19 September Wednesday

കെഎസ‌്‌യുക്കാരുടെ ബുദ്ധിയെങ്കിലും

Tuesday Jul 10, 2018
ശതമന്യുമരണവീട്ടിലേക്ക് ശത്രുത മറന്ന് എല്ലാവരും കടന്നുചെല്ലും. എത്ര കൊടിയ ദ്രോഹം ചെയ്ത ആളായാലും മരണമടഞ്ഞാൽ മലയാളി ആക്ഷേപിക്കാറില്ല, അനുശോചിക്കുന്നതിൽനിന്ന്  പിന്നോട്ട് നിൽക്കാ‌റുമില്ല. കൊല്ലപ്പെടുന്നത് മാർക്സിസ്റ്റുകാർ  ആകുമ്പോൾ അത്തരം ഉപചാരംപോലും വേണ്ട എന്നാണ് കോൺഗ്രസിന്റെ  തീരുമാനം എന്ന് തോന്നുന്നു.  എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു  എന്ന ചെറുപ്പക്കാരൻ ഒറ്റക്കുത്തിനാണ‌് കൊലചെയ്യപ്പെട്ടത്. തീവ്രവാദസ്വഭാവമുള്ള വർഗീയസംഘടനയാണ് പ്രതിക്കൂട്ടിൽ.  ആസൂത്രിത കൊലപാതകവും  പരിശീലനം സിദ്ധിച്ച കൊലയാളിയും.  ഇടുക്കി ജില്ലയിലെ വിദൂര മലയോരഗ്രാമമായ വട്ടവടയിൽനിന്ന് പട്ടിണിയും പഠനമോഹവുമായി എറണാകുളത്തെത്തിയ അഭിമന്യുവിന് എല്ലാവരും പ്രിയപ്പെട്ടവരായിരുന്നു. ക്യാമ്പസിലെ ബദ്ധവൈരികളായ കെഎസ‌്‌യുക്കാർപോലും എസ‌്എഫ്ഐ നേതാവായ അഭിമന്യുവിനെ സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും ചെയ്തു.  അവന്റെ മരണത്തിൽ കണ്ണീർ പൊഴിക്കാത്ത ആരും ആ ക്യാമ്പസിലുണ്ടായില്ല; കൊലയാളികളൊഴികെ.  സംസ്ഥാനത്തെ പ്രതിപക്ഷമായ  യുഡിഎഫിന്റെ  നേതാക്കളിൽനിന്ന് പക്ഷേ അത്തരമൊരു അനുശോചനം വന്നുകണ്ടില്ല.  പ്രസ്താവനയുടെ അതിസാര രോഗമുള്ള പല നേതാക്കളും അഭിമന്യുവിനെ കണ്ടതേയില്ല.  കൊലപാതകത്തെ അപലപിച്ചാൽ പോപ്പുലർ ഫ്രണ്ട് എന്ന ഭീകരതയെ   കാണേണ്ടിവരും. അതിന്റെ നൃശംസത വിളിച്ചുപറയേണ്ടിവരും. അങ്ങനെവന്നാൽ തട്ട് കിട്ടിയാലോ, കിട്ടുന്ന വോട്ടുപോയാലോ എന്ന ഭീതിയാകും കാരണം.  കോൺഗ്രസിന്റെയും ലീഗിന്റെയും നേതാക്കൾ  മൗനി ബാബകളാകാൻ ആർഎസ‌്എസോ പോപ്പുലർ ഫ്രണ്ടോ ഒന്ന് കണ്ണുരുട്ടിയാൽ മതി.

ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികരിക്കാത്തതുകൊണ്ട് അഭിമന്യുവിനെ ആരും സ്നേഹിക്കാതിരുന്നിട്ടില്ല.  എ കെ ആന്റണി ശാപവാക്കുകൾ പൊഴിച്ചതുകൊണ്ട്   അഭിമന്യുവിന്റെ രക്തസാക്ഷിത്വത്തിന് മാറ്റ് കുറഞ്ഞിട്ടുമില്ല. പക്ഷേ  ഇത് ശ്രദ്ധിക്കേണ്ട ഒരവസ്ഥയാണ്.    ആർഎസ്എസ് തുടർച്ചയായി കൊലപാതകങ്ങൾ നടത്തുമ്പോൾ  കോൺഗ്രസിന്റെ പ്രതികരണ യന്ത്രം പ്രവർത്തിക്കാറില്ല. എൻഡിഎഫ്  തുടങ്ങി പോപ്പുലർ ഫ്രണ്ടിൽ എത്തിനിൽക്കുന്ന  തീവ്രവാദിക്കൂട്ടം ഇതുവരെ സംസ്ഥാനത്ത് 31 പേരെ കൊല ചെയ്തിട്ടുണ്ട്. അതിൽ സിപിഐ എമ്മുകാരുണ്ട്,  ലീഗുകാരുണ്ട്,  ബിജെപിക്കാരുണ്ട്,  ഒരു പാർടിയിലും പെടാത്തവരും ഉണ്ട്.  പക്ഷേ ഒരൊറ്റ കോൺഗ്രസുകാരൻ അങ്ങനെ കൊലചെയ്യപ്പെട്ടിട്ടില്ല.. കോൺഗ്രസുകാരോട്  പോപ്പുലർ ഫ്രണ്ടിനുള്ള  സ്നേഹമാണോ,  അതല്ല പോപ്പുലർ ഫ്രണ്ടിനോട് കോൺഗ്രസിനുള്ള വിധേയത്വമാണോ കാരണമെന്ന് അവർ പറയില്ല. സംഗതി അതിലും അപ്പുറമാണ്. കോൺഗ്രസിനെ ബിജെപി വിഴുങ്ങുമ്പോൾ ഒരു ഭാഗം തങ്ങൾക്കും കിട്ടുമെന്ന പ്രതീക്ഷയാണ് പോപ്പുലർ ഫ്രണ്ടിനെ നയിക്കുന്നത്. 

