25 June Monday

മിണ്ടാപ്രാണികള്‍

Monday Dec 12, 2016
ശതമന്യു

താന്‍ മഹാനല്ലെന്ന് ഒരാള്‍ക്ക് തോന്നുന്നത് കൂടുതല്‍ മഹത്വമുള്ള ആളുകളെ കണ്ടുമുട്ടുമ്പോഴാണ്. ആ സമയത്താണ് ഇന്‍ഫീരിയോറിറ്റി കോംപ്ളക്സ് ജനിക്കുന്നത്. മന്‍മോഹന്‍സിങ്ങിന് അത്തരമൊരു ഫീലിങ് വരേണ്ട കാലമായി. മൌനിബാബയെന്നും നിഷ്ക്രിയനെന്നും സൈലന്റ് കില്ലറെന്നുമൊക്കെ വിളിക്കപ്പെട്ടപ്പോള്‍ തോന്നാത്ത വിഷമം ഹെലികോപ്റ്റര്‍ ഇടപാടില്‍ പിടിക്കപ്പെടുമ്പോള്‍ തോന്നുകതന്നെ വേണം. കോണ്‍ഗ്രസിന്റെ അഴിമതിക്ക് വോട്ട് കിട്ടിയത് മോഡിക്കാണ്. തെരഞ്ഞെടുപ്പിലെ ദയനീയതോല്‍വിയാണ് മന്‍മോഹന്റെ പാര്‍ടിക്ക് കിട്ടിയ പ്രതിഫലം. അന്ന് മന്‍മോഹന്‍ വെറുതെയിരിക്കുകയായിരുന്നില്ല, ചിലതൊക്കെ ചെയ്യുകയായിരുന്നു എന്നാണ് അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍ അറസ്റ്റിലായ മുന്‍ വ്യോമസേനാമേധാവി എസ് പി ത്യാഗി സിബിഐയോട് പറഞ്ഞത്. കുടുങ്ങുന്നുണ്ടെങ്കില്‍ കൂട്ടത്തോടെയാകട്ടെയെന്ന ത്യാഗിയുടെ ബുദ്ധിക്കുപിന്നില്‍  പുതിയ സിബിഐ മേധാവി രാകേഷ് അസ്താനയാണെന്നേ കോണ്‍ഗ്രസിന് പറയാനുള്ളൂ. വേറെ ന്യായീകരണമൊന്നുമില്ല. എന്നിരുന്നാലും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പ്രസംഗിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്നും അങ്ങനെ രക്ഷപ്പെടാമെന്നും മന്‍മോഹന് പ്രതീക്ഷിക്കാവുന്നതേയുള്ളൂ. അഴിമതി കോണ്‍ഗ്രസിന്റെ കൂടപ്പിറപ്പാണെന്ന് നാട്ടുകാര്‍ക്കാകെ അറിയാവുന്ന സ്ഥിതിക്ക് ഒട്ടും ലജ്ജ തോന്നേണ്ട കാര്യവുമില്ല. മോഡിയെ കാത്തിരിക്കുന്നത് ഇതിലും വലിയ ദുര്‍വിധിയാകുമെന്നോര്‍ത്ത് ആശ്വസിക്കുകയുമാകാം. 

