10 December Monday

തൊഗാഡിയയുടെ മോഡിപ്പേടി

Monday Jan 22, 2018


ബ്രേക്കിങ് ന്യൂസ് കണ്ട് കാളയുടെ പേറെടുക്കാൻ പോയവരിൽ മലയാളത്തിലെ കുറെ രാഷ്ട്രീയനിരീക്ഷകരെയും കണ്ടു. കോൺഗ്രസുമായി സഹകരണം വേണോ വേണ്ടയോ എന്നതിൽ തർക്കിച്ച് മാർക്സിസ്റ്റ് പാർടി രണ്ടായി പിളരുന്നത് സ്വപ്നം കണ്ടവർവരെ കൂട്ടത്തിലുണ്ട്്. കോൺഗ്രസുമായി രാഷ്ട്രീയസഖ്യത്തിനോ തെരഞ്ഞെടുപ്പുമുന്നണിക്കോ ഇല്ല എന്നത് പാർടിയുടെ പ്രഖ്യാപിതനിലപാടാണ്. ആകെയുള്ള ആറ് എംഎൽഎമാരിൽ ആറിനെയും ബിജെപിക്ക് കാണിക്കവച്ചാണ് ത്രിപുരയിൽ ഇന്ന് കോൺഗ്രസ് ഊർധ്വൻ വലിക്കുന്നത്. കൊടിയിലും ഖദറിലും കാവിച്ചായം പൂശിയിട്ടില്ല എന്നേയുള്ളൂ. ബംഗാളിൽ സിപിഐ എമ്മിനെ തകർക്കാൻ തൃണമൂലിന് സ്വയം പണയം നൽകിയ പാരമ്പര്യമുള്ള പാർടിയാണ് കോൺഗ്രസ്. എണീച്ചുനിൽക്കണമെങ്കിൽ ഹാർദിക് പട്ടേലിന്റെയെങ്കിലും താങ്ങുവേണം. രാഹുൽ ഗാന്ധി കോൺഗ്രസുകാരുടെ വീടുകളിലല്ല, അമ്പലങ്ങളിലാണ് കൂടുതൽ കയറിയിറങ്ങുന്നത്. എഐസിസി ഓഫീസിൽ മാലയിട്ടു പൂജിക്കുന്ന ത്രിമൂർത്തികൾ ആഗോളവൽക്കരണവും ഉദാരവൽക്കരണവും സ്വകാര്യവൽക്കരണവുമാണ്. അതേചിത്രത്തിന്റെ പ്രിന്റെടുത്താണ് ബിജെപി ഓഫീസിലേക്ക് കൊണ്ടുപോയത്. വർഗീയതയുടെ അളവിൽ വലിയ അന്തരമുണ്ട് എന്നത് സത്യം. മറ്റു പലതിലും സയാമീസാണ് ബിജെപിയും കോൺഗ്രസും.  അത് ആരേക്കാളും നന്നായി സുധീരന് അറിയാം. എന്നിട്ടും സുധീരന്റെ പരിഭവം മാർക്സിസ്റ്റ് പാർടി കോൺഗ്രസിനൊപ്പം ചെല്ലുന്നില്ല എന്നാണ്.

