21 October Sunday

പരിഹാസം ഈ മോഡിമേക്കപ്പ്

ശതമന്യു Monday Oct 30, 2017

ചരടുപൊട്ടിയ പട്ടത്തിന് കാറ്റിനനുസരിച്ച് പറക്കാം. അതുപോലെയാണ് ബിജെപിയുടെ ഗതി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഇനി മോഡിയുഗം, എതിരാളികളില്ലാത്ത ഭരണം, ഹിന്ദുരാഷ്ട്രം ഇതാ വന്നടുത്തു എന്നൊക്കെയാണ് പറഞ്ഞത്. ഇക്കഴിഞ്ഞ നാളുകളില്‍പ്പോലും വീമ്പടിച്ചു- ഞങ്ങള്‍ 22 സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. കോണ്‍ഗ്രസ് പോയി. കമ്യൂണിസ്റ്റ് വെറും ഒന്നര സംസ്ഥാനത്തില്‍. ആരെടാ വീരാ, പോരിന് വാടാ എന്ന ശൈലി. മോഡി ഇച്ഛിക്കും; അമിത് ഷാ നടപ്പാക്കും- കല്‍പ്പന നാഗ്പുരില്‍നിന്ന് വരും. കാലുവാരാം, ചാക്കില്‍ കയറ്റാം, ഭീഷണിപ്പെടുത്താം, സിബിഐയെ അയച്ച് പേടിപ്പിക്കാം, ആദായനികുതിവകുപ്പിനെക്കൊണ്ട് ചുടുചോറ് വാരിക്കാം- എന്ത് ചെയ്തും സംസ്ഥാനങ്ങള്‍ പിടിക്കും എന്നതായിരുന്നു അവസ്ഥ. വഴങ്ങാത്ത കേരളത്തെ തകര്‍ത്തടുക്കാനാണ് നോക്കിയത്്.

നോട്ട് നിരോധം കൊണ്ടുവന്ന് നാപ്പാംബോംബിട്ടത് കള്ളപ്പണത്തിന്റെ മുതുകത്തെന്നായിരുന്നു അവകാശവാദം. ബോംബ് വന്നുവീണതും പൊട്ടിയതും സാധാരണ മനുഷ്യരുടെ നെഞ്ചത്താണ്. ആഘാതം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. നോട്ട് കിട്ടാതെ പൊരിവെയിലത്ത് എടിഎം ക്ഷേത്രത്തില്‍ ദര്‍ശനം കാത്ത് ക്യൂനിന്ന ഇന്ത്യക്കാരനോട് മോഡി പറഞ്ഞത്, ത്യാഗം സഹിക്കൂ; ഞാനിതാ മധുരമനോജ്ഞ ക്യാഷ്ലെസ് ഇന്ത്യ സൃഷ്ടിക്കാന്‍ പോകുന്നു എന്നാണ്. കള്ളപ്പണം തിരികെ കൊണ്ടുവരാനും ഓണ്‍ലൈന്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ക്യാഷ്ലെസ് ഇക്കോണമി സ്ഥാപിക്കാനുമാണ് നോട്ട് നിരോധനമെന്ന് കേട്ടപ്പോള്‍ ചില ശുദ്ധാത്മാക്കളെങ്കിലും അത് വെള്ളം ചേര്‍ക്കാതെ വിഴുങ്ങി. 99 ശതമാനം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ തിരികെ എത്തിയെന്ന ആര്‍ബിഐ കണക്കുകള്‍ വന്നപ്പോള്‍ കള്ളപ്പണവേട്ട എന്ന കള്ളംപറച്ചിലിന് അന്ത്യമായി. വലിയ നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍  ക്യാഷ്ലെസ് ഇക്കോണമി സാധ്യമായില്ലെന്ന പുതിയ കണക്ക് മധുരമനോജ്ഞ വാഗ്ദാനത്തിനും ചരമക്കുറിപ്പെഴുതുകയാണ്.

