25 June Monday

സംഘിബുദ്ധിയുടെ 'പെരുമ'

Tuesday Jan 10, 2017
ശതമന്യു

'നായുടെ വാലൊരു പന്തീരാണ്ടേയ്ക്കായതമാകിന കുഴലതിലാക്കി പിന്നെയെടുത്തതു നോക്കുന്നേരം മുന്നേപ്പോലെ വളഞ്ഞേയിരിപ്പൂ' എന്നുമാത്രമല്ല കുഞ്ചന്‍നമ്പ്യാര്‍ പാടിയിട്ടുള്ളത്. അതേ അര്‍ഥം വരുന്ന അനേകം വരികളുണ്ട്. കാച്ചിത്തിളപ്പിച്ച പാലില്‍ കഴുകിയാല്‍ കാഞ്ഞിരക്കായിന്റെ കയ്പ്പു ശമിച്ചീടുമോ എന്ന ചോദ്യം അതിലൊന്നാണ്. ശ്വാനന്റെ വാലിലെ വളവുമാറ്റാനും കാരസ്കരക്കുരുവിന്റെ കയ്പ്പുമാറ്റാനും ആര്‍ഷഭാരതത്തിലും അഭിനവ ഭാരതത്തിലും മരുന്നില്ല. അതുതന്നെയാണ് സംഘിബുദ്ധിയുടെ കാര്യത്തിലും സ്ഥിതി. സംഘിബുദ്ധി എന്നാല്‍ ബുദ്ധിശൂന്യതയെ സൂചിപ്പിക്കുന്നു. സംഘിവിരചിത ചരിത്രമെന്നാല്‍ ചരിത്രനിഷേധത്തെ സൂചിപ്പിക്കുന്നു. സംഘിവചനമെന്നാല്‍ പൊളിവചനമെന്ന് സാരം. നോട്ടുദുരന്ത പ്രഖ്യാപനാനന്തരം അമ്പതുദിവസംകൊണ്ട് സകല വിഷമവും തീരുമെന്നും തീര്‍ത്തില്ലെങ്കില്‍ ശിക്ഷിച്ചോളൂ; കത്തിച്ചോളൂ എന്നും വെല്ലുവിളിമുഴക്കിയ നരേന്ദ്ര മോഡി കറകളഞ്ഞ സംഘിയാണ്. രാഷ്ട്രപിതാവിനെ മോഹന്‍ലാല്‍ ഗാന്ധിയാക്കിയും ദേശീയപതാകകൊണ്ട് മുഖംതുടച്ചും സംഘിത്വം മോഡിയില്‍ പൂത്തുലഞ്ഞിട്ടുണ്ട്. സംഘി എന്ന പദം സംഘപരിവാറുകാരെ കളിയാക്കാനാണ് ചിലര്‍ ഉപയോഗിച്ചുതുടങ്ങിയതെങ്കിലും പോകെപ്പോകെ സംഘഭടന്മാര്‍ അത് സ്വന്തമാക്കി; സ്വയം സംഘിയെന്ന് വിളിച്ചുതുടങ്ങി. തദ്വാരാ, വിവേകശൂന്യന്‍ എന്ന പദത്തിന്റെ പര്യായനിഘണ്ടുവിന് കനംകൂടി.

 കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി വേണം എന്ന ചൊല്ലുമായി ബിജെപിയുടെ പുത്തന്‍വെപ്രാളങ്ങളെ ചേര്‍ത്തുവായിക്കാന്‍ പറ്റില്ല. മോഡിയും കുമ്മനവും എ എന്‍ രാധാകൃഷ്ണനുമെല്ലാം ഒരേ ഗണത്തിലാണ്. കഴിഞ്ഞ ദിവസം സംസ്ഥാനതല സാഹിത്യനിരൂപണ മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് തകഴി ആരെന്നോ ഖസാക്കിന്റെ ഇതിഹാസം എന്തെന്നോ അറിയില്ല എന്ന് വാര്‍ത്ത കണ്ടു. ഒരു രാഷ്ട്രീയ പാര്‍ടിയുടെ മുഖ്യനേതാക്കള്‍ക്ക് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിമാരെക്കുറിച്ചറിയില്ല. പിന്നെന്തിന് കുട്ടികളെ കുറ്റപ്പെടുത്തണം. ബിജെപിയില്‍ വലിയ കലഹം നടക്കുന്നുണ്ട്. കെ സുരേന്ദ്രന്‍ അലങ്കരിച്ചിരുന്ന സ്ഥാനത്തിലേക്ക് എത്തിപ്പെടാന്‍ എ എന്‍ രാധാകൃഷ്ണന്‍ നടത്തുന്ന മത്സരമാണ് അതിലൊന്ന്. പ്രസംഗ പരിഭാഷയിലൂടെയും ഉജ്വല പ്രയോഗങ്ങളിലൂടെയും കൈരേഖാപ്രദര്‍ശനത്തിലൂടെയും  ഉള്ളി ഭക്ഷണത്തിലൂടെയും അതിവേഗം സുരേന്ദ്രന്‍ ആര്‍ജിച്ച സ്ഥാനം തട്ടിയെടുക്കാന്‍ ആദ്യം ശ്രമിച്ചത് കുമ്മനമാണ്. അതുകഴിഞ്ഞ് ടി ജി മോഹന്‍ദാസ്. പിന്നെ ഗോപാലകൃഷ്ണന്‍. ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത് കമ്യൂണിസ്റ്റുകാരാണെന്ന് ആദ്യം പറഞ്ഞത് മോഹന്‍ദാസാണ.്് ഏതു കമ്യൂണിസ്റ്റുകാരന്‍ എന്ന ചോദ്യത്തിന് കെ ദാമോദരന്‍ എന്ന മറുപടി നല്‍കി  മോഹന്‍ദാസ് സംഘിപ്രതിഭ തെളിയിച്ചു. മറ്റൊരു സംഘി ബുദ്ധിജീവിയായ ഗോപാലകൃഷ്ണന്‍ തൊട്ടുപിന്നാലെ ഉദ്ധരണി ഇ എം എസിന്റെ തലയില്‍വച്ചു. സി കേശവന്‍ എന്ന പേരുപോലും കേട്ടിട്ടുണ്ടായിരുന്നില്ല രണ്ടുപേരും. ആ വഴിയില്‍ കുമ്മനം അവസാനസംഭാവന നല്‍കിയത്, നോട്ട്ക്ഷാമമുണ്ടായിരുന്നുവെങ്കില്‍, ഫുട്ബോള്‍ മത്സരം കാണാന്‍ ഇത്രയേറെപേര്‍ ടിക്കറ്റെടുക്കുമോ എന്ന ചോദ്യമുതിര്‍ത്താണ്. അസാധാരണവും അതിചടുലവുമായ ഇത്തരം മുന്നേറ്റങ്ങള്‍ കണ്ട് പകച്ചുനില്‍ക്കാന്‍ താന്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനത്തോടെയാണ് എ എന്‍ രാധാകൃഷ്ണന്റെ രംഗപ്രവേശം.

ആദ്യം എം ടിക്കെതിരെയാണ് വെടിപൊട്ടിച്ചത്. മോഡിക്കെതിരെ സംസാരിക്കാന്‍ എം ടി ആരാണെന്ന്. അതില്‍ കുറ്റം പറയാന്‍ പറ്റില്ല. എം ടി ആരാണ് എന്നറിഞ്ഞിരുന്നുവെങ്കില്‍ രാധാകൃഷ്ണന്‍ സംഘി എന്ന് വിളിക്കപ്പെടില്ലല്ലോ. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഡിവൈഎഫ്ഐ സ്ഥാപിച്ച ചെ ഗുവേരയുടെ ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറികൂടിയായ രാധാകൃഷ്ണന്റെ പുതിയ വെളിപാട്.  ചെ ഗുവേര അക്രമകാരിയായിരുന്നുവെന്നും  യുവാക്കള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വളര്‍ത്തുന്നതിന് ചെ ഗുവേരയുടെ ചിത്രം കാരണമാകുന്നുവെന്നും സിദ്ധാന്തം.  എം ടി മിണ്ടരുത്, ചെ ഗുവേരയുടെ ചിത്രം വയ്ക്കരുത്,  സംവിധായകന്‍ കമല്‍ രാജ്യം വിടുകയുംവേണം. ഇത്രയും ആവശ്യങ്ങള്‍  രാധാകൃഷ്ണനില്‍നിന്ന് ഉയര്‍ന്നുകേട്ടശേഷം വായിച്ചത്, മോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ച ഉദ്യോഗസ്ഥയ്ക്ക് പിഴവിധിച്ച വാര്‍ത്തയാണ്. മോഡിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് തപ്പിനോക്കിയിട്ടും കിട്ടാത്ത കുറ്റത്തിന്  ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ സെന്‍ട്രല്‍ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മീനാക്ഷി സഹായിക്ക് കേന്ദ്ര വിവരാവകാശ കമീഷന്‍ 25,000 രൂപ പിഴശിക്ഷയാണ് വിധിച്ചത്.