നോട്ട് നിരോധനവും ജിഎസ്ടിയും നാട്ടിൽ ദുരന്തം പെയ്യിച്ചപ്പോൾ ഒന്നു ചെറുവിരലനക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ദേശീയ പാർടിയാണ്; അടിത്തറയുണ്ട് എന്ന് പറച്ചിലിനുമാത്രം ക്ഷാമമില്ല. നോട്ട് നിരോധനത്തിന്റെ കള്ളക്കളിയും ജനവിരുദ്ധതയും ഉയർത്തി ഒരു സമരം കോൺഗ്രസ് നടത്തിയോ? നാട്ടിലെ കർഷകരുടെയും തൊഴിലാളികളുടെയും നീറുന്ന പ്രശ്നങ്ങൾ മുൻനിർത്തി ഏതെങ്കിലുമൊരു കോൺഗ്രസുകാരൻ ശബ്ദിച്ചോ? മോഡി നോട്ട് നിരോധനം പ്രഖ്യാപിച്ച് ജനതയെ നടുക്കടലിലേക്ക്തള്ളിയപ്പോൾ വർഷാന്ത്യ ആഘോഷത്തിന് വിദേശത്തേക്ക്  പറന്നപ്രത്യക്ഷനായ രാഹുൽഗാന്ധിയുടെ പാർടിയിലിരുന്ന് കോൺഗ്രസാണ് ബിജെപിക്ക് ബദൽ എന്ന് സുധീരൻ പറഞ്ഞാൽ, കൈയടിക്കാൻ കൂലികൊടുത്താലും ആളെ കിട്ടില്ല.

സീതാറാം യെച്ചൂരി പലവട്ടം തിരിച്ച് ചോദിച്ചു‐ നിങ്ങൾ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നോ എന്ന്. നേരിട്ട് കണ്ടപോലെയാണ് പലതും ചില മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തത്. സിപിഐ എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് ക്യാമറ തിരിച്ചുവയ്ക്കുന്നത് എന്തായാലും മോശം കാര്യമാണെന്ന് കരുതുന്നില്ല. അവിടെ എന്തു തീരുമാനമെടുക്കുന്നു; അത് എങ്ങനെ എടുക്കുന്നു എന്നതെല്ലാം ജനം അറിയാൻ ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ അത്. ഒന്നര സംസ്ഥാനത്തല്ലേ നിങ്ങളുടെ പാർടിയുള്ളൂ എന്ന ബിജെപിക്കാരന്റെ അഹന്ത നിറഞ്ഞ ചോദ്യത്തിനുള്ള മറുപടികൂടിയാണത്. ഭരിക്കുന്ന സംസ്ഥാനത്തിന്റെ എണ്ണമല്ല, നിലപാടുകളിലെ കൃത്യതയും വ്യക്തതയുമാണ് രാഷ്ട്രീയപാർടികളെ പ്രസക്തമാക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ തലയെടുക്കുന്നവർക്ക് മധ്യപ്രദേശുകാരൻ കുന്തൻ ചന്ദ്രാവത്ത് ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചത്, ആർഎസ്എസ് ഏറ്റവുമധികം ഭയപ്പെടുന്ന രാഷ്ട്രീയമാണ് ആ തലയുടേത് എന്നതുകൊണ്ടാണ്. എന്തുകൊണ്ട് ഒരൊറ്റ കോൺഗ്രസ് നേതാവിന്റെയും തലയ്ക്ക് നാലുചക്രത്തിന്റെ വില ബിജെപി കൊടുക്കുന്നില്ല എന്നത് സുധീരൻതന്നെ ആലോചിക്കണം. തലയെടുക്കുന്നതിനുപകരം മൊത്തക്കച്ചവടമാണ് കോൺഗ്രസിന്റെ കാര്യത്തിൽ നടക്കുന്നത്. ഗുജറാത്തിൽനിന്ന് രായ്ക്കുരാമാനം എംഎൽഎമാരെയുംകൊണ്ട് കടന്നുകളയേണ്ടിവന്നത് അമിത് ഷാ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടല്ല. ഷായുടെ മുന്നിൽ പെട്ടുപോയാൽ, തുറന്നുവയ്ക്കുന്ന പെട്ടിയിലെ ദ്രവ്യം കണ്ട് എംഎൽഎമാർ മയങ്ങിവീഴുമെന്ന ഭയംകൊണ്ടാണ്. നിങ്ങളെ പണം കൊടുത്ത് വാങ്ങാമെന്നറിയാവുന്ന സംഘപരിവാർ, കമ്യൂണിസ്റ്റുകാരെ പണം മുടക്കി കൊല്ലാൻ നടക്കുന്നു. അതാണ് വ്യത്യാസം.
                      ‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐‐
അടൽ ബിഹാരി വാജ്പേയി ഒന്നുമറിയാൻ കഴിയാത്ത അവസ്ഥയിലായത് അദ്ദേഹത്തിന്റെ ഭാഗ്യം. അതല്ലെങ്കിൽ ഒരു നിലവിളി അവിടെനിന്നും ഉയർന്നേനെ. 1951ൽ ജനസംഘം സ്ഥാപിച്ചതുമുതൽ ഒന്നിച്ചുള്ളവരാണ് വാജ്പേയിയും ലാൽ കൃഷ്ണ അദ്വാനിയും. അദ്വാനിക്ക് ബോധമുണ്ട്‐ അതുകൊണ്ട് മിണ്ടാതിരിക്കുന്നു. വാജ്പേയിക്ക് മിണ്ടാനുള്ള ശേഷിയില്ല. അതുകൊണ്ട് അവിടെയും മൗനം. മിണ്ടിത്തുടങ്ങിയ യശ്വന്ത് സിൻഹയെ വാർധക്യകാലത്തെ തൊഴിലന്വേഷകനെന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. മുരളീമനോഹർ ജോഷിയെക്കുറിച്ച് വലുതായി ആർക്കും അറിയില്ല.  ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജി കശ്മീർ ജയിലിൽ ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്.    ജനസംഘത്തിന്റെ മറ്റൊരു പ്രധാന നേതാവായ ദീൻദയാൽ ഉപാധ്യായ 1968ൽ മുഗൾസരായ് റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്. ആർഎസ്എസിനെ ചുറിപ്പറ്റിയുള്ളതെല്ലാം ദുരൂഹതകളാണ്. സംഘത്തിന്റെ പരമാധികാരിയാണ് സർ സംഘചാലക്. ലോകത്തെ വലിയ സംഘടനയെന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ സർ സംഘചാലക് സ്ഥാനം അലങ്കരിച്ച കെ എസ് സുദർശനെ മൈസൂരിൽ പ്രഭാത സവാരിക്കിടെയാണ് ഒരുദിവസം കാണാതായത്. എല്ലാ ദിവസവും രാവിലെ നടക്കാൻ പോകുന്ന ശീലമുള്ള സുദർശനൊപ്പം സാധാരണ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും. കാണാതാകുന്ന ദിവസം ഒറ്റയ്ക്കാണത്രേ നടക്കാൻ പോയത്. സുദർശനെ എന്തിന് സംഘം ഒറ്റയ്ക്ക് വിട്ടു എന്നതിന് അദ്ദേഹത്തിന്റെ മരണത്തിനുശേഷവും ഉത്തരമില്ല. ഗുജറാത്തിൽ മോഡിമന്ത്രിസഭയിൽ  അംഗമായിരുന്ന; അമിത് ഷായേക്കാൾ ഉന്നതനായിരുന്ന ഹിരെൻ പാണ്ഡ്യ കൊല്ലപ്പെട്ടതും പ്രഭാതസവാരിക്കിടെയാണ്.