വളര്‍ച്ച താഴോട്ടുപോയി. ജിഎസ്ടി തിരിഞ്ഞുകുത്തി. എണ്ണവില തിരിച്ചടിച്ചുതുടങ്ങി- പശുവിനെയും പ്രണയത്തെയുംകൊണ്ട് രക്ഷപ്പെടാന്‍ സാധ്യതയില്ല എന്നതാണ് സംഘപരിവാറിന്റെ നടപ്പുസ്ഥിതി. സ്വന്തം മകന്റെ മാന്ത്രികവളര്‍ച്ചയുടെ കഥ വന്നതോടെ അമിത് ഷായുടെ ചീട്ടും ഏതാണ്ട് കീറിയ അവസ്ഥയിലാണ്. താജ്മഹലിനെ തേജോമഹാലയമാക്കുന്നതിന്റെയും വിജയ് സിനിമയ്ക്കുനേരെ ചാടിവീണ് നടുവൊടിയുന്നതിന്റെയും അടിസ്ഥാനം പരിഭ്രമം മാത്രമാണ്. മെര്‍സല്‍ സിനിമയില്‍ ഒരു കഥാപാത്രം ജിഎസ്ടിയെ വിമര്‍ശിച്ചതിനാണ് ബിജെപി കയറുപൊട്ടിച്ചത്. നടന്‍ വിജയ് വെറും വിജയ് അല്ല, ജോസഫ് വിജയ്യാണെന്ന് പറഞ്ഞത് ബിജെപിയുടെ ദേശീയ നേതാവാണ്. ദേശീയഗാന വിവാദത്തില്‍ കമലിനെ കമാലുദീനാക്കിയ അതേമനസ്സ് എല്ലാ നാട്ടിലെ സംഘികള്‍ക്കുമുണ്ട്. രണ്ടു പരിപാടിക്കും കോടതിയില്‍നിന്ന് കിട്ടി പ്രഹരം.    

ഗുജറാത്തില്‍ വരൂ എന്ന് ഇന്നലെവരെ മറ്റുള്ളവരെ വിളിച്ച മോഡി, ഇപ്പോള്‍ ഗുജറാത്തിലേക്ക് ഷട്ടില്‍ സര്‍വീസ് തുടങ്ങി അതില്‍ കയറി ഇരിപ്പാണ്. രാജ്യത്ത് മറ്റൊരു പണിയുമില്ലെന്ന് തോന്നും പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള ഗുജറാത്ത് സന്ദര്‍ശനം കണ്ടാല്‍. വെറുതെ നിന്നുകൊടുത്താല്‍ ബിജെപി ജയിക്കുമെന്ന് അഹങ്കരിച്ച് സംസ്ഥാനത്ത് പാടുകിടന്നാലും കാലിന്നടിയിലെ മണ്ണ് സംരക്ഷിക്കാന്‍ കഴിയുമോ എന്നാണ് മോഡിയുടെ വെപ്രാളം. ഇന്ത്യാ മഹാരാജ്യത്തിന്റെ പൊതുസ്ഥിതിയെടുത്താല്‍, ആര്‍എസ്എസിന്റെ ഗതി അധോഗതിയാണ്. അഴിമതിക്കാര്യത്തില്‍  കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ റെക്കോഡ് തകര്‍ക്കാന്‍ മത്സരിക്കുന്ന ബിജെപി മുഖ്യമന്ത്രിമാര്‍ വിവരക്കേടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനെ ഏറെ പിന്നിലാക്കിയിട്ടുണ്ട്. കേരളത്തില്‍ വന്ന് യുപിയിലെ ആശുപത്രി കണ്ടുപഠിക്കണം എന്നു പറയാന്‍തക്ക വിവരമുള്ള മുഖ്യമന്ത്രിമാരുള്ളതാണ് ബിജെപിയുടെ മേന്മ. രാജസ്ഥാനില്‍ സര്‍ക്കാര്‍തലത്തിലെ അഴിമതി സംബന്ധിച്ച വിവരം പുറത്തുവിടുന്ന മാധ്യമങ്ങളെ പൂട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. രാഹുല്‍ഗാന്ധിയുടെ ഉപദേശകരെ കൂട്ടത്തോടെ മാറ്റിയതോടെ, നാലുപേര്‍ ശ്രദ്ധിക്കുന്നമട്ടില്‍ വര്‍ത്തമാനം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. ഗബ്ബര്‍ സിങ് ടാക്സ് എന്നു കഷ്ടപ്പെട്ട് രാഹുല്‍ പറഞ്ഞപ്പോള്‍ മോഡി ഞെട്ടിയെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അത് കേട്ട് ഒരുപക്ഷേ, രാഹുലും ഞെട്ടിക്കാണും.

