25 June Monday

ബുദ്ധി മറയ്ക്കുന്ന മൂടല്‍മഞ്ഞ്

Monday Aug 7, 2017
ശതമന്യു

സ്കൂളുകളില്‍ ബിജെപി പുതിയ ക്വിസ് പരിപാടി സംഘടിപ്പിക്കുന്നു, അതിലെ ചോദ്യങ്ങള്‍ അമിത് ഷാ പ്രകാശനം ചെയ്തുവെന്നുമാണ് ലഖ്നൌവില്‍നിന്നുള്ള വാര്‍ത്ത. സാമ്പിള്‍ ചോദ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്- രാമജന്മഭൂമി സ്ഥിതി ചെയ്യുന്നതെവിടെ എന്നാണ് ഒരു ചോദ്യം. ഉത്തരം അയോധ്യയെന്ന്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് പറഞ്ഞതാര് എന്ന ചോദ്യത്തിന് കേശവ ബലിറാം ഹെഡ്ഗേവാര്‍ എന്നുത്തരം. ജനസംഘം നേതാവ് ദീന്‍ദയാല്‍ ഉപാധ്യായയുടെ നൂറാം ജന്മദിനവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണത്രേ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ സ്കൂളുകളില്‍ സംഘി ക്വിസ് സംഘടിപ്പിക്കുന്നത്്. ദീന്‍ദയാലിനെ കൊന്നതാര് എന്ന ചോദ്യം ക്വിസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു ന്യൂനത. ആ ചോദ്യം വന്നാല്‍ അമിത് ഷാപോലും കുടുങ്ങിപ്പോകും. ആരെ ചൂണ്ടിക്കാട്ടണമെന്ന് മനസ്സിലാകാത്ത അവസ്ഥ. പുതിയ കാലത്ത് ഉയര്‍ന്നുവരുന്ന പലതിനും ബിജെപിക്ക് ഉത്തരമില്ല എന്നതുകൊണ്ട്, അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കിയതാകും.

എന്നാലും നോട്ട് നിരോധനത്തെ ന്യായീകരിക്കുന്ന ചോദ്യങ്ങളുണ്ട്. അരുണ്‍ ജെയ്റ്റ്ലിയാണ് ധനമന്ത്രി. കഴിഞ്ഞദിവസം കേരളത്തില്‍ വന്നിരുന്നു. കുറെ ചോദ്യങ്ങള്‍ അദ്ദേഹവും ഉന്നയിച്ചു. ചിലതിന് മറുപടിയും നല്‍കി. കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷത്തില്‍ ഒരുഭാഗത്ത് ആര്‍എസ്എസ് ഉണ്ടെന്ന് അങ്ങ് സമ്മതിക്കുമോ എന്നായിരുന്നു ഒരു ചോദ്യം. ഇല്ല എന്ന് ഉത്തരം. അതിന് വിശദീകരണമില്ല. സ്വയം സേവകര്‍ പൊതുവെ പരമ്പരാഗത ബ്രഹ്മചാരികളായതുകൊണ്ട് അത്തരം ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല. കേരളത്തിലെന്നല്ല ഒരിടത്തും ആര്‍എസ്എസ് കൊലപാതകം നടത്താറില്ല എന്നു പറയുന്നതാണ് ഭംഗി. അവരുടേത് സാംസ്കാരികപ്രവര്‍ത്തനമാണ്. വീട്ടില്‍ മാട്ടിറച്ചി പാകംചെയ്ത് കഴിച്ച മുഹമ്മദ് അഖ്ലാക്കിനെ ഇടിച്ചുകൊന്ന് നടത്തിയ സാംസ്കാരിക മുന്നേറ്റം തങ്ങളുടേതാണെന്ന് പറയാനുള്ള അഹങ്കാരംപോലും ആര്‍എസ്എസ് കാണിച്ചിട്ടില്ല. അത് ഏതോ ഗോരക്ഷാ പ്രവര്‍ത്തകരുടെ ത്യാഗനിര്‍ഭരമായ സംഭാവനമാത്രം.

