25 June Monday

നോട്ടുകെട്ടുമായി സംഘി തേരോട്ടം

Monday Jul 24, 2017
ശതമന്യു

അധികാരത്തിന്റെ  അയലത്തെത്തിയാലും മതി; അഴിമതി ഭക്ഷിച്ച് ജീവിക്കാന്‍ കഴിയുമെന്ന് കരുതുന്ന ഒരു വിഭാഗമുണ്ട്്. രാഷ്ട്രീയം അവര്‍ക്ക് ബിസിനസാണ്. അഴിമതി കേവലം ധാര്‍മികതയുടെ പ്രശ്നംമാത്രവും. രണ്ടായിരത്തിന്റെ നോട്ടുകളാണ് മൊത്തം കൈയിലെങ്കില്‍  അഞ്ചുകോടി അറുപതുലക്ഷം തികയാന്‍ രണ്ടായിരത്തി എണ്ണൂറ് കെട്ടുവേണം. ഒരുകെട്ട് നോട്ട് 120 ഗ്രാം വരും. തുക തികയാന്‍ മുപ്പത്തിമൂന്നരക്കിലോ നോട്ടെങ്കിലും വേണമെന്നര്‍ഥം. ആ ഭാരവുംകൊണ്ടാണ് ബിജെപിയുടെ സഹകരണ സെല്‍ ഭാരവാഹി വര്‍ക്കലയില്‍നിന്ന് പെരുമ്പാവൂരിലേക്ക് പോയതും അവിടെനിന്ന് കുഴല്‍വഴി ഡല്‍ഹിയില്‍ കുമ്മനത്തിന്റെ പിആര്‍ഒയ്ക്ക് എത്തിച്ചതും. ആര്‍ഷഭാരത സമസ്ഥാപനാര്‍ഥം ശേഖരിച്ച പണമല്ല ഇത്. സൌകര്യമില്ലാത്ത മെഡിക്കല്‍ കോളേജിന് അനര്‍ഹമായ അംഗീകാരം നേടിക്കൊടുക്കാനുള്ള കൈക്കൂലിയാണ്. മുറിവൈദ്യന്മാരെ ഉല്‍പ്പാദിപ്പിക്കാനുള്ള ഫാക്ടറി തുറക്കാന്‍ കൂട്ടുനില്‍ക്കുന്നതിന്റെ പ്രതിഫലമാണ് കൂറ്റന്‍ പെട്ടിയിലാക്കി ബിജെപി നേതാക്കള്‍ ചുമന്ന് ത്യാഗം അനുഷ്ഠിച്ചത്.

കള്ളപ്പണവും കള്ളനോട്ടും തടയാനാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് ഇടിത്തീപോലെ മോഡി പ്രഖ്യാപനം നടത്തിയത്. കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും ഇടപാട് സംഘപരിവാര്‍വഴിമാത്രം മതിയെന്നാണ് അന്ന് നിശ്ചയിക്കപ്പെട്ടത്. കൊടുങ്ങല്ലൂരില്‍ കള്ളക്കമ്മട്ടവുമായി പിടിക്കപ്പെട്ടത് ഒന്നാന്തരം സംഘപുത്രന്മാരാണ്. നാട്ടിലാകെ കള്ളപ്പണവുംകൊണ്ട് പിടിയിലാകുന്നതും സംഘബന്ധുക്കള്‍തന്നെ. രണ്ടുലക്ഷം രൂപയ്ക്കുമേല്‍ കൈയില്‍ വയ്ക്കാന്‍ പാടില്ലെന്ന ശാസന പുറപ്പെടുവിച്ച മോഡിയുടെ അനുയായിയാണ് 5.6 കോടിയുടെ ഭാരം വഹിച്ച ആര്‍ എസ് വിനോദ്. മോഡിജിയുടെയും അമിത്ഷാജിയുടെയും വിശ്വസ്താനിയായ കുമ്മനം രാജശേഖരന്‍ജിയുടെ ഡല്‍ഹിയിലെ പബ്ളിക് റിലേഷന്‍ ഓഫീസറാണ് പണപ്പെട്ടി വാങ്ങിവച്ച സതീഷ്നായര്‍. ഈ ഇടപാട് കണ്ടെത്തിയതാകട്ടെ ബിജെപിയുടെ സംസ്ഥാനത്തെ ഉയര്‍ന്ന നേതാക്കളായ കെ പി ശ്രീശനും എ കെ നസീറുമാണ്. കൊടുത്തവനും വാങ്ങിയവനും കൊണ്ടുപോയവനും കണ്ടുപിടിച്ചവനും ജീവനോടെ മുന്നിലുണ്ട്. എന്നിട്ടും ബിജെപി കേന്ദ്രനേതൃത്വത്തിന് ഇത് വെറും അധാര്‍മികതമാത്രം. സംസ്ഥാന നേതൃത്വത്തിന് കലി അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നതിനോടാണ്. കട്ടവനെയും കിട്ടിയവനെയും വിട്ട് കണ്ടെത്തിയവനെ കഴിവേറ്റുന്ന കുറുക്കുവഴിയിലൂടെ കുമ്മനത്തിന് ക്ളീന്‍ചീട്ട് കൊടുക്കാമെന്നാണ് സംഘിബുദ്ധി. 