എന്തായാലും ആര്‍എസ്എസും ബിജെപിയും അവ നയിക്കുന്ന സര്‍ക്കാരുകളും സ്വന്തം നയങ്ങളും നടപടികളുംമൂലം ജനങ്ങളില്‍നിന്ന് അകലുകയാണ്. അറബിക്കടലിനെ മതംമാറ്റിയതുകൊണ്ടോ ആടിനെ പശുവാക്കിയതുകൊണ്ടോ താജ്മഹലില്‍ ശിവ പൂജ നടത്തിയതുകൊണ്ടോ ആര്‍എസ്എസ്കേന്ദ്രത്തിലേക്ക്് വിദ്യാര്‍ഥികളെ എസ്കര്‍ഷന്‍ കൊണ്ടുപോയതുകൊണ്ടോ രോഗശമനം ഉണ്ടാകുമെന്നു കരുതാവുന്ന പരുവമല്ല. സര്‍വ ചായവും സുഗന്ധതൈലങ്ങളും പൂശി മോഡിയെ ഒരുക്കുന്നതുകൊണ്ട് ദുര്യോഗം മാറ്റാനാകുമെന്ന് ആര്‍എസ്എസിന് സ്വപ്നം കാണാം- പക്ഷേ, ഇന്ത്യന്‍ ജനത ഈ മേക്കപ്പ് പരിപാടിയെ ഉച്ചത്തില്‍തന്നെ പരിഹസിച്ച് തുടങ്ങിയിട്ടുണ്ട്.

കിണറ്റിലെ തവളയ്ക്ക് മഹാസമുദ്രത്തെക്കുറിച്ച് പറഞ്ഞുകൊടുത്തിട്ട് കാര്യമില്ല. തവള കണ്ടതും അനുഭവിച്ചതുമായ മഹാ ജലാശയം ആ കിണറാണ്്. അതിലും വലുതുണ്ട് എന്നു പറഞ്ഞാല്‍ വിശ്വാസം വരില്ല. അത്തരം മാനസികാവസ്ഥയുള്ളവരെ ഇന്നലെവരെ കൂപമണ്ഡൂകങ്ങളെന്ന് വിളിച്ചിരുന്നു. ഇന്ന് വേറൊരു പേരുകൂടി കേള്‍ക്കുന്നുണ്ട്. അനില്‍ അക്കര എന്ന്. ഫെയ്സ്ബുക്കിലൂടെ തൃത്താലയില്‍ ചക്ക വീണ് മുയല്‍ ചത്തു എന്നു കേട്ടപ്പോള്‍ അക്കരെ മനംതുടിച്ചു തുടങ്ങിയതാണ്. ബമ്പര്‍ ലോട്ടറി അടിച്ചപോലെ തെരഞ്ഞെടുപ്പില്‍ ജയിച്ചു. നിയമസഭയില്‍ മിണ്ടാട്ടമില്ല; ആരും തിരിഞ്ഞുനോക്കുന്നുമില്ല. തന്റേതിനേക്കാള്‍ ചെറിയൊരു പൊട്ടക്കിണറ്റില്‍നിന്ന് ബലറാം, ബാലരമ എന്നൊക്കെ ഇടയ്ക്കിടെ കേള്‍ക്കുന്നുണ്ട്. ആ നിലയ്ക്ക്, താനും ഒന്ന് ശ്രമിച്ചുനോക്കാം എന്നാണ് കരുതിയത്.

