19 October Friday

ചാനല്‍ ജഡ്ജസ്... പ്ളീസ് നോട്ട്

Monday Dec 11, 2017
ശതമന്യു

ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരായ ചുഴലിക്കാറ്റിന് തുടക്കമായിട്ടുണ്ടെന്ന് മനോരമയുടെ പ്രതിനിധിയാകാന്‍ വിധിക്കപ്പെട്ട സുഹൃത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശരിയാണ്. പക്ഷേ, അത് ഇന്ന് തുടങ്ങിയതല്ല എന്നുമാത്രം. ശവംതീനികള്‍ എന്ന വിളി ചില മാധ്യമങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. അതുകേട്ട് കോപംവന്ന മാധ്യമപ്രതിഭകളില്‍ ചിലര്‍, തിരിച്ചുവിളിക്കുന്നത് സൈബര്‍ സഖാക്കളേ, ഭക്തജനങ്ങളേ, ഭജനപ്പാട്ടുകാരേ, വെട്ടുകിളികളേ എന്നൊക്കെയാണ്. കയറി വായില്‍ കുത്തിയ മൈക്കിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടത് ഇവര്‍ക്ക് മഹാപരാധമായിരുന്നു. അന്ന് മാധ്യമസ്വാതന്ത്യ്രം മഹത്വപ്പെടുത്താന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്ക് ഇന്ന് നേരിയ വിമര്‍ശം സഹിക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങളെയും എല്ലാ മാധ്യമപ്രവര്‍ത്തകരെയും ബാധിക്കുന്ന ചുഴലി മനോരമയില്‍ നേര്‍ച്ചക്കോഴിയെക്കൊണ്ടാണ് പ്രവചിപ്പിച്ചത്. 

കാറ്റായും രോഗമായും ചുഴലി ബാധിച്ച ചിലരുണ്ട്. അതില്‍ ഒരാളുടെ വിലാപം ഇങ്ങനെ: 'തെറിപറഞ്ഞും അച്ഛന് വിളിച്ചും പേടിപ്പിക്കാമെന്ന് കരുതുന്ന സൈബര്‍ സഖാക്കളേ, നിങ്ങള്‍ക്ക് നല്ല നമസ്കാരം! നിങ്ങളുടെ വിരട്ടില്‍ പണിനിര്‍ത്തി പോകാന്‍ വേറെ ആളെ അന്വേഷിക്കുക. വിമര്‍ശനങ്ങള്‍ പൂര്‍ണമനസ്സോടെ സ്വീകരിക്കും. തെറ്റുകള്‍ തിരുത്തും. പക്ഷേ പേടിക്കില്ല, ഒരിക്കലും.'

ജനനേതാക്കളെ തെരഞ്ഞുപിടിച്ച് പരിഹസിച്ചും പുച്ഛിച്ചും ഭര്‍ത്സിച്ചും ജനപ്രതിനിധികളെ പുങ്കവന്മാര്‍ എന്ന് വിളിച്ചും നാട്ടുകാരെ മുഴുവനായി വെല്ലുവിളിച്ചും വാണരുളുന്ന ചാനല്‍ ജഡ്ജി ഒടുവില്‍ നടത്തിയ വിലാപമാണിത്.

തെറിപറഞ്ഞ് ഒരാളുടെ മാധ്യമപ്രവര്‍ത്തനം നിര്‍ത്തിക്കാമെന്ന് കരുതി അയാള്‍ക്കുപിന്നാലെ ആര് പോയാലും തെറ്റും മണ്ടത്തരവുമാണ്. പണിനിര്‍ത്തി പോയില്ലെങ്കില്‍ ഇന്നാട്ടില്‍ എന്തൊക്കെയോ സംഭവിക്കുമെന്ന് സ്വയം കരുതി ഓവര്‍ കോട്ടിട്ട് ഞെളിയാനുള്ള സ്വാതന്ത്യ്രം അദ്ദേഹത്തിന് സൈബര്‍ സഖാക്കള്‍ അനുവദിച്ചുകൊടുക്കണം. സഖാക്കളല്ലാത്ത സകലര്‍ക്കും തന്നോട് സ്നേഹമാണെന്ന പ്രതീതി നിര്‍മിച്ച് സ്വന്തമായി ഒരു സ്ഥാനം സൃഷ്ടിച്ച് ആനന്ദിക്കാനുള്ള അവസരത്തിനും തടസ്സം നില്‍ക്കരുത്. നേര് തൊട്ടുതീണ്ടാത്ത നിര്‍ഭയ നിരാമയ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലമാണിത്.

