21 September Friday

സർവം ചോർച്ച

Monday Apr 2, 2018
ശതമന്യ‍ു

ചോർത്താനും ചോരാനും ഇനിയെന്തുണ്ട് എന്ന ചോദ്യമുന്നയിക്കാൻ വരട്ടെ. ചോർച്ച എന്നത് എല്ലാ കാലത്തും നടക്കേണ്ട ഒരു പ്രക്രിയയാണ്. ചോരുന്നില്ല എങ്കിലാണ് പ്രശ്നം. മാധ്യമപ്രവർത്തനത്തിൽ ചോർത്തിയെടുക്കൽ ഒരു കലയാണ്; മിടുക്കുമാണ്. അഥവാ ഒന്നും ചോർന്നുകിട്ടിയില്ലെങ്കിൽ ശൂന്യതയിൽനിന്ന് സൃഷ്ടിനടത്തി ചോർത്തിയ വിഭവമായി അവതരിപ്പിക്കാനുള്ള  സാങ്കേതികവിദ്യ നിലവിലുള്ളതുകൊണ്ട് മാധ്യമങ്ങൾക്ക് ചോർച്ച ഗൗരവമുള്ള വിഷയമല്ലാതായിട്ടുണ്ട്. എന്തൊക്കെയാണ് ചോർന്നത് എന്നതിന് കണക്കില്ലാതായിരിക്കുന്നു. ആധാർ ചോർന്നു. 600 ജില്ലകളിലെ ഏഴുലക്ഷം ഗ്രാമങ്ങളുടെ വിവരം ചോർന്നു. സൈനിക രഹസ്യങ്ങൾ ചോർന്നു. വമ്പന്മാർക്കായി ബാങ്കുകളുടെ സമ്പത്ത് ചോർന്നു. കർണാടകത്തിലെ തെരഞ്ഞെടുപ്പുതീയതി ചോർന്നു. നോട്ട് നിരോധനത്തിലൂടെ ജനങ്ങളുടെ സമ്പാദ്യം ചോർന്നു. ജിഎസ്ടിയിലൂടെ സാധാരണക്കാരന്റെ കുപ്പായക്കീശയിൽനിന്ന് പടുകൂറ്റൻ ചോർച്ച. ഒടുവിൽ സിബിഎസ്ഇ ചോദ്യപേപ്പറും ചോർന്നു.  

എല്ലാത്തിനുംമീതെ വലിയ ചോർച്ച മോഡിയുടെ ജനപ്രീതിയിലാണ്. ഉത്തർപ്രദേശിൽനിന്ന് ഒടുവിൽവന്ന ഗൊരഖ്പുർ, ഫൂൽപുർ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചനയെങ്കിൽ 2019ലെ പൊതുതെരഞ്ഞെടുപ്പ് കഴിയുമ്പോൾ പെട്ടിയുംകൊണ്ട് തിരിച്ച് ഗുജറാത്തിലേക്ക് മോഡി വണ്ടി കയറേണ്ടിവരും.

സുപ്രീംകോടതിയിൽനിന്ന് മുതിർന്ന ജഡ്ജിമാർ ഇറങ്ങിവന്നു പറഞ്ഞത് ജനാധിപത്യം ചോർന്നു എന്നാണ്. ചീഫ് ജസ്റ്റിസിനെതിരെ ഇമ്പീച്ച്മെന്റ് നോട്ടീസ് തയ്യാറാക്കി പ്രതിപക്ഷം പറയുന്നത് നീതിനിർവഹണത്തിൽ വമ്പൻ ചോർച്ച വന്നു  എന്നാണ്. നാസിക്കിൽനിന്ന് ഇരുനൂറു കിലോമീറ്റർ റോഡ് നടന്നുതാണ്ടി മുംെെബയിലെത്തിയ കർഷകർ  വിളിച്ച മുദ്രാവാക്യത്തിൽ തങ്ങളുടെ ജീവിതമാകെ ചോർന്നുപോകുന്നതിന്റെ രോഷവും കണ്ണീരുമാണ്. ജനാധിപത്യത്തിന്റെ ആണിക്കല്ലായ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടുയന്ത്രങ്ങളുടെ വിശ്വാസ്യതയിലാണ് മറ്റൊരു വൻ ചോർച്ച. 

