21 May Monday

വര്‍ഗീയതയില്‍ വിരിയിച്ചത്

Monday Mar 13, 2017
ശതമന്യു

ചീത്തവിചാരങ്ങളും അന്ധവിശ്വാസങ്ങളും മനുഷ്യന്റെ മനസ്സില്‍ തിളച്ചുമറിയുന്ന കാലമാണ്. ഒരു ഭാഗത്ത് പീഡനങ്ങളുടെ പരമ്പര. മറുഭാഗത്ത് മഴ പെയ്യിക്കാന്‍ യാഗവും പ്രാര്‍ഥനയും മന്ത്രിച്ച് ഊതലും. വേറൊരു വശത്ത് വര്‍ഗീയരാഷ്ട്രീയക്കാരന്റെ അഴിഞ്ഞാട്ടത്തിന് ഏറുന്ന പിന്തുണ. ഇതൊന്നും പോരാഞ്ഞ് സദാചാരക്കുത്തക പാട്ടത്തിനെടുത്തവന്റെ അഴിഞ്ഞാട്ടം. ഇങ്ങനെയൊരു കെട്ടകാലത്ത് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വിജയമുണ്ടായതില്‍ അമ്പരപ്പിന്റെയും അത്ഭുതത്തിന്റെയും കാര്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപി തൂത്തുവാരിയതാണവര്‍. എണ്‍പതില്‍ 71 സീറ്റും നേടിയതുകൊണ്ടാണ് മോഡി നോര്‍ത്ത് ബ്ളോക്കിലെത്തിയത്. 14 കൊല്ലംമുമ്പ് കൈവിട്ടുപോയ ഉത്തര്‍പ്രദേശ് ഭരണം ഇപ്പോള്‍ തിരിച്ചുപിടിച്ചു എന്നേയുള്ളൂ. നോട്ട് പിന്‍വലിക്കല്‍ പാവപ്പെട്ടവന്റെ ജീവിതത്തില്‍ വീഴ്ത്തിയ ദുരിതത്തെ കള്ളപ്പണം, കള്ളനോട്ട്, അതിര്‍ത്തിയിലെ തണുപ്പ്, രാജ്യസ്നേഹം എന്നിങ്ങനെയുള്ള രാസപ്രക്രിയകളിലൂടെ വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞതാണ് മോഡി- അമിത്ഷാ കൂട്ടുകെട്ടിന്റെ വിജയമായി കരുതേണ്ടത്. അധ്വാനിച്ച് പണം നേടാം; ചതിച്ചും മോഷ്ടിച്ചും പണക്കാരനാകാം. വോട്ട് ചെയ്ത നൂറുപേരില്‍ നാല്‍പ്പതോ നാല്‍പ്പത്തൊന്നോ പേരുടെ പിന്തുണ കിട്ടുന്നവന്‍ വിജയിയും ബാക്കി അറുപതിന്റെ പിന്തുണയുള്ളവര്‍ പരാജിതരുമാകുന്നതാണ് ജനാധിപത്യ പ്രക്രിയ. അതുകൊണ്ട് ഫലത്തില്‍ അത്ഭുതമില്ല, പക്ഷേ, അതിന്റെ ബലത്തില്‍ ആര്‍എസ്എസ് പൊടിതട്ടി എടുക്കാന്‍ പോകുന്ന അജന്‍ഡകളില്‍ കണ്ണുവേണം.

നോട്ടുകെട്ടും നോട്ട് പിന്‍വലിക്കലും പശുവും പാകിസ്ഥാനുമാണ് ബിജെപി തെരഞ്ഞെടുപ്പായുധമാക്കിയത്. പ്രത്യേക മതവിഭാഗത്തിന്റെ പാര്‍ടിയാണെന്ന് സ്ഥാപിക്കാന്‍ സ്ഥാനാര്‍ഥി നിര്‍ണയംപോലും അവസരമാക്കിയ ബിജെപിക്ക് ലഭിച്ചത് തെറ്റിദ്ധരിക്കപ്പെടുകയും കബളിപ്പിക്കപ്പെടുകയും ചെയ്ത ജനങ്ങളുടെ വോട്ടാണ്. സ്വന്തം ദുരിതം മറന്ന് വിരാട്പുരുഷനില്‍ അഭയം തേടുകയും പരലോകത്തെ സുഖജീവിതത്തിന് ഇഹലോകത്ത് ഭഗവദ്ധ്വജം ഉയര്‍ത്തിപ്പിടിക്കണമെന്ന അബദ്ധവിശ്വാസം തലയില്‍ കയറ്റുകയും ചെയ്യുന്നവര്‍ക്കുമുന്നില്‍ ചുമടുതാങ്ങിയായി അഭിനയിച്ചതിന്റെ പ്രതിഫലമാണീവിജയം. ഇതില്‍ രാഷ്ട്രീയമല്ല, വര്‍ഗീയതയാണ് മുഴച്ചുനില്‍ക്കുന്നത്.