വഴിയേ പോകുന്ന കോണ്‍ഗ്രസുകാരനെ സംഘി എന്ന് വിളിച്ചാല്‍ 'എന്തോ' എന്ന് ഉത്തരമുണ്ടാകും. കമ്യൂണിസ്റ്റുകാരനെ അങ്ങനെ വിളിച്ചാലും ഉത്തരമുണ്ടാകും- "പ്ഫ....'' എന്ന്. അത്തരമൊരുത്തരം കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയില്‍നിന്ന് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു അനില്‍ അക്കര. ആര്‍എസ്എസ് വെട്ടിക്കൊന്ന അത്ലറ്റ് സത്യന്റെ കുടുംബത്തിന് കൊടുക്കാനെന്ന പേരില്‍ പിരിവ് നടത്തി വെട്ടിച്ച ഖദറിന്റെ പാരമ്പര്യമേ  അക്കരയ്ക്കറിയൂ. കോണ്‍ഗ്രസിലിരുന്ന് സംഘിയാകുന്നവരെമാത്രമേ അക്കര സ്വന്തം കരയില്‍ കണ്ടിട്ടുള്ളൂ. ഒരുകാലത്ത് ആര്‍എസ്എസ് പിടികൂടാന്‍ ശ്രമിച്ചവരും ആ പാളയത്തില്‍ എത്തിപ്പെട്ടവരും പിന്നീട് വര്‍ഗീയരാഷ്ട്രീയം ഉപേക്ഷിച്ച് സിപിഐ എമ്മിലെത്തിയിട്ടുണ്ട്. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോകനും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസുമാഷും ആരായിരുന്നു? അനിലിനറിയില്ലെങ്കിലും നാട്ടുകാര്‍ക്കറിയാം. അങ്ങനെ ബിജെപി ഉപേക്ഷിച്ച് ഒരാളെങ്കിലും കോണ്‍ഗ്രസില്‍ എത്തിയിട്ടുണ്ടോ? ആര്‍എസ് എസിന്റെ ഒരു കൊലപാതകത്തിനെതിരെയെങ്കിലും കോണ്‍ഗ്രസ് ശബ്ദിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍വരെ ബിജെപിയിലേക്ക് ഇടിച്ചുകയറുന്നത്? എന്തിനാണ് പിണറായിയുടെ തലകൊയ്യാനും മാര്‍ക്സിസ്റ്റുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കാനും ബിജെപി നേതാക്കള്‍ ആക്രോശിച്ച് ആഹ്വാനം മുഴക്കുന്നത്? കോണ്‍ഗ്രസിന് തലയും കണ്ണുമൊന്നും ഇല്ലാഞ്ഞിട്ടാണോ? അതോ കോണ്‍ഗ്രസിനോട് 'ആശാന്‍' ക്ഷമിച്ചതുകൊണ്ടോ? അക്കരയാണ് മറുപടി പറയേണ്ടത്. അതുമല്ല, അക്കര ആരോപിക്കുന്നതുപോലെ രവീന്ദ്രന്‍ മാഷ് വിദ്യാര്‍ഥി കാലത്ത് എബിവിപിയെ തൊട്ടിരുന്നു എന്നുതന്നെ വയ്ക്കുക- അതുകൊണ്ട് എന്താണ്? കമ്യൂണിസ്റ്റുകാര്‍ ആര്‍എസ്എസിനെതിരെ നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്നവരാണ്. ആര്‍എസ്എസ് സകല ആയുധങ്ങളും പ്രയോഗിക്കുന്നത് സിപിഐ എമ്മിനുനേരെയാണ്. അക്കരയുടെ കൂട്ടത്തില്‍ പകല്‍ കോണ്‍ഗ്രസും ഇരുട്ടിയാല്‍ ആര്‍എസ്എസും ആകുന്നവരുണ്ട്. പേര് എ കെ ആന്റണി പറഞ്ഞുതരും. പോയി അവരോട് കളിക്കൂ. രവീന്ദ്രന്‍ മാഷിന്റെ സിരകളില്‍ നല്ല കമ്യൂണിസ്റ്റ് രക്തമാണ്. കണ്ണുതെറ്റിയാല്‍ കാവിയിലേക്ക് ചാടുന്ന തിവാരിയുടെയും എസ് എം കൃഷ്ണയുടെയും രക്തത്തെ അനില്‍ അക്കര തിരിച്ചറിയട്ടെ.


