മലബാറിന്റെ സിംഹമായ കൊടുങ്ങല്ലൂരിന്റെ സാഹിബ്

Wednesday Feb 14, 2018
പി വി ബിമല്‍കുമാര്‍
കൊടുങ്ങല്ലൂരില്‍ മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബ് ജനിച്ച വീട് (ഉള്‍ചിത്രം): സാഹിബ്

കൊടുങ്ങല്ലൂര്‍ > 'വളരെയേറെ വിലമതിക്കുന്ന സ്നേഹബന്ധമാണ് അബ്ദുറഹിമാന്‍ സാഹിബുമായി എനിക്കുണ്ടായിരുന്നത്. അദ്ദേഹം കെപിസിസി പ്രസിഡന്റും ഞാന്‍ സെക്രട്ടറിയുമായി രണ്ട് കൊല്ലം നടത്തിയ  പ്രവര്‍ത്തനം കേരള രാഷ്ട്രീയത്തെയാകെ തന്നെ മാറ്റാന്‍ സഹായിച്ചതാണ്. അതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.' മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ചുള്ള തന്റെ ലേഖനത്തില്‍ ഇ എം എസ് ഇങ്ങനെ എഴുതി. വര്‍ഷങ്ങള്‍ക്കിപ്പുറം തൃശൂരില്‍ സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ 'മലബാര്‍ സിംഹം' എന്നറിയപ്പെട്ട സ്വാതന്ത്യ്ര സമരസേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ ഓര്‍മയില്‍ ആവേശം കൊള്ളുകയാണ് അദ്ദേഹത്തിന്റെ ജന്മനാടായ കൊടുങ്ങല്ലൂര്‍.

കൊടുങ്ങല്ലൂര്‍ അഴീക്കോടുളള കറുകപ്പാടത്ത് തറവാട്ടിലായിരുന്നു മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിന്റെ ജനനം. ഉലയില്‍ ഊതിക്കാച്ചിയെടുത്ത കനകമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞ സാഹിബ് മദിരാശി പ്രസിഡന്‍സി കോളേജില്‍ പഠനകാലത്താണ് ദേശീയപ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുന്നത്. മഹാത്മാ ഗാന്ധിയുടെ ആഹ്വാനം സ്വീകരിച്ച് കോളേജ് വിട്ടിറങ്ങി. പിന്നീട്, ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള ഐതിഹാസിക സമരങ്ങളുടെ നേതൃത്വമായി മാറുകയായിരുന്നു.

'പി കൃഷ്ണപിള്ള, കെ കേളപ്പന്‍, അബ്ദുറഹിമാന്‍ സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട് കടപ്പുറത്ത് ഉപ്പുസത്യഗ്രഹം നടന്നത്. 1930 മെയ് 12ന് നടന്ന സമരത്തില്‍ ജനങ്ങള്‍ വീറോടെ അണിനിരന്നു. സത്യഗ്രഹ സമരത്തിനെത്തിയവര്‍ക്കുനേരെ പൊലീസ് സൂപ്രണ്ട് ആമുവിന്റെ നേതൃത്വത്തില്‍ കൊടിയ മര്‍ദനമാണ് അഴിച്ചുവിട്ടത്. പൊതിരെ തല്ലിയിട്ടും സമരമുഖത്തുറച്ചുനിന്ന സാഹിബിനെ പൊലീസുകാര്‍ ലാത്തികൊണ്ട് ഞെരിച്ച് ശ്വാസംമുട്ടിച്ച് നിലത്തുവീഴ്ത്തി.' കുട്ടിക്കാലത്ത് കലങ്ങിയ കണ്ണുകളോടെ സാഹിബിനെക്കുറിച്ച് ഉമ്മ പറഞ്ഞുതന്ന കഥ കാതിയാളം അബൂബക്കര്‍ ഓര്‍ത്തെടുത്തു. സാഹിബിന്റെ മൂത്തസഹോദരിയുടെ മകളാണ് കാതിയാളം അബൂബക്കറിന്റെ ഉമ്മ ബീമക്കുട്ടി. മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിനെക്കുറിച്ച് 41 കവികളെഴുതിയ കവിതകളുടെ പ്രസാധനച്ചുമതല നിര്‍വഹിച്ചത് കാതിയാളം അബൂബക്കറായിരുന്നു.

പി കുഞ്ഞിരാമന്‍നായരും വൈലോപ്പിള്ളിയും ഇടശ്ശേരിയും സച്ചിദാനന്ദനും ഉള്‍പ്പെടെയുള്ളവരുടെ കവിതകളാണ് സമാഹരിച്ചത്. കവിതകള്‍ ആവശ്യപ്പെട്ട് പലര്‍ക്കും എഴുതിയപ്പോള്‍ ആവേശകരമായ പ്രതികരണമാണ് ലഭിച്ചതെന്ന് കാതിയോളം അബൂബക്കര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന കവികള്‍മുതല്‍ അദ്ദേഹം അന്തരിച്ച് കാല്‍ നൂറ്റാണ്ടിനുശേഷം ജനിച്ച കവികള്‍വരെ കവിതകള്‍ നല്‍കി.

സ്വാതന്ത്യ്ര സമരത്തില്‍ ജ്വലിച്ചുനിന്നപ്പോഴും യൌവനതീക്ഷ്ണമായ ജീവിതം കാരാഗൃഹത്തില്‍ ഹോമിക്കേണ്ടിവന്നപ്പോഴും സ്വന്തം ആത്മാവില്‍ കവിതയുടെ ഒരു കുടന്ന നിലാവ് കാത്തുസൂക്ഷിച്ച സഹൃദയനായിരുന്നു അബ്ദുറഹ്മാന്‍ സാഹിബ്. ഖിലാഫത്ത് പ്രസ്ഥാനത്തെനയിച്ച്, മതമൈത്രിയുടെ സന്ദേശവുമായി മലബാറാകെ വെണ്‍സൂര്യനായി നിറഞ്ഞ്, സ്വാതന്ത്യ്രസമര പോരാട്ടത്തെ നയിച്ച സാഹിബ് സാംസ്കാരിക നാട്ടിലെയും  പോരാട്ടങള്‍ക്കെന്നും മുതല്‍ക്കൂട്ടാണ്. ഇ എം എസിന്റെ പിന്മുറക്കാര്‍ ആവേശത്തോടെ സിപിഐ എം സമ്മേളനം ചരിത്രവിജയമാക്കാനൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ആദ്യ പൊതുപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ച തൃശൂരും ആദ്യകാല സഹപ്രവര്‍ത്തകരും ആവേശഭരിതമായ പ്രചോദനമാണ്.

ചരിത്രം
ഒരുക്കം‍‌