19 December Wednesday

സര്‍ വിറയല്‍ ചാലക്

ശതമന്യു Sunday Oct 1, 2017

നാഗ്പുരില്‍നിന്ന് വന്ന 93-ാം ജന്മദിനസന്ദേശം ദൂരദര്‍ശന്‍ വഴിയാണ് നാട്ടുകാര്‍ കേട്ടത്. രാജ്യത്തിന്റെ സ്വാതന്ത്യ്രസമരത്തിന് മുഖംതിരിഞ്ഞുനിന്ന സംഘടനയ്ക്ക് സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വാര്‍ത്താസംവിധാനത്തിലൂടെ പ്രചാരണം. അതിനെ ന്യായീകരിച്ച് ഒരു പ്രമുഖ സംഘിനാവില്‍നിന്ന് ഉയര്‍ന്ന വാദം, തങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് എന്നത്രേ. അതെങ്ങനെ എന്ന് ചോദിച്ച ചാനല്‍ അവതാരകന്, ആര്‍എസ്എസിന്റെ സംസ്ഥാന കാര്യാലയത്തില്‍ പോയിട്ടുണ്ടോ എന്ന മറുചോദ്യം ഉത്തരം. ആര്‍എസ്എസില്‍ അംഗമാണ് എന്നറിയിക്കാന്‍ ഒരാള്‍ ഗവേഷണത്തില്‍ ഇറങ്ങണം. അതല്ലാതെ അംഗത്വത്തിന് രജിസ്റ്റര്‍ ഇല്ല. എത്ര ശാഖയുണ്ടെന്നും എത്ര സ്വയംസേവകരും വിചാരകരുമുണ്ടെന്നും നാഗ്പുരില്‍നിന്ന് പറയും- അതാണ് ശരിയെന്ന് എല്ലാവരും കരുതിക്കൊള്ളണം. ഇന്നത്തെ സ്വയംസേവകന്‍ നാളത്തെ ഹിന്ദു മഹാജനസഭക്കാരനാകും. അടുത്തദിവസം വീണ്ടും ശാഖയിലെത്തും.

വിജയദശമിദിനത്തില്‍ സര്‍സംഘചാലക് പറയുന്നതാണ് ആര്‍എസ്എസിന്റെ അക്കൊല്ലത്തെ പരിപാടി. നയം നേരത്തെ ഉണ്ടാക്കിവച്ചിട്ടുണ്ട്. സംഘത്തിന്റെ പരമാചാര്യനായ ഗുരുജി ഗോള്‍വാള്‍ക്കര്‍ നാം, അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു എന്നൊരു പുസ്തകമെഴുതിയിരുന്നു. വംശത്തിന്റെയും സംസ്കാരത്തിന്റെയും വിശുദ്ധി കാത്തുരക്ഷിക്കാന്‍ ജര്‍മനി അവിടത്തെ സെമിറ്റിക് വംശജരെ (ജൂതന്മാരെ) ഉന്മൂലനം ചെയ്ത് ലോകത്തെ അമ്പരപ്പിച്ചതിലാണ് ഗുരുജിയുടെ ആത്മഹര്‍ഷം.വംശാഭിമാനത്തിന്റെ ഉന്നതമായ മാതൃക അവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നുവെന്നും ഹിന്ദുസ്ഥാനില്‍ 'നമുക്ക്'പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ല  പാഠമാണതെന്നുമാണ് ഗോള്‍വാള്‍ക്കറുടെ വാചകങ്ങള്‍. വംശഹത്യ നടത്തി ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നത് മാതൃകയാക്കാനുള്ള ഗുരുജിയുടെ ആഹ്വാനം ഏറ്റെടുത്ത ശിഷ്യന്‍ മോഹന്‍ ഭാഗവതിന്റെ സാരോപദേശ പ്രസംഗമാണ് ദൂരദര്‍ശനിലൂടെ കേള്‍പ്പിച്ചതെന്ന് ചുരുക്കം. 'വൈദേശിക മതങ്ങളും അവയെ താങ്ങി നടക്കുന്ന വൈതാളികന്മാരും മൂടുതാങ്ങികളുമാണ് ഇന്ന് ഭാരതാംബയുടെ കണ്ണിലെ കരടുകളായത്. ആ കരടുകള്‍ നീക്കം ചെയ്യാത്തിടത്തോളം കാലം ഭാരതാംബയുടെ കണ്ണുകള്‍കലങ്ങിത്തന്നെയിരിക്കും' എന്നാണ് ആര്‍എസ്എസിന്റെ ഭാഷ്യം. വൈദേശിക മതങ്ങളെന്നാല്‍ ഇസ്ളാമും ക്രിസ്തു മതവും. ആ കരട് നീക്കംചെയ്ത് കണ്ണുചികിത്സ നടത്താന്‍ പുറപ്പെടുന്ന ആര്‍എസ്എസ് കടംകൊണ്ടത് ഹിറ്റ്ലറുടെ സിദ്ധാന്തം.