ജാഥ എന്നത് ബഹുജന സമ്പര്‍ക്ക പരിപാടിയാണ്. ഉത്തരേന്ത്യന്‍ നേതാക്കളെയും മാധ്യമസംഘത്തെയും വിളിച്ചുകൊണ്ടുവന്ന് കേരളത്തെയും കേരളീയനെയും തെറിവിളിപ്പിച്ച ബിജെപി ജാഥ നാം കണ്ടു. പിന്നെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രണ്ടു ജാഥകളാണ് കാണുന്നത്്. ഈ ജാഥകള്‍ക്ക് വലിയ സ്വീകരണങ്ങള്‍ ലഭിക്കുന്നു- കൃത്യമായ രാഷ്ട്രീയം പറഞ്ഞ് മുന്നേറുന്നു. അതിനിടയില്‍ ഒരു തുറന്നവാഹനത്തില്‍ ജാഥാ നേതാവിനെ ഏതാനും മീറ്ററുകള്‍ പ്രദേശികതല സ്വീകരണകമ്മിറ്റി പ്രവര്‍ത്തകര്‍ സഞ്ചരിപ്പിച്ചതിലാണ് സിപിഐ എം വിരുദ്ധര്‍ വാര്‍ത്ത കണ്ടെത്തിയത്. അതേകൂട്ടര്‍, ജാഥാംഗങ്ങളുടെ ഭക്ഷണച്ചിത്രമെടുത്ത് ഇതോ കമ്യൂണിസമെന്നും ചോദിക്കുന്നത് കേട്ടു. അവഗണിക്കേണ്ടതാണ്. കമ്യൂണിസ്റ്റുകാര്‍ ഭക്ഷണമാണ് കഴിക്കുന്നത്. അത് മനുഷ്യനുവേണ്ട ഭക്ഷണംതന്നെയാണ്. ഭക്ഷണമേശയില്‍ കുപ്പിയിലാക്കിയ ശീതളപാനീയം ആതിഥേയര്‍ വച്ചാല്‍ അലിഞ്ഞുപോകുന്നതല്ല കമ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ശരികള്‍. ഒന്നിലധികം വിഭവങ്ങള്‍ നിരത്തിയ തീന്‍മേശയില്‍ തങ്ങള്‍ക്ക് വേണ്ടത് കണ്ടെത്തി കഴിക്കാന്‍ ഒരാളുടെയും ഓശാരം വേണ്ട എന്നതാണ് കമ്യൂണിസ്റ്റിന്റെ മറുപടി. പരിപ്പുവടയും കട്ടന്‍ചായയും മാത്രമേ കമ്യൂണിസ്റ്റുകാരന് പറ്റൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ക്ക് അവരുടെ സ്വാതന്ത്യ്രം. 

ജാഥാനേതാവിന് സ്വീകരണകേന്ദ്രത്തിലേക്ക് നടന്നുചെല്ലാന്‍ കഴിയാത്തതുകൊണ്ടല്ല തുറന്നവാഹനം ഏര്‍പ്പെടുത്തുന്നത്്. കാത്തുനില്‍ക്കുന്ന ജനങ്ങളെയാകെ അഭിവാദ്യം ചെയ്യാനുള്ള മാര്‍ഗംകൂടിയാണത്. ഒരു സ്വീകരണകേന്ദ്രത്തില്‍ അങ്ങനെ ഏര്‍പ്പെടുത്തിയ തുറന്നവാഹനത്തിന്റെ വിലയെത്ര, ഉടമയാര്, അയാളുടെ പൂര്‍വകാലമെന്ത് എന്ന് അന്വേഷിക്കാത്തത് കോടിയേരിയുടെ അപരാധമെങ്കില്‍ അത് കമ്യൂണിസ്റ്റുകാര്‍ അങ്ങ് സഹിച്ചു. വാഹനം ഏര്‍പ്പെടുത്തിയതില്‍ അപാകമുണ്ടോ, ഉണ്ടെങ്കില്‍ എന്തുചെയ്യണം എന്നെല്ലാം കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒരാളുടെയും ഓര്‍മപ്പെടുത്തലില്ലാതെ കണ്ടെത്താനും തീരുമാനിക്കാനുമാകും. ജാഥ ഉയര്‍ത്തുന്ന രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ പൂഴ്ത്താനുള്ള വെപ്രാളപ്പെടലിന് ഇങ്ങനെയെങ്കിലും ശമനമുണ്ടായല്ലോ എന്നതില്‍ നിങ്ങള്‍ക്ക്് ആശ്വസിക്കാം

Top