18 June Monday

ത്രിമാന രാഷ്ട്രീയം

Monday Jun 11, 2018
ശതമന്യു


ഒരേസമയം രണ്ടു നിലപാടെടുക്കുന്ന കാപട്യത്തിന് ഇരട്ടത്താപ്പ് എന്നാണ‌് പറയുക. ആ ഇരട്ടത്താപ്പിലും  വലിയ ഒന്നാണ് 'ത്രിമാന രാഷ്ട്രീയം’. കേരളരാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ഗുണപരമായ ഒന്നും ചെയ്തതായി രേഖപ്പെടുത്തിയിട്ടില്ല എങ്കിലും ത്രിമാന രാഷ്ട്രീയം എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവായി വി എം സുധീരൻ വരുംകാലത്ത് അറിയപ്പെടും. ഒരേസമയത്ത‌് കെ എം മാണി മൂന്നുകൂട്ടരുമായി ചർച്ച നടത്തിയെന്നും അതാണ് ത്രിമാനമെന്നും സുധീരൻ പറയുന്നുണ്ട‌്. പക്ഷേ, 'കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി കുഞ്ഞാലിക്കുട്ടി’ ത്രയത്തിന്റെ  മാനത്തെയാണ് യഥാർഥത്തിൽ ലക്ഷ്യംവയ‌്ക്കുന്നത്. കോൺഗ്രസിൽ മറ്റൊരു ത്രയമുണ്ട് ഉമ്മൻചാണ്ടി ചെന്നിത്തല ഹസ്സൻ ത്രയം. അതിൽ ചെന്നിത്തലയ്ക്ക് ഇനി പ്രത്യേകിച്ച് മാനമൊന്നും നഷ്ടപ്പെടാനില്ലാത്തതുകൊണ്ട് കോൺഗ്രസിന്റെ 'ത്രിമാന’ത്തെക്കുറിച്ച‌് സുധീരൻ എന്തായാലും പറയില്ല. ഉമ്മൻചാണ്ടിയെ ആന്ധ്രയിലേക്ക‌് കെട്ടുകെട്ടിച്ച‌് ചെന്നിത്തലയൊന്ന‌് ദീർഘശ്വാസം വിട്ടതായിരുന്നു. ആ സമയത്തുതന്നെയാണ് ഓഖിപോലെ മാണി വന്നത്. ആന്ധ്രയിലല്ല, മിസോറമിൽ പോയാലും താൻ നാട്ടിലുണ്ടാകുമെന്ന‌് അരനിമിഷംകൊണ്ട് ഉമ്മൻചാണ്ടി തെളിയിച്ചു.

ചെങ്ങന്നൂരിൽ തോറ്റാൽ പ്രതിപക്ഷ നേതൃസ്ഥാനം തെറിക്കുമെന്നാണ‌് ചെന്നിത്തല ഭയന്നത്. അതുതന്നെ സംഭവിക്കുമായിരുന്നു. നിയമസഭാ കക്ഷിയുടെ നേതൃത്വത്തിലെത്താനാണ് ഇതുവരെ പാടുപെട്ടതും യുദ്ധംചെയ്തതും. അവിടെനിന്ന് തെറിച്ചാൽ ജന്മംതന്നെ പാഴാകും. അതുകൊണ്ട്, ഉമ്മൻചാണ്ടി എന്തു പറഞ്ഞാലും 'അങ്ങനെതന്നെ’ എന്നതാണ് പുതിയ കാലത്ത് ചെന്നിത്തലയുടെ ഉത്തരം. രാജ്യസഭാ സീറ്റും ചെന്നിത്തലയുടെ തലയുമായിരുന്നു മാണിയുടെ ആവശ്യം. തല രക്ഷിച്ചെടുത്തതുകൊണ്ട്, പഴികേട്ടാലും നഷ്ടമില്ല എന്നായിരിക്കുന്നു ആ മനസ്സ്. പി ജെ കുര്യനെ വീട്ടിൽ ചെന്ന് കണ്ടു മാപ്പുപറഞ്ഞത് വെറുതെയല്ല. രാജ്യസഭാ സീറ്റ് സംബന്ധിച്ച് തീരുമാനമെടുത്തതിൽ മുഖ്യപങ്ക് രമേശ് ചെന്നിത്തലയ്ക്കല്ലെന്ന്  കുര്യൻ സർട്ടിഫിക്കറ്റ‌് നൽകിയിട്ടുമുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം സംരക്ഷിക്കാനുള്ള വെപ്രാളവും പരവേശവുമായിമാത്രമേ കുര്യൻ അതിനെ കണ്ടിട്ടുള്ളൂ.