വ്യക്തികളുടെ സ്വകാര്യതയ്ക്ക് വലിയ വിലയാണ്.  ആർക്കും എപ്പോഴും ആരുടെ ഏത് വിവരവും ചോർത്തിവിൽക്കാൻ വാതിൽ തുറന്നിടുന്നത്, വിലയിലെ ആകർഷകത്വം കൊണ്ടുതന്നെ. ഫെയ്സ് ബുക്കിൽനിന്ന് ബിജെപിയും കോൺഗ്രസും ആണ് ദല്ലാൾ മുഖേന വിവരം ചോർത്തിയത്. ആധാറിനുവേണ്ടി ശേഖരിക്കുന്ന വിവരങ്ങൾ  ചോർത്തി വ്യാപാര ആവശ്യത്തിനായി സ്വകാര്യവ്യവസായികളുടെ കൈകളിലെത്തിക്കുന്ന പ്രവൃത്തിക്ക് ഔദ്യാഗികപരിവേഷംതന്നെയുണ്ട്. അംബാനിയുടെ ജിയോയ്ക്ക് ആധാർ സ്വന്തംപോലെ ഉപയോഗിക്കാം.

സുപ്രീംകോടതിയിൽ സിനിമാപ്രദർശനം നടത്തി, ചോരില്ല, ചോർത്താനാകില്ല എന്ന് ഉഗ്രപ്രഖ്യാപനം നടത്തിയെങ്കിലും   500 രൂപ നൽകിയാൽ പത്തു മിനിറ്റുകൊണ്ട് ആർക്കും ആധാർ വിവരങ്ങൾ  സ്വന്തമാക്കാമെന്ന കണ്ടെത്തൽ അങ്ങനെതന്നെ നിലനിൽക്കുന്നു. 300 രൂപ കൂടി നൽകിയാൽ ആരുടെപേരിലും ആധികാരിക’ ആധാർ കാർഡ് നൽകുന്ന ഓൺലൈൻ ഏജൻസി സാധ്യമാണെന്ന് ദി ട്രിബ്യൂൺ തെളിവ് സഹിതമാണ് കണ്ടെത്തിയത്.   ശത്രുരാജ്യങ്ങൾപോലും ഹാക്കർമാരെ ഉപയോഗിച്ച് ആധാർ വിവരങ്ങൾ ചോർത്തിയിട്ടുണ്ടാകാം.  ഫോൺ നമ്പർ, ഇ–മെയിൽ, വിലാസം എന്തിന് വിരലടയാളത്തിന്റെയും കണ്ണുകളുടെയും ചിത്രം പോലും ചോർത്തിയെടുക്കാൻ പറ്റുന്നതായിരുന്നു ഒരുഘട്ടത്തിൽ  ആധാർ ഡേറ്റാ ബേസ്. ആക്രമണം തുടർച്ചയായപ്പോൾ സുരക്ഷ ശക്തമാക്കി. പക്ഷേ, വേണ്ടവരെല്ലാം വേണ്ടതെല്ലാം കൊണ്ടുപോയിരുന്നു. അമേരിക്കൻ ഏജൻസി  ആധാർ വിവരം  ചോർത്തിയെന്ന് തെളിവുസഹിതം റിപ്പോർട്ട് വന്നതാണ്.

ആധാറിന്റെ  ഞെട്ടൽ മാറുംമുമ്പ്  കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി നടത്തിയ നുഴഞ്ഞുകയറ്റത്തിന്റെ വിവരം വന്നു.  മോഡി പ്രധാനമന്ത്രിക്കുപ്പായമിട്ട ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി സോഷ്യൽ മീഡിയ പ്രചാരണം നയിക്കാനായിരുന്നു കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ചോർത്തൽ. അക്കാര്യത്തിലെങ്കിലും രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് മോഡിയുമായി മത്സരിച്ചു എന്നതാണ് ആശ്വാസം.

ചോർച്ചയുടെ വഴികൾ അവിശ്വസനീയമാണ്. പ്രധാനമന്ത്രിയുടെ  സ്വകാര്യ മൊബൈൽ ആപ്ലിക്കേഷനായ നരേന്ദ്ര മോഡി ആപ്പിൽനിന്ന് വ്യക്തികളുടെ വിവരങ്ങൾ  ചോർത്തുന്നതായി  ഫ്രഞ്ച് സുരക്ഷാഗവേഷകൻ എലിയറ്റ് ആൽഡേഴ്സൺ കണ്ടെത്തിയപ്പോൾ ഏതുവഴിക്കും എന്തുംചോരാൻ എന്ന മോഡിക്കാലത്തെ അഗീകൃതരീതിയാണ് സ്ഥിരീകരിക്കപ്പെട്ടത്ത്. മോഡിയുടെ ആപ്പ് സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്യുന്നവരുടെ ജാതകം ആ നിമിഷത്തിൽ അമേരിക്കക്കാരന്റെ കൈയിലെത്തും. ജനങ്ങളുമായി സംവദിക്കാനെന്നപേരിൽ പ്രധാനമന്ത്രി ആപ്പ് തുടങ്ങിയത് ജനങ്ങൾക്കുള്ള ആപ്പായി മാറി എന്ന് ചുരുക്കം.

