28 May Monday

ഭൂകമ്പത്തിന്റെ താക്കോല്‍ പണയത്തില്‍

Monday Dec 19, 2016
ശതമന്യു

ഭൂകമ്പം ഉണ്ടാകുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ‘ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിനെയാണ്  ‘ഭൂകമ്പം അഥവാ ‘ഭൂമികുലുക്കം എന്നു പറയുന്നത്. വെറുതെ അത്തരം ചലനമുണ്ടാകില്ല. അതിന് കൃത്യമായ കാരണം വേണം. ഭൂമിയുടെ ആന്തരിക പ്രവര്‍ത്തനംമൂലമുണ്ടാകുന്ന ചലനങ്ങളുമുണ്ട്; പ്രേരിതചലനങ്ങളുമുണ്ട്.  വന്‍കിട അണക്കെട്ടുകള്‍പോലുള്ളവ കൊണ്ടാണ് പ്രേരിതചലനമുണ്ടാകുക. അത്തരത്തിലൊന്നാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടാകുമെന്ന് ഭയപ്പെട്ടത്. വമ്പന്‍ പ്രത്യാഘാതവും സുനാമിയുമുണ്ടാക്കുമെന്ന് പ്രതീക്ഷിച്ച ആ ചലനം പക്ഷേ പ്രഭവകേന്ദ്രത്തില്‍ത്തന്നെ നിര്‍വീര്യമായി. പ്രേരിപ്പിക്കാനുള്ള താക്കോല്‍ രാഹുല്‍ ഗാന്ധിയുടെ കൈയിലായിരുന്നു.  ഇപ്പോള്‍ പൊട്ടുമെന്ന് കരുതി കാത്തിരുന്നവരെയും ഭയന്നിരുന്നവരെയും ഒരുപോലെ  അമ്പരപ്പിച്ചുകൊണ്ടാണ് ഭൂകമ്പത്താക്കോലുമായി രാഹുല്‍ജി മോഡിയുടെ  ദര്‍ബാറിലേക്ക് കയറിച്ചെന്നത്. 

നോട്ട് പിന്‍വലിച്ചതിനുശേഷം മോഡി സ്വസ്ഥതയെന്തെന്നറിഞ്ഞിട്ടില്ല. പാര്‍ലമെന്റില്‍ മിണ്ടിയിട്ടില്ല. സംഘപരിവാരം സങ്കടപരിവാരമായി. രാജ്യസ്നേഹം, അതിര്‍ത്തി, ജവാന്മാര്‍, കള്ളനോട്ട്, കള്ളപ്പണം, ഭീകര്‍ കണ്ടെയ്നര്‍, പാകിസ്ഥാന്‍ എന്നെല്ലാം മുക്രയിട്ട് പറഞ്ഞുകൊണ്ടിരുന്ന സംഘികള്‍ ഏതു മാളത്തിലൊളിച്ചെന്ന് നാഗ്പുരിലെ ആസ്ഥാനത്തുപോലും വിവരമില്ല. ഉത്തരേന്ത്യയില്‍ ബിജെപി പൊതുയോഗത്തിന് നേതാക്കള്‍ സ്റ്റേജില്‍ കയറുന്നത് ഐഎസ്ഐ മാര്‍ക്കുള്ള ഹെല്‍മെറ്റുവച്ചാണ്. കേരളത്തിലെ നിത്യഹരിത യുവനേതാവ് കെ സുരേന്ദ്രന്‍ ചാനലില്‍ ചെന്നിരുന്ന് നടത്തിയ പ്രവചനം നിരോധിച്ച നോട്ടുകള്‍ തിരിച്ചെത്തുമ്പോള്‍ അതിന്റെ മൂല്യത്തില്‍ മൂന്നുലക്ഷം കോടിയുടെ കുറവുണ്ടാകുമെന്നും ആ കുറവാണ് പ്രധാനമന്ത്രി പറഞ്ഞ കള്ളപ്പണമെന്നുമാണ്. കുറഞ്ഞത് മൂന്നുലക്ഷം കോടി രൂപയുടെ കുറവുണ്ടായില്ലെങ്കില്‍ വാര്‍ത്താ അവതാരകന്‍ പറയുന്ന ജോലി താന്‍ ചെയ്യാമെന്നും ആകാശത്തിലേക്ക്  മുഷ്ടി ഇടിച്ചുകയറ്റി സുരേന്ദ്രന്‍ ഉഗ്രപ്രഖ്യാപനം നടത്തി. ആ പ്രഖ്യാപനം കണക്കുവച്ച് പൊളിച്ചത് റിസര്‍വ് ബാങ്കും വലിയ നേതാവ് ജെയ്റ്റിലിയുടെ മന്ത്രാലയവുമാണ്. അതോടെ വെല്ലുവിളിക്കാന്‍ സുരേന്ദ്രനുമില്ല, പറയുന്ന പണി ചെയ്യിക്കാന്‍ അവതാരകനുമില്ല എന്നായി. സംഘി നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍തന്നെ പേടിയായിത്തുടങ്ങി. വൈ കാറ്റഗറി സുരക്ഷ നല്‍കി സംഘി സംരക്ഷണം ഏറ്റെടുത്തിരിക്കയാണ് മോഡി സര്‍ക്കാര്‍.  വയ്ക്കോല്‍ കെട്ട് സേഫ് ലോക്കറില്‍ വയ്ക്കുന്നതുപോലെ, നാട്ടില്‍ നാലണയ്ക്ക് വിലയില്ലാത്ത നാലു നേതാക്കള്‍ കേരളത്തില്‍ വൈ കാറ്റഗറിയില്‍ കരിമ്പൂച്ചകളോടൊപ്പം കോടികള്‍ ചെലവിട്ട് സഞ്ചരിക്കും. മോഡിക്കും സുരേന്ദ്രനും ഒരേ തരത്തിലാണ് പേടി.