ഉമ്മൻചാണ്ടിയെക്കുറിച്ച് ഓരോ ആരോപണം വരുമ്പോഴും, 'അയ്യോ, ആ നല്ല മനുഷ്യൻ അങ്ങനെയൊക്കെ ചെയ്യുമോ’ എന്നായിരുന്നു കുറെ ശുദ്ധാത്മാക്കളുടെ സംശയം. ആ സംശയം പി ജെ കുര്യൻ തീർത്തിട്ടുണ്ട്. ഗൂഢാലോചന,  ചതി, പക, നുണ, പിന്നിൽനിന്ന് കുത്തൽ എന്നിങ്ങനെയുള്ള സ്വഭാവവിശേഷങ്ങളുടെ നിറകുടമാണ് ഉമ്മൻചാണ്ടിയെന്ന് പലതവണയായി കുര്യൻ പറഞ്ഞുകഴിഞ്ഞു.

കോൺഗ്രസിൽ സംസ്ഥാനത്ത‌് തീരുമാനമെടുക്കാറില്ല. എല്ലാം ഹൈക്കമാൻഡിന്റെ കൈയിലാണ്. ഹൈക്കമാൻഡ‌് ഇപ്പോൾ ഉമ്മൻചാണ്ടിയുടെ കൈയിലും. യുവ എംഎൽഎമാരെക്കൊണ്ട് ആദ്യം ചുടുചോറ് മാന്തിച്ചു. വൃദ്ധർ കളംവിടണമെന്ന ബൽറാം ട്രൂപ്പിന്റെ  സംഘഗാനം  രചിച്ചതും സംഗീതം നൽകിയതും  ഉമ്മൻചാണ്ടിതന്നെ. യൂത്തും മൂത്തതും സീറ്റിന്റെ കാര്യത്തിൽ മുക്രയിട്ട‌് കലഹിക്കുമ്പോൾ മാണിയുടെ പുത്രന്റെ രാജ്യസഭാ സത്യപ്രതിജ്ഞയ്ക്ക് 'നല്ലനാൾ’ നോക്കുകയായിരുന്നു ഉമ്മൻചാണ്ടി. കോൺഗ്രസുകാർ തമ്മിലടിക്കുമ്പോൾ മാണി സീറ്റുംകൊണ്ട് പോയത് യാദൃച്ഛികമായി സംഭവിച്ചതല്ല. മാണി‐കുഞ്ഞാലിക്കുട്ടി‐ഉമ്മൻചാണ്ടി ചർച്ചയിൽ നേരത്തെ ഉണ്ടായ തീരുമാനമാണത്. അത് നടപ്പാക്കാനുള്ള പശ്ചാത്തലമാണ് ചെങ്ങന്നൂർ തോൽവിക്കുശേഷം ഒരുക്കിയത്. കെപിസിസി പ്രസിഡന്റ് എന്ന ബോർഡുണ്ടെങ്കിലും എം എം ഹസ്സന്റെ നില ചെന്നിത്തലയേക്കാൾ പരുങ്ങലിലാണ്. എറണാകുളം ഡിസിസി ഓഫീസിനുമുന്നിൽ ശവപ്പെട്ടിയും റീത്തും വച്ച കോൺഗ്രസുകാർപോലും ഹസ്സനെ അവഗണിച്ചു. ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കുമുള്ള ശവപ്പെട്ടിയേ അവിടെ ഉണ്ടായിരുന്നുള്ളൂ. കക്ഷത്തിലുള്ള സ്ഥാനം പോകുമെന്ന് ഉറപ്പായി. ഇനി ഒരു യുഡിഎഫ് കൺവീനർസ്ഥാനമേ ബാക്കിയുള്ളൂ. അതെങ്കിലും കിട്ടിയാൽ ധന്യനായി എന്ന പ്രാർഥനയും കൊണ്ടുനടക്കുന്ന ഹസ്സന്, ചെന്നിത്തലയ്ക്കുള്ളതിന്റെ പകുതിയെങ്കിലും ശേഷിയുണ്ടെന്ന് കോൺഗ്രസിൽ ആരും സമ്മതിക്കില്ല. അത്തരക്കാർക്കുള്ള വഴി, ഉദ്ദിഷ്ട കാര്യം നടന്നുകിട്ടാൻ ഉമ്മൻചാണ്ടിക്ക് 'ഉപകാരം’ ചെയ്യുക എന്നതുമാത്രമാണ‌്.  

