19 June Tuesday

മൌനവ്രതം

Sunday Dec 4, 2016
സൂക്ഷ്മന്‍

ഒരു ചിത്രത്തില്‍ നായകനാണെങ്കില്‍ മറ്റൊന്നില്‍ വില്ലനാകേണ്ടിവരും. ഗൌരവത്തില്‍നിന്ന് ഹാസ്യത്തിലേക്കും വാര്‍ധക്യത്തില്‍നിന്ന് യൌവനത്തിലേക്കും ഒറ്റയടിക്ക് ചാടേണ്ടിവരുന്നവര്‍ക്കുള്ള ഇടമാണ് ചലച്ചിത്രരംഗം. എല്ലാ വേഷവും അവിടെ ആടി ഫലിപ്പിക്കേണ്ടിവരും. ആ നിലയ്ക്ക് സുരേഷ് ഗോപി എല്ലാ വേഷവും ചെയ്തിട്ടുണ്ടെന്നുതന്നെ പറയണം. സിനിമയായാലുള്ള ഗുണം വിജയിച്ചില്ലെങ്കിലും ജനങ്ങള്‍ കാണും എന്നതാണ്. പൊട്ടിത്തകര്‍ന്ന 'സുന്ദര പുരുഷന്‍' എന്ന സിനിമപോലും സുരേഷ് ഗോപിയുടെ തമാശകണ്ട് ചിരി വരുന്നില്ലെങ്കിലും ഇന്നും കേരളീയര്‍ കാണുന്നുണ്ട്. പലപ്പോഴും കഷ്ടപ്പെട്ട് അഭിനയിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ്, സിനിമ എട്ടുനിലയില്‍ പൊട്ടി എന്ന വാര്‍ത്ത വരിക. അത്തരം അനുഭവങ്ങള്‍ തുടരെയുണ്ടാകുമ്പോള്‍ പുതിയ മേച്ചില്‍പുറം തേടാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും.

ഓടയില്‍നിന്ന് എന്ന ചലച്ചിത്രത്തിലെ ബാലതാരമായി വന്ന സുരേഷ് ഗോപിക്ക് മുതിര്‍ന്നപ്പോള്‍ വില്ലനായാണ്  പ്രവേശനം കിട്ടിയത്. പിന്നെ നായകനും സുപ്പര്‍താരവുമൊക്കെയായെങ്കിലും സിനിമയോടൊപ്പം രാഷ്ട്രീയം ആകാം എന്ന താല്‍പ്പര്യം വരാന്‍ പിന്നെയും സമയമെടുത്തു. ആര്‍പ്പുവിളിയുടെയും സ്നേഹ പ്രകടനങ്ങളുടെയും വെള്ളിവെളിച്ചത്തില്‍നിന്ന് അതിനേക്കാള്‍ പ്രകാശം പരത്തി രാഷ്ട്രീയതാരമാകാമെന്ന മോഹവുമായി വേദികളില്‍നിന്ന് വേദികളിലേക്ക് സന്മാര്‍ഗപ്രസംഗവുമായി താരം സഞ്ചരിച്ചു. കമ്യൂണിസത്തിന്റെ നന്മകളും കോണ്‍ഗ്രസിന്റെ ത്യാഗപാരമ്പര്യവും ആര്‍ഷഭാരത സംസ്കാരത്തിന്റെ കുലീനതയുമെല്ലാം മോഹനകാവ്യങ്ങളായി ആ നാവില്‍നിന്നുതിര്‍ന്നു. ഒടുവില്‍ പൂമാല കിട്ടിയത് മോഡിസ്ഥാനിലാണ്. കാവിക്കൊടിയോട് പുറംതിരിഞ്ഞുനിന്ന കേരളീയര്‍ക്കുമുന്നില്‍ വിലപ്പെട്ട പ്രലോഭനമാണ് ചലച്ചിത്രതാരമെന്ന കണ്ടെത്തല്‍ നടത്തിയത് അമിത് ഷാജിയുടെ കങ്കാണിമാര്‍. ആദ്യ ചൂണ്ടയില്‍ത്തന്നെ ഇര കുരുങ്ങുകയും സ്ഥാനലബ്ധിക്ക് നാളുകളെണ്ണുകയും ചെയ്തു. ചലച്ചിത്ര വികസന കോര്‍പറേഷന്റെ ദേശീയ അധ്യക്ഷപദവി വാഗ്ദാനംചെയ്യപ്പെടുകയും അതിനായി താരം 'ഹോംവര്‍ക്ക്' തുടങ്ങുകയുംചെയ്തു. പകരമായി ബിജെപി വേദികളിലെ സുസ്ഥിര അലങ്കാരമായി സ്വയം     വിട്ടുകൊടുത്തു. മിസ്കോള്‍ അംഗത്വമില്ലെങ്കിലും സംസ്ഥാന പ്രവര്‍ത്തകസമിതിയില്‍ ഇരിപ്പിടം; മോഡിജിക്കും അമിത് ഷാജിക്കുമൊപ്പം വേദിയില്‍ സ്ഥാനംഅത്രയ്ക്കേ കേരളത്തിന്റെ താരത്തിന് വേണ്ടതുള്ളൂ എന്നായിരുന്നു തീരുമാനം.

