17 October Wednesday

നിരാമയ മാധ്യമധര്‍മം

Tuesday Nov 28, 2017
ശതമന്യു

അത് ഞങ്ങളുടെ പണിയല്ല എന്നാണ് ഡോണള്‍ഡ് ട്രംപിനോട് സിഎന്‍എന്‍ മുഖത്തടിച്ചതുപോലെ പറഞ്ഞത്."സിഎന്‍എന്‍ വ്യാജവാര്‍ത്തകളുടെ പ്രധാന ഉറവിടമാണ്. അവര്‍ നമ്മുടെ രാജ്യത്തെ ലോകത്തിനുമുമ്പില്‍ മോശമായി ചിത്രീകരിക്കുകയാണ്. അവരില്‍നിന്ന് ലോകം സത്യം കാണുന്നില്ല.'' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ആക്ഷേപിച്ചു. അതിനുള്ള മറുപടിയായാണ്, "ലോകത്തിനുമുന്നില്‍ യുഎസിനെ പ്രതിനിധാനംചെയ്യുകയല്ല സിഎന്‍എന്നിന്റെ ജോലി. അത് നിങ്ങളുടെ പണിയാണ്.

ഞങ്ങളുടെ പണി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ്'' എന്ന് സിഎന്‍എന്‍ തിരിച്ചടിച്ചത്. മാധ്യമങ്ങള്‍ക്ക് അവശ്യം വേണ്ട ആര്‍ജവം ആ മറുപടിയിലുണ്ട്. ഇന്ത്യയിലെ നിഷ്പക്ഷ നിരാമയ മാധ്യമങ്ങള്‍ക്ക് ആ സംഗതിമാത്രം ഇല്ല. നരേന്ദ്ര മോഡി കുനിയാന്‍പറഞ്ഞാല്‍ അവര്‍ മുട്ടിലിഴയും.  അതാണ് ബിജെപിയുടെ അധ്യക്ഷന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍നിന്ന് ഊരിപ്പോകാന്‍ ജഡ്ജിക്ക് നൂറുകോടി വാഗ്ദാനംചെയ്ത ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിട്ടും തിരിഞ്ഞുനോക്കാന്‍ വന്‍കിട മഹാ മാധ്യമത്തമ്പുരാക്കന്മാര്‍ക്കും അവരുടെ തണലില്‍ ഉപജീവനംതേടുന്ന  ചാനല്‍ ന്യായാധിപന്മാര്‍ക്കും ചങ്കൂറ്റമില്ലാതെ പോകുന്നത്.

അമിത് ഷാ പ്രതിയാകേണ്ടിയിരുന്നതും വിചാരണ നേരിട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിയിരുന്നതുമായ കേസാണ് സൊഹ്റാബ്ദീന്‍-കൌസര്‍ബി കൊലപാതക ക്കേസ്. പിടിച്ചുകൊണ്ടുപോയി വെടിവച്ചുകൊന്ന് അത് ഏറ്റുമുട്ടല്‍ മരണമായി കൊണ്ടാടിയ സംഭവത്തില്‍ ഗുജറാത്തിലെ ആഭ്യന്തര-നിയമ വകുപ്പുകള്‍ കൈയാളിയ അമിത് ഷായെ കൈക്കില കൂട്ടാതെ രക്ഷപ്പെടുത്താന്‍ പണം വാഗ്ദാനംചെയ്യുക, ആ വാഗ്ദാനവുമായി അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷാ സിബിഐ കോടതിയിലെ ജഡ്ജിയെ സമീപിക്കുക, പിന്നീട് ആ ജഡ്ജി ദുരൂഹസാഹചര്യത്തില്‍ നാഗ്പുരില്‍ മരണമടയുക, പോസ്റ്റ്മോര്‍ട്ടത്തില്‍ സംശയങ്ങളുണ്ടാകുക, പിന്നീട് വന്ന ജഡ്ജി നിമിഷ വേഗത്തില്‍ വാദംകേട്ട് അമിത് ഷായെ വിടുതല്‍ ചെയ്യുക- ചെറിയ കാര്യങ്ങളൊന്നുമല്ല പുറത്തുവരുന്നത്്. ഏതെങ്കിലുമൊരു ചാനലിന് ഇത് ചര്‍ച്ചചെയ്യണമെന്ന് തോന്നിയോ? ക്വാറി  അപകടത്തില്‍ മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര എംഎല്‍എ ക്ഷുഭിതനായ വാര്‍ത്ത അന്തിച്ചര്‍ച്ചയില്‍ ആഘോഷമാക്കിയ നിരാമയ ചാനല്‍ അമിത് ഷായുടെ നൂറുകോടികൊണ്ട് ജുഡീഷ്യറിയെ വിലയ്ക്കുവാങ്ങാനുള്ള അഭ്യാസത്തിലേക്ക് കണ്ണെറിഞ്ഞതുപോലുമില്ല.