ഒരിക്കല്‍ ചക്ക വീണപ്പോള്‍ മുയല്‍ ചത്തു. ഒരാളെ തുടര്‍ച്ചയായി അടിച്ചപ്പോള്‍ മന്ത്രിസ്ഥാനം രാജിവച്ച് പോകേണ്ടിവന്നു. അതുപോലെ പിന്നെയും ചക്കയിടാന്‍ കൊതിച്ചാണ് ബിജെപി നേതാവായ ഉടമയുടെ പിന്തുണയും ഉളുപ്പില്ലാത്ത മതബോധ പ്രകടനവും കൈമുതലായുള്ള ചാനല്‍ ജഡ്ജി യുദ്ധത്തിനിറങ്ങിയത്. ക്വട്ടേഷന്‍ ഡല്‍ഹിയില്‍നിന്നാണ്. 'നമ്പൂതിരിമുതല്‍ നായാടിവരെ അണിനിരക്കുന്ന' വിശാല ജാതിസഖ്യം കാവിക്കൊടിത്തണലില്‍ രൂപപ്പെടുത്തി കേരളത്തിലെ സംഘപരിവാറിനെ പരിപോഷിപ്പിക്കാന്‍ ഏറ്റെടുത്ത ദൌത്യം പാളിയതോടെ കളി സൂക്ഷ്മതലത്തിലേക്ക് മാറ്റിയതാണ്. മലയാളിയുടേതെന്ന് തോന്നിച്ച ചാനല്‍ ഇന്ന് മുതലാളിയുടെ സ്വന്തമാണ്. ആ മുതലാളി നാട്ടിലെ വലിയ ദല്ലാളുമാണ്. കടത്തിക്കൊണ്ടുവരുന്ന വര്‍ഗീയതയുടെയും അനൌചിത്യത്തിന്റെയും പോഴത്തത്തിന്റെയും ചരക്കുകള്‍ ചില്ലറവില്‍പ്പന നടത്താന്‍ ചുമതലപ്പെട്ടവര്‍ക്ക്  അവസാനശ്വാസം വലിക്കുന്ന പാവങ്ങളുടെ വായില്‍ മൈക്ക് കുത്താനും കൈയും മെയ്യും മറന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ മോശക്കാരാക്കാനും ചുമതലയുണ്ട്. അതുകൊണ്ട് ആ ചാനലില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല. ഏക എംഎല്‍എപോലും മടുപ്പ് പ്രഖ്യാപിച്ച് സംന്യാസത്തിന് പോകാന്‍ തുടങ്ങുമ്പോള്‍ കേരള പദ്ധതികളാകെ തകര്‍ന്നുപോകുന്നുവെന്ന് തിരിച്ചറിയുന്ന സംഘപരിവാറിന് ഒരിറ്റ് ആശ്വാസം കൊടുക്കാന്‍ ഓഖിയിലും തലയിടാം.  

ഉമ്മന്‍ചാണ്ടിയടക്കം 20 പ്രിയപ്പെട്ടവര്‍ പെട്ടുകിടക്കുന്ന സോളാര്‍ കുരുക്ക് അഴിച്ചുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥാപക നേതാക്കളോട് എങ്ങനെ നീതികാട്ടും? അതാണ് മനോരമയുടെ വെപ്രാളം. ഒരുവിധപ്പെട്ടവരൊക്കെ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ചാനല്‍മുറിയില്‍ ന്യായാധിപവേഷത്തിലിരുന്ന് 'മൃതദേഹവും ചുമന്ന് സെക്രട്ടറിയറ്റിലേക്ക് സമരത്തിന് പോകാന്‍ വൈകുന്നതെന്ത്' എന്നാഹ്വാനം ചെയ്യുന്നതാണ് മറ്റൊരു മാധ്യമസ്വാതന്ത്യ്രം. വെളിച്ചപ്പാട് വാളെടുക്കുമ്പോഴേ ഉറയാറുള്ളൂ.