മന്‍മോഹന് ഇന്നലെവരെ തോന്നിയിരുന്നത്, താനാണ് പാര്‍ലമെന്റിനെ കബളിപ്പിക്കുന്നതില്‍ മുമ്പനെന്നാണ്. നോട്ടുപിന്‍വലിക്കല്‍ നാടകത്തിലൂടെ രാജ്യംകണ്ട ഏറ്റവും വലിയ കുംഭകോണത്തിനാണ് നരേന്ദ്ര മോഡി കാര്‍മികനായത് എന്ന് നന്നായി അറിയാവുന്നത് മന്‍മോഹനുതന്നെയാണ്. കാരണം, മോഡിക്കില്ലാത്ത ഒന്ന് മന്‍മോഹനുണ്ട്- വിവരം. ഭോപാലില്‍ കേരള മുഖ്യമന്ത്രിയെ പൊലീസ് തടഞ്ഞപ്പോള്‍ കുമ്മനമടക്കമുള്ള സംഘികള്‍ ഉയര്‍ത്തുന്ന ന്യായം, കേരളത്തില്‍ ബിജെപി ഓഫീസ് ആക്രമിക്കപ്പെട്ടില്ലേ എന്നാണ്. അത്തരം ചാണകബുദ്ധിന്യായത്തെ ഈടുവച്ച് മന്‍മോഹന് ചോദിക്കാവുന്നതേയുള്ളൂ- നോട്ട് കുംഭകോണത്തിന്റെയും വ്യാപം അഴിമതിയുടെയും ന്യായങ്ങള്‍. പാര്‍ലമെന്റില്‍ മിണ്ടില്ലെന്ന് മന്‍മോഹനെ അധിക്ഷേപിച്ച മോഡി, ഇന്ന് പാര്‍ലമെന്റില്‍ പോകുന്നുപോലുമില്ല. ഒരക്ഷരം മിണ്ടുന്നുമില്ല. തന്റെ ഒളിച്ചുകളി ജനം കൈയോടെ പിടിച്ചപ്പോള്‍, മോഡി വിലപിക്കുന്നത്, തനിക്ക് ലോക്സഭയില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാണ്. അതുകൊണ്ട് താന്‍ 'ജന്‍സഭ'യില്‍ കാര്യങ്ങള്‍ പറയുകയാണെന്നും. മൈക്കിനുമുമ്പില്‍ ഇങ്ങനെ കള്ളംപറയാന്‍ ലജ്ജതോന്നാത്തത് തലയില്‍  നല്ല ആര്‍എസ്എസ് കുബുദ്ധിയുള്ളതുകൊണ്ടാണ്. അത്രയൊന്നും താണിട്ടില്ല ഒരുകാലത്തും മന്‍മോഹന്‍. ഹെലികോപ്റ്ററില്‍ പിടിക്കപ്പെട്ടാലും മോഡിയോളം മോശമല്ല, മഹാന്‍ മോഡിതന്നെ എന്ന് ആംഗ്യഭാഷയിലൂടെയെങ്കിലും പറയാന്‍ അര്‍ഹതയുണ്ട് അദ്ദേഹത്തിന്.