കേരളത്തില്‍ ആതുരസേവന രംഗത്ത് വാഗ്ദാനമാകേണ്ട മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം വാങ്ങിക്കൊടുക്കാനുള്ള സാമൂഹ്യസേവനത്തെയാണ് ഏതാനും കുലംകുത്തികള്‍ തകര്‍ത്തുകളഞ്ഞത്. അതിനും സംഘത്തിന് ഉത്തരവാദിത്തമില്ല- ഒരു സംഘിയുടെ അധാര്‍മിക പ്രവര്‍ത്തനമായിരുന്നു മെഡിക്കല്‍ കോഴ. കോഴപ്പണം പോയ വഴിയിലോ പങ്കിട്ട ധീരന്മാരിലോ അധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ല.

കേരളത്തോടാണ് ആര്‍എസ്എസിന് ഇപ്പോള്‍ വലിയ പ്രതിപത്തി. പണ്ട് മഹാത്മാഗാന്ധിയോടുമാത്രമേ ഇതുപോലുള്ള പ്രണയമുണ്ടായിട്ടുള്ളൂ. ഗോഡ്സേ വെടിവച്ച വിവരമറിഞ്ഞ് രോഷംപൂണ്ട് മധുരപലഹാരം കഴിച്ചതും തുള്ളിച്ചാടിയതും ഗാന്ധിജിയോടുള്ള അഗാധമായ സ്നേഹംകൊണ്ടായിരുന്നു. അന്ന് ഗാന്ധിജിയെയെന്നപോലെ ഇന്ന് കേരളത്തെയും അതിന്റെ രാഷ്ട്രീയത്തെയും ആലിംഗനം ചെയ്യണമെന്ന് തീരുമാനിച്ചതില്‍ കുറ്റംപറയാനാകില്ല. സ്നേഹിക്കാനും വേണം ചില കാരണങ്ങളും യോഗ്യതകളും. ഗുജറാത്തില്‍ ചെന്ന് ആക്രമണമേറ്റ് ഒന്നു മുരളുകപോലും ചെയ്യാതെ തിരിച്ചുപോയ രാഹുല്‍ഗാന്ധിയെയും അമിത് ഷായെ പേടിച്ച് എംഎല്‍എമാരെയും കയറ്റി കര്‍ണാടകത്തിലേക്ക് വണ്ടിവിട്ട കോണ്‍ഗ്രസിനെയും ആക്രമിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് മനസ്സിലാക്കാന്‍ നാഗ്പുരിലെ ബുദ്ധികേന്ദ്രങ്ങളൊന്നും വേണ്ടെന്ന് സംഘത്തിനറിയാം. അത്തരം കാര്യങ്ങള്‍ അറിയാനും പറയാനും കുമ്മനം, കൃഷ്ണദാസ് തുടങ്ങിയവര്‍ ധാരാളമാണ്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം തങ്ങള്‍ വലിയ പാര്‍ടിയാണെന്ന് പറയുന്ന ബിജെപിക്ക് ചെറിയ ഒരു പാര്‍ടിയെ ചെറിയ പേടിയുണ്ട്. ആ പാര്‍ടിയുടെ സാന്നിധ്യം ഇല്ലാതായാല്‍ നാഗ്പുരില്‍ പിറന്നുവീണതിന്റെ നൂറാംവാര്‍ഷികം വരുമ്പോള്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാമെന്നാണ് വന്യമായ സ്വപ്നം. കോണ്‍ഗ്രസ് അതിനൊരു തടസ്സമായി വരുമെന്ന് നേരിയ ആശങ്കപോലുമില്ല. ഇരിക്കാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്ന ചെന്നിത്തലയെപ്പോലുള്ളവരിലാണ് ബിജെപി ഫിക്സഡ് ഡിപ്പോസിറ്റ് കാണുന്നത്. ഖദറില്‍ കാവികലരുന്നതിന്റെ തോത് വര്‍ധിച്ചിട്ടുണ്ട്.

