22 May Tuesday

ശകുനി ആര് ?

Sunday Jan 1, 2017
ശതമന്യു

കോണ്‍ഗ്രസില്‍ രണ്ട് അന്വേഷണമാണ് നടക്കുന്നത്. ഒന്ന് ആരാണ് യഥാര്‍ഥ ശകുനി എന്നത്. രണ്ടാമത്തേത് കഴിവുള്ള കെപിസിസി പ്രസിഡന്റായി ആരെ വയ്ക്കും എന്നത്. ഇതില്‍ രണ്ടു കാര്യം വ്യക്തമാകുന്നുണ്ട്. ഖദറിട്ടവരെ തമ്മിലടിപ്പിക്കുന്ന ശകുനി  ഖദറിട്ടുതന്നെയാണ് നടക്കുന്നത്് എന്നും നിലവിലുള്ള അധ്യക്ഷന്‍  അധീരനും അയോഗ്യനുമാണെന്നും. ഉത്തര്‍പ്രദേശില്‍ തമ്മിലടിച്ചാല്‍ പന്നി കുന്നുകയറുമെന്നു മനസ്സിലാക്കിയ യാദവ പിതാപുത്രര്‍ തര്‍ക്കം പരണത്തുവച്ച് പന്നിയെ കുടുക്കാന്‍ ഒന്നിച്ചു. കേരളത്തില്‍ തമ്മിലടിച്ചും അസഭ്യം പറഞ്ഞും താമരയ്ക്ക് വിടരാനുള്ള ചെളിക്കുണ്ടൊരുക്കിക്കൊടുക്കാനാണ് കോണ്‍ഗ്രസിന്റെ വിധി. ഒളിഞ്ഞും തെളിഞ്ഞും കച്ചവടം പലവട്ടം നടത്തിയിട്ടുള്ളതുകൊണ്ട് ദണ്ഡയെടുക്കാനും കബഡി കളിക്കാനും ചെന്നിത്തലയ്ക്ക് രാജശേഖരന്റെ കോച്ചിങ് വേണ്ട. പകല്‍ ഖദറും ഇരുട്ടില്‍ കാവിയും ഇടുന്ന കോണ്‍ഗ്രസുകാര്‍ വേണ്ടതിലേറെയുള്ള നാടാണ്. അതാണ് ബിജെപിയുടെ പ്രതീക്ഷയും. ആ പ്രതീക്ഷയാണ് നേമത്ത് പൂവണിഞ്ഞത്. കോണ്‍ഗ്രസിന്റെ ചെളിക്കുളം ഇനിയുമിനിയും താമര വിരിയിക്കാനുപയോഗപ്പെടുമെന്ന് കെ സുരേന്ദ്രന്‍പോലും സ്വപ്നം കാണുന്നത് വെറുതെയല്ല എന്നര്‍ഥം.

ഉണ്ണിത്താനെക്കൊണ്ട് പുലഭ്യം പറയിപ്പിച്ചയാളുടെ പേരു പറഞ്ഞാല്‍ അച്ചടക്കലംഘനമാകുമെന്നാണ് മുരളീധരന്റെ ഒടുവിലത്തെ വെളിപ്പെടുത്തല്‍ വന്നത്. കോണ്‍ഗ്രസില്‍നിന്നിറങ്ങി തിരുനക്കരയിലേക്കുള്ള വഴിയറിയാതെ വട്ടംകറങ്ങിയ കാലത്ത്, വിളക്കുവച്ച് കരം ഗ്രഹിച്ച് വീണ്ടും അകത്തുകയറ്റിയത് സുധീരനാണ്്. ആ സുധീരനെയാകില്ല മുരളി ഉദ്ദേശിച്ചതെന്ന് സുധീരനെങ്കിലും വിശ്വസിക്കുന്നുണ്ട്. പിന്നെയാരാകും ശകുനി എന്ന ചോദ്യത്തിനുമുന്നില്‍ രണ്ടു ദിശാസൂചികളാണുള്ളത്. ഒന്ന് ഹരിപ്പാട്ടേക്കും രണ്ട് പുതുപ്പള്ളിയിലേക്കും. കുറ്റകൃത്യം നടക്കണമെങ്കില്‍അതിനൊരുദ്ദേശ്യം വേണം. ആ ഉദ്ദേശ്യം കുറ്റവാളിയുടെ മനസ്സില്‍ രൂപപ്പെടുന്നതാണ്. ഉണ്ണിത്താനെക്കൊണ്ട് മുരളിക്കെതിരെ വാളെടുപ്പിച്ചാല്‍ മുരളി പ്രകോപിതനാകുമെന്നും കരുണാകരന്റെ കളരിയില്‍ പ്രകോപനത്തിന്റെ തൊട്ടടുത്ത അടവ്  അട്ടഹാസത്തിന്റേതാണെന്നും നന്നായി അറിയുന്ന ആളാണ്  യഥാര്‍ഥ ആസൂത്രകന്‍. അതിനുള്ള മനക്കരുത്തും കുരുട്ടും അളന്നാല്‍ വഴി പുതുപ്പള്ളിയിലേക്കാണ് തെളിയുക. ഉണ്ണിത്താനുമായുള്ള ഇരിപ്പുവശമാണ് അളവിന്റെ കോലെങ്കില്‍ വണ്ടി അന്തിക്കാടുവരെ ഓടേണ്ടിയുംവരും. അതുതാനല്ലയോ എന്ന് തോന്നിപ്പിച്ച് മറ്റൊന്നു പ്രയോഗിക്കുന്ന ചെറിയ കളികളൊക്കെ ഹരിപ്പാട് പ്രദേശത്തുകാര്‍ മുമ്പ് പലവട്ടം കണ്ടിട്ടുണ്ടെന്നതിനാല്‍ ഈ വീടിന്റെ ഐശ്വര്യം ശകുനി എന്നൊരു ലിഖിതം കന്റോണ്‍മെന്റ് ഹൌസിന്റെ ഗേറ്റില്‍ കണ്ടുമുട്ടാനുള്ള സാധ്യതയും വിരളമല്ല.

