പ്രദര്‍ശന നഗരിയിലെ രക്തസാക്ഷി സ് ക്വയര്‍

അവര്‍ അഞ്ഞൂറിലേറെപ്പേര്‍: ചങ്കില്‍ തുടിപ്പായി ഇവിടെ പുനര്‍ജനിക്കുന്നു

Monday Feb 19, 2018

തൃശൂര്‍ > 'വീണ്ടും ഫെബ്രുവരി. ഖദറിനുള്ളില്‍ കഠാരതിരുകിയ കുട്ടികോണ്‍ഗ്രസുകാര്‍ വിദ്യാര്‍ഥി നേതാവിന്റെ ജീവന്‍ പിഴുതെടുത്തദിനം. ഇന്റര്‍സോണ്‍ കലോത്സവ വേദികളില്‍ കലാലയ പ്രതിഭകള്‍ മാറ്റുരയ്ക്കുമ്പോഴായിരുന്നു കെഎസ്യു  ക്രിമിനല്‍സംഘം എസ്എഫ്ഐ നേതാവ് ആര്‍ കെ കൊച്ചനിയനെ കുത്തിവീഴ്ത്തിയത്'... സിപിഐ എം സംസ്ഥാന സമ്മേളന ചിരസ്മരണ പ്രദര്‍ശനനഗരിയിലെ രക്തസാക്ഷി സ്ക്വയറില്‍ കൊച്ചനിയന്‍ ഇന്നും ജീവിച്ചിരിക്കുന്നു. കൊച്ചനിയന്‍ മാത്രമല്ല, നാടിന്‍വിമോചന രണാങ്കണങ്ങളില്‍ ജീവിതം സമര്‍പ്പിച്ച അഞ്ഞൂറില്‍പ്പരം രക്തസാക്ഷികളുടെ സ്മരണ ഇവിടെ പുതുക്കുന്നു. കോണ്‍ഗ്രസ്, ആര്‍എസ്എസ്, ജന്മി- ഗുണ്ടാ ആക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍, സമരപോരാട്ടങ്ങളില്‍ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയവര്‍ എന്നിങ്ങനെ ചരിത്രം ഇവിടെ പുനര്‍ജനിക്കുകയാണ്. സിപിഐ എമ്മിനെതിരെ അക്രമ മുറവിളിയുമായി രംഗത്തുള്ള കോണ്‍ഗ്രസിനും ബിജെപിക്കുമുള്ള മറുപടിയാണീ രക്തസാക്ഷി സ്ക്വയര്‍.

ഓരോ രക്തസാക്ഷിയുടെയും ചിത്രവും കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള ചെറുവിവരണവുമുണ്ട്. ആദ്യകാല കമ്യൂണിസ്റ്റ്- കര്‍ഷക പോരാട്ടങ്ങള്‍ തുടങ്ങി സമകാലിക സംഭവങ്ങളില്‍ ഉള്‍പ്പെടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണകള്‍ ഇവിടെ പുതുക്കുന്നു. ആദ്യകാലപോരാളികളുടെ പലരുടെയും ചിത്രങ്ങളില്ല. പകരം രക്തസാക്ഷി സ്തൂപങ്ങളാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

1992 ഫെബ്രുവരി 29നാണ് എസ്എഫ്ഐ തൃശൂര്‍ ജില്ലാകമ്മിറ്റിയംഗവും കുട്ടനല്ലൂര്‍ ഗവ. കോളേജ് യൂണിയന്‍ ജനറല്‍സെക്രട്ടറിയുമായിരുന്ന കൊച്ചനിയനെ കെഎസ്യുക്കാര്‍ കൊലപ്പെടുത്തിയത്. 1978 ഫെബ്രുവരി 24നാണ് തൃപ്പൂണ്ണിത്തുറ ആയുര്‍വേദ കോളേജിലെ പി കെ രാജനെ കെഎസ്യു കാപാലികസംഘം കൊലപ്പെടുത്തിയത്. ഇത്തരത്തില്‍ കെഎസ്യു, ഐഎന്‍ടിയുസി, കോണ്‍ഗ്രസ് സംഘം കൊലപ്പെടുത്തിയ കേരളത്തിലെ ഉശിരന്‍ പോരാളികളുടെ ചിത്രങ്ങള്‍ രക്തസാക്ഷി സ്ക്വയറില്‍ സ്ഥാപിച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ് ഭരണകാലത്ത് പൊലീസിനെ ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തിയ പോരാളികളുടെയും നീണ്ട നിരയുണ്ട്. കൂത്തുപറമ്പ് സമരത്തില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രാജീവന്‍, മധു, റോഷന്‍, ബാബു, ഷിബുലാല്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍  സ്മരണ പുതുക്കുന്നു. കയ്യൂര്‍ സമരപോരാളികളായ അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ചമ്പുനായര്‍ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.

ആര്‍എസ്എസ്- ബിജെപി സംഘങ്ങള്‍ അരുംകൊല നടത്തിയവരുടെ ചിത്രങ്ങളും സ്ക്വയറിലുണ്ട്. നൂറുകണക്കിന് പോരാളികളുടെ ജീവനാണ് സംഘപരിവാര്‍ സംഘം കവര്‍ന്നെടുത്തത്. സ്ത്രീകളെയും  ഇവര്‍ വെറുതെ വിട്ടിട്ടില്ല. ഉദയംപേരൂരില്‍ ആര്‍എസ്എസുകാര്‍ വീടുകയറി നടത്തിയ അക്രമത്തില്‍ കൊല്ലപ്പെട്ട സരോജിനിയുടെ ചിത്രം ഇതിന് തെളിവാണ്.

മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് രക്തസാക്ഷി സ്ക്വയര്‍ ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനകമ്മിറ്റി കണ്‍വീനര്‍ വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതം പറഞ്ഞു.

ചരിത്രം
ഒരുക്കം‍‌