അമിത് ഷായുടെ പ്രിയപുത്രന്റെ കമ്പനിയും വരവും റോക്കറ്റ് വേഗത്തില്‍ കുതിച്ചുപൊന്തിയ വാര്‍ത്ത പുറത്തുവന്നപ്പോഴും  റാഫേല്‍ വിമാന ഇടപാടിലെ പടുകൂറ്റന്‍ തട്ടിപ്പ് മുന്നില്‍ നൃത്തമാടിയപ്പോഴും തലകുനിച്ച് കണ്ണടച്ചിരുന്നവരാണ് ചാനല്‍ ജഡ്ജിമാര്‍. അവരെ പറഞ്ഞിട്ട് കാര്യമില്ല. ഓവര്‍കോട്ടും കഴുത്തിലെ കെട്ടുമൊക്കെ രാജാപ്പാര്‍ട്ടാണെന്ന് സ്ഥാപിക്കാനുള്ള ചില്ലറ വിദ്യയാണ്. എന്തുപറയണമെന്ന് കൈയേറി കെട്ടിപ്പൊക്കിയ റിസോര്‍ട്ടിലിരുന്ന് തീരുമാനിക്കും. എപ്പോള്‍, എങ്ങനെ ഉറയണമെന്നും മുന്‍കൂട്ടി നിശ്ചയിക്കും. അഭിനയംമാത്രമാണ് ശീലിക്കേണ്ടത്. ചര്‍ച്ചയ്ക്ക് ക്ഷണിച്ചുവരുത്തി മുന്നിലിരുത്തുന്നവരെ ശത്രു, മിത്രം, നായകന്‍, പ്രതിനായകന്‍, കോമാളി, സഹനടന്‍ എന്നിങ്ങനെ തരംതിരിച്ചാണ് ചോദ്യം തുടങ്ങുക. അന്നത്തെ പരിപാടി മെച്ചപ്പെടുത്തലാണ് ആ ഷോയുടെ അടിയന്തര കടമ. ആലപ്പുഴയിലെ കായല്‍ കൈയേറ്റത്തെക്കുറിച്ച് മാസങ്ങള്‍ ചര്‍ച്ചചെയ്ത് ഒരു മന്ത്രിയെ രാജിവയ്പിച്ചു. എല്ലാം കഴിഞ്ഞ് ചോദിക്കുക- എത്ര സെന്റാണ് കൈയേറിയത്? ആരുടെ ഭൂമിയാണ് കൈയേറിയത്? ഉത്തരം പറയാന്‍ ഒരു ജഡ്ജിയും എഴുന്നേറ്റ് വരില്ല.  