സത്യത്തിൽ കോടാനുകോടി ജനങ്ങളുടെ വ്യക്തിവിവരങ്ങൾ ആരെല്ലാം മോഷ്ടിച്ചിട്ടുണ്ടെന്ന്  ആർക്കും വ്യക്തതയില്ല. മോഷണം നടന്നു, അത് വൻതോതിലാണ് എന്നതിൽ സംശയവുമില്ല. വിവരങ്ങളല്ലേ, ചോർത്തിക്കൊണ്ടുപോയാൽ ഇന്നുള്ളതിനപ്പുറം എന്ത് സംഭവിക്കാനാണ് എന്ന് ആശ്വസിക്കാം. അത് വിവരം ചോരണത്തിന്റെ പ്രശ്നമാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെയും പ്രണയത്തിന്റെയും കുതിരപ്പുറത്ത് കയറിയതിന്റെയും  വാർത്തയെഴുതിയതിന്റെയുംപേരിൽ കൊല്ലപ്പെടുന്നവരുടെ നാട്ടിൽ വിവരം സൂക്ഷിച്ചുവച്ചിട്ടും വലിയ കാര്യമൊന്നുമില്ല എന്ന് കരുതുന്നവരുമുണ്ട്.

പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും രാജ്യത്തെ ഇതര ബാങ്കുകളിൽനിന്നും പണമായി ചോർത്തിയ കോടികൾക്കുമുന്നിൽ  വിവര ചോർച്ച ഒന്നുമല്ല. വലിയ തട്ടിപ്പുകാരൻ നീരവ് മോഡി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിയങ്കരനായി ദാവോസിൽ നടന്ന സാമ്പത്തിക ഉച്ചകോടിയിൽ ചിത്രത്തിന് പോസ് ചെയ്തപ്പോൾ യഥാർഥ യക്ഷി ആരാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു. അതിനുമുമ്പ് വിജയ് മല്യ നാടിനെത്തന്നെ മുക്കി കടന്നപ്പോൾ രക്ഷയ്ക്കെത്തിയത് മോഡി സംഘത്തിലെ ഉന്നതരായിരുന്നു.

വ്യക്തികൾ ചോർത്തിയതിന് കണക്കുമായി താരതമ്യംചെയ്യാൻ കഴിയാത്ത വലുപ്പമുണ്ട് നോട്ട് നിരോധനത്തിന്റെ മറവിൽ നടന്ന ഖജനാവ് ചോർച്ചയ്ക്ക്.  എല്ലാം കഴിഞ്ഞാണ് സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച വന്നത്.  കഷ്ടപ്പെടുന്നത് കുട്ടികളും രക്ഷിതാക്കളുമാണ്. ചോർത്തിയെടുത്ത ചോദ്യം വിൽപ്പനയ്ക്ക് വച്ചത് കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് വിവരം ജനങ്ങൾ അറിഞ്ഞത്. ആദ്യം അറസ്റ്റിലായതാണെങ്കിൽ എബിവിപിയുടെ ജില്ലാ നേതാവും. ഇങ്ങനെ എവിടെയെല്ലാം എങ്ങനെയെല്ലാം ചോർന്നു എന്നത് മോഡിക്കും അറിയില്ല, അന്വേഷിക്കുന്നവർക്കും അറിയില്ല. പ്രകാശ് ജാവ്ദേക്കറിന്  തീരെ അറിയില്ല. ലക്കും ലഗാനുമില്ലാതെ രാജ്യത്തിന്റെ സമ്പത്ത് ചോർത്തിയതിന് ശിക്ഷയാണ് കോൺഗ്രസ് ഇന്ന് അനുഭവിക്കുന്നത്. നാളെ നരേന്ദ്ര മോഡിയെ കാത്തിരിക്കുന്നതും ചോർത്തലിന്റെ പ്രതിഫലമാണ്. അതിന്റെ സൂചന ഗുജറാത്തിൽ കണ്ടു. ആദ്യഗഡു ഗൊരഖ്പുരിലും ഫൂൽപുരിലും കിട്ടി. കർണാടകത്തിൽ അമിത് ഷായ്ക്ക് നേരിട്ട് കിട്ടി. ഇനിയുള്ളത് കണ്ടുതന്നെ അറിയണം

Top