കോണ്‍ഗ്രസ് മരിച്ചിട്ടില്ല എന്ന തോന്നലുളവാക്കാന്‍ ഈ തെരഞ്ഞെടുപ്പുഫലങ്ങള്‍ക്ക് കഴിഞ്ഞു എന്നത് വസ്തുതയാണ്. പഞ്ചാബിലെങ്കിലും മുന്നോട്ടുനടന്നല്ലോ. യുപിയില്‍ തകര്‍ന്നടിഞ്ഞതും ഉത്തരാഖണ്ഡില്‍ വന്‍ തിരിച്ചടിയേറ്റതും മണിപ്പുരില്‍ പുറകോട്ടുപോയതും കോണ്‍ഗ്രസിന്റെ ദയനീയത പ്രകടമാക്കിയെങ്കിലും ഗോവയില്‍ അവര്‍ മോശമാക്കിയില്ല. യുപിയില്‍ ബിജെപിക്ക് ബദലെന്ത് എന്ന് നോക്കിയ വോട്ടര്‍മാര്‍ കണ്ടത് പല മുഖങ്ങള്‍. ഓരോരുത്തരും തോന്നുംപോലെ വോട്ട് കുത്തി. ഫലംവന്നപ്പോള്‍ ന്യൂനപക്ഷവോട്ടിന് ഭൂരിപക്ഷം സീറ്റ് കിട്ടുകയും അത് മോഡിമാജിക്കും സംഘവിജയവുമായി മാറുകയും ചെയ്തു.

------------------------------
ബൂര്‍ഷ്വാ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ ചേരുവകള്‍ പലതും വേണം. വര്‍ഗീയതയാണ് മുന്നിലെങ്കിലും അതുമാത്രമല്ല മോഡി- അമിത് ഷാ ദ്വന്ദ്വത്തിന്റെ ആയുധങ്ങളെന്ന് മനസ്സിലാക്കാത്തതാണ് കോണ്‍ഗ്രസ് യുപിയില്‍ ഉപ്പുവച്ച കലംപോലെയാകാനുള്ള ഒരു കാരണം. യുപിയിലെ കോണ്‍ഗ്രസിന്റെ മുടിചൂടാമന്നനായിരുന്ന എന്‍ ഡി തിവാരി ഇന്ന് കോണ്‍ഗ്രസിലില്ല. കോണ്‍ഗ്രസില്‍നിന്നാണ് ബിജെപിയുടെ റിക്രൂട്ട്മെന്റ്്. ഉത്തര്‍പ്രദേശിന്റെ ഭൂമിശാസ്ത്രവും രസതന്ത്രവും ഊര്‍ജതന്ത്രവും ഹൃദിസ്ഥമാക്കിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അമിത് ഷാ മുസഫര്‍നഗറടക്കമുള്ള വര്‍ഗീയകലാപങ്ങള്‍ ആസൂത്രണം ചെയ്തത്. ജനതയെ അവര്‍ നന്നായി പഠിച്ചു. വേണ്ട തന്ത്രങ്ങളൊരുക്കി. ജാതിതിരിഞ്ഞുള്ള രാഷ്ട്രീയത്തെ മതംതിരിഞ്ഞുള്ളതാക്കാനും മുസ്ളിം ഭൂരിപക്ഷപ്രദേശങ്ങളിലടക്കം എതിര്‍വോട്ടുകള്‍ ഭിന്നിപ്പിച്ച് ഹിന്ദുവോട്ടുകള്‍ പരമാവധി സ്വന്തം പെട്ടിയിലെത്തിക്കാനും അമിത് ഷായുടെ ആസൂത്രണത്തിന് കഴിഞ്ഞപ്പോള്‍, അത്  ചെറുക്കാതെ അതേവഴിയില്‍ ചരിക്കാന്‍ തയ്യാറായതാണ് കോണ്‍ഗ്രസിന്റെ ദുരന്തത്തിന് തീവ്രത കൂട്ടിയത്.