പണ്ട് ചായക്കടയില്‍ നിലം തൂക്കുന്നതിന്റെ ചിത്രം കൈയിലുണ്ട്; ബിരുദ സര്‍ട്ടിഫിക്കറ്റ് കാണുന്നില്ല. ബിരുദ ക്ളാസില്‍ കൂടെ പഠിച്ച ആരെയും കാണുന്നില്ല, പഠിപ്പിച്ചവരെ തീരെ കാണുന്നില്ല എന്നത് മറ്റൊരത്ഭുതം. അത്തരം അത്ഭുതങ്ങളാണ് സംഘിത്വത്തിന്റെ അടിത്തറ.
കണ്ണൂരിലെ മുതിര്‍ന്ന സംഘിനേതാവ് പ്രസംഗിച്ചത്, ആയിരക്കണക്കിന് കൊലപാതകം നടത്തിയ ശ്രീരാമനും ശ്രീകൃഷ്ണനും അവതാരങ്ങളായതുകൊണ്ടാണ്, നാലായിരംപേരെ കൊന്നു എന്ന് 'ആരോപിക്കപ്പെടുന്ന' മോഡിയും അവതാരമായതെന്ന്. ഇതൊക്കെ വെറും പറച്ചിലുകളാണെന്ന് ധരിക്കരുത്. വടക്കന്‍ കേരളത്തില്‍നിന്ന് വന്ന ഒരു വാര്‍ത്ത ചുവന്ന മുണ്ടു ധരിച്ചതിന് സിനിമാപ്രവര്‍ത്തകന്‍ ജെഫ്രിന്‍ ജെറാള്‍ഡിനെ ആക്രമിച്ചതിന്റേതാണ്.  ചെ ഗുവേരയുടെ ചിത്രം പതിച്ച ഹെല്‍മെറ്റ് ധരിച്ചതിന് രണ്ടുചെറുപ്പക്കാരെ വണ്ടി തടഞ്ഞ് തല്ലിച്ചതച്ച വാര്‍ത്ത പിന്നാലെ വന്നു. ചെ ഗുവേര ഹിറ്റ്ലര്‍ക്ക് തുല്യനാണെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞതിനുപിന്നാലെയാണ് ചെറുസംഘികള്‍ പണിതുടങ്ങിയത്്. എണ്ണിയാലൊടുങ്ങില്ല ഇത്തരം സംഘിത്വങ്ങള്‍. ഗണപതിയുടെ ആനത്തല പ്ളാസ്റ്റിക് സര്‍ജറിയുടെ പ്രഥമവിജയമെന്ന് പറയുന്നവര്‍ ഇനി അത്തരം പരീക്ഷണങ്ങള്‍ സ്വന്തം വീട്ടിലോ മറ്റോ നടത്തുന്നതാണ് ശ്രദ്ധിക്കേണ്ടത്. വാലിന്റെയും ഓടക്കുഴലിന്റെയും ഉപമയൊന്നും പോരാ സംഘികള്‍ക്ക്. ഈ വിവരക്കേടിനെ വര്‍ണിക്കാന്‍ കുഞ്ചന്‍നമ്പ്യാര്‍ ഇനിയും ജനിക്കണം.

ഈ സംഘികളെ മുന്നില്‍നിന്ന് നയിക്കുന്ന നേതാവ് എന്ന നിലയില്‍ നരേന്ദ്ര മോഡിയുടെ കഴിവുകള്‍ ആദരിക്കപ്പെടുകതന്നെ വേണം. കള്ളപ്പണം പിടിക്കാന്‍ ചെന്ന് പരാജയപ്പെട്ടെങ്കിലും തിരിച്ചെത്തിയ നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താനുള്ള സാവകാശം മോഡിജിക്ക് കൊടുക്കണം. നാട്ടിലെ ബാങ്കുകളില്‍ എത്ര നോട്ട് വന്നു എന്നും വന്നത് എന്നെല്ലാമെന്നും മനസ്സിലാക്കാന്‍ നിമിഷങ്ങള്‍മതി. ബാങ്കുകള്‍തമ്മില്‍ ഇലക്ട്രോണിക് ബന്ധവും ബന്ധനവുമുള്ള കാലമാണ്. പക്ഷേ, സംഘപരിവാര്‍ നിലവിട്ട് കളിക്കാറില്ല. പുതുപുത്തന്‍ പിസ്റ്റളും ഗ്രനേഡും കൈയിലുണ്ടായാലും ദണ്ഡയും ഉറുമിയുംകൊണ്ടുള്ള 'നിയുദ്ധ' പരിശീലനം അവസാനിപ്പിക്കില്ല. പച്ചമലയാളത്തെ മാറ്റിവച്ച് 'ദേവ' ഭാഷയിലേ സംസാരിക്കൂ. അതുപോലെയാണ് നോട്ടെണ്ണലും. ബാങ്കുകള്‍ എണ്ണിത്തിട്ടപ്പെടുത്തി പകരം പുതിയ നോട്ടുകള്‍ നല്‍കിയശേഷവും കൈകൊണ്ടെണ്ണാന്‍ വേറെ ആളെ വിടുന്നത് ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമായാണ്. അടുത്ത ഘട്ടം അറബിക്കടലിലെ തിര എണ്ണിത്തിട്ടപ്പെടുത്തിയശേഷമേ എത്ര പണം തിരികെയെത്തി എന്ന് പറയാനാകു എന്നും ശഠിച്ചേക്കാം. കുറച്ചു കാണരുത്; തള്ളിക്കളയരുത്-സംഘി ബുദ്ധിയാണ്. മോഡിമുതല്‍ എ എന്‍ രാധാകൃഷ്ണന്‍വരെയുള്ള സംഘി ബുദ്ധിജീവികള്‍ ജീവിക്കുന്ന കാലത്ത് ജീവിക്കാന്‍ കഴിഞ്ഞു എന്നതുതന്നെ സുകൃതം *

Top