ഈ സംഭവങ്ങളെല്ലാം ചേർത്തുവയ്ക്കുമ്പോഴാണ്, തൊഗാഡിയ പറയുന്നതിൽ വല്ല കാര്യവുമുണ്ടോ എന്ന് അന്വേഷിക്കേണ്ടിവരുന്നത്. മോഡിയും തൊഗാഡിയയും രണ്ടല്ലായിരുന്നു. ഉമിനീര് പെട്രോളാക്കിയവർ. ഗുജറാത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ചെന്ന് വർഗീയതയുടെ കൃഷി നടത്തിയവർ. ആ തൊഗാഡിയയാണ് ഇന്ന് വിലപിക്കുന്നത്‐ തന്നെ കൊല്ലാൻ പോകുന്നുവെന്ന്. 'കാവി പ്രതിബിംബങ്ങൾ; മുഖങ്ങളും മുഖാവരണങ്ങളും' എന്നോ മറ്റോ പേരിൽ തൊഗാഡിയ പുസ്തകമെഴുതാൻ പോകുന്നു. ചില പുസ്തകങ്ങൾ ഭൂകമ്പമുണ്ടാക്കും. ചിലത് പുറത്തുവന്നാൽ ദുർഗന്ധത്തിന്റെ ലാവയൊഴുകും.