നോട്ട് നിരോധനത്തില്‍ മറ്റു പാര്‍ടികള്‍ കുത്തുപാളയെടുത്തപ്പോള്‍ ബിജെപിയുടെ ഖജനാവ് നിറഞ്ഞുതുളുമ്പുകയായിരുന്നു. പണത്തിന്റെ കുത്തൊഴുക്കും ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിന്യാസവും വരച്ച വരയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനവും ഏശുമെന്നുറപ്പിച്ച് തൊടുത്ത വര്‍ഗീയക്കാര്‍ഡുകളും കേന്ദ്രഭരണത്തിന്റെ അസാധാരണമായ ദുരുപയോഗവും ബിജെപിയെ മുന്നോട്ടുനയിച്ചു. സംസ്ഥാനഭരണം കൈയിലുണ്ടായിട്ടും അഖിലേഷ് യാദവിന് ഒന്നും കാണാനും ചെറുക്കാനുമായില്ല. അഖിലേഷിന്റെ പാര്‍ടിയില്‍ പിതൃ-പുത്ര യുദ്ധം സൃഷ്ടിച്ചും അമര്‍സിങ്ങിന്റെ രൂപത്തില്‍ ശകുനിയെ ഇറക്കിയും അമിത് ഷാ പിന്നെയും മുന്നേറി. കോണ്‍ഗ്രസാകട്ടെ, മുന്നണിയിലെ ദുര്‍ബലസാന്നിധ്യമായി സ്വന്തം തട്ടകങ്ങളില്‍പ്പോലും കിതച്ചും തളര്‍ന്നും ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തക്കാഴ്ചയായി.
 
രാഷ്ട്രീയവുമില്ല,  ബുദ്ധിയുമില്ല, തന്ത്രവുമില്ല, വിശ്വാസ്യതയുമില്ല. ശേഷിയുള്ള നേതൃത്വം തീരെയില്ല. രാജ്യം നോട്ടുദുരന്തത്തില്‍ കത്തിയെരിയുമ്പോള്‍ പുതുവത്സരാഘോഷത്തിന് വിമാനം കയറിയ നേതാവില്‍നിന്ന് കോണ്‍ഗ്രസ് അണികളും കൂടുതലൊന്നും പ്രതീക്ഷിച്ചില്ല. ബിജെപിയുടെ വര്‍ഗീയതയുടെ വിജയത്തോടൊപ്പംതന്നെ കോണ്‍ഗ്രസിന്റെ നയരാഹിത്യത്തിന്റെയും നേതൃദാരിദ്യ്രത്തിന്റെയും പരാജയംകൂടിയാണ് യുപിയില്‍ കണ്ടത്. നോട്ട് നിരോധനം ബിജെപി നേട്ടമാക്കിയപ്പോള്‍, അതിന്റെ ദുരിതവും ജനവിരുദ്ധതയും പറഞ്ഞ് ബോധ്യപ്പെടുത്താന്‍പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗാന്ധികുടുംബപാരമ്പര്യം പറഞ്ഞ് വോട്ട് പാട്ടിലാക്കാന്‍ പ്രിയങ്കയെ ഇറക്കിയതും വൃഥാവിലായി. രാഹുല്‍ഗാന്ധി പരിപൂര്‍ണ പരാജയമാണെന്ന പ്രതീതിയാണ് ഈ ഫലത്തില്‍ അരക്കിട്ടുറപ്പിക്കുന്നത്.
 
കോണ്‍ഗ്രസിനൊപ്പം ജനങ്ങളില്ല. വിശ്വാസമില്ലായ്മകൊണ്ടാണ്. അത് ആര്‍ജിക്കാന്‍ തല്‍ക്കാലം കോണ്‍ഗ്രസിന് ശേഷിയില്ല. പാര്‍ലമെന്റിലെ പ്രതിപക്ഷത്തിന്റെ ജോലിപോലും ഭംഗിയായി നിര്‍വഹിക്കാന്‍ കഴിവില്ലാത്ത കോണ്‍ഗ്രസ് പറയുന്നത് എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യംകൂടിയാണ് യുപിയില്‍നിന്നുയരുന്നത്. ശക്തമായ പ്രതിപക്ഷമെന്നത് പോകട്ടെ, നട്ടെല്ലുള്ള  കക്ഷി എന്ന സ്വത്വംപോലും നഷ്ടപ്പെട്ട കോണ്‍ഗ്രസിന്റെ ദുരന്തമാണിത്. മോഡി  ശ്മശാന ഖബര്‍സ്ഥാന്‍’പരാമര്‍ശം നടത്തുമ്പോള്‍, 'പോകൂ പാകിസ്ഥാനിലേക്ക്' എന്ന് സംഘപരിവാര്‍ ആക്രോശിക്കുമ്പോള്‍, നട്ടെല്ല് നിവര്‍ത്തി വര്‍ഗീയതയ്ക്കെതിരെ ശബ്ദിക്കാന്‍ കഴിയാത്ത ചോക്ളേറ്റ് രാഹുലിനെ എങ്ങനെയാണ് മതനിരപേക്ഷചിന്തയുള്ളവര്‍ വിശ്വസിക്കുക?