ആ പേടിക്കാലത്താണ് രാഹുല്‍ജി വക ഭൂകമ്പം വരുമെന്ന മുന്നറിയിപ്പുണ്ടായത്. മോങ്ങാനിരിക്കെ തലയില്‍ തേങ്ങ വീണാലുള്ള ഗതികേടില്‍ മോഡിയിരിക്കെ, സുസ്മേരവദനനായി സന്നിധിയിലേക്ക് രാഹുല്‍  കടന്നുചെന്ന് ഭൂകമ്പത്തിന്റെ താക്കോല്‍ കാല്‍ക്കല്‍വച്ച് കുമ്പിടുകയായിരുന്നുവെന്നാണ് വിശ്വസനീയവാര്‍ത്ത. മോഡി രാഹുല്‍കുടുംബത്തെ ഹെലികോപ്റ്ററിലാണ് പിടിച്ചത്. നോട്ടുതട്ടിപ്പിലെ ഭൂകമ്പം ഹെലികോപ്റ്ററുമായി വച്ചുമാറി രാഹുല്‍ മാതൃകയായി. കോണ്‍ഗ്രസിന്റെ ഗതികേടാണ് മോഡിക്ക് വളം. വെറുതെയല്ല, ചെന്നിത്തലയുടെ നാവില്‍നിന്ന് സംഘിഗീതങ്ങള്‍ ഇടയ്ക്കിടെ മുഴങ്ങുന്നത്.
--------------------
നോട്ട് കേസില്‍ വെറുക്കപ്പെട്ടവനായാലെന്താ, ഫോബ്സ് മാസികയുടെ കണക്കില്‍ മോഡി ലോകത്തെ ഒമ്പതാമത്തെ കരുത്തനായില്ലേ എന്ന ആശ്വാസം സംഘികള്‍ക്കുണ്ട്. നേരാണ്. ഫോബ്സ് മാഗസിന്‍ നടത്തിയ വാര്‍ഷിക കണക്കെടുപ്പില്‍ ലോകത്തെ കരുത്തരില്‍ ഒമ്പതാംസ്ഥാനം മോഡിക്കാണ്. അതിനുമുന്നില്‍ എട്ടുപേരുണ്ട്. അതിലൊരാള്‍ ബില്‍ഗേറ്റ്സാണ്. അതില്‍ കുഴപ്പമില്ല. രണ്ടാളും കച്ചവടംതന്നെ. പക്ഷേ, ഇതിലെന്തിത്ര അതിശയിക്കാന്‍ എന്ന ചോദ്യം വേറെ വരുന്നുണ്ട്. ഒന്നാംസ്ഥാനക്കാരന്‍ അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ്. നല്ല സ്വഭാവംകൊണ്ട് പേരെടുത്ത നേതാവ്.  ജനസംഖ്യയുടെ കണക്കെടുത്താല്‍ ലോകത്ത് രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കന്നുകാലികളുടെ കണക്കില്‍ ഒന്നാംസ്ഥാനത്താണ്. അങ്ങനെ പലപല മുന്തിയ സ്ഥാനങ്ങളുള്ളപ്പോള്‍ ഒമ്പതാംസ്ഥാനത്തെത്തിയത് 56 ഇഞ്ചിന്റെ വിസ്തൃതികൊണ്ടാണ് എന്ന് സംഘികള്‍ തള്ളുമ്പോഴേ ഉള്ളൂ പ്രശ്നം. ആപത്തുകാലത്ത് ആശ്വാസം നല്‍കാന്‍ ദുര്‍ബലമായ കച്ചിത്തുരുമ്പിനുപോലും കഴിയുമെന്നതുകൊണ്ട് നോട്ടുകാലത്ത് മോഡിക്ക് ഒമ്പതാംസ്ഥാനവും തുണ.
------------------------
ഇന്നലെവരെ ചില കേസുകളോട് കാണിച്ച താല്‍പ്പര്യം അനുസരിച്ചാണെങ്കില്‍, കറന്‍സി രഹിത വ്യവസ്ഥയുടെ അപദാനങ്ങളേക്കാള്‍ മുഴപ്പില്‍വരേണ്ട വാര്‍ത്ത കണ്ണൂരില്‍നിന്നുള്ളതായിരുന്നു. അവിടെ നാലഞ്ചുകൊല്ലമായി നാടുകടത്തപ്പെട്ട രണ്ട് നേതാക്കള്‍ ഒരു കേസിലും ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന വെളിപ്പെടുത്തലാണുണ്ടായത്. ഫസല്‍ എന്ന എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ പതിറ്റാണ്ട്  മുമ്പ് കൊല്ലപ്പെട്ട കേസിലാണ് സിബിഐ പിടിച്ചവരും ജയിലിലടച്ചവരുമല്ല കുറ്റവാളികള്‍, പിടിപ്പിച്ചവരാണെന്ന് തെളിഞ്ഞത്്.   കാരായിമാരാണ്, ക്രിമിനലുകളാണ്-ജയിലിലടയ്ക്കപ്പെടാന്‍ സര്‍വഥാ യോഗ്യരാണ് എന്ന് മുദ്ര കുത്തിയത് രണ്ട് മാര്‍ക്സിസ്റ്റ് നേതാക്കളെയായതുകൊണ്ടാകും നിഷ്പക്ഷ നിര്‍ഭയ മാധ്യമങ്ങള്‍ സംഭവം കണ്ട ഭാവം നടിച്ചിട്ടില്ല. സ്വന്തമായി കഥകള്‍ ചമച്ച് വേട്ടയാടുകയും സിബിഐക്കുമുന്നില്‍ പിടിച്ചു വച്ചുകൊടുക്കുകയും ചെയ്തത് ഏതാനും മാധ്യമങ്ങള്‍കൂടിയാണ്. പുതിയ വെളിപ്പെടുത്തലും കേസിന്റെ കീഴ്മേല്‍മറിച്ചിലും അന്വേഷിക്കാനോ  മുന്നിലുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനോ അവര്‍ക്ക് താല്‍പ്പര്യമില്ല. കാശുകൊടുത്ത് പത്രംവാങ്ങുന്ന വായനക്കാരോടും മാസാമാസം കേബിള്‍ വരിസംഖ്യ അടയ്ക്കുന്ന പ്രേക്ഷകരോടും   മിനിമം മര്യാദ  വേണ്ടേ എന്ന ചോദ്യത്തിന് അവരില്‍നിന്ന് ഉത്തരവുമില്ല.