സാധാരണജനങ്ങള്‍ക്ക് ഇതിലൊന്നും ഇന്ന് വലിയ താല്‍പ്പര്യമില്ല. ഉണ്ടെങ്കില്‍, ഈ ആക്രോശങ്ങളും വിധിപ്രഖ്യാപനങ്ങളും കേട്ട് കേരളത്തിലെ ഇടതുപക്ഷത്തെ എന്നേ അറബിക്കടലില്‍ മുക്കിക്കളഞ്ഞേനെ. ഓരോരോ സമയത്ത് ചുമതലപ്പെടുത്തുന്ന ദൌത്യമാണ് നിര്‍വഹിക്കപ്പെടുന്നതെന്നും അത് മാധ്യമപ്രവര്‍ത്തനമല്ല, കരാര്‍ജോലിയാണെന്നും തിരിച്ചറിയുന്നതുകൊണ്ടാണ് ജനങ്ങള്‍ ഈ നുണകളുടെ ശവപ്പെട്ടിയുമായി ചാനല്‍ പുങ്കവന്മാരുടെ അന്തപ്പുരത്തിലേക്ക് മാര്‍ച്ച് ചെയ്യാത്തത്. അതൊരു സൌജന്യമല്ല, ഔദാര്യമാണ്. ശവംതീനി മനസ്സുകള്‍ക്ക് തിരിച്ചറിവിനായി ദൃശ്യമാധ്യമരംഗത്തുനിന്നുതന്നെ ചില മുന്‍കൈകള്‍ വരുന്നുണ്ട്. ഒരെണ്ണം ഇതാണ്:

പ്രിയമുള്ള മാധ്യമസുഹൃത്തുക്കളേ, അത്യധികം വേദനയോടും അതിനേക്കാളേറെ രോഷത്തോടുമാണ് ഒരാഴ്ച പിന്നിടുന്ന ഓഖി ദുരന്ത റിപ്പോര്‍ട്ടുകള്‍ വാര്‍ത്താചാനലുകളില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു പ്രകൃതിദുരന്തം റിപ്പോര്‍ട്ട് ചെയ്യുക എന്നത് ഓരോ മാധ്യമപ്രവര്‍ത്തകന്റെയും ജീവിതത്തിലെ അപൂര്‍വമായ അവസരമല്ല, മറിച്ച്, വാര്‍ത്താജീവിതത്തില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്നത് എന്ന് വിളിക്കാവുന്ന പ്രായോഗികാനുഭവമാണ്. നാളത്തെ മാധ്യമവിദ്യാര്‍ഥികള്‍ പാഠമായി കണ്ടുപഠിക്കേണ്ട ആര്‍ക്കൈവലാണ്. എത്ര വികലമായാണ് നിങ്ങളും, നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ത്താചാനലുകളും ഈ ഒരാഴ്ചയുടെ വാര്‍ത്തകളെ കൈകാര്യം ചെയ്തതെന്ന് ഒന്ന് റീവൈന്‍ഡ് ചെയ്ത് കാണുക... മലയാള വാര്‍ത്താചാനല്‍ ചരിത്രത്തിലെ കറുത്ത ഏടെന്ന് മറ്റൊരാള്‍ വിളിച്ചുപറയുംമുമ്പ് അത് നമ്മള്‍ ഓരോരുത്തരും ഏറ്റുപറയണം. എങ്ങനെയാണ് ഒരു പ്രകൃതിദുരന്തം അഥവാ ദുരന്തം റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് നിങ്ങളുടെ വാര്‍ത്താമുറികളില്‍ ഒരുവട്ടമെങ്കിലും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടോ? ദുരന്തഭൂമിയിലേക്ക് പറഞ്ഞയച്ച വാര്‍ത്താലേഖകര്‍ക്ക് ഇത്തരം റിപ്പോര്‍ട്ടിങ്ങില്‍ പുലര്‍ത്തേണ്ട ഔചിത്യമെന്തെന്ന് ഒരു വാട്സാപ് സന്ദേശമെങ്കിലും വാര്‍ത്താമേലാളന്മാര്‍ നല്‍കിയിരുന്നോ? അങ്ങനെ നല്‍കിയിരുന്നെങ്കില്‍, യുവജനോത്സവവേദിയില്‍ സ്വര്‍ണക്കപ്പിന്റെ തലയോ ചുവടോ തട്ടിയെടുത്ത് ക്യാമറയ്ക്കുമുന്നില്‍ ആദ്യമെത്തിക്കുന്നതാണ് പത്രപ്രവര്‍ത്തനമെന്ന ശീലം ഈ ദുരന്തമുഖത്തും അവര്‍ അനുവര്‍ത്തിക്കില്ലായിരുന്നു. ഇനിയെങ്കിലും നമ്മള്‍ ചിലത് തുറന്നുപറഞ്ഞേ മതിയാകൂ... അല്ലെങ്കില്‍ കേരളത്തിന്റെ വാര്‍ത്താമുഖം കരയ്ക്കെത്താതെ അഴുകിനാറുന്ന അനാഥദേഹമായി തുടരും... എണ്‍പതുകളുടെ അവസാനത്തില്‍ മാതൃഭൂമി ദിനപത്രം അന്വേഷണാത്മക റിപ്പോര്‍ട്ടിങ് പരമ്പരകളിലൂടെ ശ്രദ്ധ നേടിയപ്പോള്‍ അതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ മലയാളമനോരമ മാത്യു മറ്റത്തിന്റെയും ജോയ്സിയുടെയും പേനകള്‍ ഡെസ്കിലിരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറി. ആ അവിഹിതത്തില്‍നിന്ന് പത്രം പൈങ്കിളിക്കഥകളെ പെറ്റുകൂട്ടി. 'പാവം പാവാട പടിഞ്ഞാട്ടുപോയി' എന്ന തലക്കെട്ടില്‍ ഒരു ഫീച്ചര്‍ ഒന്നാമത്തെ പത്രത്തിന്റെ ഒന്നാംപേജില്‍ ഇടംപിടിക്കുകയും അത് പിന്നീടങ്ങോട്ടുള്ള മാധ്യമശൈലിയായി മാറുകയും ചെയ്തു. വികലമാക്കപ്പെട്ട ഭാവനാവിലാസവും എന്തിനെയും മഴവില്ലഴകില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മുതലാളിയുടെ പ്രൊഫഷണലിസവും ഒത്തുചേര്‍ന്നാല്‍ കൈവരിക്കാവുന്ന വാണിജ്യവിജയത്തിന് ഈ ശൈലി ധാരാളമായിരുന്നു. അതിന്റെ ദാരുണാന്ത്യത്തിലാണ് ലോകമറിയേണ്ട ഒരു ശാസ്ത്രജ്ഞന്‍ ഗതികിട്ടാത്ത ആത്മാവിനെപ്പോലെ ഈ നവമാധ്യമ കാലത്തും നമുക്കു മുന്നിലലയുന്നത്. കിടപ്പുമുറിയില്‍ ട്യൂണയെപ്പോലെ ഊളിയിടുന്ന ചാരവനിതയെ മനക്കണ്ണാല്‍ കണ്ട് ഭ്രമിച്ചവര്‍ അക്കാലത്തെയും ഇക്കാലത്തെയും വിശ്വവിഖ്യാതരായ മാധ്യമപ്രവര്‍ത്തകരായി തുടരുന്നു.

