87 നഗരസഭ കേന്ദ്രീകരിച്ച് വയോമിത്രം യൂണിറ്റ് സ്ഥാപിക്കുന്ന പദ്ധതി 2019 ഓടെ പൂര്‍ത്തീകരിക്കും. ബ്ലോക്കുതലത്തിലും ഇതേ രീതിയില്‍ വയോമിത്രം യൂണിറ്റ് സ്ഥാപിക്കും. പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ പ്രായമായവര്‍ക്ക് വീട്ടിലെത്തി മരുന്നുനല്‍കുന്ന 'നന്മ' പദ്ധതി  ആലോചനയിലുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രൊഫ. എം മുരളീധരന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍, കെ കെ കാര്‍ത്തികേയന്‍, ടി എ സുധാകരന്‍, ഡോ. കെ പ്രവീണ്‍ലാല്‍, വി വി പരമേശ്വരന്‍ എന്നിവര്‍ പങ്കെടുത്തു.
 

ചരിത്രം
ഒരുക്കം‍‌