മനുഷ്യാവകാശത്തെക്കുറിച്ച് ആശങ്കയും ആക്രോശവും വിലാപവുമെല്ലാം നിരന്തരം ഉയരുന്നുണ്ട്. കുപ്പു ദേവരാജിന്റെ സഹോദരന്റെ കുപ്പായത്തില്‍ പൊലീസുദ്യോഗസ്ഥന്‍ പിടിച്ചപ്പോള്‍ എല്ലാവര്‍ക്കും അസ്വസ്ഥതയും പ്രതിഷേധവും ഉണ്ടായി. അതിലൊന്നും കുഴപ്പമില്ല. വേണ്ടതാണ്.   നാലരവര്‍ഷം കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും ഒരു നീതീകരണവുമില്ലാതെ വേട്ടയാടിയപ്പോഴും യാഥാര്‍ഥ്യം സംശയരഹിതമായി പുറത്തുവന്നശേഷവും ആ പീഡനം തുടരുമ്പോഴും  മനുഷ്യാവകാശബോധം ഞെട്ടിയുണരാത്തതെന്ത് എന്ന് ചോദിക്കാന്‍ എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ട്.  മാര്‍ക്സിസ്റ്റുകാരാണെങ്കില്‍ ജനാധിപത്യ അവകാശങ്ങളും കുടുംബത്തോടൊപ്പം കഴിയാനുള്ള സ്വാതന്ത്യ്രംപോലും നിഷേധിക്കപ്പെടാം എന്നാണോ?
------------------
കൊച്ചിയില്‍ കാറ്റുകൊള്ളാന്‍പോയ കുടുംബത്തെ പൊലീസ് എസ്ഐയും സംഘവും ആക്രമിച്ചു. അടിച്ച് പരിക്കേല്‍പ്പിച്ചു. വിവരം പുറത്തുവന്നയുടനെ ആ എസ്ഐയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. അതാണ് സര്‍ക്കാര്‍ എടുക്കേണ്ട നടപടി. ആ നടപടിയും വാങ്ങി വീട്ടില്‍ചെന്ന് എസ്ഐ ആക്ഷന്‍ ഹീറോ കളിച്ചെങ്കില്‍ അത് വേറെ കാര്യമാണ്. അതിനുള്ള  ചികിത്സയും

