മാമക്കുട്ട്യേട്ടന്‍ ഇല്ലാത്ത ആദ്യ സമ്മേളനം

Monday Feb 19, 2018
വി എം രാധാകൃഷ്ണന്‍
കോട്ടയം സംസ്ഥാന സമ്മേളനത്തിന് മാമക്കുട്ട്യേട്ടന്‍ കൊടി ഉയര്‍ത്തുന്ന പടം-

തൃശൂര്‍ > സിപിഐ എം 22-ാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായി സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ വേദിയാകുമ്പോള്‍ ദീര്‍ഘകാലം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന കെ കെ മാമക്കുട്ടിയുടെ ദീപ്തസ്മരണകള്‍ അലയടിക്കുന്നു. സിപിഐ എം രൂപീകൃതമായശേഷം മാമക്കുട്ട്യേട്ടന്‍ ഇല്ലാത്ത ആദ്യ പാര്‍ടി കോണ്‍ഗ്രസും സംസ്ഥാന സമ്മേളനവുമാണ് വരുന്നത്. 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിന് കെ കെ മാമക്കുട്ടിയുടെ പേരാണ്. മൂന്നു പതിറ്റാണ്ടുകാലം സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറിയും നാലു പതിറ്റാണ്ടോളം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന മാമക്കുട്ട്യേട്ടന്‍ കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയിലും പൊതുസമൂഹത്തിലും ഏറെ ബഹുമാന്യനായിരുന്നു.

ഇതിനു മുമ്പ്  പാര്‍ടിയുടെ പതിനൊന്നാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് സംസ്ഥാന സമ്മേളനം 1981 ഡിസംബര്‍ രണ്ടുമുതല്‍ ആറുവരെയാണ് തൃശൂരില്‍ നടന്നത്. അന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയും സമ്മേളന സ്വാഗതസംഘം സെക്രട്ടറിയുമായിരുന്നു കെ കെ മാമക്കുട്ടി. തൃശൂര്‍ തേക്കിന്‍കാടു മൈതാനിയില്‍ നടന്ന സമ്മേളന നടത്തിപ്പിന്റെ ചുക്കാന്‍ പിടിച്ചത് മാമക്കുട്ട്യേട്ടനായിരുന്നു. ഇതുവരെ നടന്ന 21 പാര്‍ടി കോണ്‍ഗ്രസുകളില്‍ 19ലും അത്രതന്നെ സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ അവസരമുണ്ടായ പ്രതിനിധികൂടിയാണ് കെ കെ മാമക്കുട്ടി. ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് 2012ലെയും  2015ലെയും പാര്‍ടി കോണ്‍ഗ്രസുകളിലും സംസ്ഥാന സമ്മേളനങ്ങളിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല.   

2008 ഫെബ്രുവരി 12 മുതല്‍ 15 വരെ കോട്ടയത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളന നഗറില്‍  ചെങ്കൊടി ഉയര്‍ത്തിയത് മാമക്കുട്ട്യേട്ടനായിരുന്നു.  2015ലെ തദ്ദേശ തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും അടക്കം എല്ലാ  തെരഞ്ഞെടുപ്പിലു അദ്ദേഹം വോട്ട് ചെയ്തു.  2016  ആഗസ്ത് 28ന് ചേര്‍പ്പില്‍ നടന്ന ചടങ്ങില്‍ സി ഒ പൌലോസ് സ്മാരക അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയതായിരുന്നു മാമക്കുട്ട്യേട്ടന്‍ പങ്കെടുത്ത ഒടുവിലത്തെ പൊതു ചടങ്ങ്. 95-ാം വയസ്സില്‍ 2016 ഒക്ടോബര്‍ പത്തിനാണ് അദ്ദേഹം അന്തരിച്ചത്.

1964ല്‍ കമ്യൂണിസ്റ്റ് പാര്‍ടി പിളര്‍പ്പിനു മുന്നോടിയായി പാര്‍ടിയുടെ തൃശൂര്‍ ജില്ലാ കൌണ്‍സിലില്‍നിന്നും ഇറങ്ങിപ്പോന്ന അഞ്ചു നേതാക്കളില്‍ ഒരാള്‍ മാമക്കുട്ടിയായിരുന്നു. അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. 1962ല്‍ ചൈനാ യുദ്ധകാലത്ത് അടക്കം രണ്ടുവര്‍ഷത്തോളം  ജയില്‍വാസം അനുഭവിച്ചു. 1975-77ല്‍ അടിയന്തരാവസ്ഥയില്‍ ഒളിവിലും തെളിവിലുമായി പാര്‍ടിയെ നയിച്ചു. പാര്‍ലമെന്ററി വ്യാമോഹങ്ങളോട് എന്നും മുഖം തിരിച്ചുനിന്ന മാമക്കുട്ട്യേട്ടന്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാനാണ് ആഗ്രഹിച്ചത്. അതുല്യമായ സംഘടനാശേഷി, താരതമ്യങ്ങളില്ലാത്ത നേതൃപാടവം, ഇളകാത്ത നിശ്ചയദാര്‍ഢ്യം എന്നിവ മാമക്കുട്ടിയുടെ ശക്തിവിശേഷങ്ങളായിരുന്നു. പാര്‍ടി പിളര്‍ന്നപ്പോള്‍ തൃശൂരില്‍ സിപിഐ എമ്മിന് പാര്‍ടി ആസ്ഥാനംപോലും നഷ്ടപ്പെട്ട അവസ്ഥയായിരുന്നു. അതില്‍നിന്ന് ഇന്നത്തെ അവസ്ഥയിലേക്ക് പാര്‍ടിയെ വളര്‍ത്തിയെടുക്കാന്‍ അടിത്തറയിട്ടത് മാമക്കുട്ടിയുടെ നേതൃത്വമാണ്. ഒരു കാലത്ത് വലതുപക്ഷരാഷ്ട്രീയ കോട്ടയായിരുന്ന തൃശൂരിനെ ഇടതുപക്ഷ കോട്ടയാക്കി മാറ്റിയതിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ വലുതാണ്.

ഇ എം എസിന്റെ പേരില്‍ ദേശാഭിമാനിയുടെ ആറാമത് എഡിഷന്‍ തൃശൂരില്‍ 2000ല്‍ ആരംഭിക്കാന്‍ മുഖ്യ ശക്തിസ്രോതസ്സും മാമക്കുട്ട്യേട്ടനായിരുന്നു. തുടക്കംമുതല്‍  ദേശാഭിമാനി തൃശൂര്‍ യൂണിറ്റിന്റെ മാനേജിങ് ഡയറക്ടറായും  പ്രവര്‍ത്തിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ദേശാഭിമാനി തൃശൂര്‍ യൂണിറ്റില്‍ കെ കെ മാമക്കുട്ടി സ്മാരക ഹാളിന്റെയും ദേശാഭിമാനിയുടെ ആദ്യ മാനേജരായിരുന്ന മുന്‍ ജില്ലാ സെക്രട്ടറി പി ആര്‍ രാജന്റെ സ്മരണാര്‍ഥമുള്ള ലൈബ്രറിയുടെയും ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പങ്കെടുക്കും.

ചരിത്രം
ഒരുക്കം‍‌