13 November Tuesday

സെന്‍സെക്സും നിഫ്റ്റിയും കുതിച്ചാല്‍ വളര്‍ച്ചയാകില്ല

എൻ മധു Monday May 1, 2017

സെന്‍സെക്സും’നിഫ്റ്റിയും കുതിച്ചാല്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെട്ടെന്ന സൂചനയാണോ. പോയവാരം ബോംബെ ഓഹരിസൂചികയായ സെന്‍സെക്സ് 30,000 കടന്നതും ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 9000 കടന്നതും വലിയ വാര്‍ത്തയായിരുന്നു. ധനകാര്യ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും മുഖപ്രസംഗങ്ങളും—അവലോകനങ്ങളുമെല്ലാം തകൃതി. ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച മുന്നേറുന്നതിന്റെയും അടിസ്ഥാന സാമ്പത്തികഘടകങ്ങള്‍ ശക്തിപ്പെടുന്നതിന്റെയും ഭാഗമായാണ് സൂചികകളുടെ കുതിപ്പെന്ന വിലയിരുത്തലുകളായിരുന്നു—ഏറെയും. ഇതില്‍ വാസ്തവമുണ്ടോ? ഓഹരിവിപണിയിലെ കുതിപ്പും സമ്പദ്വ്യവസ്ഥയുടെ യഥാര്‍ഥ ചിത്രവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? സൂചികയുടെ കുതിപ്പിനു പിന്നിലെ വസ്തുകള്‍ പരിശോധിച്ചാല്‍ വിപണിയിലെ കുതിപ്പിന് സമ്പദ്വ്യവസ്ഥയിലെ യഥാര്‍ഥ സ്ഥിതിയുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാകും. ന

സെന്‍സെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയര്‍ന്നതലത്തിലാണ് പോയവാരം എത്തിയത്. ഇക്കൊല്ലം ജനുവരിക്കുശേഷം സെന്‍സെക്സ് 13 ശതമാനവും നിഫ്റ്റി 14 ശതമാനവും മുന്നേറി. 2015നുശേഷം സെന്‍സെക്സ് 30,000 കടക്കുന്നത് ഇപ്പോഴാണ്. ഓഹരി-പണ കമ്പോളങ്ങളെ ലക്ഷ്യമിട്ടെത്തുന്ന വിദേശസ്ഥാപനനിക്ഷേപം വര്‍ധിച്ചതും കോര്‍പറേറ്റ് കമ്പനികളുടെ ലാഭം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതുമാണ് വിപണികളിലെ കുതിപ്പിന് ഇടയാക്കിയത്. വിദേശ നിക്ഷേപകര്‍— ഓഹരികള്‍ കൂട്ടത്തോടെ വാങ്ങിക്കൂട്ടുമ്പോള്‍ വില കൂടും, സൂചികകള്‍ കുതിക്കും. അവര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റഴിച്ച് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ വിപണിയില്‍ വന്‍തകര്‍ച്ച.—അപ്പോള്‍ സൂചികകള്‍ മൂക്കുകുത്തി വീഴും. 2017ലെ ആദ്യത്തെ മൂന്നുമാസത്തിനകം 675 കോടി ഡോളറിന്റെ താല്‍ക്കാലിക വിദേശനിക്ഷേപം ഓഹരിവിപണിയില്‍ എത്തിയെന്നാണ് ഒരു കണക്ക്. അപ്പോള്‍, വിപണിയിലെ കുതിപ്പിനും കിതപ്പിനും പിന്നില്‍ ഇവരാണെന്ന് വ്യക്തമായി. 

പൊതു-സ്വകാര്യ മുതല്‍മുടക്കില്‍ വര്‍ധന, ഇതുവഴി തൊഴിലവസരങ്ങളുടെ വര്‍ധന, അങ്ങനെ വരുമാനത്തില്‍ വര്‍ധന. തുടര്‍ന്ന് സാധനങ്ങളുടെ ആവശ്യങ്ങളില്‍ വര്‍ധന (ഡിമാന്‍ഡ്)...ഇങ്ങനെയാണ് മികച്ച സാമ്പത്തിക വളര്‍ച്ചയിലേക്ക് നീങ്ങാന്‍കഴിയുക. ഇക്കാര്യങ്ങളിലൊന്നും ഒരു പുരോഗതിയുമില്ലെന്നു മാത്രമല്ല, സ്ഥിതി വഷളാവുകയുമാണ്. നോട്ട് നിരോധത്തെത്തുടര്‍ന്ന് സമ്പദ്വ്യവസ്ഥയില്‍ സംഭവിച്ച കൂട്ടക്കുഴപ്പത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല. നേരത്തേതന്നെ പിന്നോട്ടടിച്ചുകൊണ്ടിരുന്ന മുതല്‍മുടക്കും വളര്‍ച്ചാനിരക്കും ഇതോടെ കൂടുതല്‍ പിന്നോട്ടടിച്ചു. കേന്ദ്ര സ്ഥിതിവിവര സംഘടനയുടെ രണ്ടാമത്തെ മുന്‍കൂര്‍ കണക്കുപ്രകാരം 2016-17 ലെ വളര്‍ച്ചാനിരക്ക് 7.1 ശതമാനമായി കുറയും. പുതുക്കിയ കണക്കു വരുമ്പോള്‍ വളര്‍ച്ച ആറര ശതമാനമായി കുറഞ്ഞേക്കാമെന്ന് വിലയിരുത്തലുകളുണ്ട്.

സാമ്പത്തിക വളര്‍ച്ചാനിരക്കിനെ നിശ്ചയിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ് മുതല്‍മുടക്ക് നിരക്കും (ഇന്‍വെസ്റ്റ്മെന്റ് റേറ്റ്) മൂലധന-ഉല്‍പ്പന്ന അനുപാതവും (ക്യാപ്പിറ്റല്‍ ഔട്ട്പുട്ട് റേറ്റ്). മുതല്‍മുടക്കുനിരക്ക് കുറയുകയും മൂലധന-ഉല്‍പ്പന്ന അനുപാതം കൂടുകയും ചെയ്യുന്ന സാഹചര്യമാണ് അഞ്ചുവര്‍ഷമായി രാജ്യത്ത് തുടരുന്ന പ്രവണതയെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ അടുത്തിടെ ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. സാമ്പത്തികവളര്‍ച്ച ഇടിയുന്നു എന്നാണ് ഇതിനര്‍ഥം. 2007-08 കാലയളവില്‍ ഇന്ത്യയുടെ മുതല്‍മുടക്കുനിരക്ക് മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 38 ശതമാനമായിരുന്നു. അത് പിന്നെ 26 ശതമാനത്തോളമായി കുറഞ്ഞു. ഈ പ്രവണത തുടരുകയാണ്. സമ്പദ്വ്യവസ്ഥയുടെ സ്ഥിതി ഇതൊക്കെയാണെന്നിരിക്കെ ഓഹരിവിപണിയില്‍ സൂചിക മുന്നേറുന്നത് സാമ്പത്തിക വളര്‍ച്ചയുടെ പ്രതിഫലനമാണെന്ന് വിലയിരുത്താനാവില്ല.

Top