കൊടുങ്ങല്ലൂരില്‍ അശ്ളീലപ്പാട്ട് നിരോധിച്ചതുകൊണ്ട് പാടാന്‍ മുട്ടുന്നവര്‍ അത് പാടാതിരിക്കുന്നില്ല. സ്ത്രീധനം നിയമംമൂലം നിരോധിച്ചതുകൊണ്ട് കണക്കുപറഞ്ഞ് വിലപേശി പൊന്നും പണവും  പെണ്ണും കാറും ചേര്‍ന്ന കോംബോ കച്ചവടം നടത്തുന്നവരും പിന്‍മാറുന്നില്ല. അതുപോലെയാണ് കോണ്‍ഗ്രസിലെയും സ്ഥിതി. അടിതടയും കുതികാല്‍വെട്ടും ഹൈക്കമാന്‍ഡ് ഇടയ്ക്കിടെ വിലക്കുമെന്നേയുള്ളൂ. ലംഘിക്കപ്പെടുമ്പോഴാണ് വിലക്കിന് വിലയുണ്ടാകുക. ഭരണിപ്പാട്ട് അതിന്റെ പുണ്യപുരാതനശോഭയോടെ കാത്തുസൂക്ഷിക്കുന്നത്  ആര്‍ഷഭാരത സംഘിത്വത്തിന് മുതല്‍ക്കൂട്ടാണ്. ആ നിലയ്ക്ക് ഉണ്ണിത്താനായാലും മുരളിയായാലും അങ്ങോട്ട് ചെല്ലാന്‍ അയോഗ്യതയുണ്ടാകില്ല.  നല്ല നാല് കാര്യം ചെയ്തതിന്റെപേരില്‍ ഉണ്ണിത്താനെയൊന്നും ആരും ഒരുകാലത്തും ഓര്‍ക്കാന്‍പോകുന്നില്ല. പകരം, മുണ്ടുരിയപ്പെട്ട നേതാവെന്നോ മറ്റോ പറഞ്ഞാല്‍ പഴയ യൂട്യൂബ് ദൃശ്യങ്ങളിലൂടെയെങ്കിലും  തലമുറകളിലേക്ക് യശസ്സ് വളരുകയും പടരുകയും ചെയ്യും.

താജ്മഹല്‍ നിര്‍മിച്ച ആയിരക്കണക്കിന് ശില്‍പ്പികളെ ആരുമറിയില്ല, ഷാജഹാനെയേ അറിയൂ. അതുപോലെയാണ് ഏറ്റുമുട്ടല്‍ നടത്തിച്ചവരുടെ കാര്യം. യഥാര്‍ഥ താല്‍പ്പര്യക്കാരെ ആരുമറിയില്ല, തല്ലുകൂടിയ മല്ലന്മാരെയേ അറിയൂ. ആ നിലയ്ക്കേയുള്ളൂ മുരളി-ഉണ്ണിത്താന്‍ യുദ്ധത്തിന്റെ ചരിത്രമൂല്യം. കഥ പൂര്‍ണമാകണമെങ്കില്‍ ശകുനിമാരുടെ മുഖം പുറത്തുവരണം. കെപിസിസി അധ്യക്ഷനെ കണ്ടെത്തുന്നതുപോലെ ദുഷ്കരമാണതും. 

