25 June Monday

സിദാന്‍ സ്പര്‍ശത്തിന്റെ റയല്‍...

Thursday Aug 17, 2017
എ എന്‍ രവീന്ദ്രദാസ്

മാസിഡോണിയയുടെ തലസ്ഥാനമായ സ്കോപ്ജെയില്‍ നടന്ന ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1നു കീഴടക്കി റയല്‍ മാഡ്രിഡ് യുവേഫ സൂപ്പര്‍ കപ്പ് ഉയര്‍ത്തിയപ്പോള്‍ അത് പരിശീലകനായ സിനദിന്‍ സിദാന്റെ തൊപ്പിയില്‍ മറ്റൊരു കിന്നരികൂടിയായി. ഈ സൂപ്പര്‍കപ്പ് നേട്ടത്തോടെ ചാമ്പ്യന്‍സ് ലീഗും സൂപ്പര്‍കപ്പും നിലനിര്‍ത്തുന്ന ആദ്യ പരിശീലകനെന്ന ബഹുമതി സിദാനു സ്വന്തം.
റയലിന്റെ മുന്‍ കോച്ച്കൂടിയായ പരിശീലകരിലെ ചാണക്യന്‍ ഹൊസൈ മൊറീന്യോയുടെ കീഴിലിറങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ തുടക്കംമുതല്‍തന്നെ ആധിപത്യം പുലര്‍ത്തിയ കളിയാണ് റയല്‍ പുറത്തെടുത്തത്. കാസിമിറോയും ഇസ്കോയും നേടിയ ഗോളുകള്‍ക്ക് തങ്ങളുടെ വിലയേറിയ താരം റൊമേലുലൂക്കാക്കുവിലൂടെ ഒരുതവണ തിരിച്ചടിക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ പ്രായോഗികതയിലും യഥാര്‍ഥ്യത്തിലും ഊന്നിയുള്ള മൊറീന്യോയുടെ സമീപനവും കേളീതന്ത്രങ്ങളും സിദാന്റെ കുട്ടികളുടെ മുന്നില്‍ വിലപ്പോയില്ല. അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയ സിദാന്‍ ഗരെത്ബെയ്ലിയെ ആദ്യ ഇലവനില്‍ ഇറക്കിയപ്പോഴും റയലിന്റെ കളിയില്‍ കോട്ടമുണ്ടായില്ല.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി ആദ്യമായെത്തിയ മൊറീന്യോ തന്റെ മുന്‍കാല ചരിത്രം അനുസരിച്ച് രണ്ടാം സീസണില്‍ കിരീടം നേടുകയെന്ന ലക്ഷ്യമാണ് മനസ്സില്‍ കൊണ്ടുനടക്കുന്നത്. നടപ്പുസീസണില്‍ ടീമിനെ ഇറക്കിയ ഈ പോര്‍ച്ചുഗീസുകാരന്‍ ലീഗ് കപ്പിലും യൂറോപ്പ ലീഗിലും മാഞ്ചസ്റ്ററിനെ ട്രോഫിയിലേക്കു നയിച്ചു. യൂറോപ്പ ലീഗ് നേട്ടത്തിലൂടെ യൂറോപ്യന്‍ ക്ളബ് ഫുട്ബോളിന്റെ പരമപീഠമായ ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യതയും നേടി. എങ്കിലും ജീവസ്സുറ്റ കളി കാഴ്ചവയ്ക്കാന്‍ മടിച്ചുനിന്ന മാഞ്ചസ്റ്ററിന് ലീഗില്‍ ആറാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സാള്‍ട്ടന്‍ ഇബ്രഹാമോവിച്ചും വെയ്ന്റൂണിയും ഇല്ലാത്ത ഓള്‍ഡ്ട്രാഫോഡില്‍ ലൂക്കാക്കുവും പോള്‍ പോഗ്ബയും നെമാഞ്ച മാറ്റിക്കും താരപ്രഭയോടെ പായുന്നുണ്ടെങ്കിലും ഇംഗ്ളീഷ് വമ്പന്മാരുടെ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മൊറീന്യോ ഇനിയുമേറെ തല പുകയ്ക്കേണ്ടിവരും. റയലിനെതിരെ ഈ സൂപ്പര്‍കപ്പ് പോരാട്ടം അവര്‍ക്ക് തങ്ങളുടെ കരുത്തും ദൌര്‍ബല്യവും തിരിച്ചറിയാന്‍പോന്ന അവസരമാണ്.