കമ്യൂണിസ്റ്റുകാര്‍ അതുപോലെയല്ല. ചെറിയ പാര്‍ടിയൊക്കെയാണെങ്കിലും നിന്നിടത്ത് ഉറച്ചുനില്‍ക്കും. നട്ടെല്ലുനിവര്‍ത്തി രാഷ്ട്രീയം പറയും. വാടാ എന്ന് ആജ്ഞാപിക്കുമ്പോള്‍ പോടാ എന്നു തിരിച്ചുപറയും. കൊച്ചു കേരളം, ത്രിപുര എന്നൊക്കെ നിസ്സാരപ്പെടുത്താമെങ്കിലും കമ്യൂണിസ്റ്റ് ശല്യമാണ് വലിയ ശല്യമെന്നും അതിനെ തകര്‍ത്താല്‍ ഗോള്‍വാള്‍ക്കറിന്റെ സ്വപ്നം പൂവണിയുമെന്നുമാണ് കണക്കുകൂട്ടല്‍. അതുകൊണ്ടാണ് ജിഎസ്ടി കുരുക്കില്‍നിന്ന് തലയൂരാനാകാതെ നട്ടംതിരിയുന്ന നേരത്ത് ജെയ്റ്റ്ലി കേരളത്തിലേക്ക് വന്നത്. ജെയ്റ്റ്ലിക്കുപിന്നാലെ മോഹന്‍ ഭാഗവത് വരുന്നുണ്ട്. അതുകഴിഞ്ഞ് അമിത് ഷാ നൂറുമീറ്റര്‍ യാത്ര ചെയ്യാന്‍ വരുന്നുവത്രേ. ഇന്ത്യാ മഹാരാജ്യത്ത് മറ്റെവിടത്തേക്കാളും നല്ല യാത്ര കേരളത്തിലാണെന്ന് അമിത് ഷായ്ക്ക് മനസ്സിലായിട്ടുണ്ടാകും. യോഗി ആദിത്യനാഥ് മുതല്‍ പരീക്കര്‍വരെ മുഖ്യമന്ത്രിമാരുടെ പരേഡും ഒടുവില്‍ മോഡിയുടെ വരവുമാണ് അടുത്ത അജന്‍ഡ. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്ന് തെളിയാന്‍ ഇതില്‍ കൂടുതല്‍ പരസ്യം വേണ്ടതില്ല. 

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് സംഘിവിലാപം കേട്ടുതുടങ്ങിയിട്ട് നാളേറെയായി. ജെയ്റ്റ്ലി വന്നത് ശ്രീകാര്യത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാനാണ്.  ആ കുറ്റകൃത്യം ചെയ്ത എല്ലാവരും ഇന്ന് ജയിലിലാണ്. അതില്‍ രാഷ്ട്രീയബന്ധം ആരോപിക്കാന്‍ തെളിവൊന്നുമില്ല. വ്യക്തി- കുടുംബ പ്രശ്നമാണ് എന്നതിന് തെളിവുണ്ടുതാനും. എന്നിട്ടും മാര്‍ക്സിസ്റ്റ് അക്രമമെന്ന് പാടാന്‍ ജെയ്റ്റ്ലി കാണിച്ച ചങ്കൂറ്റത്തെയാണ് സംഘിത്വം എന്ന് വിളിക്കുക.

വൈദ്യര്‍ക്ക് മറ്റുള്ളവരെ ചികിത്സിക്കാനേ അറിയൂ. സ്വന്തം രോഗം മനസ്സിലാകുന്നില്ല. യോഗിയുടെ യുപിയാണല്ലോ യഥാര്‍ഥ സംഘകേന്ദ്രം. അവിടെ അഖിലേഷ് യാദവ് ഭരിച്ച 2017 ജനുവരിയില്‍ കൊലപാതകം 286. യോഗി ആദിത്യനാഥ്  ഭരണസാരഥ്യം ഏറ്റെടുത്ത മാര്‍ച്ചില്‍ കൊലപാതകം 396. ഏപ്രിലില്‍ വളര്‍ച്ച രേഖപ്പെടുത്തി 399 ആയി. യോഗി അധികാരമേറ്റ് രണ്ടുമാസത്തിനകം 795 കൊലപാതകംമാത്രം. ബലാത്സംഗക്കേസുകളിലും ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്.

അഖിലേഷ് യാദവിന്റെ കാലമായ ജനുവരിയില്‍  244 ആയിരുന്നത് യോഗിയുടെ യോഗംകൊണ്ട് മാര്‍ച്ചില്‍ 378 ആയി. തൊട്ടടുത്ത മാസം 393. രണ്ടുമാസംകൊണ്ട് 771 ബലാത്സംഗക്കേസ് ബിജെപിയുടെ നേട്ടപ്പട്ടികയിലുണ്ട്. കേരളം മോശമാണെന്നാണ് ജെയ്റ്റ്ലി പറയുന്നത്. കേന്ദ്രം പുറത്തുവിട്ട കണക്കനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊലപാതകക്കണക്ക് ഇങ്ങനെ:

