രക്തസാക്ഷി സ്‌‌മരണകള്‍ പോരാട്ടങ്ങള്‍ക്ക് കരുത്തേകും: വൈക്കം വിശ്വന്‍

Tuesday Feb 20, 2018
സ്വന്തം ലേഖകന്‍

തൃശൂര്‍ > ഭരണവര്‍ഗ ഭീകരതകള്‍ക്കും കുത്തകകള്‍ക്കും  അസമത്വങ്ങള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ നാടിന് വേണ്ടി ജീവന്‍ കൊടുത്ത രക്തസാക്ഷികളുടെ സ്മരണകള്‍ എന്നെന്നും കരുത്തും വഴികാട്ടിയുമാണെന്ന്  സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ പറഞ്ഞു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന രക്തസാക്ഷി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മോഡി ഭരണത്തില്‍ രാജ്യത്ത് വര്‍ഗീയവാദികളും  കോര്‍പറേറ്റുകളും തുടങ്ങി ബാങ്ക് കൊള്ളയടിക്കുന്നവര്‍ വരെ വിലസുകയാണ്. ഭരണവര്‍ഗം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രശ്‌നങ്ങള്‍ അവഗണിക്കുന്നു. അവര്‍ക്ക് കുത്തകകളുടെ താല്‍പ്പര്യങ്ങളാണ് വലുത്. ഈ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട കാലഘട്ടമാണിത്. നാടിനും ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി രക്തസാക്ഷികളായവര്‍ എക്കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തും ആവേശവുമാണ്.

സ്വാതന്ത്ര്യത്തിനായി, സംഘടിക്കാനുള്ള അവകാശങ്ങള്‍ക്കായി,  തൊഴിലിടങ്ങളില്‍, കലാലയങ്ങളില്‍, അവകാശ സമരവേദികളില്‍ വര്‍ഗശത്രുവിന്റെ കൊലക്കത്തിക്കിരയായവരാണ് രക്തസാക്ഷികള്‍. അവരുടെ പിന്മുറക്കാരെ ഒരിക്കലും സിപിഐ എം കൈവിടില്ല. ആ കുടുംബങ്ങളോടൊപ്പം എന്നും പാര്‍ടിയുണ്ടാകും. സംസ്ഥാന സമ്മേളനത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 577 രക്തസാക്ഷി സ്മൃതിമണ്ഡപങ്ങളില്‍ നിന്ന് ദീപശിഖയെത്തും.

ഒന്നാം ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ക്ഷേമ പദ്ധതികള്‍, പാവപ്പെട്ടവര്‍ക്ക്  സ്വന്തമായി കിടപ്പാടമുണ്ടാക്കല്‍, മുണ്ടശേരിയുടെ നേതൃത്വത്തില്‍ തുടക്കംകുറിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണം, ഡോ. എ ആര്‍ മേനോന്‍ ജനകീയമാക്കാന്‍ തുടങ്ങിയ പൊതുജനാരോഗ്യമേഖല എന്നിവയെല്ലാം ഇപ്പോള്‍ പിണറായി വിജയന്‍ നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ വിപുലപ്പെടുത്തുകയാണ്.

ജനങ്ങളെ ദുരിതത്തിലാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ബദല്‍ നയം ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണിത്. കേന്ദ്ര നയത്തിനെ വിമര്‍ശിക്കാന്‍  ധൈര്യംകാണിച്ച മുഖ്യമന്ത്രിയായതിനാലാണ് പിണറായിയുടെ തലയ്ക്ക്  സംഘപരിവാര്‍ വിലയിട്ടത്.  സര്‍ക്കാര്‍ പ്രഖ്യാപിച്ച നാലു മിഷനുകള്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തും. വീടില്ലാത്തവര്‍ക്കെല്ലാം വീടും സ്ഥലവും ലഭ്യമാക്കാനും പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്താനും നാടിനെ ഹരിതാഭമാക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ മുന്നേറുകയാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
 

ചരിത്രം
ഒരുക്കം‍‌