മണ്ണും ചാരി നിന്ന മാണി സീറ്റുംകൊണ്ട് പോയത് ഉമ്മൻചാണ്ടിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പദ്ധതി അനുസരിച്ചായിരുന്നു. കോട്ടയം മണ്ഡലത്തിൽനിന്നാണ് ജോസ് കെ മാണി ലോക‌്സഭയിലെത്തിയത്. ആ സഭയ്ക്ക് ഒരുവർഷംകൂടി കാലാവധിയുണ്ട്. തെരഞ്ഞെടുപ്പിന് ഒരുവർഷംമുമ്പ‌് കോട്ടയത്തിന‌് ജനപ്രതിനിധിയെ നഷ്ടപ്പെട്ടിരിക്കുന്നു. ലോക‌്സഭാംഗത്വം രാജിവച്ചാൽമാത്രമേ രാജ്യസഭയിൽ അംഗമാകാൻ കഴിയൂ. ലോക‌്സഭാംഗമായ ജോസ് കെ മാണിയെ രാജിവയ‌്പിച്ച‌് കോട്ടയത്തിന‌്  പ്രതിനിധി ഇല്ലാതാക്കുകയാണ‌്. ജോസ് കെ മാണി 1,20,599  വോട്ടിന‌് ജയിച്ച മണ്ഡലമാണ് കോട്ടയം. അവിടെ ഇനിനിന്നാൽ ജയിക്കില്ലെന്ന‌് മാണിക്കും മകനും ഉറപ്പായിരുന്നു. അതല്ലെങ്കിൽ നിലവിലുള്ള എംപിയെ രാജിവയ‌്പിക്കില്ല. പുറത്തുകാണുന്ന കാര്യങ്ങൾ ഇത്രയൊക്കെയാണെങ്കിലും ഇവിടെയും ഒരു ത്രിമാനമുണ്ടെന്നാണ്  കുര്യൻ ക്യാമ്പ് പറയുന്നത്. അടുത്ത കൊല്ലം ചാണ്ടി ഉമ്മന് അരങ്ങേറ്റംകുറിക്കാൻ പിതാവിന്റെ കരുതലാണ് അതെന്നത‌് മൂന്നാമത്തെ മാനം.

കെപിസിസി അധ്യക്ഷനെയും യുഡിഎഫ് കൺവീനറെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. അതും കുഞ്ഞാലിക്കുട്ടി തീരുമാനിക്കുമോ എന്ന് സംശയിക്കുന്നവരുണ്ട്. കോൺഗ്രസിന്റെ മാനം പാടേ പോയ അവസ്ഥയാണ്. പി ജെ കുര്യനെതിരെ 'യുവകലാപം’ എന്നൊക്കെ പലരും പറഞ്ഞിരുന്നു. യുവതുർക്കികൾ എന്നൊക്കെ വിളിച്ചതും കേട്ടു. യഥാർഥ യുവതുർക്കികൾ അതെങ്ങാനും കേട്ടിരുന്നെങ്കിൽ തലതല്ലി മരിച്ചേനെ. അടിയന്തരാവസ്ഥയിൽ പ്രതിഷേധിച്ച‌് കേന്ദ്രമന്ത്രിപദം രാജിവച്ച‌് ഇന്ദിരയോട് കലഹിച്ച മോഹൻ  ധാരിയ, പിന്നീട് പ്രധാനമന്ത്രിയായ ചന്ദ്രശേഖർ, ഉപരാഷ്ട്രപതിസ്ഥാനത്തെത്തിയ കൃഷ്ണകാന്ത് എന്നിവരാണ് കോൺഗ്രസിലെ യുവതുർക്കികൾ. ഉമ്മൻചാണ്ടിയുടെ ആംഗ്യം കാണുമ്പോൾ ചാടുകയും നാടകം കളിക്കുകയും 'പ്രായമായി എന്നു കരുതി പിതാവിനെ വഴിയിൽ ഉപേക്ഷിക്കാനാവുമോ’ എന്ന ചോദ്യം എൽദോസ് കുന്നപ്പള്ളിയെക്കൊണ്ട് ചോദിപ്പിക്കുകയും ചെയ്തവരെ യുവദുരന്തങ്ങൾ എന്നുവേണമെങ്കിൽ വിളിക്കാം. ‘ആരുടെയും മൈക്ക് അല്ല ഞങ്ങൾ’ എന്നു പറയേണ്ടിവരുന്നതുതന്നെ ദുരന്തമാണ്.