'ജനങ്ങളുടെ രോഷപ്രകടനമാണ് ഗോഡ്സെ നിര്‍വഹിച്ചത്' എന്നു പരസ്യമായി പറഞ്ഞ ആര്‍എസ്എസ്, ഗോഡ്സെയുടെ സംഘബന്ധം ചര്‍ച്ചചെയ്താല്‍ രോഷംകൊള്ളും. "ആര്‍എസ്എസിന്റെ എല്ലാ നേതാക്കളുടെയും പ്രസംഗങ്ങള്‍ വര്‍ഗീയവിഷം നിറഞ്ഞതായിരുന്നു. ഇത്തരത്തില്‍ വിഷമയമായ അന്തരീക്ഷം സൃഷ്ടിച്ച ഭീകരമായ അവസ്ഥയുടെ അന്തിമ ഫലമാണ് ഗാന്ധിവധം. ഗാന്ധിയുടെ മരണശേഷം ആര്‍എസ്എസുകാര്‍ ആഹ്ളാദം പ്രകടിപ്പിക്കുകയും മധുരവിതരണം നടത്തുകയും ചെയ്തു'' എന്നു ചൂണ്ടിക്കാട്ടി ഗോള്‍വാള്‍ക്കറിനും ശ്യാമപ്രസാദ് മുഖര്‍ജിക്കും കത്തയച്ചത് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലാണ്. അതിലുണ്ട് സംഘത്തിന്റെ സ്വഭാവം. വര്‍ഗീയകലാപങ്ങളെക്കുറിച്ച് അന്വേഷിച്ച ആറു കമീഷനുകളെങ്കിലും ആര്‍എസ്എസിനെ പേരെടുത്ത് പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടുണ്ട്. അങ്ങനെയൊരു സംഘടനയുടെ തലവന്‍ സമഭാവനയുടെയും സമാധാനത്തിന്റെയും വര്‍ത്തമാനം പറയുമ്പോള്‍ ദൂരദര്‍ശനിലൂടെതന്നെ ജനങ്ങള്‍ കേള്‍ക്കണം. അത്ഭുത- വിചിത്ര ദൃശ്യങ്ങള്‍ എല്ലാവരിലും എത്തേണ്ടതുതന്നെ. 

കേരളത്തിലെ സര്‍ക്കാര്‍ ദേശദ്രോഹികള്‍ക്ക് സഹായം നല്‍കുന്നു എന്നാണ് സംഘപുത്രന്റെ 'യുറേക്കാ'. ഗോസംരക്ഷകരായ മുസ്ളിങ്ങളും ബജ്രംഗ്ദളുകാരും ഒരുപോലെയെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. അതായത് പശുവിനെ പോറ്റി ഉപജീവനം നടത്തുന്ന പാവപ്പെട്ട മുസ്ളിം കുടുംബങ്ങളും ആട്ടിറച്ചി തിന്നവനെ ഗോമാംസഭോജിയാക്കി ചതച്ചുകൊല്ലുന്ന കാളികൂളിസംഘവും  സമമെന്ന്. 'ആഭ്യന്തര ശത്രുക്കളെ' ആരെയും വിടില്ല എന്നാണിതിനര്‍ഥം. പക്ഷേ, കേരളത്തെ പേടിയാണ്. ഇന്ത്യാമഹാരാജ്യത്തെ ജനസംഖ്യയില്‍ രണ്ടേമുക്കാല്‍ ശതമാനംമാത്രം വരുന്ന മലയാളിയെയും ഭൂവിസ്തൃതിയില്‍ 22-ാംസ്ഥാനത്തുമാത്രം വരുന്ന കേരളത്തെയും ആര്‍എസ്എസ് മുഖ്യ അജന്‍ഡയാക്കിയിട്ടുണ്ട്. അതാണ് ഇടയ്ക്കിടെ കേരളത്തിലെത്തുന്നതിനുപുറമെ ഭാഗവത് ദേശദ്രോഹികളുടെ സഹായികളെന്ന് കേരള സര്‍ക്കാരിനെ ചാപ്പകുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസംഘടനയെന്ന് ഞെളിയുന്നവര്‍ക്ക് മലയാളിയെ കാണുമ്പോള്‍ ഒരു വിറയലുണ്ട്.