വേറെയാണ്. ഇടതുപക്ഷം ഭരണത്തിലെത്തിയാല്‍ പൊലീസ്  വിശുദ്ധപദം പ്രാപിക്കുമെന്നൊന്നും ആരും കരുതുന്നില്ല. തെളിവു നശിപ്പിച്ചും മുക്കിയും ഉമ്മന്‍ചാണ്ടിക്കുവേണ്ടി സുകൃതംചെയ്തവരും സരിതയ്ക്ക് മഹാഭാരതവും ഗീതോപദേശവും വാട്സാപ്പില്‍ അയച്ചവരും പൊലീസ് സ്റ്റേഷന്‍ സംഘശാഖയാക്കിയവരുമൊക്കെ സേനയില്‍ത്തന്നെയുണ്ട്. ഒരുത്തരവിലൂടെ അവരെ വിളിച്ചുകൂട്ടി നിരത്തിനിര്‍ത്തി നല്ലനടപ്പ് വിധിക്കാനൊന്നും കഴിയില്ല. കുഴപ്പംകണ്ടാലാണ് പിടിക്കുക. അല്ലാതെ നാളെ കുഴപ്പം ചെയ്യുമെന്ന് ഗണിച്ചല്ല. നാട്ടില്‍ അടിപിടി നടക്കുന്നുണ്ട്; സോഷ്യല്‍ മീഡിയയിലൂടെ പുലയാട്ട് പറയുന്നുണ്ട്. പരാതികള്‍  ജനിക്കും; അന്വേഷണമുണ്ടാകും; കേസുണ്ടാകും. ഞങ്ങള്‍ നിയമം ലംഘിക്കും, നിങ്ങള്‍ മിണ്ടാതിരിക്കണം എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പാര്‍ട്ട്ടൈം മനുഷ്യാവകാശപ്രണയികള്‍ക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ടാകും എന്നാണ് പ്രതീക്ഷ

Top