അതേസമയം കഴിഞ്ഞവര്‍ഷംസെവിയ്യയെ തോല്‍പ്പിച്ച് കരസ്ഥമാക്കിയ സൂപ്പര്‍ കപ്പാണ് വീണ്ടും റയലിനു മുതല്‍ക്കൂട്ടാവുന്നത്. റയല്‍ മാഡ്രിസില്‍ പരിശീലകനായശേഷമുള്ള എട്ടാം ടൂര്‍ണമെന്റില്‍ സിനാദില്‍ സിദാന്റെ ആറാം കിരീടമാണിത്. 1972ലും 73ലും അയാക്സും 1989ലും 90ലും എസി മിലാനും മാത്രമാണ് സൂപ്പര്‍കപ്പ് നിലനിര്‍ത്തിയത്. 2002, 2014, 2016 വര്‍ഷങ്ങളിലാണ് റയലിന്റെ മുന്‍ സൂപ്പര്‍കപ്പ് നേട്ടങ്ങള്‍. അതതുവര്‍ഷത്തെ ചാമ്പ്യന്‍സ്ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരും തമ്മിലാണ് സൂപ്പര്‍കപ്പ് മത്സരം നടക്കുക.
2013ല്‍ മൊറീന്യോയുടെ പുറത്താകലിനുശേഷമുള്ള നാലു വര്‍ഷങ്ങളില്‍ റയല്‍ മൂന്നുവട്ടം ചാമ്പ്യന്‍സ്ലീഗ് ജേതാക്കളായി. അതില്‍ അവസാനത്തെ രണ്ടും സിദാന്റെ നേട്ടമാണ്. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ കീരിടത്തിനൊപ്പം സിദാന്‍ റയലിനെ ലാലീഗ നേട്ടിലേക്കുമെത്തിച്ചു. 2013നുശേഷം ആദ്യമായി റയലിനെ നേരിടുന്ന മൊറീന്യോക്ക് സൂപ്പര്‍കപ്പിലൂടെ പ്രഹരമേല്‍പ്പിക്കാനും സിദാനു കഴിഞ്ഞിരിക്കുന്നു.
മുമ്പ് റയല്‍ മാഡ്രിഡിന്റെ മൌലികത്വമുള്ള 'ഗലാറ്റിക്കോസി'നോ, 1990കളില്‍ യോഹാന്‍ ക്രൈഫ് ബാഴ്സലോണയില്‍ കെട്ടിപ്പടുത്ത സ്വപ്നടീമിനോ കൈവരിക്കാന്‍കഴിയാത്ത അന്യൂനമായ ഔന്നത്യത്തിലാണ് സിദാനും ഈ ടീമും ഇപ്പോള്‍ എത്തിയിരിക്കുന്നത്. യൂറോപ്യന്‍ കപ്പ് ചാമ്പ്യന്‍സ് ലീഗായി മാറിയതിന്റെ ആദ്യ കാല്‍നൂറ്റാണ്ടില്‍ മറ്റൊരു ക്ളബ്ബിനും അവകാശപ്പെടാനാകാത്ത തുടര്‍വിജയമാണ് കഴിഞ്ഞ സീസണില്‍ സിദാനു കൈവരിക്കാനായത്.
2016 ജനുവരി ഒമ്പതിന് റാഫേല്‍ ബനിറ്റസില്‍നിന്ന് സീനിയര്‍ ടീമിന്റെ ചുമതല ഏറ്റെടുത്തശേഷം സിദാന്‍ സാന്തിയാഗോ ബര്‍ണബ്യൂവില്‍ നടത്തിയത് നിശബ്ദവിപ്ളവമായിരുന്നു. റയലിനെ നിരാശയുടെ കയത്തില്‍നിന്നു കയറ്റാന്‍ സിദാനു വേണ്ടിവന്നത് നാലേ നാലുമാസം. റയല്‍ മാഡ്രിസ് ക്ളബ്ബിന്റെ പ്രസിഡന്റ് ഫ്ളോറന്റിനോ പെരസിന്റെ സൂത്രശാലിത്വത്തില്‍ അധിഷ്ഠിതമായ പ്രായോഗികതലവും ഒരു കേളീശൈലിയും അവലംബിക്കാതെ കളിക്കാരുടെ കഴിവുകള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തുന്ന സിദാന്റെ ഭാവനാസമ്പന്നതയും ചേര്‍ന്നപ്പോള്‍ റയല്‍ കിടയറ്റ കളിസംഘമായി മാറിയെന്നതാണ് വാസ്തവം. സ്ഥാനം ഏറ്റെടുത്ത് 512 ദിവസത്തിനിടയിലാണ് ഫ്രാന്‍സിന്റെ ഈ മുന്‍ ലോകകപ്പ് ജേതാവ് ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം വിജയത്തിലൂടെ റയലിനെ അടിമുടി മാറ്റിപ്പണിഞ്ഞതെന്നതെന്നും വിസ്മയത്തോടെയേ കാണാനാവൂ. ഏതു ടീമിനോടും സമരസപ്പെട്ടുപോകാന്‍ ബുദ്ധിമുട്ടായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലും മെരുക്കിയെടുത്ത സിദാന്‍ എല്ലാ കളിക്കാരില്‍നിന്നും ആവശ്യമുള്ളത് നേടിയെടുത്തു. അസാധാരണമായ ഈ സിദാന്‍ സ്പര്‍ശത്തിലൂടെ റയല്‍യാത്ര തുടരുകയാണ്; പുതിയ നേട്ടങ്ങളിലേക്കും കിരീടങ്ങളിലേക്കും...

Top