മഹാരാഷ്ട്ര  2599, മധ്യപ്രദേശ്  2381, രാജസ്ഥാന്‍ 1589, ഗുജറാത്ത് 1228. കേരളം പിന്നിലായിപ്പോയി- 355. യുപിയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഒരുമാസം നടക്കുന്ന കൊലപാതകത്തിന്റെ കണക്ക് കേരളത്തില്‍ ഒരുവര്‍ഷംകൊണ്ട് തികയുന്നില്ല. ഇനി രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യമെടുത്താല്‍ 'ഇരുപക്ഷവും' ഉണ്ടെന്ന് ജെയ്റ്റ്ലി സമ്മതിച്ചത് മഹാഭാഗ്യമായി കരുതണം. 1970നുശേഷം 969 രാഷ്ട്രീയ കൊലപാതകമാണ് കേരളത്തില്‍ നടന്നതെന്ന് പൊലീസ്രേഖയില്‍ കാണുന്നു. അതില്‍ സിപിഐ എമ്മിന് നഷ്ടമായത്് 527 പ്രവര്‍ത്തകരുടെ ജീവന്‍. മറ്റെല്ലാ കക്ഷികളിലുംപെട്ട 442 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 185 പേരാണ് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍. 210 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയത് ആര്‍എസ്എസാണ്. 2000-17ലെ കണക്കെടുത്താല്‍ സിപിഐ എമ്മിന് 85 പ്രവര്‍ത്തകരെ നഷ്ടപ്പെട്ടു. ആര്‍എസ്എസിന് 65. എന്നിട്ടും ജെയ്റ്റ്ലി പറയുന്നത്  കേരളത്തില്‍ ആര്‍എസ്എസ് വേട്ടയാടപ്പെടുന്നുവെന്നാണ്. അദ്ദേഹത്തിന്റെ തലയിലാകെ മൂടല്‍മഞ്ഞ് കയറിയിട്ടുണ്ട്. വെള്ളം കലക്കിയെന്നാക്രോശിച്ച് ആട്ടിന്‍കുട്ടിക്കുനേരെ ചാടിയ ചെന്നായ തങ്ങളിലാവേശിച്ചിട്ടുണ്ട് എന്നാണ് ആര്‍എസ്എസ് കരുതുന്നത്. രാഷ്ട്രപതിഭരണം, നൂറു കിലോമീറ്റര്‍ യാത്ര, പട്ടാളം എന്നൊക്കെപ്പറഞ്ഞ് പേടിപ്പിച്ച് കാര്യം നേടാനാകുമോ എന്ന വ്യാമോഹം. അതുകണ്ട് പകച്ച് സിപിഐ എം മുട്ടുമടക്കുമെന്ന അതിമോഹം. അത്തരം മോഹങ്ങള്‍ക്ക് സംഘസങ്കേതങ്ങളില്‍ ഒരു പഞ്ഞവുമില്ല. മെഡിക്കല്‍ കോളേജ് കച്ചവടത്തിനൊപ്പം മോഹക്കച്ചവടവും ചേരുമ്പോള്‍ ജിഎസ്ടി എങ്ങനെ ബാധിക്കുമെന്ന് പറഞ്ഞുകൊടുക്കാനും കേന്ദ്ര ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്ലിക്ക് കഴിഞ്ഞേക്കും.

വാലറ്റം: അമിത് ഷായും അരുണ്‍ ജെയ്റ്റ്ലിയും മീനാക്ഷി ലേഖിയുമൊക്കെ കേരളത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കിയത് എന്നത് അറിയാതെ അവരെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടിയത് സിപിഐ എമ്മുകാരാണെന്നും സുധീഷിനെ കൊന്നത് ആര്‍എസ്എസ് അല്ലെന്നും മറ്റും അവര്‍ ആധികാരികമായി പറയുമ്പോള്‍, കുമ്മനവും സുരേന്ദ്രനും അങ്ങനെ വിശ്വസിപ്പിച്ചതുകൊണ്ടാകുമോ എന്നു കരുതാന്‍ ന്യായമുണ്ട്. ഇനി പ്രൊഫസര്‍ ജോസഫിന്റെ കുടുംബത്തെ സഹായിക്കാന്‍ നിധി പിരിക്കുമോ, അതിന് എത്രതരം റസീറ്റുണ്ടാകും എന്നൊക്കെ പരിശോധിക്കേണ്ടിവരും. അതെല്ലാം വെറും ധാര്‍മികതയുടെ പ്രശ്നമാണല്ലോ *

Top