മക്കള്‍ പാര്‍ടിയെന്ന് കേട്ടിട്ടുണ്ട്. അത്തരം പാര്‍ടികളിലേക്ക് കടന്നുവരുന്നത് മക്കളും മരുമക്കളുമടങ്ങുന്ന കുടുംബാംഗങ്ങളായിരിക്കും.  വളര്‍ച്ച പരിമിതമെങ്കിലും പരമ്പര പരമ്പരയായി കൊടി കൈമാറുന്നതുകൊണ്ട് ഉള്ളത് 'സുസ്ഥിര'മായിരിക്കും. തോഴിപ്പാര്‍ടി എന്ന് കേള്‍ക്കുന്നത് ആദ്യമാണ്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രാഷ്ട്രീയത്തിലെത്തിയത് സിനിമാഭിനയത്തിലൂടെയാണെങ്കിലും എത്തിപ്പെട്ടപ്പോള്‍ അവര്‍ നേതാവാണെന്ന് പ്രവര്‍ത്തിച്ച് തെളിയിച്ചു. സീരിയലിലൂടെ മാനവ വിഭവശേഷി മന്ത്രാലയത്തിലെത്തി പരാജയമായി ഒതുങ്ങിപ്പോയവരെപ്പോലെയല്ല. അത്തരം താരതമ്യങ്ങള്‍ക്കൊന്നും വഴങ്ങാത്ത ബുദ്ധിയായതുകൊണ്ട് കെ സുരേന്ദ്രന് ജയലളിത മരിച്ചാലും പരിഹസിക്കാനുള്ള നിയമപരമായ അവകാശമുണ്ട്്. ജയലളിത ഇല്ലാത്ത തമിഴ്നാട്ടിലേക്ക് ആര്‍ത്തിയോടെ കണ്ണെറിയാന്‍ ആര്‍എസ്എസിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല. സംഗതി അതൊന്നുമല്ല. എഐഎഡിഎംകെ തോഴിപ്പാര്‍ടിയാണോ ബന്ധുപ്പാര്‍ടിയാണോ എന്നതാണ് പുതിയ തര്‍ക്കം. കരുണാനിധിയുടെ പുത്രന്‍ ഡിഎംകെയുടെ അമരത്ത് കയറുമ്പോള്‍, ജയലളിതയ്ക്ക് വെറും തോഴിമതിയോ പിന്‍ഗാമിയായി എന്നതാണ് പുതിയ ചോദ്യം. താന്‍ മുഖ്യമന്ത്രിയുടെ കസേരയിലിരിക്കണമെങ്കില്‍  പിന്‍സീറ്റിലിരുന്ന് ആരെങ്കിലും ഡ്രൈവ് ചെയ്യണമെന്ന്് പന്നീര്‍ശെല്‍വത്തിന് നിര്‍ബന്ധമാണ്. ആയകാലത്ത് ജയലളിത ശശികലയെ രാഷ്ട്രീയം തൊടുവിച്ചിരുന്നില്ല. തലൈവി പോയപ്പോള്‍ പക്ഷേ,  തോഴിതന്നെ ശരണമെന്നായി പന്നീര്‍ശെല്‍വം. അതിനിടയിലാണ്, പുരട്ചി തലൈവിയുടെ രൂപവും ഭാവവുമായി പുതിയൊരു കഥാപാത്രമെത്തുന്നത്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍. ഒറ്റ നോട്ടത്തില്‍ രൂപസാദൃശ്യമുണ്ട്; ഇംഗ്ളീഷ് പറയുന്നുണ്ട്; പാര്‍ടിയിലെ അധികാരം ശശികല തട്ടിയെടുത്താലും   തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ താന്‍ വേണമെന്നാണ് അവകാശവാദത്തിന്റെ ചുരുക്കം. ജയലളിതയുടെ മൃതദേഹം കാണാന്‍ പോയസ് ഗാര്‍ഡനില്‍ പോകുന്നത് വിലക്കിയെന്നും എട്ടുമണിക്കൂര്‍  പുറത്ത് കാത്തുനിന്നിട്ടും കടത്തിവിട്ടില്ലെന്നും  രാജാജി ഹാളില്‍ തടഞ്ഞപ്പോള്‍ ശക്തമായി പ്രതിഷേധിച്ചശേഷമാണ് ഒരുനോക്ക് കണ്ടതെന്നും ദീപ പറയുന്നു. എം ജി ആറിന്റെ മൃതദേഹത്തിനരികില്‍നിന്ന് ജയലളിതയെ ഇറക്കിവിട്ട പശ്ചാത്തലം തലൈവിയുടെ ഉയര്‍ച്ചയ്ക്ക് താങ്ങായി. അന്ന് പ്രതിനായിക ജാനകി. ഇന്ന്  ദീപ വളരാന്‍ കൊതിക്കുമ്പോള്‍ പശ്ചാത്തലവുമുണ്ട്; പ്രതിനായികയായി തോഴി ശശികലയുമുണ്ട്;  ശത്രുപക്ഷത്ത്  മന്നാര്‍ഗുഡി മാഫിയയുമുണ്ട്.