കൈയേറ്റം എല്ലാം കൈയേറ്റംതന്നെയാണ്്. മന്ത്രിയായിരിക്കുമ്പോള്‍ അത്തരമൊരു കേസില്‍ പേരു വരുന്നതുതന്നെ ശരിയായ കാര്യവുമല്ല. തോമസ്ചാണ്ടി രാജിവയ്ക്കേണ്ടിവന്നു ആ വിഷയത്തില്‍. രാജ്യം ‘ഭരിക്കുന്ന പാര്‍ടിയുടെ പാര്‍ലമെന്റംഗവും  സംസ്ഥാനത്തെ  എന്‍ഡിഎയുടെ ഉപാധ്യക്ഷനുമായ വ്യക്തിയാണ് കൈയേറ്റക്കാരനെങ്കില്‍ നിയമം അദ്ദേഹത്തിന്റെവഴിക്കാണോ പോകുക? പ്രസ്തുത വ്യക്തിക്ക് സ്വന്തമായി ഒരു ചാനലുണ്ടെങ്കില്‍ അങ്ങനെയും സംഭവിക്കാം എന്നാണ് പുതിയ മാധ്യമന്യായം. ഏഷ്യാനെറ്റ് ഉടമകൂടിയായ രാജീവ് ചന്ദ്രശേഖറിന്റെ  'നിരാമയ' എന്ന റിസോര്‍ട്ടിനുവേണ്ടി കായല്‍ കൈയേറിയതായി നിയമപരമായി കണ്ടെത്തി. ഒഴിപ്പിക്കാന്‍ നോട്ടീസും കൊടുത്തു. തോമസ്ചാണ്ടിയെ ഒഴിപ്പിക്കാന്‍ നടന്ന ചാനലിന്റെ തലവനാണ് ഈ കായല്‍കുമാര്‍ എന്നോര്‍ക്കണം. ചാണ്ടിയെ ഒഴിപ്പിക്കാന്‍ തുടര്‍ചര്‍ച്ച; കായല്‍കുമാറിനെ രക്ഷിക്കാന്‍ ഏകദിന ചര്‍ച്ച. ഇതിനെ ഇരട്ടനീതി എന്ന് സാധാരണ മനുഷ്യര്‍ പറയും; മാധ്യമ നെറികേടെന്ന് മറ്റുചിലര്‍ വിളിക്കും.

സ്വന്തമായി ഒരു മാധ്യമമുണ്ടെങ്കില്‍ ഏതു കച്ചവടക്കാരനും ഭൂമി കൈയേറാം; അതിന് ചൂട്ടുപിടിക്കാന്‍ മാധ്യമപ്പടയെ സജ്ജമാക്കാം എന്നാണ് പുതിയ നീതിയത്രെ. കേരളത്തില്‍ ചില മാധ്യമങ്ങള്‍ സഹായിക്കുന്നില്ല എന്ന് ആവലാതി പറഞ്ഞവരോട്, "വിലയ്ക്കെടുക്കാന്‍ പറ്റില്ലേ'' എന്ന് അമിത് ഷാ തിരിച്ചുചോദിച്ച അനുഭവമുണ്ട്. അര്‍ണാബിനെയും അതിന്റെ ലോക്കല്‍ മിനിയേച്ചറുകളെയും അവരെ പോറ്റുന്ന സ്ഥാപനങ്ങളെത്തന്നെയും വിലയ്ക്കെടുത്ത് നടത്തുന്ന പണിക്കും നാട്ടില്‍ രാഷ്ട്രീയപ്രവര്‍ത്തനമെന്നുതന്നെയാണ് പേര്! പ്രതിഫലമായി വല്ല പ്രതിരോധ കരാറും കൊടുത്താല്‍ മതിയാകും.

കൂറ്റന്‍ മുതല്‍മുടക്കും കൂട്ടുകമ്പനികളുമുള്ളതാണിന്ന് മാധ്യമവ്യവസായം. അതിന്റെ തലവന്മാരുടെ ഇടപാടുകളും കൂറ്റന്‍ സ്വഭാവമുള്ളതാകും. അവര്‍ക്ക് ചേക്കേറാന്‍ ചില്ലയും തണലുമൊരുക്കി കുറ്റവാളിനേതൃത്വങ്ങള്‍ സര്‍വസജ്ജരായി നില്‍ക്കുമ്പോള്‍ നിര്‍ഭയ-നിരാമയ മാധ്യമസേവനത്തിന്റെ മധുരം ഏതു കായല്‍കൈയേറ്റക്കാരനും തട്ടിപ്പ് വ്യവസായിക്കും ആവോളം നുകരാം. അതിനായി മാധ്യമപ്രവര്‍ത്തനത്തിന്റെ അടിവേരുതന്നെ പിഴുതെടുക്കാനുള്ള അവതാരങ്ങള്‍ നാട്ടില്‍ യഥേഷ്ടമുണ്ടുതാനും. അവരും മാധ്യമസ്വാതന്ത്യത്തെക്കുറിച്ചൊക്കെ വിലാപകാവ്യമാലപിക്കാറുണ്ട്.