രാജ്യത്ത് കഴിഞ്ഞ ഒറ്റക്കൊല്ലംകൊണ്ട് വന്നത് 70 മെഡിക്കല്‍ കോളേജാണ്. വേണ്ട സൌകര്യങ്ങളില്ലാത്തതിനാല്‍ അവയ്ക്ക് അംഗീകാരം കിട്ടിയില്ല. അങ്ങനെ നിഷേധിക്കപ്പെട്ട അംഗീകാരം നേടിക്കൊടുക്കാനാണ് ഇടപാട് നടന്നത്. കുമ്മനത്തിന്റെ പിആര്‍ഒ സതീഷ്നായര്‍ പറയുന്നത് നിശ്ചയിച്ച തുക ലഭിക്കാത്തതുകൊണ്ടാണ് വര്‍ക്കല മെഡിക്കല്‍ കോളേജിന് സഹായിക്കാന്‍ കഴിയാഞ്ഞത് എന്ന്. നിശ്ചിതതുക 17 കോടിയാണത്രേ. 70 മെഡിക്കല്‍ കോളേജിന് 17 കോടിവച്ച് വാങ്ങുമ്പോള്‍ മൊത്തം തുക 1190 കോടി രൂപ. അടുത്ത കൊല്ലത്തേക്ക് 58 പുതിയ മെഡിക്കല്‍ കോളേജുകൂടി തുടങ്ങുമെന്നാണ് പ്രഖ്യാപനം. അതിന് 1000 കോടിയോളം വേറെ കിട്ടും. എല്ലാം ചേര്‍ത്ത് മെഡിക്കല്‍ കോളേജ് ഇനത്തില്‍മാത്രം രണ്ടുകൊല്ലംകൊണ്ട് 2000 കോടിയിലേറെ രൂപ കോഴവാങ്ങുന്നത് വളരെ നിസ്സാരമായ 'അധാര്‍മിക' പ്രവര്‍ത്തനമായേ ഡല്‍ഹിയിലെ ബിജെപി തമ്പുരാന്മാര്‍ക്ക് കാണാനാകൂ.