കോണ്‍ഗ്രസിന് പുതിയ ഡിസിസി പ്രസിഡന്റുമാരായി. ഉമ്മന്‍ചാണ്ടിക്കും ഗ്രൂപ്പിനും കുമ്പിളിലാണ് കഞ്ഞി. ഗ്രൂപ്പിന്റെ കൈയിലുണ്ടായ എല്ലാ പ്രധാന സ്ഥാനങ്ങളും പോയി. മണ്ണുംചാരിനിന്ന് സുധീരന്‍ കാര്യം നേടിയെന്നാണ് പൊതുസംസാരം. കോണ്‍ഗ്രസിന്റെ കേരളത്തിലെ ലിക്വിഡേറ്റര്‍ ആരെന്ന ചോദ്യത്തിന് ഉത്തരമായിക്കഴിഞ്ഞു. ആ അവകാശം ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും കൊടുക്കില്ലെന്ന് സുധീരന് വാശിയാണ്. പതിനാല് സുധീരന്മാര്‍ ജില്ലകളില്‍കൂടി വന്നതോടെ പാര്‍ടിയുടെ കാര്യം  ശുഭാന്ത്യമാകും. കോണ്‍ഗ്രസുകാര്‍ എന്താഗ്രഹിക്കുന്നുവോ അതിന് വിപരീതമായ തീരുമാനമെടുത്താലാണ് ആദര്‍ശധീരനാകുക എന്ന ധാരണയൊന്നും സുധീരനില്ല. വാര്‍ത്തയില്‍ കയറുക എന്നതാണ് പുതിയ ആദര്‍ശം. അതിനുള്ള നാനാമാര്‍ഗങ്ങളും ചുറ്റിലും പരീക്ഷിക്കപ്പെടുമ്പോള്‍ സുധീരനില്‍ പ്രത്യേക കുറ്റം ചാരാനുമാകില്ല. കോണ്‍ഗ്രസ് നല്ല പാര്‍ടിയാണ്, എല്ലാ കോണ്‍ഗ്രസുകാരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന് എല്ലാ ദിവസവും പറഞ്ഞതുകൊണ്ടൊന്നും പിടിച്ചുനില്‍ക്കാനാകില്ല. കൂടെയുള്ളവരെ കുത്തുകയും തോണ്ടുകയും ചെയ്യണം.  ചെന്നിത്തലയ്ക്ക് ഇതൊക്കെ മനസ്സിലായിത്തുടങ്ങിയത് വളരെ വൈകിയാണ്. നോട്ടുവിഷയത്തിലും സഹകരണസംരക്ഷണത്തിലും ശരിയായ സമീപനമെടുത്താല്‍ വാര്‍ത്തയില്‍ കയറാനാകില്ലെന്നും അത്  മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ഗുണം ചെയ്തേക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഹരിപ്പാട്ട് സംഘിവോട്ട് കിട്ടില്ലെന്നും തിരിച്ചറിഞ്ഞ നിമിഷമാണ് ചെന്നിത്തല നിലപാടുമാറ്റിയത്. അല്ലാതെ സുധീരനെ പേടിച്ചിട്ടല്ല.

ആര്‍എസ്എസിന് ബുദ്ധിയുണ്ട് എന്ന് തോന്നുന്നത് കെ സുരേന്ദ്രനെ കാണുമ്പോഴാണ്. സ്വയം വലിയ നേതാവാണ് എന്ന് ധരിക്കുന്നുണ്ടെങ്കിലും സംഘത്തിന്റെ ചീത്തപ്പുസ്തകത്തിലാണ് സുരേന്ദ്രന്റെ സ്ഥാനം.  കുമ്മനത്തിന്റെ വിവരക്കൂടുതല്‍കൊണ്ടുതന്നെ പൊറുതിമുട്ടിയ സംഘത്തിന് സുരേന്ദ്രനെക്കൂടി താങ്ങാന്‍ ത്രാണിയില്ലാത്തത് കൊണ്ടുമാകാം ഇത്. സഹകരണ ബാങ്കുകള്‍ എന്നാല്‍ കുഴപ്പം എന്നാണ് സുരേന്ദ്രന് ഇപ്പോള്‍ തോന്നുന്നത്. ഓരോകാലത്തും അങ്ങനെ ഓരോ തോന്നലുണ്ടാകാറുണ്ട്. കടകംപള്ളി എന്ന് ആരോ പറഞ്ഞുകേട്ടപ്പോള്‍ കടകംപള്ളി ബാങ്കില്‍ മന്ത്രിക്ക് ശതകോടികളുടെ നിക്ഷേപമുണ്ടെന്നായി സുരേന്ദ്രന്‍. എവിടെ, ആര്‍ക്ക്, എത്ര എന്നൊന്നും ചോദിച്ചാല്‍ ഉത്തരമില്ല. ഒരു രാഷ്ട്രീയനേതാവ് ഇങ്ങനെ പരിഹാസ്യമാകുന്നത് ദുരന്തം തന്നെയാണ്. അത് മനസ്സിലാക്കിയാകണം, സംഘി നേതൃത്വം സുരേന്ദ്രനെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുന്നത്. ചാണകത്തലയന്മാര്‍ എന്ന് അവരെ വിളിക്കരുത്-നല്ല ബുദ്ധിയുണ്ട്

Top