വ്യാജരേഖയുടെ വശീകരണത്തില്‍പ്പോലും വീണുപോകുന്നവനാണ് മാധ്യമപ്രവര്‍ത്തകനെന്ന് വാര്‍ത്തകളുടെ ചാനല്‍മത്സരം തുടങ്ങുന്ന നാളുകളില്‍തന്നെ നമ്മള്‍ തെളിയിച്ചു. വാര്‍ത്തകള്‍ എങ്ങനെയും ചമയ്ക്കപ്പെടാമെന്ന ആ സംസ്കാര നിര്‍മിതിയുടെ തുടര്‍ച്ചയാണ് ഇന്ന് തേന്‍കെണി വിവാദക്കുരുക്കില്‍ ചെന്നെത്തി നില്‍ക്കുന്നത്. ചോദ്യം ചെയ്യപ്പെടാനാകാത്തവരെന്ന് വിശ്വസിച്ചഹങ്കരിക്കുന്ന നമുക്കുമുന്നില്‍ വാതിലുകളില്‍ പലതും കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ജനം കൈയടിച്ചാഹ്ളാദിച്ചത് നമ്മള്‍ കണ്ടില്ലെന്ന് നടിക്കുന്നു. വാര്‍ത്താമുറിയില്‍ അല്‍പ്പജ്ഞാനത്തിന്റെ ആത്മരതിയിലൂടെ ന്യായാധിപക്കസേര സ്വന്തമാക്കിയവരെന്ന് നടിക്കുന്നു. ഇനി, ചുഴലിക്കാറ്റിന്റെ നാളുകളിലേക്ക് സ്വയം ചൂഴ്ന്നുനോക്കുക... ദുരന്തത്തെ വിവാദക്കണ്ണുകളിലൂടെമാത്രം പ്രേക്ഷകരിലെത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിലൂടെ ചുഴലിക്കാറ്റില്‍പ്പെട്ട ജീവിതങ്ങളോടുള്ള മാനുഷികകടമകളെ നിങ്ങള്‍ മറന്നു. എന്തുകൊണ്ട് സര്‍ക്കാരിന്റെ തെറ്റുകളെ അക്കമിട്ടുനിരത്തുന്നവര്‍ ഏതൊരു ദുരന്തത്തിലും മാധ്യമങ്ങള്‍ ഏറ്റെടുക്കേണ്ടുന്ന കടമകളെ മറന്നു? ദുരന്തദിനങ്ങളില്‍ ഒരു ഹെല്‍പ് ലൈന്‍ നമ്പര്‍ ഒരു വാര്‍ത്താ ചാനലിലും കണ്ടില്ല. കാണാതായവരെക്കുറിച്ചറിയാന്‍ ഒരു സംവിധാനം തുറക്കാന്‍ ലോകമെങ്ങും പ്രേക്ഷകരുള്ള ചാനലുകള്‍ക്ക് കഴിയുമായിരുന്നു. കണക്കുകള്‍ ക്രോഡീകരിച്ച് സര്‍ക്കാരിനും രക്ഷാദൌത്യ സംവിധാനത്തിനും കൈമാറാന്‍, അങ്ങനെ മാധ്യമദൌത്യം നിറവേറ്റാന്‍ കഴിയാതിരുന്നത് ചാനലുകളുടെ പരാജയമല്ലേ? സ്വയം ഉറപ്പുവരുത്താത്ത വാര്‍ത്തകള്‍ നല്‍കിയിടത്തുമാത്രം അവസാനിക്കുന്നില്ല പിഴകള്‍. ആദ്യദിനംമുതല്‍ അനാവശ്യ വിവാദങ്ങളെ ചര്‍ച്ചാവിഷയമാക്കി നിങ്ങള്‍ ഈ ദുരന്തത്തിന്റെ യഥാര്‍ഥ കണക്കുകള്‍ക്കുമേല്‍പോലും മറയിട്ടു. ഇനി, ഈ ദുരന്തനാളുകളിലെ യഥാര്‍ഥ വിജയി നമ്മള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍മാത്രം എന്തിന് ഒളിഞ്ഞിരിക്കണം? കൈയടിയോടെ മനോരമ ന്യൂസ് ചാനലിനെ വേദിയിലേക്ക് സ്വാഗതം ചെയ്യാം...