കെഎസ്‌യുക്കാരുടെ  അത്ര ബുദ്ധിയും വിവേകവുംപോലും ഇല്ലാത്ത കൂട്ടമാണ് കോൺഗ്രസിൽ നായകസ്ഥാനത്ത്. കേരളത്തിലെ കോൺഗ്രസ് ഗുണം പിടിക്കില്ല എന്ന‌് രാഹുൽ ഗാന്ധിക്കുതന്നെ തോന്നുന്നുണ്ട്.  ഇത് ഒരർഥത്തിൽ ബിജെപിക്കും ബാധകമാണ്. അഭിമന്യുവിനെ കൊന്നതിൽ അവർക്കും  പ്രതിഷേധം ഒന്നുമില്ല.  കൊല്ലപ്പെട്ട അഭിമന്യുവിന്റെ വീട്ടിലേക്ക് പല വേഷങ്ങളിൽ  കയറിച്ചെന്ന‌്,  മരണമടഞ്ഞത് ഹിന്ദുവല്ലേ  എന്ന ചോദ്യം ഉന്നയിക്കുകയാണ് അവർ. അതിന് പ്രത്യേകിച്ച് ഔചിത്യം വേണ്ടതില്ല. ബിജെപിയുടെ ഗ്ലാമർ താരം  സുരേഷ് ഗോപി  വട്ടവടയിൽ ചെന്ന്   സെൽഫി ഉത്സവമാണ് നടത്തിയത്.  ആർത്തുല്ലസിച്ച് ഉത്സവത്തിനൊടുവിൽ എംപി ഫണ്ടിന്റെ  ഒരു പ്രഖ്യാപനവും നടത്തി. കണ്ണൂർ ജില്ലയിലെ കണ്ണവത്ത്  ഐടിഐ വിദ്യാർഥിയും സ്വയംസേവകനുമായ  ശ്യാമപ്രസാദ്  ബൈക്കിൽ സഞ്ചരിക്കവെ   ഒരു സംഘം വെട്ടിക്കൊന്നത് ഇക്കഴിഞ്ഞ ജനുവരിയിലാണ്. അറസ്റ്റിലായത് എസ്ഡിപിഐക്കാരാണ്. ശ്യാമപ്രസാദ്‌ കൊള്ളരുതാത്തവനായതുകൊണ്ടാകാം അവിടേക്ക‌് സെൽഫി സ്റ്റിക്കുംകൊണ്ട് നടന്മാരൊന്നും ചെന്നുകണ്ടില്ല. ആ ഭാഗത്ത‌് കുടിവെള്ളപദ്ധതിയും എംപി ഫണ്ടും കൊടുക്കും എന്ന് പറഞ്ഞതും കേട്ടില്ല. ശ്യാമപ്രസാദിനെയല്ല, അഭിമന്യുവിനെയാണ് ആദരിക്കേണ്ടത് എന്ന് നടന‌് തോന്നിയിട്ടുണ്ടെങ്കിൽ അതാണ് മുഖ്യം. എസ്എഫ്ഐ അക്കാര്യത്തിൽ സുരേഷ് ഗോപിയെ കുറ്റം പറയരുത്. എന്തായാലും ഇന്നലെ രാഷ്ട്രീയക്കാരനായ അദ്ദേഹം, ജീവിതത്തിലങ്ങോളമിങ്ങോളം രാഷ്ട്രീയക്കാരനാണ‌്. മുതിർന്നുപോയ ആന്റണിയേക്കാൾ എത്രയോ മാന്യനാണ്.