ഉമ്മൻചാണ്ടി പോണപോക്കിൽ ചെയ്തുകൂട്ടിയ ദുഷ്ടതയാണ് ഇതെന്നു കരുതി ആശ്വസിക്കുന്ന ചെന്നിത്തലയ്ക്ക് ഇനിയും പലതും വരാനുണ്ട്. സുധീരന് അത് മനസ്സിലായിട്ടുണ്ടെന്ന‌് തോന്നുന്നു. തന്നെ പുകച്ച‌് പുറത്തുചാടിച്ചതിന്റെ രോഷംതീർക്കുന്നതിനപ്പുറം സുധീരൻ വാചാലനാകുന്നത് ആ അപകടം മണത്തിട്ടാണ്. അദ്ദേഹത്തിന് നഷ്ടപ്പെടാൻ ഒരു സ്ഥാനവുമില്ലാത്തതുകൊണ്ട് മൂന്നുനേരവും ഭേഷായി തിരുത്തൽ നടക്കും. ഇതൊക്കെ കാണുമ്പോഴാണ്, അങ്ങ് ദൂരെ ഐസ‌്‌വാളിലെ രാജ്ഭവനിൽ ഇരുന്ന് തന്നേക്കാൾ കൂടുതൽ നാണംകെടുന്നവർ കോൺഗ്രസിലുണ്ടല്ലോ എന്നോർത്ത‌്  കുമ്മനത്തിന‌് ഒന്ന് നെടുവീർപ്പിടാനാവുക.

കോൺഗ്രസിലെ കാര്യംമാത്രം പറഞ്ഞാൽ ചില വിഷജീവികൾ വിസ്മരിക്കപ്പെടും. ഓഖിദുരന്തം കേരളത്തെ വേദനിപ്പിച്ച നാളിൽ ലത്തീൻ കത്തോലിക്കരെ സർക്കാർ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന വിഷപ്രയോഗം നടത്തി ദുരന്തത്തിൽ മരണമടഞ്ഞയാളിന്റെ മൃതദേഹവുമായി സെക്രട്ടറിയറ്റ് വളയാൻ ആഹ്വാനംചെത‌്ത‌്, പ്രകോപിപ്പിച്ച‌് കലാപത്തിന് ശ്രമിച്ചത് മാതൃഭൂമി ചാനലിലെ അവതാരകൻ വേണു ബാലകൃഷ്ണനായിരുന്നു. അതേ അവതാരകൻ, കഴിഞ്ഞദിവസം പറഞ്ഞത് ‘കേരളത്തിലെ മുസ്ലിം സഹോദരങ്ങളേ, നിങ്ങൾ ഉമിനീരുപോലും ഇറക്കാതെ നോമ്പുശുദ്ധിയിൽ കഴിയുകയാണ്. ആ നിങ്ങൾക്കുമേലാണ് ഇത്ര വലിയൊരു കളങ്കം മുഖ്യമന്ത്രി ചാർത്തിയത്. നോമ്പുതുറക്കാൻ പോയവന് തുറുങ്ക് കിട്ടുന്ന നാടാണിത്’ എന്നാണ്. പച്ചയായ വർഗീയവിദ്വേഷം പകർത്തുകയും മുഖ്യമന്ത്രിയിൽ വർഗീയത ആരോപിക്കുകയും ചെയ്യുന്ന ഈ വിഷപ്രയോഗം 'ദേശീയ’ ചാനലിൽതന്നെ ഉയർന്നുകേൾക്കുന്നത് മാധ്യമപ്രവർത്തനസ്വാതന്ത്ര്യത്തിന്റെ  ഉദാത്തമാതൃകയാകും.

Top