ചാനലുകളുടെ പരസ്യമാര്‍ക്കറ്റിന് ആധാരമായ ബാര്‍ക് റേറ്റിങ്ങില്‍ ഒരുമാസക്കാലമായി രണ്ടാംസ്ഥാനം നഷ്ടപ്പെട്ട് പരിഭ്രാന്തരായി കഴിയുകയായിരുന്ന ചാനലിന് ഓഖി നല്‍കിയത് സുവര്‍ണാവസരമായിരുന്നു. ചുഴലിക്കാറ്റിന്റെ വേഗത്തില്‍ വിവാദം വിതച്ച് മനോരമ ചാനല്‍ മാതൃഭൂമിയില്‍നിന്ന് രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ബാര്‍ക് റേറ്റിങ് ചുഴലിക്കാറ്റ് വീശിയ ദിവസങ്ങള്‍കൊണ്ട് മനോരമ നഷ്ടപ്പെട്ടതൊക്കെ നേടിയെടുത്തെന്ന് വെളിപ്പെടുത്തുന്നു. ചുരുക്കത്തില്‍ കൊടുങ്കാറ്റിനോട് ജീവിതത്തിനായി യുദ്ധം ചെയ്തവരെ വിറ്റ് നമ്മുടെ മാധ്യമകുതന്ത്രം വിജയം വരിച്ചിരിക്കുന്നു. ചിന്തിക്കുക... നമുക്ക് ആരോടാണ് പ്രതിബദ്ധത? ആരാണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനത്തെ അനുദിനം തോല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്?

മൂന്നുപതിറ്റാണ്ട് ദൃശ്യമാധ്യമരംഗത്ത് ഇടപെടുന്ന ലീന്‍ ജസ്മസ് എന്ന മാധ്യമപ്രവര്‍ത്തകന്റെ  ഖേദത്തോടെയുള്ള ഓര്‍മപ്പെടുത്തലാണിത്. ഇതെഴുതിയ കുറ്റത്തിന് അദ്ദേഹത്തിനുപുറകെ ഒളിക്യാമറയുമായി വെട്ടുകിളിസംഘത്തെ അയക്കാന്‍ വൈകരുത്. അങ്ങനെയാകുമ്പോഴാണ് മാധ്യമപ്രവര്‍ത്തനം നിര്‍ഭയമാണെന്നും അത് മാധ്യമപ്രവര്‍ത്തകരെത്തന്നെ പിടികൂടുന്നതാണെന്നും ആത്മാഭിമാനത്തോടെ പറയാനാവുക.

മുഖ്യമന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങിക്കൊടുക്കലും പ്രകടനവഴിയില്‍ ഉരസിയ കാറില്‍ ഇല്ലാത്ത രോഗിയെ കൊണ്ടിരുത്തലും മാധ്യമപ്രവര്‍ത്തനത്തിന്റെ മഹത്വം കൂട്ടിക്കൊണ്ടേയിരിക്കുന്നുണ്ട്. ഓരോന്ന് പൊളിയുമ്പോഴും അടുത്തത് ഉണ്ടാക്കാന്‍ കഴിയുന്നതാണ് സ്ഥിരോത്സാഹം. അതങ്ങനെ തുടരണം. അഞ്ചുകൊല്ലം 'പരാജിത സമരങ്ങളും' 'തുടര്‍ തെരഞ്ഞെടുപ്പ് തോല്‍വികളും' ആഘോഷിച്ചു. ഇനി ഇടതുപക്ഷത്തിന് കേരളത്തില്‍ ഭാവിയില്ല എന്ന് പ്രവചിച്ചുറപ്പിച്ചതും ഇതേമഹത്തുക്കളായിരുന്നു. ഉമ്മന്‍ചാണ്ടിപോലും അതില്‍ വീണുപോയി. പക്ഷേ, കേരളത്തിലെ ജനം വീണില്ല. അതിന്റെ ഫലമാണ് നിയമസഭയില്‍ എല്‍ഡിഎഫിന് കിട്ടിയ 91 സീറ്റ്. അത് ഓര്‍മയില്ലാത്തതാണ് യഥാര്‍ഥ പ്രശ്നം. അതിന്റെ പേരില്‍ നാട്ടിലെ സകല മാധ്യമപ്രവര്‍ത്തകരും മോശക്കാരാകുന്നതാണ് വലിയ കഷ്ടം. ഒരു ചെമ്പ് പായസം മോശമാകാന്‍ ഒരു കാക്കയുടെ കാഷ്ഠം മതി

 

Top