16 October Tuesday

കാണാ കൈയേറ്റവും മൂഡി മാജിക്കും

Monday Nov 20, 2017
ശതമന്യു

"കൌണ്‍സില്‍ ഹാളില്‍നിന്ന് ഔദ്യോഗികമുറിയിലേക്ക് കടക്കവെ ഗോവണിയില്‍ മേയര്‍ വീണു. തിക്കിലും തിരക്കിലും പെട്ട് അദ്ദേഹത്തിന്റെ കാലിനും കഴുത്തിനും തലയ്ക്കും പരിക്കേറ്റു. ഉടന്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കഴുത്തില്‍ കോളറും കാലില്‍ പ്ളാസ്റ്ററുമിട്ടു.''- കേരളത്തിലെ പ്രമുഖ നിഷ്പക്ഷ ദേശീയപത്രത്തിന്റെ വാര്‍ത്തയാണ്. വെറുതെ നടന്നുകയറുമ്പോള്‍ സ്വയം വീണ മേയര്‍ക്ക് പരിക്കേറ്റു. ആരും മര്‍ദിച്ചിട്ടില്ല; കൈയേറ്റം ചെയ്തിട്ടില്ല; വലിച്ച് നിലത്തിട്ടില്ല- തിക്കിലും തിരക്കിലും മേയര്‍ പെട്ടുപോയതാണ്. തലസ്ഥാന നഗരത്തിന്റെ മേയര്‍ വി കെ പ്രശാന്തിനെ കൌണ്‍സില്‍ യോഗത്തിനിടെ ബിജെപി ആസൂത്രിതമായി ആക്രമിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യം നാട്ടിലാകെയുള്ള വാര്‍ത്താചാനലുകളും സോഷ്യല്‍ മീഡിയയും അതേപടി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതുകണ്ട് രോഷംകൊള്ളുന്ന കേരളീയര്‍ക്കുമുന്നിലാണ് കേരളത്തിലെ രണ്ടാമത്തെ പത്രം പഴകിപ്പുളിച്ച ശൈലിയില്‍ വാര്‍ത്ത എഴുതി അവതരിപ്പിക്കുന്നത്. ഈ വാര്‍ത്തതന്നെ  എല്ലാ എഡിഷനുകളിലും ഒന്നാം പേജിലില്ല. 

രണ്ടാമത്തെ കഥ നടക്കുന്നത് എറണാകുളത്താണ്. റിപ്പോര്‍ട്ട് ചെയ്തത് ഏറ്റവും പ്രചാരമുള്ള മലയാള ദിനപത്രം. തലക്കെട്ട്: "മാറി നില്‍ക്ക് അങ്ങോട്ട്: മാധ്യമങ്ങളോട് രോഷാകുലനായി മുഖ്യമന്ത്രി''. വാര്‍ത്ത: "കൊച്ചി: സര്‍ക്കാരിലെയും മുന്നണിയിലെയും പടലപ്പിണക്കങ്ങള്‍ രൂക്ഷമായതിന്റെ ദേഷ്യം മാധ്യമങ്ങളോടു പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ പാര്‍ട്ടി ഓഫിസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം-സിപിഐ തര്‍ക്കത്തെക്കുറിച്ചു പ്രതികരണം തേടി മാധ്യമങ്ങള്‍ സമീപിച്ചപ്പോഴാണ്, മാറി നില്‍ക്ക് അങ്ങോട്ട് എന്നു പറഞ്ഞ് രോഷം പ്രകടിപ്പിച്ചത്''. സംഭവിച്ചത്: എറണാകുളം ലെനിന്‍ സെന്ററില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. ചിലര്‍ വളഞ്ഞുനിന്ന് മാര്‍ഗതടസ്സം സൃഷ്ടിച്ചു. തുടര്‍ന്ന് ചോദ്യംചോദിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ആംഗ്യംകാട്ടി മുഖ്യമന്ത്രി ഓഫീസിനകത്തേക്ക് കയറാന്‍ ശ്രമിച്ചു. എന്നാല്‍, പിന്നാലെയെത്തിയ ഒരു മാധ്യമപ്രവര്‍ത്തക മൈക്ക് മുഖ്യമന്ത്രിയുടെ മുഖത്തിനുമുന്നിലേക്ക് നീട്ടുകയും മുഖത്ത് തട്ടുകയുമായിരുന്നു. പ്രതികരിക്കാതെ മുഖ്യമന്ത്രി വീണ്ടും മുന്നോട്ടുനീങ്ങിയെങ്കിലും മറ്റു ചിലരും പ്രതികരണമാരാഞ്ഞ് തിക്കിത്തിരക്കി. ഈ സമയത്ത് ചാനല്‍പ്രവര്‍ത്തക വീണ്ടും തള്ളിക്കയറിയപ്പോള്‍ രണ്ടാംതവണയും മൈക്ക് മുഖ്യമന്ത്രിയുടെ ദേഹത്ത് ശക്തമായി ഇടിച്ചു. അതോടെ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഓഫീസിനകത്തേക്ക് കയറി.