ഫലത്തില്‍ മകുടിരൂപത്തിലുള്ള മൈക്കുമായി മാധ്യമസ്വാതന്ത്യ്രമെന്ന ഓലപ്പാമ്പിനെ ആടിച്ച് ഉടമയ്ക്കുവേണ്ടി അധ്വാനിക്കുകയും ക്ഷോഭിക്കുകയും പൊട്ടിത്തെറിക്കുകയും പരിഹസിക്കപ്പെടുകയും ചെയ്യേണ്ടിവരുന്നത് സഹതാപാര്‍ഹമായ തൊഴില്‍കൂടിയാണ്. അത്തരം പണിചെയ്യുമ്പോഴും അഹന്ത കൈവിടില്ലെന്ന് ഭാവിക്കുന്നത് അതിജീവനത്തിന്റെ ആക്രാന്തമാണെന്ന് കരുതണം. അമേരിക്കന്‍ പ്രസിഡന്റിനോട് "താങ്കള്‍ താങ്കളുടെ പണിചെയ്യൂ'' എന്ന് ഒരു മാധ്യമത്തിന് പറയാന്‍ കഴിയുന്നു; ഇവിടെ രാജ്യംഭരിക്കുന്ന കക്ഷിയുടെ സഖ്യശക്തിയായ കോര്‍പറേറ്റ് നേതൃത്വം വരച്ച വരയ്ക്കകത്തുനിന്ന് മാധ്യമ നൃത്തനാടകം അരങ്ങേറുന്നു.  അതിലെ കഥാപാത്രങ്ങള്‍ക്ക് യജമാനപ്രീതിക്കായി രാഷ്ട്രീയനേതാക്കളെ തെറിവിളിക്കാനും ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിമാരെ പുംഗവന്മാരെന്ന് വിളിച്ച് ആത്മസംതൃപ്തിയടയാനും സ്വന്തം നാവിന് വഴങ്ങാത്ത തെറിവിളിക്കാന്‍ നാക്കു വാടകയ്ക്ക് കൊടുക്കുന്ന ജന്മങ്ങളെ കാറയച്ച് വിളിച്ചുകൊണ്ടുവന്ന് ഇരുത്തി ആദരിക്കാനുമുള്ള സൌകര്യം ചെയ്തുകൊടുക്കുന്നതാണ് നല്ലത്.

ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എഴുതിക്കണ്ടു: 'ഫലപ്രദമായ രീതിയില്‍ വേണ്ടരീതിയില്‍ പുറത്തുനിന്നുള്ള നിയന്ത്രണംതന്നെയുണ്ടാകണം. കാരണം മാധ്യമങ്ങള്‍ക്ക് ഇപ്പോഴുള്ള വിശ്വാസ്യതയെങ്കിലും നിലനില്‍ക്കുന്നില്ലെങ്കില്‍, ഒരു ഏജന്‍സിയും ഇതിനെ നിയന്ത്രിക്കാനില്ലെങ്കില്‍, മാധ്യമം എന്നുപറയുന്ന സംവിധാനം ആവശ്യമില്ലാത്തതാണെന്ന് ജനങ്ങള്‍ക്കുതന്നെ തോന്നിത്തുടങ്ങുന്ന അവസ്ഥയുണ്ടാകുകയും ജനങ്ങള്‍ ഇതിനെതിരെ തിരിയുകയും ഫോര്‍ത്ത് എസ്റ്റേറ്റ് എന്നതുതന്നെ ഇല്ലാതാകുകയും ചെയ്യും.' അതാണ് ശരി. ഉച്ചഭാഷിണിയെ ഇടിയായുധമാക്കുകയും വാര്‍ത്താ സ്റ്റുഡിയോയെ കോടതിമുറിയാക്കുകയും സ്വയം ജഡ്ജി ചമയുകയും ചെയ്യുന്നവര്‍ക്ക് ഇതൊന്നും മനസ്സിലാകുന്നില്ല എന്ന വലിയ കടമ്പ ഉണ്ടെന്നുമാത്രം.