--------------------
ആര് എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസിന്റെ ദുരന്തം സുധീരന് മനസ്സിലായിട്ടുണ്ട്. ആദര്‍ശം എന്ന സാങ്കല്‍പ്പികമായ പരിവേഷം കഞ്ഞിമുക്കി വടിപ്പരുവത്തിലാക്കി ധരിച്ച് ഇത്രയും കാലം നടത്തിയ അഭ്യാസങ്ങള്‍കൊണ്ടും തനിക്ക് പിഴച്ചുപോകാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാകും, പരാജയം സമ്മതിച്ച് സുധീരന്‍ മംഗളം പാടിയത്. പുറമ്പോക്കിലിരുന്ന് പ്രതിപക്ഷം കളിച്ച സുധീരന്‍ അമ്പരപ്പ് സൃഷ്ടിച്ചാണ് കോണ്‍ഗ്രസിന്റെ തലപ്പത്തെത്തിയത്. വന്നതുപോലെ പുറത്തേക്കും പോകുന്നു. പൊടുന്നനെ കെപിസിസി അധ്യക്ഷസ്ഥാനമൊഴിഞ്ഞ സുധീരന്‍ മടങ്ങിവരണമെന്ന് ഒരു കോണ്‍ഗ്രസുകാരനും അഭ്യര്‍ഥിക്കുന്നത് കേട്ടില്ല.

ആര്‍ക്കും വേണ്ടാത്ത ജന്മമായി മൂന്നുവര്‍ഷത്തെ നേതൃപദവിയില്‍നിന്നിറങ്ങുന്ന സുധീരനില്‍ കാണാം കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥ. മാര്‍ക്സിസ്റ്റ് വിരോധ മാധ്യമങ്ങളുടെ ഇഷ്ടക്കാരനായതുകൊണ്ടും ആരും അറയ്ക്കുന്ന പ്രതികരണങ്ങള്‍കൊണ്ടും പച്ചക്കള്ളങ്ങളുടെ ബലത്തിലും രാഷ്ട്രീയനാട്യതിലകമായി സ്വയം അടയാളപ്പെടുത്തിയും കല്‍പ്പാന്തകാലം തുടരാമെന്ന ധാരണ സുധീരന്‍ ഉപേക്ഷിച്ചു. അണികളും ആരവവുമില്ലാതെ അനങ്ങാപ്പാറയായി ശിഷ്ടകാലം തീര്‍ക്കാന്‍ സുധീരനെ ശിക്ഷിച്ചയക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയംതന്നെയാണ്. യുപിയിലും കേരളത്തിലും ഒരുപോലെയാണ് കോണ്‍ഗ്രസ്. തിരിച്ചറിവില്ല. ഏതാണ് വിപത്തെന്ന് ധാരണയില്ല. ഉദരനിമിത്തം ബഹുകൃത വേഷം. മാര്‍ക്സിസ്റ്റ് വിരോധംകൊണ്ട് കാളനും ഓലനും അവിയലും സാമ്പാറും തയ്യാറാക്കി സ്വയം ഭക്ഷിച്ച് സംഘപരിവാറിന് സേവചെയ്യുന്ന ദുരന്തമാണ് കോണ്‍ഗ്രസ് ഇന്ന്. രാജ്യം വര്‍ഗീയതയുടെ പിടിയില്‍നിന്ന് രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ചോദിക്കാം- കോണ്‍ഗ്രസുകാരേ എന്തൊരു ദുരന്തമാണ് നിങ്ങള്‍ എന്ന്്. ആര്‍എസ്എസിന്റെ ഫാസിസ്റ്റ് ഭീഷണിയെ നേരിടാന്‍ കോണ്‍ഗ്രസിന് കഴിവില്ല എന്നുവരുമ്പോള്‍ സംഘികോണ്‍ഗ്രസുകാര്‍ കാവിക്കൊടി പിടിക്കും. ജവാഹര്‍ലാലിന്റെയും ഗാന്ധിയുടെയും പാരമ്പര്യത്തെ മതിക്കുന്ന കോണ്‍ഗ്രസുകാര്‍ ഇടത്തോട്ട് ചലിക്കും. വലതുമുന്നണിയില്‍നിന്ന് അങ്ങനെ ഇടത്തേക്കാണ് ഒഴുക്കുണ്ടാവുക *

Top