ഇതൊന്നും ഇവിടെ പറഞ്ഞിട്ട് കാര്യമില്ല. ഹൈക്കമാന്‍ഡ് ഇടപെടട്ടെ എന്നാണ് വിചാരമെങ്കില്‍ അതിലും വലിയ കാര്യമില്ല. പേടിപ്പിക്കാനും നേരെ നടത്തിക്കാനും ചുമതലപ്പെട്ട ഹൈക്കമാന്‍ഡിന് കമാന്‍ഡ് പോയിട്ട് കമാന്നു മിണ്ടാനുള്ള ശേഷി പോലുമില്ല. രാജ്മോഹന്‍ ഉണ്ണിത്താനെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് വളപ്പില്‍ മര്‍ദിക്കാന്‍ ശ്രമിച്ചത് ഗൌരവമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി വാര്‍ത്ത കേട്ടിരുന്നു. അത് വിശ്വസിച്ച്  വണ്ടികയറിയവര്‍ക്ക് ഡല്‍ഹിയിലെ തണുപ്പടിച്ച് പനി പിടിച്ചത് മിച്ചം. ഹൈക്കമാന്‍ഡിന്റെ അധികാരം കോണാട്ട് പ്ളേസില്‍ പണയംവച്ച് രാഹുല്‍ ഗാന്ധി ലണ്ടനിലേക്കാണ് വിമാനം കയറിയത്. പ്രായംചെന്ന മാതാവിനെപ്പോലും അഭിനയിപ്പിച്ചിട്ടും നോട്ടുനാടകം തകര്‍ന്നതില്‍ വിഷമിച്ച് വലഞ്ഞ് നില്‍ക്കുന്ന മോഡിയെ ആദ്യം നേരില്‍ചെന്നുകണ്ട് അടിയറപറഞ്ഞാണ് രാഹുല്‍ വാര്‍ത്ത സൃഷ്ടിച്ചത്. ഡീ മോണിറ്റൈസേഷന്‍ രാജ്യത്തിന്റെ ഡീ മോഡിറ്റൈസേഷനാകുകയും സംഘികള്‍ അന്തംവിട്ട് അമ്പരന്ന് നില്‍ക്കുകയുംചെയ്യുമ്പോഴാണ് രാഹുല്‍ജിയുടെ രണ്ടാംപ്രകടനം-ലണ്ടനിലെ പുതുവത്സരാഘോഷം. കേരളത്തില്‍ തമ്മിലടിച്ച് ബിജെപിക്ക് വളമൊരുക്കുന്നു എന്ന പരാതി നേരില്‍കൊടുക്കണമെങ്കില്‍ മോഡിക്ക് ഒളിച്ചോടാന്‍ സൌകര്യമൊരുക്കി ക്കൊടുക്കുന്നയാള്‍ ലണ്ടനില്‍നിന്ന് പുതുവത്സരാഘോഷം പൂര്‍ത്തിയാക്കി തിരിച്ചെത്തണം. തനിക്കുമീതെ വളര്‍ന്ന മകനെ മടിയിലിരുത്താതെ മകന്റെ വഴിയേ നടക്കാന്‍ മുലായം തീരുമാനിച്ചത് ബിജെപി എന്ന വിപത്ത് മുന്നില്‍ കണ്ടുകൊണ്ടാണ്. ഒന്നിച്ചുനിന്നില്ലെങ്കില്‍ പിന്നത്തെ നിലനില്‍പ്പ് മ്യൂസിയത്തിലാണെന്ന് മുലായത്തിന് മനസ്സിലായി. കോണ്‍ഗ്രസുകാര്‍ക്ക് അതിനുള്ള ത്രാണി പൊതുവെ കുറവാണ്. കേരളത്തിലാണെങ്കില്‍ സഹവാദംകൊണ്ട് കോണ്‍ഗ്രസുകാരില്‍ കുറെപേര്‍ മനസ്സിലും ജീവിതത്തിലും സംഘിസം സ്വീകരിച്ചിട്ടുമുണ്ട്.