മുഖ്യമന്ത്രി പിണറായി  വിജയൻ ഒരർഥത്തിൽ മഹാ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ മുഖം മനസ്സിൽ ഓർക്കാത്ത ഒരൊറ്റ  എതിരാളികളും നാട്ടിൽ ഇല്ല. കഴിഞ്ഞ ദിവസം അമേരിക്കയിലേക്ക് പോയത്, അവിടത്തെ മലയാളികൾ ക്ഷണിച്ചിട്ടാണ്.  പോകുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കൃത്യമായ പത്രക്കുറിപ്പ് വന്നിരുന്നു: ' മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ അഞ്ചിന് അമേരിക്കൻ സന്ദർശനത്തിന് പുറപ്പെടും. നിപാ പ്രതിരോധത്തിന് കേരളം സ്വീകരിച്ച മാതൃകാപരമായ പ്രവർത്തനങ്ങളെ അംഗീകരിച്ചുകൊണ്ട് ബാൾടിമോർ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിക്ക് ജൂലൈ ആറിന് സ്വീകരണം നൽകുന്നുണ്ട്. ആരോഗ്യമന്ത്രി കെ കെ  ശൈലജയും പങ്കെടുക്കും. ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന (മലയാളി സംഘടനകളുടെ ഫെഡറേഷൻ) സമ്മേളനത്തിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. ഇതടക്കമുള്ള പരിപാടികളിൽ പങ്കെടുത്തശേഷം ജൂലൈ 18ന് മുഖ്യമന്ത്രി തിരിച്ചെത്തും.’ അതായത് കൃത്യം കൃത്യം കാര്യം പറഞ്ഞിട്ടാണ് പോയത്.

സാധാരണനിലയിൽ അവിടെനിന്നുള്ള വാർത്തകൾ കൊടുക്കുക, കേരളത്തിന് ഗുണമുള്ള എന്തെങ്കിലും ഉണ്ടെങ്കിൽ അത് നന്നായി അവതരിപ്പിക്കുക എന്നതൊക്കെയാണ് മാനുഷികഭാവമുള്ളവർ ചെയ്യുക. ഇതിപ്പോൾ പിണറായിക്കെതിരെ നാനാഭാഗത്തുനിന്നുമാണ് ആക്രമണം.  മറ്റാർക്കും ചുമതല കൊടുക്കാതെ പോയി എന്ന് ഒരാരോപണം.  വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഗൂഢാലോചന എന്ന് സംഘികൾ. നിപാ വൈറസ് ഗൂഢാലോചനയെന്ന‌് കാവിയുടുക്കാത്ത മൗദൂദി സംഘികൾ. അമേരിക്കയിൽ ചെന്നിട്ട‌് മുണ്ടുടുക്കാഞ്ഞതെന്തെന്ന‌് കോൺഗ്രസ‌്. എയ്ഡ്സ് വൈറസ് സൃഷ്ടിച്ചവരുടെ അടുത്തേക്കാണ് പോയതെന്ന‌് ഒരു കണ്ടെത്തൽ. ക്ഷണിക്കാതെ പോയതെന്ന് മറ്റു ചിലർ. ആദരം ഏറ്റുവാങ്ങിയത് ശരിയായില്ല എന്നും വാങ്ങിയ ഫലകത്തിന‌് വലുപ്പം പോരാ എന്നും മറ്റൊരു കൂട്ടർ. സാമ്രാജ്യത്വം തുലയട്ടെ എന്ന് മുദ്രാവാക്യം മുഴക്കണമെന്നാണ്‌ ഒരു മാധ്യമ വൈറസ് ട്വിറ്ററിലൂടെ ആശിച്ചത‌്. എല്ലാം ചേർത്തുനോക്കുമ്പോൾ, കേരളത്തിൽ നിപാ വൈറസ് പ്രതിരോധപ്രവർത്തനം നടത്തിയത് മഹാപരാധമായി, അമേരിക്കയിൽ പോയത് അതിലും വലിയ അപരാധമായി എന്ന് മനസ്സിലാക്കണം. അവിടെയാണ് പിണറായിയുടെ വിജയം.

മുഖ്യമന്ത്രി എന്ന നിലയിൽ അമേരിക്കൻ മലയാളികളുടെ വാർഷികപരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ ഇത്രമാത്രം ആഘോഷം ഉണ്ടാകുന്നു എങ്കിൽ, തനിക്ക‌് ഒട്ടും തെറ്റിയിട്ടില്ല എന്ന് അദ്ദേഹത്തിന് ആവർത്തിച്ചുറപ്പിക്കാം. പത്തുപതിനഞ്ചുകൊല്ലം നിരന്നുനിന്ന് നിരന്തരം നിർഭയം നിർത്താതെ ഇവർ ആക്രമിച്ചിട്ടും കേരളീയർ അത് കൂട്ടാക്കാതെ വിശ്വാസ്യതയുള്ള നേതാവിനെ പിണറായി വിജയനിൽ  കാണുന്നത് വെറുതെയല്ല.

Top