രണ്ട് വാര്‍ത്തകള്‍ മുന്തിയ രണ്ടു പത്രങ്ങള്‍ കൈകാര്യം ചെയ്ത രീതിയിലുണ്ട് മാധ്യമങ്ങളുടെ രാഷ്ട്രീയം. മേയറെ ആക്രമിക്കുന്ന  ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടും മേയര്‍ വെറുതെ പോയി വീണ് പരിക്കേറ്റതാണ് എന്നു പറയാന്‍ ഒരു പത്രത്തിന് മടിയുണ്ടാകുന്നില്ല. സ്വന്തം വീഡിയോയില്‍തന്നെ മുഖ്യമന്ത്രിയെ പാപ്പരാസി സ്റ്റൈലില്‍ പാഞ്ഞുപിടിക്കുന്നതിന്റെ ദൃശ്യവും മൈക്ക് മുഖത്തിടിക്കുന്നതിന്റെ ശബ്ദവും വ്യക്തമായിട്ടും 'മുഖ്യമന്ത്രി വെറുതെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തതാണ്' എന്നു പറയാന്‍ മറ്റേ പത്രത്തിന് ലജ്ജയുമുണ്ടാകുന്നില്ല.

ബിജെപി നേതാവും രാജ്യസഭാംഗവും എന്‍ഡിഎ കേരള സംസ്ഥാന വൈസ് ചെയര്‍മാനുമാണ് രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹത്തിന്റേതാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍. അദ്ദേഹവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത ഇങ്ങനെ:"രാജീവ് ചന്ദ്രശേഖര്‍ എംപി റിസോര്‍ട്ട് നിര്‍മാണത്തിനായി വേമ്പനാട് കായലും തോട് പുറമ്പോക്കും കൈയേറി. രാജ്യാന്തര നിലവാരത്തില്‍ നിര്‍മിക്കുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ടിന് വേണ്ടി നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നു. കുമരകം കവണാറ്റിന്‍കരയില്‍ പ്രധാന റോഡില്‍നിന്ന് കായല്‍വരെ നീളുന്ന പുരയിടത്തില്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് നിര്‍മാണം അന്തിമഘട്ടത്തിലാണ്.'' തെളിവുകളുണ്ട്; പരാതിയുണ്ട്; ഏറ്റവുമൊടുവില്‍ കുമരകം പഞ്ചായത്തുതന്നെ പരാതി നല്‍കിയിട്ടുണ്ട്. കൈയേറ്റം നടത്തിയ ആള്‍ പ്രമുഖ രാഷ്ട്രീയനേതാവുമാണ്. സംസ്ഥാനത്തെ ഒന്നും രണ്ടും സ്ഥാനമുള്ള പത്രങ്ങള്‍ ഈ കൈയേറ്റത്തെക്കുറിച്ച് അരവാര്‍ത്തപോലും പ്രസിദ്ധീകരിച്ചുകണ്ടില്ല. ചാനലുകള്‍ ചര്‍ച്ച നടത്തുന്നതോ ചര്‍ച്ചാംദേഹികള്‍ അലമുറയിടുന്നതോ കേട്ടില്ല. തോമസ് ചാണ്ടിക്കെതിരെ മുപ്പത് അന്വേഷണാത്മക വാര്‍ത്തകള്‍ കൊണ്ടുവന്ന് മന്ത്രിയെ രാജിവയ്പിച്ചു എന്ന് അഹങ്കരിക്കുന്ന ചാനലിന് സ്വന്തം മുതലാളിയുടെ കൈയേറ്റം കാണാന്‍ കണ്ണില്ല; കണ്ണുള്ളവര്‍ അന്വേഷിച്ച് കൊണ്ടുവന്നവതരിപ്പിച്ച വാര്‍ത്ത വായിക്കാനുള്ള മനസ്സുമില്ല. കൈയേറ്റവിരുദ്ധ 'പ്രതിച്ഛായ'കൊണ്ട് അടുപ്പുകൂട്ടി ഭക്ഷണം പാകംചെയ്ത് പശിയടക്കുന്ന മഹാപത്രങ്ങളും പരിസ്ഥിതിപോരാളികളും യഥാര്‍ഥ വിപ്ളവകാരികളെന്ന് ഇടയ്ക്കിടെ സ്വയം പുകഴ്ത്തുന്നവരും രാജീവ് ചന്ദ്രശേഖറിന്റെ മുന്നിലെത്തി സല്യൂട്ട് ചെയ്യുന്നതേയുള്ളൂ.