കേരളത്തിലെ സംഘിസഹകരണ പരല്‍മീനായ വിനോദ് 5.6 കോടി രൂപ വാങ്ങിയെടുത്ത് സതീഷ്നായരുമായി പങ്കുവച്ചാല്‍ മെഡിക്കല്‍ കോളേജിന് അംഗീകാരം കിട്ടില്ല. അത് വേണമെങ്കില്‍ എത്തേണ്ട പണം എത്തേണ്ട ഇടത്തുതന്നെ എത്തണം. അതിന്റെ ഇടനിലക്കാരനാണ് സതീഷ്നായര്‍. കേരളത്തില്‍ കുമ്മനത്തിന് കിട്ടുന്ന നിവേദനങ്ങള്‍ ഡല്‍ഹിയില്‍ കൈകാര്യം ചെയ്യലാണ് സതീഷ്നായരുടെ ജോലി. ഒരു കോര്‍പറേറ്റ് കമ്പനിയുടെ സകല ലക്ഷണവുമുണ്ട് ബിജെപിക്ക്. കമ്പനി ഏജന്റുമാരാണ് കുമ്മനംമുതല്‍ സന്തതസഹചാരി രാകേഷ് ശിവരാമന്‍വരെയുള്ളവര്‍. വിനോദിനെപ്പോലുള്ള മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുകള്‍ ഓടിനടന്ന് ഓര്‍ഡര്‍ പിടിച്ച് ഏജന്റുമാരെ ഏല്‍പ്പിക്കുന്നു. അവരത് ഡല്‍ഹിയില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നു. ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നെല്ലായും പണമായും വസ്തുവായും കൈപ്പറ്റുകയും ചെയ്യുന്നു. അന്വേഷണം നേര്‍വഴിക്ക് പോയാല്‍ കുടുങ്ങുന്നത് കൊമ്പന്‍ സ്രാവുകളും തിമിംഗലവുമാകും. അതുകൊണ്ട് ഒരു വിനോദിനെ പുറത്താക്കിയും റിപ്പോര്‍ട്ട് ചോര്‍ച്ചയുടെ പേരില്‍ ഒന്നോ രണ്ടോ തലയെടുത്തും ചര്‍ച്ചയും ബഹളവും അവസാനിപ്പിക്കാമെന്ന് കേന്ദ്രനേതൃത്വം കരുതുന്നതിനെ കുറ്റംപറയാനാകില്ല. ഒരു മോഷ്ടാവും സ്വയം മോഷണക്കാര്യം പുറത്തുപറയാറില്ല.

കേരളത്തില്‍ തേരോട്ടം നടത്തി അധികാരം പിടിക്കാന്‍ ഇറങ്ങിയ പാര്‍ടിയാണ്. എല്ലാം തികഞ്ഞ സര്‍വസൈനാധിപനായാണ് കുമ്മനത്തെ പ്രതിഷ്ഠിച്ചത്. ഒറ്റയടിക്ക് എല്ലാം തകര്‍ന്നുകിട്ടി. സഹകരണ ബാങ്കുമുതല്‍ മെഡിക്കല്‍ കോളേജുവരെ പുറത്തുവന്ന അഴിമതി. വരാനിരിക്കുന്നത് അതിലും വലുത്. ഇരുപതില്‍ 19 ലോക്സഭാ മണ്ഡലങ്ങളിലെയും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വരവുചെലവുകണക്ക് ഇന്നുവരെ പാര്‍ടിക്ക് അകത്തുവച്ചിട്ടില്ല. ഒന്നിനും കൈയും കണക്കും ഇല്ല. കേരളത്തില്‍ മാര്‍ക്സിസ്റ്റ് അക്രമം എന്ന് നാട് തെണ്ടി മുറവിളിച്ച് പണം പിരിച്ച് നേതാക്കള്‍ മണിമാളിക പണിയുന്നു. ഇടയ്ക്കിടെ ഡല്‍ഹിയാത്രയാണ്. ഇടവേള കിട്ടുമ്പോള്‍ വിദേശയാത്രയും. തലസ്ഥാനത്തെ ഒരു നേതാവ് ബജാജ് സ്കൂട്ടറില്‍നിന്ന് പടിപടിയായി പജീറോ കാറിലേക്ക് വളര്‍ന്നത് മൂന്നുവര്‍ഷംകൊണ്ടാണ്. ബലിദാനികുടുംബങ്ങളെ കാണിച്ച് പിരിച്ച പണം മുക്കിയ സനാതനസംഘികള്‍ വടക്കന്‍ കേരളത്തില്‍ വേറെ വിലസുന്നുണ്ട്. അനുയായികളായി വര്‍ഗീയതയെ തലയില്‍ കയറ്റി വെട്ടാനും കുത്താനും നടക്കുന്ന സാദാസംഘികള്‍ക്ക് അല്ലറചില്ലറ പോക്കറ്റടിയും ഗുണ്ടാപ്പണിയും ശരണം. സ്വയം അറിയാതെ കാവിക്കൊടിയെ തെറ്റിദ്ധരിച്ച് ഇറങ്ങിത്തിരിച്ച ശുദ്ധാത്മാക്കള്‍ക്ക് അപമാനമേ ഗതിയുള്ളൂ.

