'എന്റെ മകനെ അവര്‍ കൊന്നു; പകരം ലഭിച്ചത് ഒട്ടേറെ മക്കളെ'

Tuesday Feb 20, 2018
സ്വന്തം ലേഖകന്‍
വൈക്കം വിശ്വന്‍ രക്തസാക്ഷി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍ > 'എന്റെ മകന്‍ ബാലന് 17 വയസ്സുള്ളപ്പോഴാണ് ആ  ജീവന്‍ അവര്‍ തട്ടിയെടുത്തത്. അവന്‍ പോയപ്പോള്‍ ഞാന്‍ ഒരുപാട് വിഷമിച്ചു. എന്നാല്‍ പിന്നീട് അവന്‍ പഠിച്ചിരുന്ന കേരളവര്‍മ കോളേജില്‍ നിന്ന് ഒരുപാട് പേര്‍ എന്നെ കാണാന്‍ വന്നു. ബാലനെ കാണാത്തവര്‍ പോലും ഇപ്പോള്‍ എന്നെ അമ്മേ എന്നു വിളിക്കുന്നു. കേരളവര്‍മയില്‍ പഠിച്ച സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനും അക്കൂട്ടത്തിലുണ്ട്.  ഒരു മകന്‍ പോയാലും ഒരുപാട് മക്കളെ എനിക്ക് കിട്ടി. എന്റെ മകന്റെ രക്തസാക്ഷിത്വത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു' തൃശൂര്‍ കേരളവര്‍മ കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1984ല്‍ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ ഇ കെ ബാലന്റെ അമ്മ ഗംഗയുടെ നെഞ്ചില്‍ തട്ടുന്ന വാക്കുകള്‍ നീണ്ട ഹര്‍ഷാരവത്തോടെയാണ് മറ്റു രക്തസാക്ഷി കുടുംബങ്ങളും എതിരേറ്റത്.

സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച രക്തസാക്ഷി കുടുംബസംഗമമായിരുന്നു വേദി. വര്‍ഗശത്രുക്കളുടെ കൊലവാളുകളാല്‍ പിടഞ്ഞുമരിച്ചവരുടെ കുടുംബങ്ങളില്‍ നിന്ന് ചെങ്കൊടിയുടെയും രക്തസാക്ഷിത്വത്തിന്റെയും ശോണിമ ഹൃദയത്തില്‍ ഏറ്റുവാങ്ങിയവരുടെ സംഗമം അവിസ്മരണീയവും വികാരസാന്ദ്രവുമായി. കേരള  രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ അനശ്വര രക്തസാക്ഷിത്വമായ അഴീക്കോടന്‍ രാഘവന്റെ രണസ്‌‌മരണകള്‍ ഇരമ്പുന്ന സിപിഐ എം ജില്ലാ ആസ്ഥാനത്തായിരുന്നു സംഗമം. 

രക്തസാക്ഷി കുടുംബങ്ങളുടെ സംഗമത്തില്‍ ആദരിക്കപ്പെട്ടവര്‍

രക്തസാക്ഷി കുടുംബങ്ങളുടെ സംഗമത്തില്‍ ആദരിക്കപ്പെട്ടവര്‍

രക്തസാക്ഷികള്‍; ചെങ്കൊടി പ്രസ്ഥാനത്തിനും നാടിന്റെ നന്മക്കും വേണ്ടി ജിവന്‍ ബലിയര്‍പ്പിച്ചവര്‍. വിമോചനപ്പോരാട്ട വഴികളിലെ കെടാവിളക്കുകളായ ഈ രക്തസാക്ഷികളുടെ  പിന്മുറക്കാര്‍  അഭിമാനത്തോടെ സംഗമിക്കുകയിരുന്നു, തങ്ങളുടെ വഴികാട്ടിയായ ചെങ്കൊടി പ്രസ്ഥാനത്തിനുവേണ്ടി. ശത്രുവിന്റെ ചതിക്കുഴികള്‍ക്കും ആയുധപ്പുരകള്‍ക്കും കീഴടങ്ങാതെ സമരാവേശം കൈമാറിത്തന്ന രണധീരരുടെ ശോണാര്‍ദ്രമായ ഓര്‍മകളില്‍ സദസ്സ് രക്താഭിവാദ്യമര്‍പ്പിച്ചു.

കമ്യൂണിസ്റ്റ്, കര്‍ഷക, തൊഴിലാളി, വിദ്യാര്‍ഥിയുവജന പ്രസ്ഥാനത്തിന്റെ എണ്ണമറ്റ പോരാട്ട വീഥികളില്‍ പൊരുതി വീണവരുടെ  അച്ഛനമ്മമാര്‍, ഭാര്യമാര്‍, മക്കള്‍, ബന്ധുക്കള്‍....  റിപ്പബ്ലിക് ഇന്ത്യയിലെ ആദ്യ രക്തസാക്ഷി നാട്ടിക മണപ്പുറത്തെ  സര്‍ദാര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ആര്‍എസ്എസ് നരാധമന്മാര്‍ കൊലപ്പെടുത്തിയ  ഏങ്ങണ്ടിയൂരിലെ ശശികുമാര്‍ വരെ 58 രണധീരരുടെ ജില്ലയാണ് തൃശൂര്‍. ഇവരുടെ വീട്ടുകാരാണ് സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യവുമായി എത്തിയത്. ഇവരില്‍ ഏറെ പേരെയും വകവരുത്തിയത് ആര്‍എസ്എസ് ബിജെപി ക്രിമിനലുകളാണ്. പിന്നെ കോണ്‍ഗ്രസുകാരും.  ലീഗും എന്‍ഡിഎഫും ഗുണ്ടകളും പൊലീസുമെല്ലാം കൊലയാളികളില്‍ ഉള്‍പ്പെടുന്നു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന്‍ രക്തസാക്ഷി കടുംബ സംഗമം ഉദ്‌‌ഘാടനം ചെയ്‌‌‌തു. കുടുംബാംഗങ്ങളെ വൈക്കം വിശ്വന്‍ പൊന്നാട അണിയിച്ച് ആദരിച്ചപ്പോള്‍ രക്തസാക്ഷിക്ക് മരണമില്ലെന്ന പുതുതലമുറക്കാരുടെ മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. 

സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍, സംസ്ഥാന കമ്മിറ്റി അംഗം എന്‍ ആര്‍ ബാലന്‍, എം എം വര്‍ഗീസ്, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി കെ ഡേവിസ്, ആര്‍ ബിന്ദു എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സ്വാഗതവും പി കെ ഷാജന്‍ നന്ദിയും പറഞ്ഞു.
 

ചരിത്രം
ഒരുക്കം‍‌