കേരളത്തില്‍ പൊതുവെ ദേശദ്രോഹികളെയും സാമൂഹ്യദ്രോഹികളെയും തെരഞ്ഞുനടന്നാല്‍ ആദ്യം കാണുന്നവന്റെ കൈയില്‍ സ്വയംരക്ഷയ്ക്കുള്ള ചരടുകെട്ടും അരയില്‍ ആയുധവുമുണ്ടാകും. അവന്‍ വരുന്നത് ശാഖയില്‍നിന്നാവും. പിന്നെ കാണുന്നവന്റെ കൈയില്‍ കോളേജധ്യാപകന്റെ കൈവെട്ടിയതിന്റെ രക്തക്കറ കാണും. സ്വസ്ഥമായി ജീവിക്കുന്ന കുടുംബങ്ങളിലും യുവജനങ്ങളിലും വര്‍ഗീയതയുടെയും മതംമാറ്റത്തിന്റെയും തിരിച്ചുമാറ്റത്തിന്റെയും അസ്വസ്ഥതകള്‍ കുത്തിവച്ച് ഗ്വാഗ്വാ വിളിക്കുന്ന സംഘത്തില്‍ ഈ രണ്ടിനം ദ്രോഹികളെയും കാണാന്‍ കഴിയും.

കൈവെട്ടുകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുമ്പോള്‍ കൊലച്ചിരി ചിരിക്കുന്നവനും 'പടപൊരുതണം, കടലിളകണം, വെട്ടി തലകള്‍ വീഴ്ത്തണം, ചുടുചോരകൊണ്ട് ഇനി നടനമാടണം' എന്നലറി ഗണേശോത്സവം നടത്തുന്നവനും കേരളത്തിലുണ്ട്. രണ്ടിനെയും അര്‍ഹിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യാനറിയുന്ന സര്‍ക്കാരുണ്ട്; നിര്‍ത്തേണ്ടിടത്ത് നിര്‍ത്താനറിയുന്ന ജനങ്ങളുണ്ട്. അത് ഭാഗവതിന് മനസ്സിലായിട്ടില്ലെങ്കില്‍ കുമ്മനത്തിന് തീരെ മനസ്സിലായിട്ടുണ്ടാകില്ല. അതുകൊണ്ടാണ് ക്ഷണിക്കാത്തിടത്ത് നുഴഞ്ഞുകയറിയും മെട്രോ ട്രെയിനില്‍ ട്രെയിന്‍ ഡ്രൈവറായും വയല്‍ക്കിളിസമരത്തില്‍ കിളിയായും മെഡിക്കല്‍ കോളേജ് കോഴയില്‍ അറിവില്ലാപൈതലായും അഭിനയിച്ച് ചെന്നിത്തലയേക്കാള്‍ താണ ശൈലിയില്‍ കുമ്മനം മുന്നോട്ടുപോകുന്നത്. 93 കൊല്ലം പ്രയത്നിച്ചിട്ടും കേരളത്തില്‍ പച്ചതൊടാത്തതിന്റെ നൈരാശ്യം കരഞ്ഞുതീര്‍ക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ കേരളീയനെ ദേശദ്രോഹിയാക്കാന്‍ ശ്രമിച്ചാല്‍ കളസം കീറുമെന്ന് സര്‍സംഘചാലകിനോട് പറഞ്ഞുകൊടുക്കാന്‍ ശേഷിയുള്ള ഒരാളുമില്ല എന്നതുംകൂടിയാണ് കേരളത്തിലെ സംഘശക്തി. അതിന്റെ ഭാവി എത്ര ശോഭനമാണെന്നതിന്റെ സൂചന അതില്‍തന്നെയുണ്ട് *

Top