മോഡി ജനങ്ങളില്‍നിന്ന് അകലംപാലിക്കാനാണ് മത്സരിക്കുന്നത്. മുന്നില്‍പെട്ടുപോയാല്‍ ഒന്നുകില്‍ ചോദ്യംവരും, അല്ലെങ്കില്‍ തെറിവിളികിട്ടും. രാജ്യത്ത് വേറൊരു പ്രധാനമന്ത്രിക്കും ഈ അവസ്ഥയുണ്ടായിട്ടില്ല. ശര്‍ക്കര കലക്കിയ വെള്ളത്തിനും ചെറുതേനിനും രണ്ടു രുചിയാണെന്ന് കഴിച്ചുനോക്കിയാലേ മനസ്സിലാകൂ. നാവിലെത്തുംവരെ രണ്ടും ഒരുപോലിരിക്കും. മോഡി അമ്പത്താറിഞ്ചിന്റെ ബോര്‍ഡെഴുതിവച്ച കാഴ്ചവസ്തുവാണെന്നും ലേബലും യാഥാര്‍ഥ്യവും രണ്ടാണെന്നും രുചിച്ചു മനസ്സിലാക്കാന്‍ ഇന്ത്യക്കാര്‍ക്ക് കിട്ടിയ അവസരമാണ് നോട്ടുപിന്‍വലിക്കല്‍. അതിന്റെ ദുരന്തമനുഭവിക്കുന്നവര്‍ കൂട്ടായി പ്രതികരിക്കണമെന്ന ആശയം വന്നപ്പോള്‍ അതിനെ അട്ടിമറിച്ച സുധീരനില്‍ കോണ്‍ഗ്രസുകാര്‍ക്ക് ഇനിയും വിശ്വാസമുണ്ടല്ലോ എന്ന ചോദ്യമാണ് കേരളീയന്റെ ബുദ്ധി അളക്കാനുള്ള ഉശിരന്‍ ഉപകരണം. രാഹുലിന്റെ കാര്യത്തില്‍ അതിനുള്ള ഉത്തരം നേരത്തേതന്നെ വന്നതുകൊണ്ടാകണം, യുപി തെരഞ്ഞെടുപ്പില്‍ പ്രചാരണച്ചുമതല പ്രിയങ്കയ്ക്ക് കൊടുക്കുന്നത്.
-----------------
എം ടിയോട് ബിജെപി പറഞ്ഞത്, നിങ്ങള്‍ നോട്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്, അത് സേതുവോ മറ്റോ പറയട്ടെ എന്നാണ്. എം ടി എന്തുപറയണമെന്നും അവര്‍ തീരുമാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. എം ടിക്കുനേരെ അശ്ളീലത്തിന്റെയും ഭീഷണിയുടെയും ഭാഷ തലങ്ങുംവിലങ്ങും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സേതുവും പറഞ്ഞു- നോട്ട് പിന്‍വലിക്കല്‍ എന്ന തെറ്റിനെക്കുറിച്ചും അതുണ്ടാക്കിയ മുറിവിനെക്കുറിച്ചും. പന്‍സാരെ, കലബുര്‍ഗി, ധാബോല്‍ക്കര്‍ എന്നുള്ളതെല്ലാം ഏതോ പലവ്യഞ്ജനങ്ങളാണെന്നുകരുതി മിണ്ടാതിരുന്നവര്‍ക്ക് ഇപ്പോഴും മൌനം തുടരാവുന്നതേയുള്ളൂ. ഇപ്പോള്‍ എം ടിക്കുനേരെയാണല്ലോ വന്നത്് സേതുവിനെതിരെയാണല്ലോ വരാനിരിക്കുന്നത്. മാര്‍ക്സിസ്റ്റുകാര്‍ തെറിവിളി കേള്‍ക്കാനും തല്ലും വെട്ടുമേല്‍ക്കാനും വിധിക്കപ്പെട്ടവരാണല്ലോ. വേണമെങ്കില്‍ അവര്‍ പ്രതികരിക്കട്ടെ എന്ന വാദം മൌനത്തിന്റെ കാരണഗണത്തില്‍ പ്രതിഷ്ഠിക്കുകയുമാകാം. നാളെയും മൌനം ഭജിക്കേണ്ടിവരില്ല. നിങ്ങള്‍ക്കുനേരെ വരുമ്പോള്‍ മടക്കാന്‍ മുട്ടും കുനിയാന്‍ നടുവും അരയില്‍കെട്ടാന്‍ രണ്ടാംമുണ്ടും സ്വന്തമായുണ്ടായാല്‍മതി. നിങ്ങളെ അവര്‍ ഒന്നും ചെയ്യില്ല;  തെറിവിളിക്കില്ല; സിബിഐയെ തുടലൂരി വിടില്ല. നമോ നരേന്ദ്രായ നമഃ എന്ന മന്ത്രം ചൊല്ലുന്നതിന് പിന്നെ പ്രത്യേകം പ്രയാസവുമുണ്ടാകേണ്ടതില്ലല്ലോ *

Top