ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടി: പിണറായി

Sunday Feb 25, 2018

തൃശൂര്‍>  കോണ്‍ഗ്രസ് പ്രസ്ഥാനം വലിയ തോതില്‍ ദുര്‍ബലമായിരിക്കുകയാണെന്നും അവരുടെ ക്ഷീണം മറച്ചുവെക്കാന്‍ മാധ്യമങ്ങള്‍ വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിയുടെ ആശയം വര്‍ഗശത്രുക്കളെ വല്ലാതെ വേവലാതിപ്പെടുത്തുന്നുണ്ടെന്നും കമ്മ്യൂണിസ്റ്റ് ഭൂതമെന്ന് ഈ പ്രസ്ഥാനത്തെ അതുകൊണ്ടാണ് വിളിക്കുന്നതെന്നും പിണറായി പറഞ്ഞു. തൃശൂരില്‍ സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്ക് കീഴപ്പെട്ടുകൊണ്ടായിരിക്കണം. വിഭാഗീയത കുറഞ്ഞു എന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ ഏവരും പരിഹസിക്കുകയായിരുന്നു. പല സ്ഥലങ്ങളില്‍ അത് നിലനില്‍ക്കുന്നു എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ ഒരു സ്ഥലം പോലും ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ എം അതിന്റെ എല്ലാ ശക്തിയോടെയും മുന്നേറുകയാണ്. സമ്മേളനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനു മുമ്പു തന്നെ ചോര്‍ന്നു കിട്ടിയെന്ന് ചിലര്‍ വീമ്പുപറഞ്ഞു. എന്നാല്‍ റിപ്പോര്‍ട്ടുമായി യാതൊരു ബന്ധവും ഇല്ലാത്ത വിധം അസംബന്ധങ്ങളായിരുന്നു അവര്‍ പ്രചരിപ്പിച്ചതെന്ന് പിന്നീട് കാണാനാകുകയായിരുന്നു.

അബദ്ധങ്ങളാണ് അവര്‍ പടച്ചുവിട്ടത്.ജനറല്‍ സെക്രട്ടറിസമ്മേളനത്തില്‍ പറഞ്ഞ മറുപടി പോലും തെറ്റായി പ്രചരിപ്പിക്കുകയാണ്. ഒരു വാര്‍ത്തയും അവര്‍ക്ക് കിട്ടിയിട്ടില്ല എന്നാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കൂടുതല്‍ ശക്തി നേടി എന്നാല്‍ കൂടുതല്‍ ആക്രമണം നേരിടാന്‍ പോകുന്നു എന്നാണര്‍ത്ഥം. കോണ്‍ഗ്രസിന്റെ പ്രധാന തൂണായ കേരള കോണ്‍ഗ്രസ് പോയിരിക്കുന്നു. അവരുടെ പ്രധാന ശക്തികളെല്ലാം യുഡിഎഫില്‍ നിന്നും മാറിയിരിക്കുകയാണ്. കോണ്‍ഗ്രസിന് ഏതെങ്കിലും കാര്യത്തില്‍ യോജിച്ച നടപടി ഉണ്ടോ; അദ്ദേഹം ചോദിച്ചു.

 കണ്ണൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ സമാധാന ശ്രമത്തെ പോലും കോണ്‍ഗ്രസിലെ ഒരു വിഭാഗം അലങ്കോലമാക്കി. ലീഗിന്റെ അവസ്ഥയും പരമദയനീയമായിരിക്കുന്നു. കോണ്‍ഗ്രസ് വച്ചുമാറിയ സീറ്റാണ് ബിജെപിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലഭിച്ചതെന്നും പിണറായി പറഞ്ഞു. ബിജെപി കേന്ദ്രനേതാക്കള്‍ ഒന്നായി അണിനിരന്നിട്ടും ഒരു ചലനവും അവര്‍ക്കുണ്ടാക്കാനായില്ല. മതനിരപേക്ഷക്കെതിരെ ഉയരുന്ന ഏത് വെല്ലുവിളിയും കേരളം ചെറുക്കും. സംഘപരിവാര്‍ അജണ്ട പുറത്തെടുക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നപടി ഉണ്ടാകുമെന്നും പ്രസംഗത്തില്‍ അദ്ദേഹം വിശദീകരിച്ചു
 

ചരിത്രം
ഒരുക്കം‍‌