നാലാമത്തെ കഥ അല്‍പ്പം വ്യത്യസ്തമാണ്. ചാനലുകളിലെ ഒരു പതിവുകാരനെക്കുറിച്ചുള്ളത്. നാവ് വാടകയ്ക്ക് കൊടുക്കുന്ന വ്യക്തിയെക്കുറിച്ച് എന്നും പറയാം. ആളിന്റെ പേര്- ജയശങ്കര്‍. പത്തുമുപ്പതുകൊല്ലം കേരളശബ്ദം വാരിക വിടാതെ വായിക്കുന്നതിന്റെ രാഷ്ട്രീയജ്ഞാനമുണ്ട്. സമാധാനകാലത്ത് പ്രത്യേകം ജോലി ചെയ്യാറില്ല. സിപിഐ എമ്മിനെയും പിണറായിയെയും പരാമര്‍ശിക്കുന്ന ഏത് വിഷയം വന്നാലും ഫോണിലും നേരിലും ജയശങ്കര്‍ ചാനലുകളില്‍ മാറിമാറിയുണ്ടാകും. സിപിഐ എമ്മിനെയും മുഖ്യമന്ത്രി പിണറായിയെയും തെറിവിളിക്കുക എന്നത് ഏക കര്‍മം. അറബിക്കടലില്‍ സുനാമിസാധ്യതയുണ്ടെന്ന വാര്‍ത്തയില്‍ അഭിപ്രായമാരാഞ്ഞാലും, പിണറായിയെക്കുറിച്ച് മോശമായ നാലുവാചകം പറയാതെ മടക്കമില്ല. നാക്കെടുത്താല്‍ ജാതി പറയും- ഏത് നേതാവിന്റെ പ്രവൃത്തിയും ജാതിവച്ച് അളന്ന് വ്യാഖ്യാനിക്കും. പട്ടി, പേപ്പട്ടി, കല്ലെറിയല്‍, തല്ലിക്കൊല്ലല്‍ തുടങ്ങിയ പ്രയോഗങ്ങളിലും അപാര പ്രാവീണ്യമുണ്ട്. പറഞ്ഞുവരുന്ന വിഷയം ആ പ്രാവീണ്യമല്ല. നമ്മുടെ നിഷ്പക്ഷ- നിര്‍ഭയ- നിരന്തര മാധ്യമങ്ങള്‍ ഈ വിദ്വാനെ വിളിച്ചിരുത്തി പിണറായിവധ ബാലെ കണ്ട് ആസ്വദിക്കുന്നതിനെക്കുറിച്ചാണ്.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ നേതാവിനെ അസഭ്യം പറയുന്നത് കേട്ട് ഒരുളുപ്പുമില്ലാതെ തലയാട്ടി ആസ്വദിക്കുന്ന ചാനല്‍ ജഡ്ജിമാരുടെ മനോനില മനോരോഗവിദഗ്ധന്മാര്‍ പരിശോധിക്കേണ്ട കാലം അതിക്രമിച്ചു. താന്‍ സിപിഐ ആണെന്ന് പറയും- സുരേന്ദ്രന്റെ കൈയില്‍നിന്ന് രാഖി സ്വീകരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറിയുമായി ആലോചിച്ചാണ് താന്‍ തീരുമാനങ്ങളെടുക്കുക എന്ന് ആണയിടും- അടുത്ത വണ്ടിക്ക് ആര്‍എസ്എസ് സര്‍സംഘചാലകിന്റെ സവിധത്തിലേക്ക് വച്ചുപിടിക്കും. വെള്ളാപ്പള്ളിക്ക് പാര്‍ടിയുണ്ടാക്കിക്കൊടുക്കാന്‍ ഓടിച്ചെല്ലും- തിരിഞ്ഞുനിന്ന് അതേ വെള്ളാപ്പള്ളിയെ പോഴനെന്ന് വിളിക്കും. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ വകുപ്പുകളുടെ വക്കീലായി വരുമാനം സമൃദ്ധമായി നേടുമ്പോഴാണ്, സര്‍ക്കാരിനെ നയിക്കുന്ന പാര്‍ടിയെ നാടാകെ നടന്ന് തെറിവിളിച്ചത്. രണ്ടു കാര്യത്തിനാണ് വാതുറക്കുന്നത്്. ഭക്ഷണം കഴിക്കാന്‍ വാതുറക്കുമ്പോള്‍ താന്‍ സിപിഐ ആണെന്ന് ഓര്‍ക്കും. തെമ്മാടിത്തം പറയാന്‍ വാതുറക്കുമ്പോള്‍ ഉള്ളിലുണ്ടാവുക സംഘി അധിനിവേശമാണ്. ഇന്നുവരെ സിപിഐ തള്ളിപ്പറയുന്നതു കേട്ടിട്ടില്ല എന്നതിലാണ് ഏക ആശ്വാസം. മാധ്യമപരിലാളനയുടെ പുറകിലെ സത്യവും അതുതന്നെ.