പൊട്ടിക്കരഞ്ഞും പതംപറഞ്ഞും നേതൃതസ്കരര്‍ രക്ഷപ്പെടുമ്പോള്‍ ശുദ്ധഗതിക്കാര്‍ അന്തംവിട്ടുനില്‍ക്കുന്നു. അവര്‍ക്ക് ആസ്ഥാനമന്ദിരത്തിലെ 'നിയുക്ത മുഖ്യമന്ത്രി'യുടെ മുറിയിലേക്ക് എത്തിനോക്കാന്‍പോലും അനുവാദമില്ല. എല്ലാം പൊളിഞ്ഞ് നാണംകെട്ടാലും നേതാക്കള്‍ക്ക് ആ മുറിയിലിരുന്ന് ഏജന്‍സി ഇടപാട് തുടരാം. സതീഷ്നായര്‍ കോണ്‍ഗ്രസിന്റെ കാലത്തേ ഇടനിലക്കാരനായിരുന്നു. കുമ്മനം വന്നപ്പോള്‍ ഏറ്റെടുത്തു എന്നുമാത്രം. ആ കച്ചവടം അവസാനിപ്പിക്കാതെ ശ്രദ്ധിച്ചാല്‍മതി കേരളത്തില്‍ മ്യൂസിയം പീസുകള്‍ക്ക് നല്ല ഡിമാന്‍ഡാണ്. കേരളം പിടിക്കാന്‍ അമിത്ഷാ ആകാശമാര്‍ഗേന ഇറക്കിയ കുമ്മനം പൊട്ടിയാലും പെട്ടികള്‍ പലതും ബാക്കിയാകും. മാരാര്‍ജിമന്ദിരത്തിന്റെ തറക്കല്ല് അവിടത്തന്നെയുണ്ട്.

അഴിമതിയിലായിരുന്നു കോണ്‍ഗ്രസിന്റെ റെക്കോഡ്. അത് ബിജെപി തകര്‍ത്തിരിക്കുന്നു. പുതിയ മേഖലകള്‍ കണ്ടെത്തേണ്ടത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. ആ കടമ ഏറ്റെടുക്കേണ്ടത് യുവരക്തംതന്നെയാണ് എന്നതില്‍ സംശയമില്ല. കോവളം എംഎല്‍എ എ വിന്‍സന്റാണ് പുതിയ ദൌത്യം വിജയകരമായി ഏറ്റെടുത്ത് കോണ്‍ഗ്രസിനെ ബിജെപിക്കുതുല്യമായ വാര്‍ത്താ പ്രാധാന്യത്തില്‍ എത്തിച്ച മഹാത്യാഗി. വിക്കറ്റ് വീണോ എന്ന് പലരോടും ചോദിച്ച വി ടി ബലറാമിന് ഇപ്പോഴാണ് വീണു എന്ന മറുപടി കിട്ടുന്നത്. വീണ വിക്കറ്റ് നെയ്യാറ്റിന്‍കര സബ്ജയിലിലാണ്. സ്വന്തം മണ്ഡലത്തിലെ വനിതാപ്രജയോട് നിരന്തരസമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് ഒരു കുറ്റമാണോ എന്ന് എം എം ഹസ്സന് തോന്നുന്നുണ്ട്. ഫോണ്‍വിളിയും കോപ്പിയടിയുമൊന്നും അക്ഷന്തവ്യമായ കുറ്റമല്ല. കോണ്‍ഗ്രസിനകത്ത് വിന്‍സന്റ് തല്‍ക്കാലം ഭാരം വഹിക്കേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനം. കോവളത്തെ സാധാരണജനങ്ങള്‍ വിന്‍സന്റാകുന്ന ഭാരം വഹിച്ചുകൊള്ളട്ടെ എന്നും. ഇതിനൊക്കെ മറുപടിയുമായി ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും കോണ്‍ഗ്രസില്‍തന്നെ ഉണ്ടല്ലോ എന്നതിലാണ് ഏക ആശ്വാസം

Top