എന്തെങ്കിലുമൊരു വഴി കണ്ടെത്താന്‍ ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെല്ലാം കലശലായ മോഹമുണ്ട്; തിടുക്കവുമുണ്ട്. തലയില്‍ മുണ്ടിടാതെ ഒന്ന് പുറത്തിറങ്ങി നടക്കുകയെങ്കിലും വേണം. സെല്‍വരാജിനെ ചാക്കിട്ടും ഉപതെരഞ്ഞെടുപ്പുകളില്‍ തലകുത്തിനിന്നും അഞ്ചുകൊല്ലം ഭരണം പൂര്‍ത്തിയാക്കിയ റെക്കോഡുണ്ട്. അക്കാലത്തും കൈയിലിരിപ്പ് ഇതൊക്കെയായിരുന്നു-ഇപ്പോള്‍ അതിന്റെ തനിനിറം സോളാര്‍ റിപ്പോര്‍ട്ടായി പുറത്തുവന്നു എന്നേയുള്ളൂ. ഇന്ന് പക്ഷേ, സ്ഥിതി അല്‍പ്പം വ്യത്യസ്തമാണ്. നാണം മറയ്ക്കാന്‍ തുണിയില്ല. ഭരണത്തില്‍ വരാന്‍ പഴുതുമില്ല.  അറിയുന്ന  വഴി സ്വതഃസിദ്ധമായ കുറുക്കുവഴിയാണ്. സിപിഐയെ പരസ്യമായി യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുറക്കാന്‍നോക്കിയത് ആ വഴിയാണ്. നല്ല സുന്ദരമായ സ്വപ്നമാണ്. എല്‍ഡിഎഫിന് ആകെ എംഎല്‍എമാര്‍ 92.  അതില്‍ സിപിഐക്ക് 19. അതുംകഴിഞ്ഞ് ഒന്നോ രണ്ടോപേരെ അടര്‍ത്തിയെടുത്താല്‍ അഞ്ചുകൊല്ലം ഉമ്മന്‍ചാണ്ടി ഭരിച്ച കാലം ആവര്‍ത്തിക്കാം- നാണംകെട്ടും ഭരണം നേടിയാല്‍ നാണക്കേട് ആ ഭരണം തീര്‍ത്തുകൊള്ളും! സിപിഐക്ക് യുഡിഎഫിലേക്കള്ള വാതില്‍ തുറന്നുകിടക്കുകയാണെന്നാണ് മടയില്‍ കടന്നുചെന്ന് തിരുവഞ്ചൂര്‍ സ്വപ്നം കണ്ടുകളഞ്ഞത്്. അതിനുള്ള മറുപടി സിപിഐതന്നെ കൊടുത്തിട്ടുണ്ട്. എന്നാലും മൂന്നുപതിറ്റാണ്ട് രാജ്യത്തിന്റെ ഭരണക്കുത്തക കൈയാളിയ ഒരു പാര്‍ടിയുടെ  ഗതികേട് നോക്കണം.  സ്വന്തം ശക്തികൊണ്ട് നേടാന്‍ കഴിയാത്തത് അന്യന്റെ വീട്ടില്‍കയറി മോഷ്ടിച്ച് ഉണ്ടാക്കുംപോലും. ഈ തിരുവഞ്ചൂരിന്റെയും കൂട്ടരുടെയും അഴിമതിയും വൃത്തികേടുംകണ്ട് മനംമടുത്താണ് തങ്ങള്‍ എല്‍ഡിഎഫിന് ഗംഭീരവിജയം സമ്മാനിച്ചത് എന്നത് ജനം മറന്നുപോകും എന്ന് കരുതാനുള്ള ആത്മവിശ്വാസത്തെ അഭിനന്ദിക്കണം. അമിത് ഷാ വിലപേശി കക്ഷികളെയും കോണ്‍ഗ്രസ് നേതാക്കളെയും വിലയ്ക്കെടുക്കുന്നതുപോലെ കൈകാര്യംചെയ്യാവുന്നതാണ് കേരളത്തിലെ രാഷ്ട്രീയം; കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും വഴങ്ങിക്കൊടുക്കുന്നവരാണ് ഇടതുപക്ഷ പാര്‍ടികള്‍  എന്ന്  കരുതുന്ന തിരുവഞ്ചൂരിന്റെ മാനസികാവസ്ഥ അങ്ങനെതന്നെ തുടരുകയാണ് വേണ്ടത്. അവശിഷ്ട കോണ്‍ഗ്രസിന്റെ ഗതിയും സോളാറില്‍ കുരുങ്ങിയ ഉമ്മന്‍ചാണ്ടിയുടേതു പോലാകുന്നതിന് വലിയ കാലതാമസം വരില്ല

Top