തൊഗാഡിയയെ പേടിയുള്ളതാർക്ക് എന്നതാണ് ചിന്തിക്കേണ്ട വിഷയം. മോഡി ഹിന്ദുക്കളെ വഞ്ചിച്ചു, രാമജന്മഭൂമിക്കുവേണ്ടി രാഷ്ട്രീയമുതലെടുപ്പ് നടത്തിയവരുടെ കൂട്ടത്തിലാണ് മോഡി എന്നൊക്കെയാണ് പഴയ സുഹൃത്തിന്റെ പരാതികൾ. സംഗതി സത്യമാണെന്ന് നാട്ടുകാർക്കെല്ലാമറിയാം. അത് പുസ്തകത്തിൽ തൊഗാഡിയയുടേതായി വന്നാൽ അമ്പത്തിരണ്ടിഞ്ച് ബലൂണിന്റെ കാറ്റുപോകും എന്നതാണ് പ്രശ്നം. തൊഗാഡിയക്ക് ഇപ്പോൾ പഴയ പ്രതാപമൊന്നുമില്ല. അന്താരാഷ്ട്ര അധ്യക്ഷൻ എന്ന പേരേയുള്ളൂ. പക്ഷേ, രാജ്യം മുഴുവൻ പറന്നെത്തി വർഗീയതയ്ക്ക് അടിത്തറയിട്ട തൊഗാഡിയയും സബ് ഏജന്റുമാരിലൊരാളായ പ്രമോദ് മുത്തലിക്കുമെല്ലാം മനസ്സിൽ മഹാരഹസ്യങ്ങൾ കൊണ്ടുനടക്കുന്നവരാണ്. വല്ലതും പറഞ്ഞുപോയാൽ, സംഘവും പരിവാരവും പൂട്ടിക്കെട്ടേണ്ടിവരും. രാജസ്ഥാനിലും ഗുജറാത്തിലും പതിറ്റാണ്ടുമുമ്പ് രജിസ്റ്റർചെയ്ത കേസുകൾ പൊടിതട്ടിയെടുത്ത് തൊഗാഡിയയെ പൂട്ടാൻ മോഡിതന്നെ ഇറങ്ങുന്നതിന്റെ പൊരുൾ അതാണ്. 'ഹിന്ദുത്വത്തെ എതിർക്കുന്നവർക്ക് വധശിക്ഷ' വിധിച്ച തൊഗാഡിയക്ക് ഇന്ന് സ്വന്തം പാളയത്തിൽനിന്നാണ് ശിക്ഷാവിധി ഉണ്ടായിരിക്കുന്നത്. 'എന്നെ കൊല്ലാൻ നോക്കുന്നു' എന്ന നിലവിളിയോടെ വിശ്വഹിന്ദു പരിഷത്ത് ആസ്ഥാനത്തുനിന്ന് ഒളിച്ചുകടന്ന് ഓട്ടോറിക്ഷയിൽ അഭയംതേടിയ തൊഗാഡിയ പുസ്തകത്തിലൂടെ മുഖംമൂടി വലിച്ചുപറിക്കുന്നതിനുമുമ്പ് ഒരു 'ഏറ്റുമുട്ടലുണ്ടാ'ക്കാൻ ശ്രമിക്കുന്നത് ആർഎസ്എസിന്റെ നിഘണ്ടുവിൽ പാതകമല്ല. അതുകൊണ്ടാണ് തൊഗാഡിയയെപ്പോലും വിശ്വസിക്കേണ്ട ഗതികേട് ഇന്ത്യക്കാരനുണ്ടാകുന്നത്

Top