കേരളത്തില്‍ പ്രതീക്ഷിച്ച ഒഴുക്ക് വന്നില്ല. വെള്ളാപ്പള്ളിയുടെ കച്ചവടം കുഴഞ്ഞുമറിഞ്ഞു. അതോടെയാണ് സുരേഷ് ഗോപിയെ പിണക്കേണ്ടതില്ലെന്നും ആര്‍ക്കും ചേതമില്ലാത്ത ഒരു എം പി സ്ഥാനം കൊടുക്കാമെന്നും തോന്നലുണ്ടായത്. അതിനുപിന്നാലെ  ബിജെപിയിലെ അംഗത്വം വന്നു. കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും നിലവാരത്തിലേക്ക് താഴാനുള്ള നിബന്ധന വന്നു. മേക്കപ്പും കാരവനും ആക്ഷനും കട്ടുമായി ജീവിതം കഴിഞ്ഞതുപോലെയല്ലബിജെപിയായാല്‍, ബീഫ് രഹസ്യമായേ കഴിക്കാവൂ; പിടിക്കപ്പെട്ടാല്‍ ഉള്ളിക്കറിയെന്ന് പറയണം, മാര്‍ക്സിസ്റ്റുകാരെ അന്തം കമ്മികളെന്ന് വിളിക്കണം, തോമസ് ഐസക്കിനെ ശകാരിക്കണം. ഇതൊന്നും വശമില്ലാത്തതാണ് സുരേഷ് ഗോപിയുടെ പ്രശ്നം. സുരേന്ദ്രനും സുരേഷ് ഗോപിയുംതമ്മില്‍ അമിത് ഷാജിയും അദ്വാനിയും തമ്മിലുള്ളതിനേക്കാള്‍ ദൂരമുണ്ട്. ആ ദൂരം കുറയ്ക്കണമെങ്കില്‍ സുരേന്ദ്രന്റെയും കുമ്മനത്തിന്റെയും വാമൊഴി വഴക്കം ശീലിക്കണം; ഉള്ളതിനെ ഇല്ലാത്തതെന്നും ചെറുതിനെ വലുതെന്നും രണ്ടായിരത്തിന്റെ നോട്ടിനെ ഇരുപതിന്റേതെന്നും സ്ഥാപിക്കണം. നോട്ടുദുരിതത്തില്‍ നാട് കരിയുമ്പോള്‍, മോഡീസ്തുതി നീട്ടിപ്പാടുകയുംവേണം. അങ്ങനെയൊരു പാട്ടിനിടെയാണ്, കള്ളപ്പണം, നികുതിവെട്ടിപ്പ് എന്നെല്ലൊം താരപ്രഭയില്‍ എംപി പറഞ്ഞുപോയത്. അപ്പോഴതാ വരുന്നു, കേരളത്തില്‍ ജീവിക്കുന്ന താങ്കള്‍ നികുതി വെട്ടിക്കാനല്ലേ പോണ്ടിച്ചേരിയില്‍ പോയി ആഡംബരവാഹനം രജിസ്റ്റര്‍ ചെയ്തതെന്ന ഉശിരന്‍ ചോദ്യം. സംഗതി സത്യമാണ്. പലരും ചെയ്യുന്നതുമാണ്. പത്തുകോടിയുടെ ഭൂമിക്കച്ചവടം നടത്തി രണ്ടുകോടി കണക്കില്‍കാണിച്ച് ബിജെപി നേതാവ് വെട്ടിപ്പും തട്ടിപ്പുമാണോ നടത്തിയത് എന്നു സംശയിച്ചാല്‍, ആര്‍ഷഭാരതവിശ്വാസികള്‍ക്ക് അതൊക്കെയാകാം എന്ന് മറുപടി കിട്ടും. സുരേഷ് ഗോപി അത്രയ്ക്ക് പഠിച്ചിട്ടില്ല. അതുകൊണ്ട്, ഞാന്‍ മാത്രമല്ലല്ലോ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത്, മാര്‍ക്സിസ്റ്റ് എംഎല്‍എ മുകേഷും ചെയ്തിട്ടില്ലേ എന്ന മറുചോദ്യമാണുയര്‍ന്നത്; അതും സംഘി സ്റ്റൈല്‍തന്നെ. ഒരാള്‍ തെറ്റുചെയ്താല്‍, മറ്റെയാളും ചെയ്തിട്ടുണ്ടല്ലോ എന്ന ന്യായീകരണം. പക്ഷേ മുകേഷ് ഞെട്ടിച്ചുകളഞ്ഞു അദ്ദേഹത്തിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് കേരളത്തില്‍ത്തന്നെ. വെട്ടിപ്പുമില്ല; പറ്റിപ്പുമില്ല. 'ഇനി വെടി കൂടി പൊട്ടിക്കാന്‍ ഞാനില്ല. എന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് പോണ്ടിച്ചേരിയില്‍ അല്ലെന്ന് നിങ്ങള്‍തന്നെ തെളിയിച്ചതാണ്.   വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ല' മുകേഷ് അന്തസ്സ് കാണിച്ചു. സംസര്‍ഗംകൊണ്ട്  ഗുണവുമുണ്ടാകും, ദോഷവുമുണ്ടാകും. നന്മയുടെ വാക്കുകള്‍ മാത്രമായിരുന്നു ഇന്നലെവരെ സുരേഷ് ഗോപിയില്‍ നിന്നുയര്‍ന്നത്. സംഘിസംസര്‍ഗത്തില്‍ ആ നന്മയ്ക്ക് ക്ഷതം വന്നു; പകരം കുശുമ്പു കയറി. ആര്‍ക്കായാലും സങ്കടം വരും. അതുകൊണ്ട് തല്‍ക്കാലം മൌന വ്രതം. ബിജെപി നേതാക്കള്‍ നോട്ടുമാറാനുള്ള തിരക്കിലാണെങ്കില്‍ താരനേതാവിന് വിശ്രമകാലമാണ് ഇനിയും എന്തെങ്കിലും പറഞ്ഞ് നാണംകെടാതിരിക്കാനുള്ള മൌനവ്രതം.

Top