ഇത്തരക്കാരോട് മാറിനില്‍ക്ക് എന്നു പറയാന്‍ ആര്‍ജവമില്ലാത്തവരും പാപ്പരാസികളേ മാറിനില്‍ക്കൂ എന്ന് കേള്‍ക്കുമ്പോള്‍ പനിപിടിക്കുന്നവരും മാധ്യമപ്രവര്‍ത്തകര്‍ എന്ന പേരില്‍തന്നെയാണ് അറിയപ്പെടുന്നത്.
----------------
നാട്ടില്‍ പട്ടിണിയും വികസനച്ചുരുക്കവും തൊഴില്‍ പോയ ലക്ഷങ്ങളുടെ ദുരിതവുമാണ് വാഴുന്നത്. ചാണകം കഴിച്ചാല്‍ വിശപ്പ് മാറില്ല. നോട്ട് നിരോധവും ജിഎസ്ടിയും കൊണ്ടുണ്ടായ ദുരിതത്തീ അണയ്ക്കാന്‍ ഗോമൂത്രം പോരാ. ആരൂഢമായ ഗുജറാത്തില്‍തന്നെ ഓടിത്തളര്‍ന്ന് പരവശനായ മോഡിയെ കണ്ടാലറിയാം സംഘപരിവാറിന്റെ ആധി. മോഡി മാജിക്കും മോഡി പ്രഭാവവും മുക്കുപണ്ടമാണെന്ന് ജനങ്ങള്‍ വിളിച്ചുപറയുന്നത് കേട്ടുകേട്ടിരിക്കുമ്പോഴാണ്, മോഡിക്ക് മോടികൂട്ടാന്‍ മൂഡീസ് എന്ന ആശയം ജനിച്ചത്. "ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയര്‍ത്തി''- അത് മോഡിക്കുള്ള അംഗീകാരം; നോട്ട് നിരോധത്തിനും ജിഎസ്ടിക്കും സാധൂകരണം എന്നാണ് മൂഡീസിനെ മൂടോടെ കൊണ്ടുവന്ന് ജനങ്ങള്‍ക്കുമുന്നില്‍വച്ച് അരുണ്‍ ജെയ്റ്റ്ലി സംഘം ആഘോഷിച്ചത്. അന്വേഷിച്ച് ചെല്ലുമ്പോള്‍ മൂഡീസ് അത്ര ശരിയല്ല എന്നാണ് കാണുന്നത്.

റേഷന്‍ കിട്ടാതെ പട്ടിണികിടന്ന് മരിക്കുന്ന സന്തോഷികുമാരിമാരുടെ കുടുംബത്തിനും ഉല്‍പ്പന്നങ്ങള്‍ക്ക് വിലകിട്ടാതെ ആത്മഹത്യയിലേക്ക് കണ്ണുനട്ടിരിക്കുന്ന കര്‍ഷകര്‍ക്കും തെരുവിലിറങ്ങേണ്ടിവന്നവരും ഇറങ്ങാന്‍ നാളുകളെണ്ണുന്നവരുമായ തൊഴിലാളികള്‍ക്കും ബാങ്ക് അക്കൌണ്ടിലേക്ക് 15 ലക്ഷം കൊടുക്കുന്നതുവരെ ആഴ്ചയില്‍ ഓരോ കിലോ മൂഡീസ് അനുവദിച്ചാല്‍ അതും മോഡിയുടെ മാസ്മര മായാജാലമായി കൊണ്ടാടാമായിരുന്നു
 

Top